Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹാക്കിങ് വെല്ലുവിളി’ കാര്യമായി, ശർമയുടെ മകൾക്കും ഭീഷണി

hacker-sharmma

തന്‍റെ ആധാർ നമ്പർ പരസ്യപ്പെടുത്തി ഹാനികരമായ വിവരങ്ങൾ പുറത്തുവിടാൻ ഹാക്കർമാരെ വെല്ലുവിളിച്ച ട്രായ് ചെയർമാൻ ആർഎസ് ശർമയുടെ വ്യക്തിഗത വിവരങ്ങൾ പരസ്യമായതിനു പിന്നാലെ മകൾക്ക് ഭീഷണിയും. ശർമയുടെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ട് ഏതു നിമിഷവും ഹാക്ക് ചെയ്യപ്പെടുമെന്ന് വ്യക്തമാക്കിയാണ് മകൾ കവിത ശർമക്ക് ഇ–മെയിൽ സന്ദേശം കിട്ടിയത്. ദ വയറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തങ്ങളുടെ രണ്ട് ജീവനക്കാർക്കും സന്ദേശത്തിന്‍റെ പകർപ്പ് വച്ചിട്ടുണ്ടെന്നും ഒരു നിശ്ചിത സംഖ്യ കൈമാറിയില്ലെങ്കിൽ ശർമയുടെ വ്യക്തിഗത വിവരങ്ങളെല്ലാം പരസ്യമാക്കുമെന്ന ഭീഷണി സന്ദേശത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

സമൂഹമാധ്യമങ്ങളിലൂടെ ഒരു വെല്ലുവിളി നടത്തുക വഴി ശർമ രാജ്യത്തിന് ഒരു അപമാനമായി മാറിയിരിക്കുകയാണ്. അക്കൗണ്ടുകൾ ഹാക് ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നതിന് തുല്യമാണ് ആ പ്രവൃത്തി. അക്കൗണ്ടുകൾ ഉടൻ തന്നെ ഡിലീറ്റ് ചെയ്തില്ലെങ്കിൽ പല നിർണായക വിവരങ്ങളും പരസ്യപ്പെടുത്തും – ഇ–മെയിൽ മുന്നറിയിപ്പു നൽകുന്നു. 

ശർമയുടെ സ്വകാര്യ സെൽ ഫോണിൽ ഒരു മാൾവെയർ സ്ഥാപിച്ച് എല്ലാ സന്ദേശങ്ങളിലേക്കും കടന്നു കയറി അവ ആർക്കൈവ് ചെയ്യുമെന്നും ഇ–മെയിൽ സന്ദേശങ്ങള്‍ എൻക്രിപ്റ്റ് ചെയ്യുമെന്നും മെയിൽ മുന്നറിയിപ്പു നൽകുന്നുണ്ട്. ഒരു നിശ്ചിത സംഖ്യ നൽകിയില്ലെങ്കിൽ ഈ സന്ദേശങ്ങൾ ഒരിക്കലും ലഭിക്കില്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന ഭീഷണി അടങ്ങുന്ന ഇ–മെയിൽ സന്ദേശത്തിൽ 24 മണിക്കൂറിനുള്ളിൽ ബുദ്ധിപരമായി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന നിർദേശവുമുണ്ട്. 

സന്ദേശത്തിന്‍റെ പകർപ്പ് ലഭിച്ച ദ വയർ ലേഖകൻ ശർമയെ പ്രതികരണത്തിനായി സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലമെന്നും റിപ്പോർട്ട് പറയുന്നു.