രക്ഷാ പ്രവർത്തനം: സമൂഹമാധ്യമങ്ങൾ സഹായിച്ചതിങ്ങനെ

ചെങ്ങന്നൂരിൽ വട്ടമിട്ടു പറന്ന സൈനിക ഹെലികോപ്റ്ററുകൾ കുടുങ്ങിക്കിടന്നവരിലേക്ക് എത്താൻ ട്വിറ്ററിലൂടെ വഴികാട്ടിയത് എൻജിനീയറിങ് ബിരുദധാരിയും കണ്ണൂർ സ്വദേശിയുമായ അഖിലും സംഘവുമാണ്. ഒരു മിസ്ഡ് കോളിലൂടെ രക്ഷ ഒരുക്കിയത് പലരുടെയും ഫെയ്സ്ബുക് സുഹൃത്തുക്കൾ. രക്ഷയ്ക്കുള്ള അഭ്യർഥനയുമായി വാട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും കഴിഞ്ഞ ഒരാഴ്ച പറന്നത് ലക്ഷക്കണക്കിനു സന്ദേശങ്ങൾ. സർക്കാർ തുടങ്ങിയ വെബ്സൈറ്റിൽ മാത്രം 30,000 അഭ്യർഥനകൾ! 

ഇവ പരിശോധിച്ച് രക്ഷാപ്രവർത്തനം നടത്തുക ഒറ്റനോട്ടത്തിൽ അസാധ്യം. എന്നാൽ ഊണും ഉറക്കവുമില്ലാതെ വിവിധ രാജ്യങ്ങളിലിരുന്ന് രക്ഷാദൗത്യത്തിൽ ഓൺലൈനായി നൂറുകണക്കിനു മലയാളി യുവാക്കൾ പങ്കെടുത്തതോടെ സാധ്യത ഉടലെടുത്തു. സമൂഹമാധ്യമങ്ങളും മൈക്രോസോഫ്റ്റ് എക്സലുമായിരുന്നു ഇവരുടെ ആയുധം.

വെല്ലുവിളി

സന്ദേശങ്ങളിൽ നിന്നു രക്ഷാപ്രവർത്തനത്തിനു വേണ്ട വിവരങ്ങൾ കണ്ടെത്തുകയായിരുന്നു സർക്കാരിന്റെ വലിയ വെല്ലുവിളി. keralarescue.in വെബ്സൈറ്റിലെത്തിയ സന്ദേശങ്ങൾ വിവരങ്ങൾ തിരക്കാതെ രക്ഷാദൗത്യസംഘങ്ങള്‍ക്കു കൊടുക്കുക ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. ശ്രമകരമായ ഈ ‘വിവരം തിരക്കല്‍’ ദൗത്യത്തിനായി ഹൈദരാബാദ് ഐഐഐടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാര്‍ഥി സംഘങ്ങള്‍ എത്തി. ഓരോ കേസും പരിശോധിച്ചശേഷം ഇവര്‍ അയച്ച ജിപിഎസ് ലൊക്കേഷനുകളും വിവരങ്ങളും രക്ഷാസംഘങ്ങളെ തെല്ലൊന്നുമല്ല സഹായിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ എൻ. പ്രശാന്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ‘കംപാഷനേറ്റ് കേരള’യില്‍ സമാനപ്രവർത്തനങ്ങൾ നടത്തിയതും യുവാക്കള്‍ തന്നെ.

രക്ഷാസന്ദേശങ്ങളായ  ട്വീറ്റുകള്‍

ട്വിറ്ററില്‍ സജീവമായ ഒരുകൂട്ടം ചെറുപ്പക്കാർ രൂപം കൊടുത്ത ‘#WeShallOverCome’ എന്ന ഗ്രൂപ്പ് മിലിറ്ററി ഹെലികോപ്റ്ററുകളിലേക്കു വിവരങ്ങള്‍ നേരിട്ടു നല്‍കി. ട്വിറ്ററിൽ #KeralaSOS, #KeralaFloods തുടങ്ങി പത്തിലധികം കീവേഡുകൾ നൂറോളം പേർ സെർച്ച് ചെയ്താണ് റിക്വസ്റ്റുകൾ കണ്ടെത്തിയത്. ഇവരുടെ കീഴിലുള്ള വിവിധ ഓൺലൈൻ കോൾ സെന്ററുകളിലേക്കു നൽകുകയും അവർ പരിശോധിക്കുകയും ചെയ്തു. ഈ വിവരങ്ങൾ വൊളന്റിയർമാർ വഴി പരിശോധിച്ച് ഉറപ്പിച്ചതിനുശേഷം സൈന്യത്തിനും കൈമാറി.

മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളുമായും നേരിട്ടു ബന്ധമുള്ളതിനാല്‍ ഹെലികോപ്റ്റർ എത്താത്ത സ്ഥലങ്ങളിലും ബോട്ടുകൾ എത്തി. വെരിഫൈഡ് റിക്വസ്റ്റുകൾ ഗൂഗിൾ മാപ്പില്‍ നേരിട്ട് അടയാളപ്പെടുത്തുകയും ചെയ്തു.

മിസ്ഡ് കോളില്‍ സഹായം

ഒരു മിസ്ഡ് കോളിൽ (08039237440) സഹായം അഭ്യർഥിക്കാനുള്ള സംവിധാനവുമായാണ് സൂരജ് കേണോത്ത്, സുജിത് കുമാർ തുടങ്ങിയ ഫെയ്സ്ബുക് ഉപയോക്താക്കള്‍ രംഗത്തെത്തിയത്. ആദ്യ ദിവസങ്ങളില്‍ 2700 കോളുകൾ. നമ്പറുകളിൽ തിരികെ വിളിച്ച് വിവരങ്ങളെടുക്കാന്‍ 50 വൊളന്റിയര്‍മാര്‍ സന്നദ്ധരായിരുന്നു. വിവരങ്ങൾ പരിശോധിച്ച് പ്രാദേശിക തലങ്ങളിലേക്കു കൈമാറി. റിലീഫ് ക്യാംപുകളിലേക്ക് സാധനമെത്തിക്കാനും ഓൺലൈൻ സംവിധാനങ്ങളുണ്ട്.  വിവിധ ക്യാംപുകളിലെ ആവശ്യമറിഞ്ഞ് സാധനം എത്തിക്കാൻ പല വെബ്സൈറ്റുകളും സൗകര്യമൊരുക്കുന്നു.