അനശ്വരത്വം, അല്ലലില്ലാതെയുള്ള ജീവിതം തുടങ്ങിയ ആശയങ്ങള്‍ മുത്തശിക്കഥകള്‍ മുതല്‍ സയന്‍സ് ഫിക്‌ഷന്‍ വരെ കൈകാര്യം ചെയ്തിട്ടുണ്ട്. ലോകത്തെ ഇന്നു 'നിയന്ത്രിക്കുന്ന' ഒരുപിടി ധനാഢ്യര്‍ ജീവിക്കുന്നത്, കണ്‍സ്യൂമര്‍ ടെക്‌നോളജിയുടെ സിരാകേന്ദ്രമായ അമേരിക്കയിലെ സിലിക്കൺ വാലിയിലാണെന്ന് അറിയാമല്ലോ. ഓരോ വര്‍ഷവും ബില്യന്‍ കണക്കിനു ഡോളര്‍ വാരിക്കൂട്ടുന്ന ഇവര്‍ക്ക് എന്തിനെപ്പറ്റിയെങ്കിലും ആധിയുണ്ടോ? ഉണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. ധനം കുറച്ചു കൈകളിലേക്ക് ഒതുങ്ങുന്നതിനാല്‍ (ഒരു ശതമാനം ആളുകളില്‍) ഫ്രഞ്ച് വിപ്ലവം പോലെയൊരു ജനരോഷം ഉണ്ടാകാം, രോഗാണുക്കള്‍ പുറത്തുവിടാം, ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാം. ഇങ്ങനെയുള്ള മഹാവിപത്തുകളില്‍ പെട്ടാല്‍ എങ്ങനെ സ്വയം സുരക്ഷിതരാകാം എന്നതിനെപ്പറ്റി അവര്‍ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.
ലോകത്തിന്റെ ഓരോ മുക്കും മൂലയും അവരുടെ ഓഫിസിലിരുന്ന് പരിശോധിക്കാവുന്ന ഇത്തരക്കാര്‍ സ്വയം രക്ഷപെടാന്‍ കണ്ടുവച്ച പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ് എന്നറിയേണ്ടേ? ഇത് ഒരു പക്ഷേ ഇന്ന് ലോക നേതാക്കള്‍ക്കു പോലും സാധിക്കാത്ത കാര്യമാണെന്നും ഓര്‍ക്കുക. പുതിയ രക്ഷാമാര്‍ഗ്ഗങ്ങള്‍ അവര്‍ പ്രാവര്‍ത്തികമാക്കി തുടങ്ങിയിരിക്കുന്നു. രസകരമാണ് അവയെക്കുറിച്ച് അറിയുന്നത്. എന്നാല്‍ പദ്ധതി നടപ്പിലാക്കി തുടങ്ങിയതോടെ അവര്‍ക്കു മുന്നില്‍ പുതിയ വെല്ലുവിളികളും എത്തിത്തുടങ്ങി.
സിലിക്കൺ വാലി ബില്യനയര്‍മാരുടെ ഡിന്നര്‍ പാര്‍ട്ടികളിലെ ഒരു പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു ഒരു രക്ഷപെടല്‍ മാര്‍ഗ്ഗം. ലോകമഹായുദ്ധമുണ്ടായാല്‍ അമേരിക്ക അതിലെ ഒരു പ്രധാനിയായിരിക്കുമെന്ന് ഉറപ്പാണല്ലോ. യുദ്ധം തുടങ്ങിയാല്‍ അവരുടെ എതിരാളികളുടെ അണ്വായുധ മിസൈലുകളും മറ്റും അവരെ ലക്ഷ്യമിട്ടു പറക്കുമെന്ന് സിലിക്കൺ വാലിയിലെ പ്രബലര്‍ക്ക് അറിയുകയും ചെയ്യാം.
ഒരു മഹാവിപത്തില്‍ പെട്ടാല്‍ അമേരിക്ക സുരക്ഷിതമല്ലെന്ന തീരുമാനത്തിലാണ് വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ അവര്‍ എത്തിച്ചര്‍ന്നത്. രക്ഷപെടല്‍ പദ്ധതിക്കായി അടുത്ത കാലത്തായി അവര്‍ 150 ടണ്ണിന്റെ രണ്ടു ബങ്കറുകള്‍ (യുദ്ധകാലത്ത് രക്ഷപെടാനുള്ള നിലവറകള്‍) കരമാര്‍ഗ്ഗവും ജലമാര്‍ഗ്ഗവുമായി ടെക്‌സസില്‍ നിന്ന് ന്യൂസിലന്‍ഡിലേക്കു മാറ്റപ്പെട്ടു. അവ 11 അടി താഴ്ചയില്‍ കുഴിച്ചിടപ്പെടുകയും ചെയ്തു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഏഴു സിലിക്കൺ വാലി ധനികരാണ് റൈസിങ് എസ് കമ്പനിയില്‍ (Rising S Co.) നിന്ന് ബങ്കറുകള്‍ വാങ്ങി ന്യൂസിലന്‍ഡില്‍ കുഴിച്ചിട്ടത്. മഹാവിപത്തുകളുടെ സൂചന ലഭിച്ചാല്‍ തങ്ങളുടെ സ്വകാര്യ ജെറ്റില്‍ ചാടിക്കയറി പറന്നു ചെന്ന് ബങ്കറുകളില്‍ കഴിയാനാണ് ഈ ഏഴു കാലിഫോര്‍ണിയക്കാരും തീരുമാനിച്ചിരിക്കുന്നത്. എന്തുകൊണ്ട് ന്യൂസിലന്‍ഡ്? ന്യൂസിലന്‍ഡ് ആരുടെയും ശത്രുവല്ല. അങ്ങോട്ട് മുഖം തിരിച്ച് ന്യൂക്ലിയര്‍ മിസൈലുകളൊന്നും ഇരുപ്പില്ല. യുദ്ധത്തില്‍ പെടുകയുമില്ല. അതുകൊണ്ടു തന്നെ ആ രാജ്യം ഒരു അഭയകേന്ദ്രമായിരിക്കുമെന്നാണ് ഇതെക്കുറിച്ച് അറിയാവുന്ന റൈസിങ് എസ് കമ്പനിയുടെ ജനറല്‍ മാനേജര്‍ ഗ്യാരി ലിഞ്ച് പറഞ്ഞത്.
ഈ ഒറ്റപ്പെട്ട രാജ്യം സ്ഥിതിചെയ്യുന്നത് ഓസ്‌ട്രേലിയന്‍ തീരത്തുനിന്ന് 2,500 മൈല്‍ അകലെയാണ്. ഇവിടെ അമ്പതു ലക്ഷത്തില്‍ താഴെ ആളുകളും, അതിന്റെ ആറിരട്ടി ആടുകളുമുണ്ട്. സ്വാഭാവിക പ്രകൃതി സൗന്ദര്യത്തിനും, വിശ്വസിക്കാവുന്ന നെറ്റ്‌വര്‍ക്കിങും, ബൈക്കില്‍ ജോലിക്കുപോകുന്ന, ഹുങ്കില്ലാത്ത രാഷ്ട്രീയക്കാരും, സാന്‍ഫ്രാന്‍സിസ്‌കോ ബേയിലുളളതിന്റെ പകുതി വാടകയുമൊക്കെ ഇവിടുത്തെ ആകര്‍ഷണീയതകളാണ്. ഇതെല്ലാം, ലോക രാജ്യങ്ങളില്‍ താമസിയാതെ അരക്ഷിതാവസ്ഥയുണ്ടാകുമെന്നു കരുതുന്നവരെക്കൂടാതെ ടെക് വ്യവസായികള്‍ക്കും ന്യൂസിലന്‍ഡ് ഒരു സുരക്ഷിത താവളമാണ്.
സിലിക്കൺ വാലിയിലെ ആളകുള്‍ക്ക് ഇഷ്ടമുള്ള ഒരു സ്ഥലമായി ന്യൂസിലന്‍ഡ് മാറിക്കഴിഞ്ഞു. കാരണം അവിടം ഒട്ടും സിലിക്കൺ വാലിയെ പോലെയല്ല, അമേരിക്കയിലെ ബയോ മെഡിക്കല്‍ എൻജിനീയറായ റെഗി (Reggie Luedtke) പറഞ്ഞു. അദ്ദേഹവും ന്യൂസിലന്‍ഡിലേക്കു മാറുകയാണ്. താങ്കളും അന്തിമ ദിവസത്തെ ഭയന്നാണോ അമേരിക്ക വിടുന്നത്? കാരണം അവിടമാണല്ലോ സുരക്ഷിത താവളമായി അറിയപ്പെടുന്നതെന്ന് കാലിഫോര്‍ണിയക്കാര്‍ അദ്ദേഹത്തോടു ചോദിച്ചു. ഇത്തരമൊരു പുനര്‍വിചിന്തനം ന്യൂസിലന്‍ഡിന് പുത്തനുണര്‍വു പകര്‍ന്നിരിക്കുകയാണ്. ഒരുകാലത്ത് ധനവിനിമയത്തിന് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലൊന്നെന്നു പറഞ്ഞ് അതിനെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതാണ് അവരുടെ ഭാഗ്യ ചിഹ്നമായി ഉയര്‍ന്നു വന്നിരിക്കുന്നത്. ന്യൂസിലന്‍ഡ് ഇപ്പോള്‍ ഇന്‍വെസ്റ്റര്‍ വിസയില്‍ കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. ഇതു മുതലെടുത്ത് ധനികരായ അമേരിക്കക്കാര്‍ രാജകീയ വസതികളും മറ്റും സ്വന്തമാക്കുകയാണ്. ഇന്‍വെസ്റ്റര്‍ പ്ലസ് വീസയ്ക്ക് 6.7 മില്യന്‍ ഡോളര്‍ മൂന്നു വര്‍ഷത്തിനിടയ്ക്ക് ന്യൂസിലന്‍ഡില്‍ നിക്ഷേപിക്കണം. എന്നാല്‍, ഇതെല്ലാം അവരുടെ പ്രധാന സ്ഥലങ്ങളിലിരിക്കുന്ന ഭൂസ്വത്ത് സമ്പന്നര്‍ക്ക് വിഴുങ്ങാന്‍ അവസരം നല്‍കുകായണെന്നു പറഞ്ഞ് പ്രതിഷേധവും ഉയരാന്‍ തുടങ്ങി. ഇതേത്തുടര്‍ന്ന് വിദേശികള്‍ ന്യൂസിലന്‍ഡില്‍ വീടുകള്‍ വാങ്ങുന്നത് സർക്കാർ നിരോധിച്ചു. വരും മാസങ്ങളില്‍ അതു പ്രാവര്‍ത്തികമാകും.
സമീപകാലത്ത് ന്യൂസിലന്‍ഡുകാരെ രോഷാകുലരാക്കിയ നിരവധി ഭൂമി വാങ്ങലുകള്‍ നടന്നുവെന്നു പറഞ്ഞല്ലോ. ഒരുദാഹരണവും നോക്കാം: പേപാലിന്റെ സഹ സ്ഥാപകനായ പീറ്റര്‍ തിയല്‍ (Peter Thiel) വെറും 12 ദിവസം രാജ്യത്തു താമസിച്ചപ്പോള്‍ അദ്ദേഹത്തെ ന്യൂസിലന്‍ഡ് പൗരനായി പ്രഖ്യാപിച്ചു. ഇതു കഴിഞ്ഞപ്പോള്‍ ന്യൂസിലന്‍ഡ് പാസ്‌പോര്‍ട്ട് വില്‍പനയ്ക്കു വച്ചിരിക്കുകയാണെന്നു പോലും ആരോപണങ്ങളുണ്ടായി. തിയല്‍ 13.8 മില്യന്‍ ഡോളറെറിഞ്ഞ് സ്വന്തമാക്കിയത് തടാകക്കരിയിലുള്ള വാങ്കാ (Wanka) ടൗണിലുള്ള 477 ഏക്കര്‍ സ്ഥലമാണ്. മഞ്ഞു മൂടിയ മല നിരകളുടെ കാഴ്ച ലഭിക്കുന്ന ഈ സ്ഥലം കൂടാതെ, ക്വീന്‍സ്ടൗണിലും തിയല്‍ സ്ഥലം വാങ്ങി. ഇവിടെയുള്ള വീട്ടിലാകട്ടെ ആദ്യം പറഞ്ഞ തരത്തിലുള്ള യുദ്ധ സുരക്ഷാ മുറിയും പിടിപ്പിച്ചിട്ടുണ്ട്.
അന്തിമയുദ്ധ സമയത്ത് ഒരു സുരക്ഷിത താവളമന്വേഷിക്കുന്നവര്‍ കണ്ടെത്തുന്നത് ന്യൂസിലന്‍ഡിനെയായിരിക്കും. സംശയമുണ്ടെങ്കില്‍ ഗൂഗിളിനോടു ചോദിക്കൂ, രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി ജോണ്‍ കീ പറഞ്ഞു. ലോകത്തെ അവസാനത്തെ ബസ് സ്‌റ്റോപ് എന്നാണ് ഈ രാജ്യം അറിയപ്പെടുന്നത്. ഇവിടെയും രക്ഷയില്ലെങ്കില്‍ പിന്നെ അന്റാര്‍ട്ടിക്കയ്ക്കു പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ മുഴുവന്‍ ഒരു ബാഗിലെന്നവണ്ണം നരകത്തിലേക്ക് അയയ്ക്കുന്നുണ്ടെങ്കില്‍ എനിക്ക് ന്യൂസിലന്‍ഡില്‍ അല്‍പം സ്ഥലം വേണമെന്ന് തന്നോട് ധാരാളം പേര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തുള്ളവര്‍ക്ക് ഇതൊരു അരക്കിറിക്കായി തോന്നാം. പക്ഷേ, ലോകത്തെ പണക്കാര്‍ക്ക് ഇവിടെയെത്തുക എന്നത് ഒരു ബുദ്ധിപൂര്‍വ്വമായ പ്രവൃത്തിയുമായിരിക്കും. ലോകത്ത് എന്തു ചെയ്യണമെന്നറിയാത്ത വിധത്തില്‍ ധനമുള്ളവരുണ്ട്. അവരെ സംബന്ധിച്ച് കുറച്ചു പണം ഇങ്ങനെയും നിക്ഷേപിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിലിക്കൺ വാലിയില്‍ അടുത്ത കാലത്തു നടന്ന മൂന്നു ഡിന്നര്‍ പാര്‍ട്ടികളിലെ മുഖ്യ ചര്‍ച്ചാ വിഷയം, ഗുരുതര പ്രശ്‌നങ്ങള്‍ തുടങ്ങിയാല്‍ രക്ഷപെടാനുള്ള വഴികളും, ന്യൂ സീലന്‍ഡില്‍ ഭൂമി വാങ്ങുന്ന കാര്യമായിരുന്നു. ഒരു വമ്പന്‍ വെന്‍ച്വര്‍ ക്യാപ്പിറ്റലിസ്റ്റിന്റെ (venture capitalist) രക്ഷപെടല്‍ പരിപാടി ഇങ്ങനെയാണ്: സാന്‍ ഫ്രാന്‍സിസ്‌കോയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ സജ്ജമാക്കി നിറുത്തിയിരിക്കുന്ന മോട്ടോര്‍ ബൈക്കിന്റെ ഹാന്‍ഡിലിലുള്ള ബാഗില്‍ തോക്കുകളാണുള്ളത്. പ്രശ്‌നം തുടങ്ങുമെന്നു തോന്നിയാല്‍ അദ്ദേഹം ബൈക്കിലേറി, ട്രാഫിക്ക് മുറിച്ചോടിച്ച് തന്റെ സ്വകാര്യ വിമാനം കിടക്കുന്നിടത്തെത്തും. സംസാരത്തിനിടയില്‍, തോക്ക് തന്നെ ആരെങ്കിലും തടയാന്‍ ശ്രമിച്ചാല്‍ മാത്രമെ ഉപയോഗിക്കൂ എന്നും അദ്ദേഹം പറയുന്നുമുണ്ട്. അവിടെയെത്തിയാല്‍ വിമാനം ഉയരുന്നത് ന്യൂസിലന്‍ഡിലേക്കു പോകാനായിരിക്കും.
ലോകം മുഴുവന്‍ കൂട്ടിക്കൊളുത്തി കിടക്കുന്നതിനാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാവര്‍ക്കും പ്രശ്‌നം ബാധിക്കാമെന്നാണ് ഒരു വാദം. എല്ലാവരും ഏറ്റവും ഭയക്കേണ്ടത് ജൈവയുദ്ധത്തെയാണ് (biological warfare). ഇതെപ്പറ്റി ആളുകള്‍ക്ക വേണ്ട അറിവില്ല എന്നാണ് സിലിക്കൺ വാലിയിലെ പ്രമുഖനായ സാം ആള്‍ട്ട്മാന്‍ പറഞ്ഞത്. സാമിന്റെ ബാഗില്‍ എന്തെല്ലാമാണ് ഉള്ളതെന്നു നോക്കാം: ഒരു തോക്ക്, ആന്റിബയോട്ടിക്‌സ്, ബാറ്ററികള്‍, വെള്ളം, പുതപ്പ്, ഒരു ടെന്റ്, ഗ്യാസ് മാസ്‌ക്കുകള്‍ എന്നിവ കൊണ്ടാണ് അദ്ദേഹം തന്റെ അത്യാഹിത ബാഗ് നിറച്ചു വച്ചിരിക്കുന്നത്.
എന്നാല്‍, ഇത് സിലിക്കൺ വാലിക്കാരുടെ ഒരു പൊതു സ്വഭാവമല്ല മറിച്ച് അമേരിക്കന്‍ ജനതയെ എക്കാലത്തും അലട്ടിയിരുന്ന ഒന്നാണ് ‘അന്തിമവിധി’ ദിവസം എന്ന സങ്കല്‍പമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, സിലിക്കൺ വാലിക്കാരുടെ കാര്യത്തില്‍ ഒരു മാറ്റമുണ്ട്- അവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടാല്‍ എന്തു പരിഹാരം ചെയ്യാമെന്നു കൂടെ ആലോചിക്കാനുള്ള പൈസയുണ്ട്. സിലിക്കാൺ വാലി പ്രധാനികള്‍ ന്യൂസിലന്‍ഡിലേക്കു പറക്കുന്നതിനെക്കുറിച്ചും ബങ്കറുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചുമുള്ള വിശദമായ പ്ലാനുകള്‍ തയാറാക്കി കഴിഞ്ഞെന്നു വിവോസ് പ്രൊജക്ടിന്റെ സ്ഥാപകൻ റോബര്‍ട്ട് വിസിനോ പറഞ്ഞു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിലാണ് അവര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍, ന്യൂസിലന്‍ഡല്ല ഏറ്റവും നല്ല പരിഹാരമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. അവിടെ സുനാമി അടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, താനൊരു ബിസിനസുകാരനായിതിനാല്‍ ലോകത്തെ അമിത സ്വത്തുള്ള ആ ഒരു ശതമാനം പേര്‍ക്കായി താന്‍ ബങ്കര്‍ പണിതു കൊടുക്കുകായാണെന്നാണ് അദ്ദേഹം പറയുന്നത്. സൗത്ത് ഐലന്‍ഡില്‍ പണിയുന്ന ബങ്കറില്‍ 300 പേര്‍ക്കു താമസിക്കാം. ഇവിടെ താമസിക്കാന്‍ ഓള്‍ക്ക് 35,000 ഡോളറാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ലിഞ്ചിന്റെ ബങ്കറുമായി താരതമ്യം ചെയ്താല്‍ ഈ തുക നിസാരമാണ്. അതിനു വേണ്ടത് 8 മില്യന്‍ ഡോളറാണ്. രണ്ട് 1,000 ചതുരശ്ര അടി ബങ്കറുകളും ഈ വര്‍ഷം ആദ്യം കയറ്റി അയച്ചിട്ടുണ്ട്.
താമസിയാതെ, നിങ്ങളറിയുന്ന ഏതെങ്കിലും സിലിക്കൺ വാലി കോടീശ്വരന്‍ ആടുകള്‍ക്കിടയിലൂടെ ജിപിഎസ് പരിശോധിച്ച്, വഴി കണ്ടുപിടിക്കാനാകാതെ നടക്കുന്ന ഒരു ചിത്രം കണ്ടാല്‍ തീരുമാനിച്ചോളൂ- അദ്ദേഹം ന്യൂസിലന്‍ഡിലെ തന്റെ ബങ്കര്‍ അന്വേഷിക്കുകയാണ്.