ആധാര്‍കാര്‍ഡ് സ്വകാര്യ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും നല്‍കേണ്ടതില്ലെന്ന വിധി വന്നതോടെ ടെലികോം കമ്പനികൾക്കും മറ്റും നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണല്ലോ. ആധാറും ബയോമെട്രിക്‌സ് വെരിഫിക്കേഷനും നടത്തിയാല്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നു കയറിയേക്കാമെന്നും, ഡേറ്റാ ഖനനം നടത്തിയേക്കാമെന്ന ഭീതിയുമാണ് സുപ്രീംകോടതി പങ്കുവച്ചത്. ആധാര്‍ തന്നെ ഉപയോഗിക്കാനുള്ള നിയമനിര്‍മാണം നടത്തിയേക്കാമെന്ന് ചില സർക്കാർ വൃത്തങ്ങള്‍ സൂചിപ്പിച്ചെങ്കിലും ഇപ്പോള്‍ പറയുന്നത് ക്യൂആര്‍ കോഡ് (QR code) അല്ലെങ്കില്‍ ഇ–ആധാര്‍ ഉപയോഗിക്കാമെന്നാണ്. ഇങ്ങനെ ചെയ്താല്‍ സുപ്രീം കോടതിയുടെ വിധിയുടെ ലംഘനമാവില്ലെന്നും അധികാരികള്‍ ചൂണ്ടിക്കാണിക്കുന്നു.
പുതിയ കെവൈസി നടപ്പില്‍ വരുത്തിയാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ആധാര്‍ നമ്പര്‍ വെളിപ്പെടുത്തേണ്ടിവരില്ല. ബയൊമെട്രിക്‌സും നല്‍കേണ്ട. സർക്കാർ സ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്ക് ഇത് ഉപയോഗിക്കാം. ഡ്രൈവിങ് ലൈസന്‍സ്, ഇലക്‌ഷന്‍ ഐഡന്റിറ്റി കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയവയിലേതെങ്കിലും ഒന്നിനൊപ്പം ക്യൂആര്‍ കോഡ് അല്ലെങ്കില്‍ ലോക്കല്‍ കെവൈസി നല്‍കിയാല്‍ മതിയാകുമെന്നാണ് പറയുന്നത്.
എന്താണ് ക്യൂആര്‍ കോഡ് ചെയ്യുന്നത്?
ആധാര്‍ ഉടമകള്‍ക്ക് ഓഫ്‌ലൈന്‍ വെരിഫിക്കേഷനായി മൂന്നു തരത്തിലുള്ള ക്യൂആര്‍ കോഡ് നല്‍കാനാണ് ഉദ്ദേശം. ഒന്നില്‍ ഡെമോഗ്രാഫിക്‌സ് മാത്രം രേഖപ്പെടുത്തുമ്പോള്‍ രണ്ടെണ്ണത്തില്‍ ഡെമൊഗ്രാഫിക് വിവരങ്ങളും ഫോട്ടോയും പതിക്കും. നമ്പര്‍ വെളിപ്പെടുത്തില്ല. ആധാര്‍ വെബ്‌സൈറ്റില്‍ നിന്ന് ഇതു ഡൗണ്‍ലോഡ് ചെയ്യാം. സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഒരു ക്യൂആര്‍ കോഡ് റീഡര്‍ വാങ്ങി ഇന്‍സ്‌റ്റാള്‍ ചെയ്യണം.
ക്യൂആര്‍ കോഡിലൂടെ സ്വകാര്യ കമ്പനികളും മറ്റും ഉപയോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത് ഒഴിവാക്കാമെന്നാണ് പറയുന്നത്. കൂടാതെ ഇത് ആധാര്‍ സെര്‍വറുമായും ബന്ധപ്പെടുത്തിയല്ല പ്രവർത്തിക്കുന്നതെന്നും പറയുന്നു. മറ്റ് വെരിഫിക്കേഷന്‍ ഡോക്യുമെന്റുകള്‍ ഇങ്ങനെ ഓഫ്‌ലൈനായി വേരിഫൈ ചെയ്യാന്‍ പറ്റില്ലെന്നാണ് ഈ ആശയം മുന്നോട്ടു വയ്ക്കുന്നവര്‍ പറയുന്നത്. ഫോട്ടോഷോപ്പിലൂടെ ആധാര്‍ മിനുക്കിയെടുക്കൽ തുടങ്ങി നിരവധി തട്ടിപ്പുകൾ ഒഴിവാക്കാമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
പേപ്പര്‍ലെസ് ലോക്കല്‍ ഇകെവൈസി
ഓഫ്‌ലൈന്‍ ഈ കെവൈസി ആധാര്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇതിന് ഡിജിറ്റല്‍ ഒപ്പ് ഉണ്ടായിരിക്കും. ഇതില്‍ ആവശ്യത്തിന് ഡെമോഗ്രാഫിക് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. അഞ്ച് ഓപ്ഷന്‍സ് ഉണ്ടായിരിക്കും. പേരും അഡ്രസും എല്ലാത്തിലും ഉണ്ടായിരിക്കും. കൂടാതെ സ്ത്രീയോ പുരുഷനോ എന്ന വിവരം, ജനന തിയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍, ഫോട്ടോ എന്നിവ ഉള്‍ക്കൊള്ളിക്കുകയോ ഉള്‍ക്കൊള്ളിക്കാതിരിക്കുകയോ ചെയ്യാം.
ഇത് ഓഫ്‌ലൈനായി വെരിഫൈ ചെയ്യാം. സര്‍വീസ് പ്രൊവൈഡര്‍ക്ക് ഇലക്ട്രോണിക്കലി നല്‍കുകയും ചെയ്യാം. പ്രിന്റ് എടുത്തും നല്‍കാം. രണ്ടു രീതികളില്‍ ആധാര്‍ നല്‍കിയാലും ബയോമെട്രിക്‌സ് നല്‍കേണ്ടതില്ലെന്നും യുണീക് ഐഡെന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യയുടെ സെര്‍വറിലൂടെ ഒതന്റിക്കേഷന്‍ ആവശ്യമില്ലെന്നും പറയുന്നു.
ഇത് ജനസമ്മതി നേടുമെന്നാണ് സർക്കാർ കരുതുന്നു. ഇതിലൂടെ സ്വകാര്യ കമ്പനികളുടെ യുഐഡി ഒതന്റിക്കേഷന്‍ വേണമെന്നുള്ള പരാതിക്കും പരിഹാരമാകുമെന്ന് സർക്കാർ കരുതുന്നു. ഉപയോക്താക്കള്‍ക്ക് ക്യൂആര്‍ കോഡ് യുഐഡിഎഐയുടെ സൈറ്റില്‍ നിന്ന് കോഡും, സര്‍വീസ് പ്രൊവൈഡര്‍ക്ക് ക്യൂആര്‍കോഡ് റീഡറും ഡൗണ്‍ലോഡ് ചെയ്യാം.
പേപ്പര്‍ലെസ് ഇകെവൈസിയാണു ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കില്‍ ഇത് ലാപ്‌ടോപ്പിലും മറ്റും സ്മാര്‍ട് ഫോണുകളിലും മറ്റും സൂക്ഷിക്കാം. സര്‍വീസ് പ്രൊവൈഡര്‍ക്ക് ഇത് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കിയാല്‍ മതി. യുഐഡിഎഐക്കു പോലും ഇതിന്റെ ഉപയോഗം അറിയാനാവില്ലെന്നാണ് പറയുന്നത്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും മറ്റും ഇത് ഉപയോഗിക്കാമെന്നാണ് പറയുന്നത്.
അതേസമയം ആധാര്‍ ഡേറ്റ ഡിലീറ്റു ചെയ്യാനുള്ള പ്ലാന്‍ 15 ദിവസത്തിനുള്ളില്‍ അറിയിക്കാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികള്‍ക്കു നല്‍കാനുള്ളതല്ല ആധാര്‍ വിവരമെന്ന് സുപ്രീംകോടതി അസന്നിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യുണീക് ഐഡന്റിഫിക്കേഷന്‍ ഒതോറിറ്റി ഓഫ് ഇന്ത്യ ടെലികോം സേവനദാദാക്കളോട്, അവര്‍ വാങ്ങിവച്ചിരിക്കുന്ന ആധാര്‍ ഡേറ്റ എന്നു നശിപ്പിക്കുമെന്നതിന്റെ വിവരങ്ങള്‍ 15 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ടെലികോം സെക്ടറിലെ ഭീമന്മാരായ എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്.
26.09.2018 ന് ഇറങ്ങിയ വിധി ദ്രുദഗതിയില്‍ നടപ്പാക്കാനാണ് തീരുമാനം. ആധാര്‍ ആക്ടിന്റെ 57-ാം സെക്‌ഷന്‍ സുപ്രീം കോടതി റദ്ദു ചെയ്തിരുന്നല്ലോ. നേരത്തെ, സ്വകാര്യ കമ്പനികളും മറ്റും ഉപയോക്താക്കളെ ഭീഷണിപ്പെടുത്തി അവരുടെ ആധാര്‍ വിവരങ്ങള്‍ വാങ്ങിയിരുന്നതായി ആരോപണമുയര്‍ന്നിരുന്നല്ലോ.
കൂടാതെ, തന്റെ ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികളുടെ കൈയ്യില്‍ കാണരുതെന്ന് ആഗ്രഹമുള്ളവര്‍ക്ക് അത് ആവശ്യപ്പെടാമെന്നാണ് പറയുന്നത്. എന്തു ചെയ്യാമെന്നതിനെക്കുറിച്ച് ടെലികോം കമ്പനികള്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് യുഐഡിഎഐ തങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ചെയ്യണമെങ്കില്‍ അതും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.