Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനീസ് കോടീശ്വരിക്ക് ട്രംപിന്റെ ‘പാര’; നഷ്ടമായത് 48341.70 കോടി രൂപ

Zhou-Qunfei-trump

ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ കടുംപിടുത്തം പാരയായത് ചൈനീസ് കോടീശ്വരിക്ക്. ലോകത്തെ ഏറ്റവും വലിയ കമ്പനികളായ ആപ്പിളിനും ടെസ്‌ലയ്ക്കും സാങ്കേതിക ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ലെൻസ് ടെക്നോജി കമ്പനി മേധാവി ജോ കുന്‍ഫായിക്ക് 2018 ൽ മാത്രം 6.6 ബില്ല്യൻ കോടി ഡോളറിന്റെ (ഏകദേശം 48341.70 കോടി രൂപ) നഷ്ടമാണ് സംഭവിച്ചത്. ജോ കുന്‍ഫായിയുടെ മൊത്തം ആസ്തിയുടെ 66 ശതമാനവും നഷ്ടപ്പെട്ടു.

ചൈനയിലെ ഏറ്റവും വലിയ ധനികയാണ് ജോ കുന്‍ഫായി. ട്രംപ് ഭരണകൂടത്തിന്റെ വാണിജ്യ നികുതികളിലെ മാറ്റവും ഇലോൺ മസ്കിന്റെ ടെസ്‌ല കമ്പനിയിലെ പ്രശ്നങ്ങളുമാണ് ജോ കുന്‍ഫായിയുടെ കമ്പനി ഓഹരികൾ ഇടിയാൻ കാരണമായത്.

ആരാണ് ജോ കുന്‍ഫായി ?

ജോ കുന്‍ഫായി. സ്വയം ഉയര്‍ന്നു വന്ന വനിതാ സംരംഭകരില്‍ ലോകത്തിലെ ഏറ്റവും സമ്പന്ന. ഹോങ്കോങ്ങില്‍ ജോയുടെ ലെന്‍സ് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ ഉടമ. ആപ്പിളും സംസങ്ങും പോലെയുള്ള വമ്പന്‍ കമ്പനികളാണ് ജോയുടെ ഉപഭോക്താക്കള്‍. എന്തിനേറെ പറയുന്നു, ജോയുടെ ഖ്യാതി കേട്ടറിഞ്ഞു ചൈനയിലെ ഇവരുടെ കമ്പനി ഹെഡ്ക്വാര്‍ട്ടെഴ്‌സില്‍ എത്തിയവരില്‍ പ്രസിഡന്റ് ക്‌സി ജിന്‍പിംഗ് വരെയുണ്ട്.

2003ലാണ് ഇവര്‍ ലെന്‍സ് ടെക്‌നോളജി എന്ന കമ്പനി ആരംഭിക്കുന്നത്. നാല്‍പത്തഞ്ചാം വയസില്‍ എത്തിയപ്പോള്‍ അറുപതിനായിരം ജീവനക്കാരുള്ള ലെന്‍സ് ടെക്നോളജിയുടെ പ്രസിഡന്റും ചെയര്‍പഴ്സനുമായി. മൊബൈല്‍ ഫോൺ‍, കംപ്യൂട്ടർ‍, ക്യാമറ എന്നിവയുടെ ഗ്ലാസ് കവറുകളാണ് ഈ കമ്പനി നിർമിക്കുന്നത്. ലോകത്തിലെ സ്മാർട് ഫോണുകളില്‍ 21 ശതമാനവും ഇവരുടെ ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്.

ദിവസവും പതിനെട്ടു മണിക്കൂര്‍ ജോലി ചെയ്യുന്ന ബിസിനസ് വുമണ്‍

ഈ ബിസിനസ്സിന്റെ മര്‍മ്മമറിയാവുന്ന ആളാണ് ജോ. വളരെ താഴേക്കിടയിലുള്ള ഒരു വാച്ച് ഫാക്ടറി ജീവനക്കാരിയില്‍ നിന്നു ലോകം മാനിക്കുന്ന വ്യവസായിയിലേക്കുള്ള വളര്‍ച്ച അദ്ഭുതകഥകളുടെതല്ല, മറിച്ച് പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങളുടേതാണ്. കഠിനപ്രയത്‌നവും നിരന്തരപരിശ്രമവും ആത്മവിശ്വാസവും കൊണ്ട് ലോകം കീഴടക്കുകയല്ല, സ്വന്തമായി ഒരു ലോകം കെട്ടിപ്പടുക്കുകയാണ് ജോ ചെയ്തത്. അതുകൊണ്ടുതന്നെ തന്റെ ഓരോ തൊഴിലാളിയുടെയും വിഷമതകള്‍ മനസിലാക്കി കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ജോ സദാ സന്നദ്ധയാണ്. ജോലിക്കാർ‍ക്കൊപ്പം പണിയെടുക്കുന്ന ഒരു സാധാരണ ഫാക്ടറിത്തൊഴിലാളിയായി ചിലപ്പോൾ ജോയെ കാണാം. വന്നവഴി മറക്കാത്ത, കരുത്തയായ ഒരു സ്ത്രീ അവരില്‍ ഉള്ളതുകൊണ്ടാണത്.

ജോ കുന്‍ഫയുടെ ഊണും ഉറക്കവും ഓഫീസില്‍ തന്നെയാണ്. ദിവസവും പതിനെട്ടു മണിക്കൂര്‍ ആണ് ജോ ജോലി ചെയ്യുന്നത്. താമസത്തിനായി ഓഫീസില്‍ ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട്. കുറച്ചു വസ്ത്രങ്ങളും ഫ്രിഡ്ജും ഒരു സ്റ്റവ്വും അടങ്ങുന്ന ഒരു കൊച്ചു മുറി. 'രണ്ടു വര്‍ഷമായി ഇവിടെത്തന്നെയാണ് ജീവിതം' നാല്‍പ്പത്തഞ്ചുകാരിയായ ജോ പറയുന്നു. ചൈനയിലെ പ്രധാന നഗരമായ ഷാങ്ങ്ഹായുടെ ഒത്ത നടുക്കാണ് ലെന്‍സ് ടെക്‌നോളജിയുടെ ഓഫിസ്. തന്റെ കമ്പനിയുടെ ഉല്‍പ്പന്നം ഏറ്റവും ഗുണമേന്മയുള്ളതായിരിക്കണം എന്ന നിര്‍ബന്ധമാണ് ഇവിടെത്തന്നെ താമസിക്കാന്‍ ജോയെ പ്രേരിപ്പിക്കുന്നത്.

ആകാശപ്പാതി കയ്യേറിയ സ്ത്രീകള്‍

ചൈനയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ലോകത്തിലെ കോടീശ്വരിമാരിൽ മൂന്നില്‍ രണ്ടും ചൈനയിലാണ്. ജോലി ചെയ്യുന്നതിലും സമ്പാദിക്കുന്നതിലും പുരുഷന്മാരെ വെല്ലും ഇവിടത്തെ പെണ്‍ചുണക്കുട്ടികള്‍. പഠനങ്ങള്‍ പ്രകാരം വിവിധ കമ്പനികളുടെ ബോർഡംഗങ്ങളിൽ എട്ടു ശതമാനവും എക്‌സിക്യുട്ടീവ് തലത്തിൽ ഒന്‍പതു ശതമാനവും സ്ത്രീകളാണ്. രാജ്യത്ത് ആകെയുള്ള പ്രഫഷനലുകളുടെ പകുതിയിലേറെയും സ്ത്രീകളാണ്. രാഷ്ട്രീയരംഗത്തൊഴികെ എല്ലാ മേഖലകളിലും സ്ത്രീകളുടെ ശക്തമായ പങ്കാളിത്തം പ്രകടം.

ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെ സമയത്ത് സ്ത്രീകള്‍ അടക്കമുള്ള സംരംഭകരെ സർക്കാർ നന്നായി പ്രോത്സാഹിപ്പിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ത്രീപുരുഷ സമത്വ നയങ്ങള്‍ സ്ത്രീകളുടെ മുന്നേറ്റത്തിനു ആക്കം കൂട്ടി. മാവോ സെ തുങ് പറഞ്ഞതുപോലെ 'ആകാശത്തിന്റെ പാതി സ്ത്രീകള്‍ കയ്യേറി'. 1980 മുതൽ 90 വരെയുള്ള ദശകം വ്യവസായങ്ങളുടെ സുവർണ കാലമായിരുന്നു. ചൈനീസ് വിപണി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ ചൈനയുടെ സാമ്പത്തിക പുരോഗതി ദ്രുതഗതിയിലായി.

ഫാക്ടറിത്തൊഴിലാളിയില്‍ നിന്നു ബിസിനസിലേക്ക്-തീയില്‍ കുരുത്ത ജീവിതം

ഹ്യൂനന്‍ പ്രവിശ്യയിലെ ഒരു കര്‍ഷകഗ്രാമത്തിലാണ് ജോ ജനിക്കുന്നത്. അവര്‍ ജനിക്കുന്നതിനു പത്തു വർഷം മുന്‍പേ പിതാവിന് ഒരു അപകടത്തില്‍പ്പെട്ടു കാഴ്ച നഷ്ടമായിരുന്നു. കൊച്ചു ജോയ്ക്ക് അഞ്ചു വയസായപ്പോള്‍ അമ്മ മരിച്ചു. സഹോദരങ്ങളുടെയും പിതാവിന്റെയും സംരക്ഷണ ചുമതല അതോടെ ജോയ്ക്കായി. പതിനഞ്ചു വയസായപ്പോള്‍ പഠനം നിര്‍ത്തി ജോലിക്ക് പോയിത്തുടങ്ങി. കൂടെ അക്കൗണ്ടിങ്ങും കംപ്യൂട്ടറും കസ്റ്റംസ് പ്രോസസിങ്ങുമൊക്കെ പാർട്ട് ൈടമായി പഠിച്ചു. ഒപ്പം വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സും നേടി.

പിന്നീട് വാച്ചുകളുടെ ഭാഗങ്ങള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയില്‍ ജോലിക്കുചേര്‍ന്നു. ശമ്പളത്തിൽ നിന്നു മിച്ചംപിടിച്ച് സ്വരൂപിച്ച പണംകൊണ്ട് 1993 ല്‍ അവര്‍ ഒരു കൊച്ചു വാച്ച് ഗ്ലാസ് ഫാക്ടറി തുടങ്ങി. ഇത് വികസിപ്പിച്ചാണ് പിന്നീട് 2003 ല്‍ ലെന്‍സ് ടെക്‌നോളജി സ്ഥാപിക്കുന്നത്.

വിജയത്തിലേക്കുള്ള ഫോണ്‍കോള്‍

ഒരു മൊബൈല്‍ഫോണ്‍ ആണ് ജോയെ കോടീശ്വരി ആക്കി മാറ്റിയ കഥയിലെ നായകന്‍. വര്‍ഷം 2003. തന്റെ വാച്ച് ഫാക്ടറിയില്‍ തിരക്കിട്ട ജോലിയിലായിരുന്നു ജോ. പെട്ടെന്ന് ഒരു ഫോണ്‍കോള്‍ വന്നു. മോട്ടോറോളയുടെ എക്സിക്യൂട്ടീവ് ആയിരുന്നു അങ്ങേത്തലയ്ക്കല്‍. 'Razr V3' എന്ന തങ്ങളുടെ പുതിയ ഫോണിനായി ഗ്ലാസ് സ്‌ക്രീൻ നിര്‍മിക്കാമോ എന്നറിയാനായിരുന്നു ആ വിളി.

ആ കാലത്ത് മൊബൈല്‍ഫോണ്‍ സ്‌ക്രീൻ‍ പ്ലാസ്റ്റിക് നിര്‍മ്മിതമായിരുന്നു. അതില്‍ ഒരു മാറ്റം സൃഷ്ടിക്കാനായിരുന്നു മോട്ടോറോളയുടെ ശ്രമം. കൂടുതല്‍ കാഴ്ചാസുഖമുള്ള, സ്‌ക്രാച് വീണു വലപോലെയാവാത്ത, കരുത്തുള്ള സ്‌ക്രീന്‍ എന്തുകൊണ്ട് ഗ്ലാസില്‍ നിര്‍മിച്ചു കൂടാ എന്നവര്‍ ആലോചിച്ചു. അപ്പോഴാണ് അവര്‍ ജോയെക്കുറിച്ച് കേള്‍ക്കുന്നത്.

ഒരു നിമിഷം എന്തു പറയണമെന്നറിയാതെ ജോ നിന്നു. 'അതെ' എന്നോ 'ഇല്ല' എന്നോ ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ കമ്പനി ആവശ്യപ്പെട്ടു. ഉത്തരം അതെ എന്നാണെങ്കില്‍ ബാക്കിയുള്ള എല്ലാ ക്രമീകരണങ്ങളും കമ്പനി ചെയ്യുമെന്ന് അവര്‍ ഉറപ്പു നല്‍കി. പിന്നീട് അധികം ആലോചിക്കാതെ ജോ ഉത്തരം നല്‍കി; ''അതെ, ഞാന്‍ ഈ ജോലി ഏറ്റെടുക്കാന്‍ തയാറാണ് '

ആ കരാറിനു ശേഷം ജോയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കമ്പനി അതോടെ ലോകനിലവാരത്തിലേക്കുയര്‍ന്നു. ഇന്ന് ജോയുടെ കീഴിലുള്ളത് പതിനൊന്നു കമ്പനികള്‍!

2007 ല്‍ ഐഫോണുമായി ആപ്പിള്‍ എത്തി. കീബോര്‍ഡ് അടങ്ങിയ ഗ്ലാസ് ടച്ച് സ്‌ക്രീന്‍ ആയിരുന്നു അതിനുണ്ടായിരുന്നത്. മൊബൈല്‍ ഗെയിമുകളുടെ പരമ്പരാഗത രീതികളെ ഉടച്ചു വാര്‍ക്കാന്‍ ഈ സ്‌ക്രീനിനു സാധിച്ചു. ആപ്പിളുമായും പിന്നീട് ജോയുടെ കമ്പനി സഹകരിച്ചു പ്രവര്‍ത്തിച്ചു. ഇത് അവരുടെ മൂല്യം ഉയര്‍ത്തി.

ആപ്പിള്‍, സംസങ്, ഹ്യുവായ് തുടങ്ങിയ കമ്പനികളുടെ മൊബൈല്‍ഫോണ്‍ ടച്ച് സ്‌ക്രീനുകള്‍ നിര്‍മിക്കുന്നത് ലെന്‍സ് ടെക്‌നോളജിയാണ്. ആപ്പിളിന്റെ സ്മാർട് വാച്ചുകളില്‍ ഉപയോഗിക്കുന്നതാവട്ടെ, കമ്പനിയുടെ ഗ്ലാസും സഫയര്‍ ക്രിസ്റ്റല്‍ സ്‌ക്രീനും. അറുപതിനായിരം പേര്‍ ഇവിടെ ജോലി ചെയ്യുന്നു.

കുടുംബജീവിതം

മുന്‍പു ജോലി ചെയ്തിരുന്ന ഫാക്ടറിയുടെ ഉടമയെ ആദ്യം വിവാഹം കഴിച്ചെങ്കിലും വേര്‍പിരിഞ്ഞു. പിന്നീട് സഹപ്രവര്‍ത്തകനായ ജിങ്ങ് ജാന്‍ലോങ്ങിനെ വിവാഹം കഴിച്ചു. ഇദ്ദേഹത്തോടും രണ്ടു മക്കളോടുമൊപ്പമാണ് ഇപ്പോള്‍ ജോ.

കമ്പനി ഇപ്പോള്‍

2016 മാർച്ചില്‍ ലെന്‍സ് ടെക്‌നോളജി പബ്ലിക് കമ്പനിയായി. ചൈനീസ് ഓഹരി വിപണി ശക്തിയാർജിച്ചതോടെ വന്ന മാറ്റമായിരുന്നു ഇത്. പിന്നീട് വിപണി ഇടിഞ്ഞപ്പോള്‍ കമ്പനിയുടെ മൂല്യം 66 ശതമാനം താഴ്ന്നു. കമ്പനി വരുമാനത്തിന്റെ 75 ശതമാനവും ആപ്പിള്‍, സംസങ് പോലെയുള്ള ഭീമന്മാരില്‍ നിന്നാണ് വരുന്നത്. സഫയര്‍, സെറാമിക് ഗ്ലാസ് സ്ക്രീൻ ഉൽപാദനം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കമ്പനി. ഇതിനിടെയാണ് ട്രംപിന്റെ പുതിയ വാണിജ്യ പരിഷ്കാരങ്ങൾ വന്നത്.

ജോലി തേടി ചൈനയിലെത്തുന്ന തൊഴിലാളികള്‍ക്ക് വലിയ പ്രചോദനമാണ് ജോയുടെ കഥ. 'പുതിയ പുതിയ സാങ്കേതികവിദ്യ പഠിക്കാനുള്ള ആഗ്രഹമാണ് എന്റെ വിജയത്തിന് പിന്നില്‍'. തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടുകൂടി ജോ കുന്‍ഫായ് പറയുന്നു. ഈ നിശ്ചയദാർഢ്യം കണ്ടാല്‍ ജോലി ചെയ്യാതെ ചുമ്മാ ഇരിക്കുന്നതെങ്ങനെ?