ആധാര്‍ വെരിഫിക്കേഷൻ നിർത്തണമെന്ന് കേന്ദ്രം; ടെലികോം കമ്പനികൾക്ക് വെല്ലുവിളി

സുപ്രീംകോടതി വിധി വന്ന ശേഷവും ബിഎസ്എന്‍എല്‍ അടക്കമുളള ടെലികോം കമ്പനികള്‍ ആധാര്‍ വാങ്ങി കണക്‌ഷന്‍ നൽകുകയും പുതുക്കുകയും ചെയ്യുന്നുണ്ട്. സർക്കാർ ഉത്തരവ് ലഭിച്ചിട്ടില്ല എന്നതായിരുന്നു കാരണമായി പറയുന്നത്. എന്നാൽ സുപ്രീം കോടതി വിധിയുടെ വസ്തുതകൾ മനസിലാക്കാന്‍ കഴിയാതിരുന്നവര്‍ ടെലികോം കമ്പനികള്‍ പറയുന്നത് അപ്പാടെ അനുസരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കേന്ദ്ര സർക്കാർ തന്നെ ടെലികോം കമ്പനികളോട് ആധാര്‍ ഇവെരിഫിക്കേഷന്‍ നിർത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

പുതിയ കണക്‌ഷന്‍ എടുക്കുന്ന സമയത്തോ, പഴയത് വെരിഫൈ ചെയ്യുന്നതിനോ ഉപഭോക്താവിന്റെ ഡേറ്റ ഇലക്ട്രോണിക്കലി വെരിഫൈ ചെയ്യുന്നതു നിർത്താനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സുപ്രീം കോടതി ചരിത്രപ്രധാനമായ വിധിയിലൂടെ സ്വകാര്യ കമ്പനികള്‍ ആധാര്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇതു മറികടക്കാന്‍ നിയമനിര്‍മാണമടക്കമുളള സാധ്യതകള്‍ സർക്കാർ പരിഗണിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം (DoT) ഇറക്കിയ വിശദമായ ഉത്തരവില്‍ ടെലികോം കമ്പനികളോട് ആധാര്‍ ഉപയോഗിച്ചുള്ള ഇകെവൈസി (e-KYC) ഉപയോഗിക്കുന്നത് നവംബര്‍ 5-ാം തിയതി മുതല്‍ നിർത്തണമെന്നാണ് വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ഉപഭോക്താക്കൾ മനസിലാക്കേണ്ടത് എന്ത്?

ഡിജിറ്റല്‍ യുഗത്തില്‍ ബയോമെട്രിക്‌സ് ഉപയോഗിക്കപ്പെടാനുളള സാധ്യതകള്‍ മനസിലാക്കിയാണ് സുപ്രീംകോടതി ആധാര്‍ ഉപയോഗിച്ചുള്ള ഇവെരിഫിക്കേഷന് വിലക്കേര്‍പ്പെടുത്തയിത്. ഡിജിറ്റല്‍ വിദ്യാഭ്യാസമില്ലാത്തവര്‍ ഇനിയും ആധാര്‍ നല്‍കാന്‍ തയാറായേക്കാം.

ഇനി ഒരു ടെലികോം സേവനദാദാവിനും ഉപയോക്താവിന്റെ ആധാര്‍ വിശദാംശങ്ങള്‍ ചോദിക്കാന്‍ അവകാശമുണ്ടായിരിക്കില്ല. പുതിയ കണക്‌ഷന്‍ എടുക്കാനായാലും, പഴയതു വെരിഫൈ ചെയ്യുന്ന കാര്യത്തിലാണെങ്കിലും ഇതു ബാധകമായിരിക്കും. എന്നാല്‍, നിങ്ങള്‍ക്ക് സ്വമേധയാ നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി വേണമെങ്കില്‍, വോട്ടര്‍ ഐഡി കാര്‍ഡ് പോലെയൊ, പാസ്‌പോര്‍ട്ട് പോലെയോ, ഡ്രൈവിങ് ലൈസന്‍സ് പോലെയോ നല്‍കാം.

ടെലികോം കമ്പനികള്‍ ആധാര്‍ വിശദാംശങ്ങള്‍ ചോദിക്കുന്നതും ഫിംഗര്‍പ്രിന്റ് സ്‌കാനിങ് അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തില്‍ ഇവെരിഫിക്കേഷന്‍ നടത്തുന്നതും സർക്കാർ ഉത്തരവിന്റെ ലംഘനവും കോടതിയലക്ഷ്യവുമായിരിക്കും. നിങ്ങള്‍ ഇപ്പോള്‍തന്നെ ആധാര്‍ ഉപയോഗിച്ച് ഇവെരിഫിക്കേഷന്‍ നടത്തിക്കഴിഞ്ഞെങ്കില്‍ പുതിയ ഉത്തരവ് നിങ്ങള്‍ക്ക് ബാധകമായിരിക്കില്ല.

കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം ടെലികോം കമ്പനികൾക്ക് വൻ വെല്ലുവിളിയാണ്. പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും നിമിഷ നേരത്തിനുള്ളിൽ സിം ആക്ടിവേറ്റ് ചെയ്യാനും ഇനി സാധിക്കില്ല. പഴയ രീതിയിലേക്ക് മാറുമ്പോൾ ദിവസങ്ങൾക്കു ശേഷമെ പുതിയ കണക്‌ഷൻ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കൂ. തിരിച്ചറിയൽ രേഖകളും ഫോട്ടോയും പൂരിപ്പിച്ച പ്രത്യേക ഫോമും ഇതിനായി ഉപയോഗിക്കേണ്ടി വരും.