Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിൽ കള്ളിനും മയക്കുമരുന്ന് പാർട്ടികൾക്കും വിലക്ക്, വടിയെടുത്ത് പിച്ചൈ

elite-group

വന്യമായ 'ഗൂഗിള്‍ സംസ്‌കാരത്തിന്' അന്ത്യമാകുന്നു. സെര്‍ഗായി ബ്രിന്നിന്റെയും ലാറി പെയ്ജിന്റെയും നേതൃത്വത്തില്‍ ഒരുപറ്റം യുവാക്കളായിരുന്നു ആദ്യകാല ഗൂഗിളിലെ ജോലിക്കാരില്‍ പലരും. അവരെല്ലാം തോന്നുംപോലെയായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു കമ്പനിയുടെ മേധാവികളെ പോലെയായിരുന്നില്ല ബ്രിന്നും പെയ്ജും ജോലി സംസ്‌കാരം പടുത്തുയര്‍ത്തിയത്. അത്തരം പാരമ്പര്യങ്ങളൊന്നും തളംകെട്ടിനില്‍ക്കാത്ത പണിയിടങ്ങളായിരുന്നു ഗൂഗിളിന്റെ അകത്തളങ്ങള്‍. ഇതായിരുന്നു പിന്നീടുണ്ടായ പല സിലിക്കണ്‍ വാലി ടെക് കമ്പനികൾ ഏറ്റുപിടിച്ചതും. വന്യമായ പാര്‍ട്ടികളും 'ട്രക്ക് ലോഡ് കണക്കിനു' മദ്യവും കഞ്ചാവും മറ്റു ലഹരികളും അവര്‍ ഉപയോഗിച്ചിരുന്നതായി ഗൂഗിളിലെ മുന്‍ ജോലിക്കാര്‍ തന്നെ വെളിപ്പെടുത്തിയ കാര്യം നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെല്ലാം വിരാമമാകുന്നത് കമ്പനിയുടെ ഇപ്പോഴത്തെ മേധാവിയും ഇന്ത്യയ്ക്കാരനുമായ സുന്ദര്‍ പിച്ചൈ വടിയെടുത്തതു കൊണ്ടാണ്.

ഗൂഗിളിനുള്ളില്‍ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ കൈകാര്യം ചെയ്ത രീതിക്കെതിരെ ആഗോള തലത്തില്‍ കമ്പനിക്കെതിരെ വൻ പ്രതിഷേധമാണ് നടന്നത്. ഇതെല്ലാം പരിഗണിച്ചാണ് പിച്ചൈ കമ്പനിയുടെ പുതിയ പെരുമാറ്റച്ചട്ടവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

Google-

ജോലി സമയത്തോ, ജോലിക്കു ശേഷമുള്ള കമ്പനിയുമായി ബന്ധപ്പെട്ട പാര്‍ട്ടികളലോ ലഹരി വസ്തുക്കള്‍ അമിതമായി ഉപയോഗിക്കുന്നതിനാണ് ഇപ്പോള്‍ വിലക്കു വന്നിരിക്കുന്നത്. കമ്പനിയുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടികളും മറ്റും നടത്തുന്ന സമയത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ടീം ലീഡര്‍മാര്‍ക്കായിരിക്കും. ഈ മാറ്റം കൊണ്ട് കാര്യങ്ങള്‍ നേരെയാകുന്നില്ലെങ്കില്‍ കൂടുതല്‍ വിലക്കുകള്‍ വരുമെന്ന മുന്നറിയിപ്പുമുണ്ട്. ലൈംഗികാരോപണങ്ങള്‍ നേരിട്ടവരില്‍ പലരും പറഞ്ഞ ഒഴിവുകഴിവ് തങ്ങള്‍ മദ്യലഹരിയില്‍ ചെയ്തതാണെന്നാണ്. അതുകൊണ്ടാണ് പുതിയ വിലക്കുകള്‍ കമ്പനി പരീക്ഷിച്ചു നോക്കുന്നത്.

ചില നിബന്ധനകള്‍

 

അമിത മദ്യ ഉപയോഗം 

സ്ത്രീകളെ ശല്യപ്പെടുത്തല്‍ ഒരിക്കലും അംഗീകരിക്കില്ല. മദ്യലഹരിയില്‍ ചെയ്തുപോയതാണ് എന്ന ഒഴിവുകഴിവുമായി വരേണ്ട. കമ്പനിയുടെ നയം ഇപ്പോള്‍ വളരെ വ്യക്തമാണ്. കമ്പനിയില്‍ അമിത മദ്യപാനം അനുവദിക്കില്ല. ജോലി സമയത്തോ, ഗൂഗിളുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലിക്കിടെയിലോ, ജീവനക്കാർ കമ്പനിക്കുള്ളിലോ വെളിയിലോ ജോലി ചെയ്യുമ്പോഴോ, കമ്പനിയുമായി ബന്ധപ്പെട്ട പാര്‍ട്ടികളിലോ ഇതു പാടില്ലെന്നാണ് പുതിയ നിബന്ധന. 

sundar-pichai

ഇതു നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം ഡയറക്ടര്‍മാര്‍ക്കും വൈസ് പ്രസിഡന്റുമാര്‍ക്കും ആയിരിക്കും. ടീമുകള്‍ സംഘടിപ്പിക്കുമ്പോഴും മീറ്റിങ്ങുകളും മറ്റും സംഘടിപ്പിക്കുമ്പോഴും എല്ലാം അമിത മദ്യപാനം ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. ഇപ്പോള്‍ തന്നെ പല ടീമുകളും രണ്ടു ഡ്രിങ്കേ പരമാവധി കഴിക്കാനാകൂ എന്നൊരു നിബന്ധന കൊണ്ടുവന്നിട്ടുണ്ട്. മറ്റു ടീമുകള്‍ ഡ്രിങ്കുകള്‍ട്ട് ടിക്കറ്റ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമിത മദ്യപാനം മൂലം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ടീം ലീഡര്‍മാര്‍ക്കായിരിക്കും. പ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് പിച്ചൈയുടെ സന്ദേശം പറയുന്നത്.