രാജ്യത്തെ എല്ലാ വീടുകളിലും 2019 മാർച്ച് 31ന് അകം വൈദ്യുതി എത്തിക്കാനുള്ള 16,000 കോടി രൂപയുടെ ‘സൗഭാഗ്യ’ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷമാണ്. പാവങ്ങൾക്കു വൈദ്യുതി സൗജന്യമായി നൽകുമെന്നും അന്ന് പ്രഖ്യാപിച്ചു. വൈദ്യുതി എത്താത്ത, രാജ്യത്തെ നാലുകോടി വീടുകളിൽ വെളിച്ചമെത്തിക്കുകയായിരുന്നു സർക്കാരിന്റെ അടിയന്തരദൗത്യമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ എല്ലാ ഗ്രാമങ്ങളെയും വൈദ്യുതിവത്കരിക്കുക എന്ന നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ പദ്ധതി ഈ വർഷം ലോകം കണ്ട ഏറ്റവും മികച്ച വിജയ മാതൃകകളിൽ ഒന്നാണെന്ന് രാജ്യാന്തര ഊർജ്ജ നിരീക്ഷണ സംഘടനയായ ഇന്‍റർനാഷണൽ എനർജി ഏജൻസി (ഐഇഎ). ഭൂമിയിലെ എല്ലാ വ്യക്തിക്കും ആധുനിക ഊർജ്ജം എത്തിക്കുക എന്ന ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം വൈദ്യുതി ഉറപ്പാക്കുക പ്രധാന നാഴികകല്ലാണെന്നും പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഊർജ്ജ വിതരണത്തെ സംബന്ധിച്ചിടത്തോളം 2018ലെ ഏറ്റവും വലിയ വിജയഗാഥകളിലൊന്ന് ഇന്ത്യയിലെ ഗ്രാമങ്ങളുടെ സമ്പൂര്‍ണ വൈദ്യുതീകരണമാണ്. എല്ലാ വീടുകളിലും വൈദ്യുതി എന്ന ആശയത്തിലേക്കുള്ള വലിയ ചുവടുവയ്പ്പെന്ന നിലയിൽ 2018 ഏപ്രിലിലാണ് എല്ലാ ഗ്രാമങ്ങളിലും ഒരു വൈദ്യുതി കണക്‌ഷൻ എന്ന ലക്ഷ്യം സര്‍ക്കാർ പ്രഖ്യാപിച്ചത്. ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ വികസ്വര രാജ്യങ്ങളിൽ 2000ത്തിനു ശേഷം 900 ദശലക്ഷം ആളുകൾക്കാണ് വൈദ്യുതി ലഭിച്ചിട്ടുള്ളത്. 2000ത്തിൽ മേഖലയിലെ 67 ശതമാനം സ്ഥലങ്ങളാണ് വൈദ്യുതിവത്ക്കരിക്കപ്പെട്ടതെങ്കിൽ 2017ൽ ഇത് 91 ശതമാനമായി. ഈ പുരോഗതിയുടെ 61 ശതമാനവും നടന്നിട്ടുള്ളത് ഇന്ത്യയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യം ഏപ്രിലിലാണ് ഇന്ത്യ കൈവരിച്ചത്. ദീൻദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജനയുടെ ഭാഗമായി 1000 ദിവസങ്ങൾക്കുള്ളിൽ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് 2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 2018 മെയ് 10 നകം പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. സെൻസസ് പ്രകാരമുള്ള 597,464 ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതായി ഏപ്രിലില്‍ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.
പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിൽ ഓരോ ഗ്രാമത്തിലെയും സുപ്രധാന സ്ഥാപനങ്ങളിലും എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കുക എന്ന പ്രഥമ ലക്ഷ്യം എളുപ്പത്തിൽ പൂർത്തീകരിച്ചെങ്കിലും ഇന്ത്യ പോലെ വൈവിധ്യമാർന്നതും വിസ്തൃതി ഏറെയുമുള്ള രാജ്യത്ത് രണ്ടാമത്തെ ലക്ഷ്യം കൈവരിക്കുക എളുപ്പമാകില്ലെന്ന് ഐഇഎ റിപ്പോർട്ട് പറയുന്നു.
പാവപ്പെട്ടവരുടെ വീടുകളിൽ പാചകവാതകം എത്തിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങളെയും ഐഇഎ പ്രശംസിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം ഇന്ത്യയിൽ 2015നു ശേഷം 50 ദശലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാചകവാതക കണക്‌ഷൻ പ്രദാനം ചെയ്തു. 2020 ആകുമ്പോഴേക്കും 80 ദശലക്ഷം കുടുംബങ്ങളിൽ പാചകവാതകം എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.