പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ഭാരത്‌നെറ്റ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയതിന് ബിഎസ്എൻഎൽ, ബിബിഎൻഎൽ ജീവനക്കാർക്കെതിരെ ടെലികോം മന്ത്രാലയം നടപടിക്കൊരുങ്ങുന്നു. ഭാരത് ബ്രോഡ്ബാന്‍റ് നെറ്റ് വർക്ക് (ബിബിഎൻഎൽ) മേധാവി സഞ്ജയ് സിങ്ങിനും ബിഎസ്എൻഎൽ മേധാവി അനുപം ശ്രീവാസ്തവക്കും ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ അയച്ച കത്തിലാണ് അച്ചടക്ക നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഗ്രാമങ്ങളിൽ ഭാരത്‌നെറ്റ് ശൃംഖല അതിവേഗം പ്രവർത്തന സജ്ജമാകാത്തതിനുള്ള പ്രധാന കാരണം ഇരു കമ്പനികളും ആസൂത്രണത്തിലും സംഘാടനത്തിലും വരുത്തിയ പാകപ്പിഴവുകളാണെന്നും തൊഴിൽപരമായ കഴിവുകളൊന്നും പുറത്തെടുക്കാതെ തീർത്തും അലസമായാണ് പദ്ധതി കൈകാര്യം ചെയ്തിട്ടുള്ളതെന്നും ടെലികോം സെക്രട്ടറി കുറ്റപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ പ്രാധാന്യം കൊടുക്കുന്ന പദ്ധതിയെന്ന നിലയിൽ ഇതിന്‍റെ പുരോഗതി ഉന്നതവൃത്തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ടെന്നും നിർദേശങ്ങൾ അവഗണിക്കുകയോ നടപ്പിലാക്കാൻ ശ്രമിക്കാതിരിക്കുകയോ ചെയ്യുന്നത് കടുത്ത അച്ചടക്ക നടപടികൾ ക്ഷണിച്ചു വരുത്തുമെന്ന് അരുണ സുന്ദരരാജൻ മുന്നറിയിപ്പു നൽകി. മോദി സർക്കാര്‍ അഞ്ചു വർഷം പൂർത്തിയാക്കാനിരിക്കെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ മന്ത്രാലയങ്ങളിൽ നിന്നും പ്രധാനമന്ത്രിയുടെ കാര്യാലയം പ്രവർത്തന പുരോഗതി റിപ്പോർട്ടു തേടിയേക്കുമെന്ന സൂചനകൾക്കിടെയാണ് നടപടി.
രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്ത്, 2012ൽ വിഭാവനം ചെയ്ത പദ്ധതിയാണ് ഭാരത്‌നെറ്റ്. നാഷണൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‍വർക്ക് എന്ന പേരിലാരംഭിച്ച പദ്ധതി മോദി സർക്കാർ അധികാരമേറ്റെടുത്തപ്പോൾ ഭാരത്‌നെറ്റ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു. 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ അതിവേഗ ഇന്‍റർനെറ്റ് ശൃംഖല സ്ഥാപിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പരിപൂർണമായി നടപ്പിലാക്കേണ്ട സമയപരിധി പല തവണ മാറ്റിയെങ്കിലും 1.16 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് പദ്ധതി നടപ്പിലായിട്ടുള്ളതെന്നാണ് നോഡൽ ഏജൻസിയായ ബിബിഎൻഎയുടെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. ഉപഭോഗത്തിന് കൃത്യമായ ടാർഗറ്റുകൾ വച്ചിട്ടുണ്ടെങ്കിലും പ്രായോഗിക തലത്തിലുള്ള ഉപയോഗം നിശ്ചിത ടാർഗറ്റിന്‍റെ പത്തുശതമാനത്തിൽ താഴെയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.