ആധാർ: മറ്റൊരു പരീക്ഷണത്തിനൊരുങ്ങി കേന്ദ്രസർക്കാരും ആർബിഐയും

ആധാർ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്യൂആർ കോഡുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓഫ്‍ലൈൻ ആധാർ അനുവദിക്കുന്നതു സംബന്ധിച്ചു കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ആലോചിക്കുന്നു. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങൽ, പേയ്മെന്‍റ് വോലറ്റുകളുടെ നിയന്ത്രണം, ഇൻഷ്വറന്‍സ് കവറുകള്‍ സ്വന്തമാക്കൽ തുടങ്ങിയവക്കു ബയോമെട്രിക് ഇകെവൈസിക്കു പകരം ഓഫ്‍ലൈൻ ആധാർ ഉപയോഗിക്കുന്നതു അനുവദിക്കുന്നതാണ് ആലോചനയിലുള്ളത്. ആധാർ നിർബന്ധമാക്കുന്ന നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി രംഗത്തുള്ള സാമ്പത്തിക, ടെക്നോളജി കമ്പനികൾക്കു കൂടി ഗുണപ്രദമാകുമെന്നതിനാൽ ഈ നീക്കം നിർണായകമാണ്. ആധാർ അധിഷ്ഠിതമായ പ്രമാണീകരണ പ്രക്രിയ സ്വകാര്യ സ്ഥാപനങ്ങൾ നടത്തരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ബാങ്ക് അക്കൗണ്ടുകൾക്കു ആധാർ നിർബന്ധമാക്കേണ്ടെന്ന കോടതി ഉത്തരവാണ് യുഐഡിഎഐയുടെ സെർവറുകളുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഓഫ്‍ലൈൻ ആധാറിനെ സംബന്ധിച്ച ചർച്ചകൾക്കു തിരികൊളുത്തിയത്. ക്യൂആർ കോഡുള്ള പ്രിന്‍റ് ഔട്ട് യുഐഡിഎഐയുടെ ഡിജിറ്റൽ ഒപ്പുള്ളതാണ്. റേഷൻ കാർഡ്, വോട്ടർ കാർഡ്. ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകളെക്കാൾ കൂടുതൽ വിശ്വസനീയവുമാണ്. 

ഓഫ് ലൈൻ നടപ്പിലാക്കേണ്ടത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാകയാൽ ഇതു സംബന്ധിച്ച ഒരു അറിയിപ്പു ബാങ്ക് പുറത്തിറക്കേണ്ടതുണ്ട്. യുഐഡിഎഐയുമായി രണ്ടിലേറെ തവണ ഇതു സംബന്ധിച്ചു ചർച്ച നടത്തി കഴിഞ്ഞു. സുപ്രീംകോടതിയുടെ വിധിയുമായി നിയമങ്ങൾ ഒത്തുപോകുന്നുണ്ടെന്നു ഉറപ്പുവരുത്തുന്ന തരത്തിൽ കെവൈസിയുടെ അടിസ്ഥാന ഉത്തരവു തന്നെ ഭേദഗതി ചെയ്യാമെന്നാണ് ആധാർ ഏജൻസി മുന്നോട്ടുവച്ചിട്ടുള്ള നിർദേശം. സാമൂഹികക്ഷേമ പദ്ധതികൾ പോലെയുള്ള നേരിട്ടു ഗുണം ലഭിക്കുന്ന ഇടപാട് അല്ലെങ്കിൽ പാൻ നമ്പർ എന്നിവ കൂടാതെയുള്ള പണമിടപാടുകൾക്കു ആധാർ നിർബന്ധമാക്കാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലുള്ള സമ്പ്രദായത്തിൽ പൊളിച്ചെഴുത്തു വേണ്ടിവരുമെന്നതിനാൽ തന്നെ പല ബാങ്കുകളും സുപ്രീംകോടതി ഉത്തരവ് പ്രാബല്യത്തിൽ വരുത്തിയിട്ടില്ല. ആധാർ നിർബന്ധമാക്കിയുള്ള റിസർവ് ബാങ്കിന്‍റെ മുന്‍ ഉത്തരവനുസരിച്ചാണ് ബാങ്കുകളുടെ സോഫ്റ്റ്‍‍വെയറുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുള്ളത്. സുപ്രീംകോടതി ഉത്തരവു സംബന്ധിച്ച സംശയങ്ങളുണ്ടായിരുന്നതിനാൽ ആധാർ അടിസ്ഥിതമായ പണമിടപാടു സംവിധാനം പൂർണമായും പിൻവലിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആലോചിച്ചിരുന്നു. എന്നാൽ ഇത് നിയമവിരുദ്ധമാകുമെന്ന നിലപാടാണ് യുഐഡിഎഐ ഇക്കാര്യത്തിൽ സ്വീകരിച്ചത്. 

കെവൈസി ആവശ്യങ്ങൾ നിറവേറ്റാനായി വോട്ടർഐഡി, റേഷൻ കാർഡ്. ഡ്രൈവിങ് ലൈസൻസ് എന്നിവ നൽകാമെന്നിരിക്കെ ബാങ്കുകളും ഇൻഷ്വറൻസ് കമ്പനികളും ആധാറിനെ ഒരു ഐച്ഛിക രേഖയായി മാത്രമെ കാണാനിടയുള്ളുവെന്നാണ് മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ നൽകുന്ന സൂചന. പേര്, വിലാസം, ഫോട്ടോ എന്നിവയിലുപരിയായുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുമെന്നതിനാൽ ഓഫ് ലൈൻ ആധാര്‍ നിർബന്ധമാക്കണമെന്നാണ് യുഐഡിഎഐയുടെ വാദം. ക്യൂആർ കോഡ് ഡിജിറ്റൽ ഒപ്പോടു കൂടിയുള്ളതിനാൽ ഇതുപയോഗിച്ചുള്ള പ്രമാണീകരണം പാസ്പോർട്ട് ഓഫീസുകൾക്കും ബാങ്കുകൾക്കും കൂടുതൽ എളുപ്പമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.