ഡിടിഎച്ചിലൂടെ ഉപയോക്താവു എന്തു കാണണമെന്നു സേവനദാതാവ് നിർണയിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇഷ്ടപ്പെട്ട ചാനലുകള്‍ അടങ്ങുന്ന പാക്കേജ് തിരഞ്ഞെടുത്താൽ, സേവനദാതാവു അടിച്ചേൽപ്പിക്കുന്ന ചില ചാനലുകൾ കൂടി കൂടെ പോരും. എന്നാല്‍ ട്രായ് നിർദേശിച്ച പുതിയ പദ്ധതികൾ ഡിസംബർ 29നു നിലവിൽ വരുന്നതോടെ ഇപ്പോഴത്തെ അവസ്ഥക്കു വലിയ മാറ്റമുണ്ടാകും. ഏതെല്ലാം ചാനലുകൾ കാണണമെന്നു ഉപയോക്താവു തീരുമാനിക്കും.
ഡിടിഎച്ചുകാരും കേബിൾ ടിവി കമ്പനികളും നിശ്ചയിക്കുന്ന മാസവരിക്കു പകരം 130 രൂപയും നികുതിയും നൽകി ഇഷ്ടമുള്ള നൂറു ചാനലുകൾ കാണാനുള്ള അവസരം ഉപയോക്താവിനു ലഭിക്കും. നൂറു ചാനലുകൾ അടങ്ങുന്ന ഈ അടിസ്ഥാന പാക്കേജിൽ ഉൾപ്പെടുത്തേണ്ട ചാനലുകൾ ഏതാണെന്നു തീരുമാനിക്കാനുള്ള അവകാശം ഉപയോക്താവിന് ആയിരിക്കുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
അടിസ്ഥാന പാക്കേജിനുള്ള ഏറ്റവും ഉയര്‍ന്ന വാടകയാണ് 130 രൂപയും അനുബന്ധ നികുതികളും. അടിസ്ഥാന പാക്കേജിലുള്ള ചാനലുകളുടെ എണ്ണം കുറയ്ക്കാനുള്ള അവകാശം ഉപയോക്താവിൽ നിക്ഷിപ്തമാകുമെന്നതിനാൽ പണമൊന്നും കൊടുക്കാതെയും അടിസ്ഥാന പാക്കേജ് സ്വന്തമാക്കാനുള്ള അവസരമുണ്ടാകും. ഓപ്പറേറ്റർമാർ ഒരുമിച്ചു (ബൊക്കെ) നൽകുന്ന ചാനൽ പാക്കേജുകൾ വാങ്ങേണ്ടതില്ല. അടിസ്ഥാന പാക്കേജിനു പുറമെ 25 എസ്ഡി ചാനലുകൾ അടങ്ങുന്ന ടോപ്– അപുകളും ഡിടിഎച്ച് സേവനദാതാക്കൾ ഉപയോക്താക്കൾക്കു നൽകണം. ഈ 25 ചാനലുകൾ നിശ്ചയിക്കുന്നതും ഉപയോക്താവു തന്നെയാകും. രണ്ടു എസ്ഡി ചാനലുകൾക്കു തുല്യമാണ് ഒരു എച്ച്ഡി ചാനലെന്നാണ് ട്രായിയുടെ പുതിയ നിയമം പറയുന്നത്. ഇതുപ്രകാരം ഒരു ഉപയോക്താവിന് തന്‍റെ അടിസ്ഥാന പാക്കേജിൽ ഫ്രീ ടു എയർ ആയ 50 എച്ച്ഡി ചാനലുകളോ 100 എസ്ഡി ചാനലുകളോ ഉൾപ്പെടുത്താനാകും.
അടിസ്ഥാന പാക്കേജിന്‍റെ ഭാഗമായി ഉപയോക്താവ് ഏതെങ്കിലും ഒരു പേ ചാനൽ തിരഞ്ഞെടുക്കുകയാണെങ്കിൽ അടിസ്ഥാന വിലയ്ക്കു പുറമെ ഈ പേ ചാനലിന്‍റെ നിരക്കു കൂടി നൽകേണ്ടി വരും. കൂടുതൽ പേ ചാനലുകളുണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം നിരക്കു വേണം. ഇവ കൂട്ടമായി (ബൊക്കെ) നൽകുന്നുണ്ടെങ്കിൽ മൊത്തം ചാനലുകളുടെ ആകെ തുകയിൽ നിന്നും 15 ശതമാനത്തിലധികം കുറയാൻ പാടില്ല. അടിസ്ഥാന പാക്കേജിനു പുറമെ സൗജന്യ ചാനലുകളുടെ ഒരു പാക്കേജെങ്കിലും നൽകിയിരിക്കണം. ഇതിൽ ഓരോ വിഭാഗത്തിലുമുള്ള അഞ്ച് ചാനലുകളെങ്കിലും വേണം. ഏതെങ്കിലും വിഭാഗത്തിൽ അഞ്ചു ചാനലുകൾ ഇല്ലെങ്കിൽ മറ്റു ചാനലുകൾ ഉൾപ്പെടുത്താം.
ഇന്ത്യയിലെ ഭൂരിഭാഗം വീടുകളിലും 50 ചാനലുകളില്‍ താഴെ മാത്രമാണു കാണുന്നതെന്നാണ് ഇതുസംബന്ധിച്ച പഠനങ്ങൾ തെളിയിക്കുന്നത്. ഈ വസ്തുത കണക്കിലെടുത്താണ് അടിസ്ഥാന പാക്കേജിൽ 100 ചാനലുകളെന്ന നിബന്ധന ട്രായ് മുന്നോട്ടുവച്ചിട്ടുളളത്. നൂറു ചാനലിനു മേല്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കളെ ലക്ഷ്യംവച്ചാണ് 25 ചാനലുകൾ അടങ്ങുന്ന അധിക പാക്കേജുകൾ. 25 ചാനലുകളുടെ ഒരു സ്ലാബിനു 20 രൂപയാകും നിരക്ക്.
ഉപയോക്താവിനു ആവശ്യമായ ചാനലുകൾ സ്വയം തിരഞ്ഞെടുക്കാമെന്നതു ചാനലുകൾക്കും പൊതുവെ ഗുണപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടിസ്ഥാന പാക്കേജിലില്ലാത്ത പല ചാനലുകളും ഇതോടെ വ്യാപകമായ തോതിൽ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഓരോ ഉപയോക്താവിന്‍റെയും താത്പര്യങ്ങൾ വ്യത്യസ്തമാകുമെന്നതിനാൽ ഇതനുസരിച്ചു പ്രവർത്തിക്കാൻ സേവനദാതാക്കൾ നിർബന്ധിതരാകും. ഓരോരുത്തരുടെയും മാസവരിസംഖ്യയിലും വ്യത്യാസമുണ്ടാകും. സേവനദാതാക്കളെ സംബന്ധിച്ചിടത്തോളം ഇതൊരു തലവേദനയാകാനാണ് സാധ്യത.
വ്യത്യസ്ത വിഭാഗങ്ങളിൽപ്പെടുന്ന ചാനലുകൾക്കുള്ള പരമാവധി നിരക്കും ട്രായ് പുറത്തുവിട്ടിട്ടുണ്ട്. പേ ചാനലുകൾക്കു ബ്രോഡ്കാസ്റ്റർമാർ നിശ്ചയിട്ടുള്ള പരമാവധി നിരക്ക് ട്രായ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിസ്ഥാന പാക്കേജിന്‍റെ പോലെ തന്നെ പേ ചാനലുകൾ ഏതു നിരക്കിൽ വേണമെങ്കിലും ഡിടിഎച്ച് സേവനദാതാക്കക്കു നൽകാനാകും. അതേസമയം, ഈ നിരക്കുകൾ ബ്രോഡ്കാസ്റ്റർമാർ നിശ്ചയിച്ചിട്ടുള്ള പരമാവധി നിരക്കിനു പുറത്തു പോകാനും പാടില്ല. ഫലത്തിൽ ഇഷ്ടമുള്ള ചാനലുകള്‍ മാത്രം കുറഞ്ഞ നിരക്കിൽ കാണാനുള്ള സൗകര്യമാണ് ഉപയോക്താക്കൾക്കു ലഭിക്കാൻ പോകുന്നത്. പുതിയ ചട്ടം അനുസരിച്ചു സ്റ്റാർ, സോണി, സീ, കളേഴ്സ് തുടങ്ങിയ ചാനൽ ശ്യംഖലകളുടെ മുഴുവൻ ചാനലും തിരഞ്ഞെടുക്കുന്നവർക്കു നിരക്കു വർധിക്കുമെന്നാണു വിലയിരുത്തൽ.