Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേബിൾ, ഡിടിഎച്ച് നിരക്കിന് കടിഞ്ഞാണിട്ടു ട്രായ്, സെറ്റ് ടോപ് ബോക്സ് നിർബന്ധിക്കരുത്

dth

ഉപയോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കേബിൾ, ഡിടിഎച്ച് സേവനങ്ങൾക്കായി ഇൻസ്റ്റാളേഷൻ, ആക്ടിവേഷൻ ചാർജുകൾ പ്രഖ്യാപിച്ചു. ഡിസംബർ 29 മുതൽ ഇൻസ്റ്റാളേഷൻ ചാർജായി ഉപയോക്താക്കളിൽ നിന്ന് 500 രൂപ മാത്രമേ ഈടാക്കാവൂ.

ഇൻസ്റ്റാളേഷൻ ചാർജായി 350 രൂപയും ചാർജിങ് തുകയായി 150 രൂപയുമാണ് പുതിയ താരിഫിൽ പറയുന്നത്. കേബിൾ, ഡിടിഎച്ച് കണക്‌ഷനെടുക്കുന്ന ഉപയോക്താവിനെ കൊണ്ടു സെറ്റ് ടോപ് ബോക്സ് നിർബന്ധിപ്പിച്ച് വാങ്ങിപ്പിക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യരുത്. ട്രായിയുടെ ഈ ഉത്തരവ് കേബിൾ ടിവി ഓപ്പറേറ്റർമാർക്കും മൾട്ടിപ്പിൾ സിസ്റ്റം ഓപ്പറേറ്റർമാർക്കും ബാധകമായിരിക്കും. ഉപയോക്താവിന്റെ കൈവശം മറ്റൊരു സെറ്റ് ടോപ് ബോക്സ് ഉണ്ടെങ്കിൽ കണക്‌ഷൻ തരുന്ന കേബിൾ സർവീസിന്റെ സെറ്റ് ടോപ് ബോക്സ് തന്നെ വാങ്ങണമെന്ന് നിർബന്ധിക്കാനാവില്ല.

ഡിടിഎച്ച്, കേബിള്‍ കണക്‌ഷൻ ലഭ്യമാക്കാൻ ശേഷിയുള്ള ഡിവൈസുകൾ (സെറ്റ് ടോപ് ബോക്സ്) ഉപയോക്താവിന്റെ കൈയ്യിലുണ്ടെങ്കില്‍ തുടർന്നും ഉപയോഗിക്കാം. ഒരേ കേബിൾ സർവീസിന് തന്നെ വിവിധ നഗരങ്ങളിൽ വിവിധ നിരക്കിലുള്ള സെറ്റ്ടോപ് ബോക്സുകളാണ് നൽകുന്നത്. ഇതു തന്നെ വാങ്ങണമെന്ന് മിക്ക കേബിൾ ഓപ്പറേറ്റർമാരും നിര്‍ബന്ധിക്കാറുമുണ്ട്. നിലവിൽ ഡിടിഎച്ച് കണക്‌ഷനുകളുടെ ഡിവൈസുകൾക്കും 1200 രൂപ വരെ വാങ്ങുന്നുണ്ട്. കേബിൾ ടിവിക്കാർ 800 മുതൽ 900 രൂപ വരെയും വാങ്ങുന്നു. ഈ തുക ഒരിക്കല്‍ നൽകിയാൽ പിന്നെ തിരിച്ചു കിട്ടില്ല.

ഇപ്പോൾ പുതിയ ഡിടിഎച്ച് കണക്‌ഷനെടുക്കുമ്പോൾ 2,200 രൂപ നൽകണം. സെറ്റ് ടോപ് ബോക്സ്, ഇൻസാറ്റാളേഷൻ ചാർജ്, ആക്ടിവേഷൻ ചാർജ് എന്നിവ ഇതിൽ ഉൾപ്പെടും. എച്ച്ഡി കണക്‌ഷനാണെങ്കിൽ 2,500 രൂപ വരെ ഈടാക്കും. കേബിൾ ടിവി കണക്‌ഷൻ സെറ്റ് ടോപ് ഉൾപ്പടെ ലഭിക്കാൻ 900 മുതൽ 1,100 രൂപ വരെ വാങ്ങുന്നുണ്ട്.

130 രൂപയ്ക്ക് ഇഷ്ടമുള്ള 100 എഫ്ടിഎ ചാനലുകൾ, 90% ഇളവ്

ഡിടിഎച്ച്, കേബിൾ ടിവി കമ്പനികളുടെ അമിത നിരക്കിനു കടിഞ്ഞാണിടാനുള്ള നടപടിയുമായി ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്). ട്രായിയുടെ ചട്ടങ്ങൾ ഈ മാസം അവസാനത്തോടെ പ്രാബല്യത്തിൽ വരും. ഇതോടെ മുൻനിര ചാനൽ നെറ്റ്‌വർക്കുകൾ 90 ശതമാനം വരെ നിരക്കുകള്‍ വെട്ടിക്കുറച്ചു. 13 ചാനലുകളുള്ള ഡിസ്കവറി കമ്യൂണിക്കേഷൻ 90% ഇളവാണു പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ കേബിൾ ശ്യുംഖലയിൽ 450–500 ചാനലുകൾ ലഭിക്കുന്നവർ ഇതു മുഴുവൻ തുടർന്നും ലഭിക്കണമെങ്കിൽ ഉയർന്ന നിരക്കു നൽകേണ്ടി വരും. 

ഉപയോക്താവിന് ആവശ്യമുള്ള ചാനലുകൾ മാത്രം തിരഞ്ഞെടുത്ത് അതിനു പണം നൽകുന്ന സംവിധാനമാണ് നടപ്പാക്കുക. ഡിടിഎച്ചുകാരും കേബിൾ ടിവി കമ്പനികളും നിശ്ചയിക്കുന്ന മാസവരിക്കു പകരം 130 രൂപയും നികുതിയും നൽകി ഇഷ്ടമുള്ള 100 എഫ്ടിഎ (ഫ്രീ ടു എയർ) ചാനലുകൾ  തിരഞ്ഞെടുക്കാവുന്നതാണു പുതിയ നിർദേശം. അധിക പണം നൽകി കൂടുതൽ ചാനലുകൾ കാണാം. അധികമായി തിരഞ്ഞെടുക്കുന്ന 25 സൗജന്യ ചാനലുകൾക്ക് 20 രൂപ നൽകണം. പേ ചാനലുകളുടെ പ്രത്യേക പാക്കേജുകളും തയാറാക്കണം. 

ഉപയോക്താവിന് അനുകൂലമായ പുതിയ ചട്ടം 2016ൽ ട്രായ് പുറത്തിറക്കിയിരുന്നു. ഇതിനെതിരെ ഡിടിഎച്ച് കമ്പനികൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ ഉത്തരവു ത‍ടഞ്ഞു. ഡിവിഷൻ ബെഞ്ചിന്റെ അനുകൂല വിധി വന്നതോടെയാണ് ഉത്തരവു നടപ്പാക്കാനുള്ള നീക്കം ട്രായ് ആരംഭിച്ചത്. 

ഓപ്പറേറ്റർമാർ ഒരുമിച്ചു (ബൊക്കെ) നൽകുന്ന ചാനൽ പാക്കേജുകൾ വാങ്ങേണ്ടതില്ല. 60 ദിവസത്തിനുള്ളിൽ ചാനലുകൾ സൗജന്യമാണോ, അല്ലെങ്കിൽ നിരക്കെത്ര എന്നു വ്യക്തമാക്കാൻ ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ചുകഴിഞ്ഞാൽ അതനുസരിച്ചു പ്രത്യേക പാക്കേജുകളും അതിന്റെ നിരക്കും നിശ്ചയിക്കാൻ വിതരണക്കാർക്കു 180 ദിവസവും അനുവദിച്ചു. 

കൂടുതൽ പേ ചാനലുകളുണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം നിരക്കു വേണം.  ഇവ കൂട്ടമായി (ബൊക്കെ) നൽകുന്നുണ്ടെങ്കിൽ മൊത്തം ചാനലുകളുടെ ആകെ തുകയിൽ നിന്നും 15 ശതമാനത്തിലധികം കുറയാൻ പാടില്ല. അടിസ്ഥാന പാക്കേജിനു പുറമെ സൗജന്യ ചാനലുകളുടെ ഒരു പാക്കേജെങ്കിലും നൽകിയിരിക്കണം. ഇതിൽ ഓരോ വിഭാഗത്തിലുമുള്ള അഞ്ച് ചാനലുകളെങ്കിലും വേണം. ഏതെങ്കിലും വിഭാഗത്തിൽ അഞ്ചു ചാനലുകൾ ഇല്ലെങ്കിൽ മറ്റു ചാനലുകൾ ഉൾപ്പെടുത്താം.

പരമാവധി നിരക്ക്

∙ പൊതു വിനോദ ചാനലുകൾക്കു(പേ ചാനൽ) മാസം 12 രൂപ.  

∙ സിനിമ ചാനലുകൾക്കു 10 രൂപ 

∙ കുട്ടികളുടെ വിനോദ ചാനലുകൾക്ക് ഏഴു രൂപ 

∙ വാർത്താ ചാനലുകൾക്ക് അഞ്ചു രൂപ 

∙ കായിക ചാനലുകൾക്ക് 10 രൂപ 

∙ ആധ്യാത്മിക ചാനലുകൾക്ക് മൂന്നു രൂപ

ചാനൽ നിരക്കുകൾക്ക് കടിഞ്ഞാൺ

75 രൂപ നിരക്കിൽ ഡിടിഎച്ചിൽ ലഭ്യമായിരുന്ന ‍ഡി–സ്പോർട്സിനു 4 രൂപയാണു പുതിയ നിരക്ക്. 29 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. പുതിയ ചട്ടം അനുസരിച്ചു സ്റ്റാർ, സോണി, സീ, കളേഴ്സ് തുടങ്ങിയ ചാനൽ ശ്യംഖലകളുടെ മുഴുവൻ ചാനലും തിരഞ്ഞെടുക്കുന്നവർക്കു നിരക്കു വർധിക്കുമെന്നാണു വിലയിരുത്തൽ. കൂടുതൽ പേ ചാനലുകൾ ഉള്ള കമ്പനികൾക്ക് ഇവ കൂട്ടമായി (ബൊക്കെ) നൽകുന്നതിനു പരിമിതിയുണ്ട്. പേ ചാനലുകൾ എല്ലാം ലഭിക്കണമെങ്കിൽ കൂടുതൽ നിരക്കു നൽകേണ്ടി വരും. മാത്രമല്ല ഉപഭോക്താവിന്റെ ആവശ്യങ്ങൾ വ്യത്യസ്തമാകുമെന്നതിനാൽ ഓരോരുത്തരുടെയും‌‌ മാസ വരിസംഖ്യയിലും വ്യത്യാസമുണ്ടാകും. ഇതു കേബിൾ ടിവി കമ്പനികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.