ചൈനാ-അമേരിക്ക വാണിജ്യ യുദ്ധം ഒരു പക്ഷേ ഇന്ത്യയ്ക്കു ഗുണകരമായേക്കാം നിലവിൽ പ്രധാന ഐഫോണ്‍ മോഡലുകളെല്ലാം ചൈനയിലാണ് നിര്‍മിക്കുന്നത്. വാണിജ്യ യുദ്ധത്തിന്റെ ആഘാതം തങ്ങള്‍ക്ക് ഏല്‍ക്കാതിരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ആപ്പിള്‍. ആപ്പിളിന്റെ പ്രധാന ഐഫോണ്‍ നിര്‍മാണ പാര്‍ട്ണറും, വാണിജ്യ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയുമായ ഫോക്‌സ്‌കോണിന് ഇന്ത്യയിലും ഫാക്ടറിയുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനക്കെതിരെ സ്വീകരിച്ച നിലപാടുകള്‍ക്കു ശേഷം ഫോക്‌സ്‌കോണും മറ്റു സാധ്യതകള്‍ ആരായുകയാണ്.
അമേരിക്കയിലേക്കാള്‍ പണിക്കൂലി കുറവാണ് എന്നതാണ് ചൈനയില്‍ ഫോണ്‍ നിര്‍മാണം നടത്തുന്നതിന്റെ ഒരു കാരണം. ചൈനയെപ്പോലെ തന്നെ താരതമ്യേന കുറഞ്ഞ കൂലിക്ക് ജോലിക്കാരെ കിട്ടാവുന്ന രാജ്യമാണ് ഇന്ത്യ. (ഇന്ത്യയില്‍ അസംബ്ലിങ് ജോലിക്കു ലഭിക്കുന്ന ഏറ്റവും മികച്ച ശമ്പളവുമായിരിക്കാം ഫോക്‌സ്‌കോണ്‍ നല്‍കുക.) ഫോക്‌സ്‌കോണും ആപ്പിളും ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം തുടങ്ങിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി എളുപ്പത്തില്‍ മറികടക്കാം. (എന്നാല്‍, ഒരു വമ്പന്‍ ഫാക്ടറി വിയറ്റ്‌നാമില്‍ തുടങ്ങാനായി ഫോക്‌സ്‌കോണ്‍ സ്ഥലം നോക്കിയതായി ആ രാജ്യത്തെ മാധ്യമങ്ങള്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.)
ഫോക്‌സ്‌കോണിനെക്കൂടാതെ, ആപ്പിളിന്റെ മറ്റൊരു പ്രധാന നിര്‍മാണ പങ്കാളിയായ വിന്‍സ്ട്രണും ഇന്ത്യയില്‍ ഫാക്ടറിയുണ്ട്. ആപ്പിള്‍ ഇതുവരെ ഐഫോണ്‍ SE, 6s മോഡലുകളാണ് ഇന്ത്യയില്‍ നിര്‍മിച്ചിട്ടുള്ളത്. അത് ഈ മോഡല്‍ ഇന്ത്യയില്‍ വില കുറച്ചു വില്‍ക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു. എന്നാല്‍, 2019 ആദ്യ മാസങ്ങളില്‍ തന്നെ തങ്ങളുടെ ഏറ്റവും വില കൂടിയ ഫോണുകളായ ഐഫോണ്‍ X കുടുംബത്തിലെ പുതിയ അംഗങ്ങളായ Xs/മാക്‌സ്/XR തുടങ്ങിയ മോഡലുകളും ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങിയാല്‍ അദ്ഭുതപ്പെടേണ്ട എന്നാണ് പുതിയ വാര്‍ത്തകള്‍. ഇത് ആപ്പിളിന്റെ ഇന്ത്യയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തും.
തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരിലുള്ള ഫാക്ടറിയിലായിരിക്കും തായ്‌വനീസ് കമ്പനിയായ ഫോക്‌സ്‌കോണ്‍ ഐഫോണ്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക എന്നാണ് പറയുന്നത്. ഇന്ത്യയില്‍ ഷവോമിക്കു വേണ്ടി ഫോണുകള്‍ നിര്‍മിക്കുന്നതും ഫോക്‌സ്‌കോണാണ്. ഉടനെ തന്നെ 25 ബില്ല്യന്‍ രൂപകൂടി ഇന്ത്യയില്‍ ഇറക്കി തങ്ങളുടെ അടിത്തറ വിപുലപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് വ്യവസായ വകുപ്പു മന്ത്രി എം.സി. സമ്പത്ത് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഇത്, പുതിയ 25,000 പുതിയ ജോലികള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ആപ്പിളിന്റെ വക്താവായ ട്രുഡി മുളര്‍ വിസമ്മതിച്ചു. തങ്ങളുടെ ഇപ്പോഴത്തെയൊ ഭാവിയിലെയോ കസ്റ്റമര്‍മാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രതികരണങ്ങള്‍ നല്‍കാറില്ല എന്നാണ് ഫോക്‌സ്‌കോണ്‍ പറഞ്ഞത്. ഇന്ത്യയില്‍ ഐഫോണ്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷം മൂക്കു കുത്തി വീണിരുന്നു. വില വര്‍ദ്ധിപ്പിച്ചതോടെ പലരും ആപ്പിളിന്റെ ഫോണുകള്‍ വാങ്ങാതായിരുന്നു. വിറ്റു പോകുന്ന ഫോണുകളില്‍ പകുതിയിലേറെയും കഴിഞ്ഞ വര്‍ഷത്തെ മോഡലായ ഐഫോണ്‍ 8നെക്കാള്‍ മുമ്പുള്ള മോഡലുകളാണ.് ഐഫോണ്‍ X കുടുംബത്തിലെ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ തുടങ്ങിയാല്‍ ചെറിയ രീതിയില്‍ വില കുറഞ്ഞേക്കാം. ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചതും ഐഫോണ്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഫോക്‌സ്‌കോണ്‍-ആപ്പിള്‍ ധാരണയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിട്ടില്ലാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പ്രവചനീയമല്ല. ഐഫോണുകള്‍ നിര്‍മിക്കാനായിരിക്കുമോ, ഐഫോണിനുള്ള ഘടകഭാഗങ്ങള്‍ നിര്‍മിക്കാനാണോ ശ്രമിക്കുക എന്ന കാര്യത്തിലും ഉറപ്പില്ല എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോള്‍ ചൈനയില്‍ നടക്കുന്ന ഐഫോണ്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്കു മാറ്റുന്നു എന്ന തരത്തിലുള്ള സൂചനകളും ഇതുവരെ ഇരു കമ്പനികളും പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അമേരിക്ക കടുംപിടുത്തം തുടര്‍ന്നാല്‍, ആപ്പിളിനു പിന്നാലെ മറ്റു വിദേശ കമ്പനികളും ഇന്ത്യയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയേക്കാം. ഇന്ത്യന്‍ അധികാരികളുടെ താത്പര്യക്കുറവോ അറിവില്ലായ്മയോ ആണ് വിദേശ കമ്പനികളെ തങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കാന്‍ പ്രേരിപ്പിച്ചതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷേ, ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാകുന്ന ഇലക്ട്രോണിക് വെയ്‌സ്റ്റ് ചൈനീസ് ഭൂപ്രകൃതിയെ ബാധിച്ചിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഇന്ത്യയ്ക്ക് വിനയാകുമോ എന്നു ഭയക്കുന്നവരുണ്ട്. വെയ്‌സ്റ്റ് ഇവിടെ തള്ളാതെ കൊണ്ടുപോകാനുള്ള ഉടമ്പടിയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ആപ്പിളിന്റെയും മറ്റുകമ്പനികളുടെയും കടന്നുവരവ് സ്വാഗതം ചെയ്യാന്‍ മടിക്കേണ്ട ഒരു കാര്യവുമില്ല.