കൊടി പിടിച്ച് സമരമില്ല, ശതകോടികൾ വരുമാനം; ചൈനീസ് മത്സ്യബന്ധന ഗ്രാമം ലോകത്തിന്റെ ഗാഡ്ജറ്റ് ഫാക്ടറിയായതെങ്ങനെ?
അമേരിക്കയിലെ ആപ്പിൾ പാർക്കിൽ ടിം കുക്ക് ഐഫോൺ 14 സീരീസ് അവതരിപ്പിക്കുമ്പോൾ അങ്ങകലെ ചൈനയിലെ ഒരു നഗരത്തിൽ കുറേപ്പേർ ഉറക്കമൊഴിച്ച് ജോലി ചെയ്യുകയായിരുന്നു. അമേരിക്കൻ കമ്പനിയായ ആപ്പിളിന്റെ ഐഫോൺ 14 സീരീസ് ഹാൻഡ്സെറ്റുകൾ രാജ്യാന്തര വിപണിയിൽ എത്തിക്കാൻ ചൈനീസ് കമ്പനികളിലെ ജീവനക്കാർ വിശ്രമമില്ലാതെ ജോലി
അമേരിക്കയിലെ ആപ്പിൾ പാർക്കിൽ ടിം കുക്ക് ഐഫോൺ 14 സീരീസ് അവതരിപ്പിക്കുമ്പോൾ അങ്ങകലെ ചൈനയിലെ ഒരു നഗരത്തിൽ കുറേപ്പേർ ഉറക്കമൊഴിച്ച് ജോലി ചെയ്യുകയായിരുന്നു. അമേരിക്കൻ കമ്പനിയായ ആപ്പിളിന്റെ ഐഫോൺ 14 സീരീസ് ഹാൻഡ്സെറ്റുകൾ രാജ്യാന്തര വിപണിയിൽ എത്തിക്കാൻ ചൈനീസ് കമ്പനികളിലെ ജീവനക്കാർ വിശ്രമമില്ലാതെ ജോലി
അമേരിക്കയിലെ ആപ്പിൾ പാർക്കിൽ ടിം കുക്ക് ഐഫോൺ 14 സീരീസ് അവതരിപ്പിക്കുമ്പോൾ അങ്ങകലെ ചൈനയിലെ ഒരു നഗരത്തിൽ കുറേപ്പേർ ഉറക്കമൊഴിച്ച് ജോലി ചെയ്യുകയായിരുന്നു. അമേരിക്കൻ കമ്പനിയായ ആപ്പിളിന്റെ ഐഫോൺ 14 സീരീസ് ഹാൻഡ്സെറ്റുകൾ രാജ്യാന്തര വിപണിയിൽ എത്തിക്കാൻ ചൈനീസ് കമ്പനികളിലെ ജീവനക്കാർ വിശ്രമമില്ലാതെ ജോലി
അമേരിക്കയിലെ ആപ്പിൾ പാർക്കിൽ ടിം കുക്ക് ഐഫോൺ 14 സീരീസ് അവതരിപ്പിക്കുമ്പോൾ അങ്ങകലെ ചൈനയിലെ ഒരു നഗരത്തിൽ കുറേപ്പേർ ഉറക്കമൊഴിച്ച് ജോലി ചെയ്യുകയായിരുന്നു. അമേരിക്കൻ കമ്പനിയായ ആപ്പിളിന്റെ ഐഫോൺ 14 സീരീസ് ഹാൻഡ്സെറ്റുകൾ രാജ്യാന്തര വിപണിയിൽ എത്തിക്കാൻ ചൈനീസ് കമ്പനികളിലെ ജീവനക്കാർ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ‘ശത്രുക്കളായ’ അമേരിക്കയും ചൈനയുമാണ് ഇക്കാര്യത്തിൽ ഒന്നിച്ചു പ്രവർത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലോകത്തിന്റെ തന്നെ ‘ഗാഡ്ജറ്റ് ഫാക്ടറി’ എന്നറിയപ്പെടുന്ന ചൈനീസ് നഗരം ഷെൻഷെൻ ആണ് അമേരിക്കൻ കമ്പനിയായ ആപ്പിളിന്റെ സ്വപ്നങ്ങളെല്ലാം ഓരോ വര്‍ഷവും സമയത്തിന് പൂർത്തീകരിച്ചുകൊടുക്കുന്നത്. ആപ്പിളിന്റെ മാത്രമല്ല ലോകത്തെ ഭൂരിഭാഗം ടെക് ബ്രാൻഡുകളുടെയും ഉൽപന്നങ്ങളില്‍ ഈ ചൈനീസ് നഗരത്തിന്റെ കയ്യൊപ്പുണ്ട്. ഷെന്‍ഷെനിലുള്ള ഹ്വാക്കിയാന്‍ഗ്വെയ് (Huaqiangbei) വിപണിയിലെത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളിൽ ഒരു പുതിയ സ്മാര്‍ട് ഫോണ്‍ നിര്‍മിച്ചു വാങ്ങാം. ക്യാമറകള്‍, മദര്‍ബോര്‍ഡുകള്‍, സ്‌ക്രീനുകള്‍, ഫ്രെയിമുകള്‍ അങ്ങനെ ഏതു സ്മാര്‍ട് ഫോണ്‍ നിർമിക്കാനുള്ള ഘടകങ്ങളും ഇവിടെ കിട്ടും. ഇതെല്ലാം ഒന്നു കൂട്ടിയോജിപ്പിച്ചാല്‍ ഫോണായി. ഫോണ്‍ മാത്രമല്ല, പവര്‍ ബാങ്കുകള്‍ മുതല്‍ ഡ്രോണ്‍ വരെ മിക്കവാറും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കൂട്ടിയോജിപ്പിച്ച് വാങ്ങാം. ആയിരക്കണക്കിനു ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പടര്‍ന്നു കിടക്കുകയാണ് ഈ ഗാഡ്‌ജെറ്റ് ഫാക്ടറി. അമേരിക്കയുടെ വൻകിട ടെക് കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, ടെസ്‌ല തുടങ്ങിവരെല്ലാം ഇവിടെ തമ്പടിച്ച് പ്രവർത്തിക്കുന്നു, അതും കമ്യൂണിസ്റ്റ് സർക്കാർ പറയുംപോലെ...
∙ മത്സ്യബന്ധന ഗ്രാമത്തിൽ നിന്ന് ടെക് നഗരത്തിലേക്കുള്ള ദൂരം
കേവലം 35 വർഷം മുൻപ്, 30,000 പേർ താമസിക്കുന്ന, അധികമാരും അറിയാതിരുന്ന ഒരു മത്സ്യബന്ധന ഗ്രാമമായിരുന്നു ഷെൻഷെൻ. എന്നാൽ പിന്നീട്, രാജ്യതന്ത്രജ്ഞനായിരുന്ന ഡെങ് സിയാവോ പിങ്ങിന്റെ കീഴിൽ ചൈനയുടെ പ്രത്യേക സാമ്പത്തിക മേഖലാ പദ്ധതികളിൽ ആദ്യത്തെ പരിഗണന നൽകിയത് ഈ പ്രദേശത്തിനായിരുന്നു. കമ്യൂണിസ്റ്റ് ചൈനയിൽ 1970 കളുടെ ഒടുവിൽ തുടക്കമിട്ട ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതിക്ക് കരുത്തു പകർന്ന പരിഷ്ക്കാരങ്ങളുടെ സൂത്രധാരൻ ഇദ്ദേഹമായിരുന്നു. ഇതോടെ വിദേശ നിക്ഷേപവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന മേഖലയായി ഷെൻഷെൻ അറിയപ്പെടാൻ തുടങ്ങി.
പിന്നെ കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു ഷെൻഷെൻ നഗരത്തിന്റെ കുതിപ്പ്. അതിവേഗം വലിയ ഒരു മെട്രോപോളിറ്റൻ സിറ്റിയായി വളർന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണിത്. ആഗോള സാങ്കേതിക വ്യവസായത്തിന്റെ നിർമാണ കേന്ദ്രമായും ഷെൻഷെൻ മാറി. സിലിക്കൺ വാലി ലോകത്തെ സോഫ്‌റ്റ്‌വെയർ പ്രഭവകേന്ദ്രമാണെങ്കിൽ ഷെൻഷെൻ ഹാർഡ്‌വെയറിന്റെ ആസ്ഥാനമായാണ് അറിയപ്പെടുന്നത്.
ഇന്നീ നഗരത്തിന്റെ രൂപവും ഭാവവും ആകെ മാറിയിരിക്കുന്നു. ഷെൻഷെൻ വികസന പാതയിലൂടെ കുതിക്കുകയാണ്. ഏതാണ്ട് ഹോങ്കോങ്ങിനെപ്പോലെ ആകർഷകമാണ് ഷെൻഷെനും. പാശ്ചാത്യ ബ്രാൻഡുകളെല്ലാം ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. തിരക്കുപിടിച്ച ഇലക്ട്രോണിക്സ് നഗരത്തിലെ നിരത്തുകളും കെട്ടിടങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇടങ്ങളായി മാറിയിരിക്കുന്നു. നിർമാണ സാങ്കേതികവിദ്യ നഗരത്തിന് കൊണ്ടുവന്ന സമൃദ്ധിയുടെ മറ്റൊരു അടയാളമാണിതെന്ന് പറയാം.
∙ പരിസ്ഥിതി സൗഹൃദ നിരത്തുകൾ
ചെടികളും പൂക്കളും കൊണ്ട് അലങ്കരിച്ച നടപ്പാതകളും പ്രധാന റോഡുകളിലെ തണൽ മരങ്ങളും ടെക് നഗരത്തിന്റെ ഭംഗിയാണ്. പരിസ്ഥിതി സൗഹൃദ നഗരമായി ഇതിനെ നിലനിർത്താൻ ചൈനീസ് സർക്കാർ കാര്യമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്. ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഈ നഗരത്തിലായതിനാൽ സർക്കാർ പ്രത്യേക പരിഗണനയാണ് നൽകുന്നത്. അതിവേഗത്തിൽ നിർമിച്ച ഒരു നഗരമാണിത്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് കെട്ടിടങ്ങളും ഹൈടെക് മാളുകളും റോഡുകളും ആശയവിനിമയ സംവിധാനങ്ങളും എല്ലാം ഈ നഗരത്തെ സമ്പന്നമാക്കിയത്.
ആപ്പിളിന് ഐഫോൺ നിർമിച്ചുനൽകുന്ന ഫോക്‌സ്‌കോൺ പോലുള്ള വൻകിട നിർമാതാക്കളുടെ ആസ്ഥാനമെന്ന നിലയിലാണ് ഷെൻഷെൻ അറിയപ്പെടുന്നതെന്നും പറയാം. എന്നാൽ ഗാഡ്‌ജെറ്റ് പാർട്സുകൾ മുതൽ ഉപകരണങ്ങൾ വരെ നിർമിച്ചു വിതരണം ചെയ്യുന്ന ആയിരക്കണക്കിന് ചെറിയ ഫാക്ടറികളും ഇവിടെയുണ്ട്. ഈ നഗരം പതിറ്റാണ്ടുകളായി ഇലക്ട്രോണിക്സ് ഹബായാണ് അറിയപ്പെടുന്നത്. പുതിയ ടെക്നോളജികൾ സ്വീകരിച്ച് ഓരോ നിമിഷവും വികസിപ്പിച്ചുകൊണ്ടിരിക്കാൻ ഷെൻഷെൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകളുടെയും ലോക വേദിയിൽ വലിയ സാന്നിധ്യമാകാൻ ആഗ്രഹിക്കുന്ന ചൈനീസ് ടെക് കമ്പനികളുടെയും കേന്ദ്രമായി ഷെൻഷെൻ ശ്രദ്ധേയമാകുന്നു.
∙ പാശ്ചാത്യ ടെക് കമ്പനികളുടെ നിർമാണ ഫാക്ടറി
സാങ്കേതിക വ്യവസായത്തിൽ രാജ്യത്തിന്റെ വർധിച്ചുവരുന്ന പങ്ക് ചർച്ച ചെയ്യുമ്പോൾ ഉയർന്നുവരുന്ന നിരവധി പ്രശ്‌നങ്ങൾ ഷെൻഷെൻ നഗരവും നേരിടുന്നുണ്ട്. പാശ്ചാത്യ ടെക് കമ്പനികൾ ആവേശത്തോടെ വീക്ഷിക്കുന്ന ഒരു ഭീമാകാരമായ വിപണി എന്ന നിലയിൽ മാത്രമല്ല, കൂടുതൽ ആത്മവിശ്വാസമുള്ള സ്രഷ്ടാവ് എന്ന നിലയിലും ഈ നഗരം പേരുകേട്ടതാണ്. സ്വന്തം ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും നിര്‍മിച്ച് ഡിവൈസുകൾ പുറത്തിറക്കുന്ന നിരവധി ഷെൻഷെൻ കമ്പനികള്‍ ഇന്നുണ്ട്.
∙ ഹ്വാക്കിയാന്‍ഗ്വെയ്– ടെക്നോളജി സ്റ്റോറുകളുടെ തറവാട്
ഹ്വാക്കിയാന്‍ഗ്വെയ് (Huaqiangbei) ഷോപ്പിങ് ഡിസ്ട്രിക്റ്റ് കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ടെക്നോളജി സ്റ്റോറുകളുടെ ഒരു കേന്ദ്രമാണ്. ലോകത്തെ എല്ലാ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും ഇവിടെ കിട്ടും. ഒറിജിനൽ ഉൽപന്നത്തിന്റെ പകർപ്പെങ്കിലും വാങ്ങി മടങ്ങാം. എല്ലാ ഹിറ്റ് ചൈനീസ്, പാശ്ചാത്യ ഉപഭോക്തൃ ടെക് ബ്രാൻഡുകളുടെയും ഉൽപന്നങ്ങൾ ഡസൻ കണക്കിന് ചെറിയ ഫാക്ടറികളിൽ പോലും നിർമിക്കുന്നതും സ്റ്റോറുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നതും കാണാം. ഓരോ വർഷവും ദശലക്ഷക്കണക്കിന് ഉപകരണങ്ങൾ നിർമിക്കുന്ന ഈ നഗരത്തെ നിലനിർത്തുന്ന ചെറുതും വലുതുമായ ടെക് ബിസിനസുകളുടെ സങ്കീർണമായ ആവാസവ്യവസ്ഥയെ മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക്, ഷെൻഷെനിലെ ഒരു സ്റ്റാൻഡേർഡ് ഓഫ് പോയിന്റായി ഹുവാകിയാങ്‌ബെ മാറിയിരിക്കുന്നു എന്ന് പറയാം. ചൈനയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നാണ് ഷെൻഷെൻ. ഇതിനാൽ തന്നെ ഇവിടത്തെ മിക്ക ഷോപ്പുകളിലും മികച്ച ബിസിനസ് നടക്കുകയും ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ ഉപകരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം ഇവിടെ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
∙ പാർട്സുകളുടെ ലോകം
ഷെൻഷെൻ പാർട്സുകളുടെ ഒരു വലിയ ലോകം കൂടിയാണ്. ഇവിടെ കിട്ടാത്ത ഇലക്ട്രോണിക് പാർട്സുകൾ ഉണ്ടാകില്ല. ഇവിടത്തെ വിപണികൾ നാലോ അഞ്ചോ നിലകളിലായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ഇലക്ട്രോണിക്സ് ഘടകഭാഗങ്ങൾക്കും ഓരോ നിലകൾ ഉണ്ട്. സ്‌മാർട് ഫോൺ സ്‌ക്രീനുകൾ, ചിപ്പുകൾ, മെമ്മറി, ബാറ്ററികൾ, ഹാർഡ് ഡ്രൈവുകൾ അങ്ങനെ വിഭജിച്ചിരിക്കുകയാണ്. കെട്ടിടങ്ങളുടെ മുകളിലേക്ക് പോകുന്തോറും ഉൽപന്നങ്ങൾ കൂടുതൽ സങ്കീർണമാകും. താഴത്തെ നിലയിൽ അടിസ്ഥാന പാർട്സുകൾ മുതൽ ഡ്രോണുകളും മുകളിൽ സ്മാർട് ഫോണുകളും ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്.
ചില മാളുകൾ പുത്തൻ ഉപകരണങ്ങളുടെ മാത്രം കേന്ദ്രമാണ്. ചിലത് പഴയ ഉപകരണങ്ങളിൽ നിന്ന് റീസൈക്കിൾ ചെയ്തവ വിൽക്കുന്നതുമാണ്. ഗാഡ്‌ജെറ്റുകളുടെ കൂട്ടത്തിൽ പകർപ്പുകളും നവീകരിച്ച ഉപകരണങ്ങളും പ്രാദേശികമായി നിർമിച്ച ഹാർഡ്‌വെയറുകളും കാണാം. ഇതിൽ മിക്കതും പാശ്ചാത്യ വിപണികളിലേക്ക് ഒരിക്കലും എത്തുകയും ഇല്ല.
∙ ‘ഷാൻസായ്’ എന്ന ഓപ്പൺ ഡിസൈൻ സംസ്കാരം
ഷെൻഷെൻ കേവലം പാർട്സുകൾ നിർമിക്കുന്ന കേന്ദ്രം മാത്രമല്ല. ‘ഷാൻസായ്’ എന്ന് വിളിക്കപ്പെടുന്ന ഓപ്പൺ ഡിസൈൻ സംസ്കാരത്തിന് വരെ ഇവിടെ തുടക്കമിട്ടിരിക്കുന്നു. ഇപ്പോൾ പ്രാദേശികമായി ഡിസൈൻ ചെയ്തതും നിർമിച്ചതുമായ നിരവധി ഉപകരണങ്ങൾ ഉണ്ട്. ആപ്പിൾ ‘കലിഫോർണിയയിൽ ഡിസൈൻ ചെയ്‌തത്’ ഷെൻഷെനിൽ ഡിസൈൻ ചെയ്‌തത് ആയി മാറ്റിസ്ഥാപിക്കാൻ ഇവിടത്തെ വിദഗ്ധർക്ക് മണിക്കൂറുകൾ മതി. ഹാർഡ്‌വെയർ വേഗത്തിലും വിലക്കുറവിലും നിർമിക്കുന്നതിന് നിരവധി പാശ്ചാത്യ കമ്പനികൾ ഈ നഗരത്തെ പ്രയോജനപ്പെടുത്തുന്നതിന്റെ പിന്നിലെ രഹസ്യവും ഇതാണ്.
∙ കോപ്പിയടിക്കാരുടെ നഗരം
ചൈനീസ് ഉപകരണ നിര്‍മാതക്കളെക്കുറിച്ചുള്ള പ്രധാന ആരോപണം അവര്‍ അനുകര്‍ത്താക്കളാണ് എന്നതാണ്. ആപ്പിളിന്റെയും സാംസങ്ങിന്റെയും ഉൾപ്പടെയുള്ള മുന്തിയ ഉപകരണങ്ങളുടെ ഡിസൈനുകളും മറ്റും പകര്‍ത്തിയ ശേഷം അതുപോലയുള്ളവ നിര്‍മിച്ചു നല്‍കുന്നു. ബൗദ്ധികാവകാശത്തിന് ഒരു തരിമ്പും വില കല്‍പ്പിക്കുന്നില്ല എന്നതാണ് പറയുന്നത്. പക്ഷേ, ഇതിനൊക്കെ ഇപ്പോൾ വലിയ മാറ്റം വന്നിരിക്കുന്നു. ആപ്പിൾ ഉൾപ്പെടയെുള്ള വൻകിട കമ്പനികൾ ചൈനയ്ക്കെതിരെ രംഗത്തിറങ്ങിയതോടെ കോപ്പിയടിക്കലും ഏറെക്കുറെ നിർത്തിയിട്ടുണ്ട്. ഒരുകാലത്ത് കോപ്പിയടിച്ചു പിച്ചവച്ചു നടന്ന ചൈനീസ് കമ്പനികള്‍ സ്വന്തം കാലില്‍ നില്‍ക്കുന്ന അവസ്ഥയിലും എത്തിയിരിക്കുന്നുവത്രെ. ഇത് അമേരിക്കയ്ക്കും യൂറോപ്പിനുമൊക്കെ ഭീഷണിയായാല്‍ അദ്ഭുതപ്പെടേണ്ടെന്ന വാദവുമുണ്ട്. വാവെയ്, ഷഓമി തുടങ്ങിയ കമ്പനികളുടെ തല്‍ക്ഷണ വിജയവും വര്‍ഷാവര്‍ഷം അവര്‍ മറ്റു രാജ്യങ്ങളില്‍ നേടിയെടുക്കുന്ന സ്വീകാര്യതയും ഇനി വമ്പന്‍ കമ്പനികള്‍ സസൂക്ഷ്മം വീക്ഷിക്കേണ്ടതായുണ്ട്.
∙ കൊടി പിടിക്കാതെ തൊഴിലെടുക്കുന്ന ജീവനക്കാർ ഗാഡ്ജറ്റ് ഫാക്ടറിയുടെ ശക്തി
ചൈനയുടെ വിസ്തൃതമായ ഭൂപ്രദേശവും ജനസമ്പത്തും കുറഞ്ഞ വേതനത്തിന്, കൊടി പിടിക്കാതെ, സമരം ചെയ്യാതെ പണിയെടുക്കാനുള്ള തൊഴിലാളികളുമാണ് ഷെൻഷെൻ നഗരത്തിന്റെ കുതിപ്പിനു പിന്നിലെ പ്രധാന ശക്തി. അമേരിക്കന്‍-യൂറോപ്യന്‍ കമ്പനികളെ ചൈനയിലെത്തിക്കുന്നതും ഇത് തന്നെയാണ്. ഉപകരണങ്ങള്‍ നിര്‍മിച്ചു കിട്ടാനാണ് അവര്‍ ചൈനയെ ആശ്രിയിച്ചത്. ഈ ഉപകരണങ്ങളെ അനുകരിച്ച് ഓരോന്നും ഉണ്ടാക്കി പഠിച്ച ചൈനക്കാര്‍ ഇപ്പോള്‍ ഒരു പുതിയ ഡിസൈന്‍ കണ്ടാല്‍ അനുകരണത്തേക്കാളേറെ ഇതൊന്നു മാറ്റി നിര്‍മിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചു തുടങ്ങുന്ന അവസ്ഥയിലെത്തി. ചൈനയെ ഇനി വിദേശ കമ്പനികള്‍ക്ക് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഒരിടമായി കാണേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
∙ ടെക് ഫാക്ടറി നഗരത്തിൽ തൊഴിലില്ലായ്മ 3%
ലോകത്തിന്റെ ടെക് ഫാക്ടറിയായ ഷെൻഷെൻ നഗരത്തിൽ തൊഴിലില്ലായ്മ കേവലം മൂന്നു ശതമാനം മാത്രമാണ്. ഇതോടൊപ്പം തന്നെ പഠിച്ചിറങ്ങുന്ന എല്ലാവർക്കും ഇതേ നഗരത്തില്‍ മികച്ച ജോലിയും വേതനവും ലഭിക്കുന്നുമുണ്ട്. ചൈനയിലെ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി ബ്യൂറോയും ഡവലപ്‌മെന്റ് ആൻഡ് റിഫോം കമ്മിഷനും സംയുക്തമായി പുറത്തിറക്കിയ 14-ാം പഞ്ചവത്സര പദ്ധതി (2021-2025) പ്രകാരം 2025 ന് മുൻപ് ഷെൻഷെൻ നഗരത്തിൽ മാത്രം 600,000 പുതിയ നഗര തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ്. അഞ്ച് വർഷത്തിനുള്ളിൽ, നഗരം 14 ലക്ഷം പേർക്ക് സബ്‌സിഡിയുള്ള തൊഴിൽ പരിശീലനം നൽകും. അടിസ്ഥാന പെൻഷൻ ഇൻഷുറൻസ്, ജോലി സംബന്ധമായ ഇൻഷുറൻസ്, തൊഴിലില്ലായ്മ ഇൻഷുറൻസ് എന്നിവ യഥാക്രമം 1.3 കോടി, 1.2 കോടി, 1.2 കോടി പേർക്ക് പരിരക്ഷ നൽകുകയും ചെയ്യും. പതിമൂന്നാം പഞ്ചവത്സര പദ്ധതി കാലയളവിൽ ഷെൻഷെൻ 644,000 പേർക്ക് ജോലികൾ ലഭ്യമാക്കി. റജിസ്റ്റർ ചെയ്ത തൊഴിലില്ലായ്മ നിരക്ക് 3 ശതമാനത്തിനുള്ളിൽ കൊണ്ടുവരാനും സാധിച്ചു.
∙ വരുമാനം
2021-ൽ ചൈനയിലെ ഷെൻഷെൻ നഗരത്തിൽനിന്നുള്ള സർക്കാർ വരുമാനം ഏകദേശം 42580 കോടി യുവാൻ (ഏകദേശം 488800.94 കോടി രൂപ) ആയിരുന്നു. ആ വർഷം, ഷെൻഷെനിലെ സർക്കാർ വരുമാനത്തിന്റെ വളർച്ച 10.4 ശതമാനവും ആയിരുന്നു. ഡെങ് സിയാവോപിങ് സ്ഥാപിച്ച ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളിൽ ഒന്നാണ് ഷെൻഷെൻ.
∙ ടെക്‌നോളജിയിലെ നൂതനത്വം ഇന്ന് പടിഞ്ഞാറൻ കുത്തകയല്ല
ടെക്‌നോളജിയില്‍ നൂതനത്വം കൊണ്ടുവരിക എന്നത് ഇന്ന് പടിഞ്ഞാറിന്റെ കുത്തകയല്ല. ചൈനയിലും പുതുമയ്ക്കായുള്ള പല പരീക്ഷണങ്ങളും വന്‍ തോതില്‍ നടക്കുന്നുണ്ട്. ചൈനയില്‍ അതിവേഗം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അതില്‍ പലതും നമ്മള്‍ക്ക് അറിയാന്‍ പോലും പറ്റുന്നില്ലെന്ന് മാത്രം. ഷഓമി, വാവെയ് കമ്പനികൾ ഇപ്പോള്‍ ഉപയോക്താക്കളുടെ പ്രതികരണമറിഞ്ഞ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം, സോഫ്റ്റ്‌വെയറുകൾ നിർമിച്ച് അവതരിപ്പിക്കാൻ വരെ കരുത്തരായിരിക്കുന്നു. മറ്റൊരു രാജ്യത്തിനും സാധിക്കാത്ത രീതിയില്‍ ചൈനീസ് സമ്പദ്‌വ്യവസ്ഥ ക്യാഷ്‌ലെസ് ആയതും വലിയ നേട്ടമാണ്. ഷെൻഷെൻ നഗരത്തിലെ പ്രധാന ഓൺലൈൻ പെയ്മെന്റ് ആപ്പുകളാണ് വിചാറ്റ് ആപ്, അലിപേ എന്നിവ.
∙ ഷെൻഷെൻ നഗരത്തിന്റെ പഴയ ചരിത്രം ഇങ്ങനെ
ഒരു കാലത്ത് മീന്‍ പിടുത്തത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന നിറംകെട്ട ഒരു കൊച്ചു പട്ടണമായിരുന്നു ഷെൻഷെൻ. ഹോങ്കോങ്ങിന്റെ നിഴലില്‍ കഴിഞ്ഞിരുന്ന ആ സ്ഥലം ഇന്ന് 1.3 കോടി ജനങ്ങള്‍ പാര്‍ക്കുന്ന വെട്ടിത്തിളങ്ങുന്ന മെട്രോ നഗരമായെങ്കില്‍ അതിനു കാരണം ടെക്‌നോളജിയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവര്‍ത്തനങ്ങളാണ്. ദക്ഷിണ ചൈനയിലെ പേള്‍ നദിയിലുള്ള (Pearl River) തുരുത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലവും ഇതുപോലെയുള്ള നഗരങ്ങളും 1980കളിലും 90 കളിലും ലോകത്തിനു വേണ്ടി എല്ലാത്തരം സാധനങ്ങളും നിര്‍മിച്ചു നല്‍കുന്ന ഒരു ഫാക്ടറിയായി അറിയപ്പെട്ടിരുന്നു. വ്യാവസായിക ആവശ്യത്തിനു ഉപയോഗിക്കുന്ന ഉപകരണങ്ങളും, കണ്‍സ്യൂമര്‍ ഉപകരണങ്ങളും കപ്പല്‍ കണക്കിനു കയറ്റിയയച്ചിരുന്ന ഇടമാണിത്. പക്ഷേ, ഇന്ന് ഈ സ്ഥലം ചൈനയുടെ സിലിക്കണ്‍ വാലി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ചൈനയുടെ സുപ്രധാന ടെക് കമ്പനികളായ വാവെയുടെയും ടെന്‍സെന്റിന്റെയും പ്രധാന കേന്ദ്രം ഇവിടമാണ്.
∙ ഷെൻഷെൻ– യുവ സംരംഭകരുടെ പ്രിയ ഇടം
ടെക്‌നോളജിയില്‍ എന്തെങ്കിലും നേട്ടം കൈവരിക്കണമെന്ന് ആഗ്രഹിക്കുന്ന യുവ സംരംഭകര്‍ ഷെൻഷെനിലേക്ക് എത്തുന്നു. ലോകത്തിനു മുഴുവന്‍ സാധനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഇവിടെയല്ലെങ്കില്‍ എവിടെയാണ് തങ്ങള്‍ക്കു തുടങ്ങാനാകുക എന്ന തോന്നലാണ് അവരെ ഇങ്ങോട്ടു പിടിച്ചു വലിക്കുന്നത്. ഫൊട്ടോഗ്രാഫര്‍മാരോടും മറ്റും ഡിജെഐ ഡ്രോണുകളെക്കുറിച്ചു ചോദിച്ചു നോക്കൂ. വളരെ ബഹുമാനത്തോടെ അവര്‍ കമ്പനിയെക്കുറിച്ചു പറയുന്നതു കേള്‍ക്കാം. ഇന്ന് ഡ്രോണ്‍ നിര്‍മാണത്തിലെ ‘ആപ്പിള്‍’ കമ്പനിയാണവര്‍. മിലിറ്ററി ആവശ്യത്തിനൊഴികെ മറ്റ് കാര്യങ്ങള്‍ക്ക് ഡ്രോണ്‍ നിര്‍മിച്ചു നല്‍കുന്നതില്‍ ലോകത്തെ നമ്പര്‍ വണ്‍ കമ്പനി. ഇവര്‍ കുരുത്തത് ഷെൻഷെനിലാണ്. ഡിജെഐയെപ്പോലെയുള്ള കമ്പനികള്‍ വളര്‍ന്നു വരികയാണ് ഇവിടെ.
∙ നിര്‍മാണം അതിവേഗം
നിങ്ങള്‍ക്ക് എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണം നിര്‍മിക്കണമെന്നു തോന്നുന്നെങ്കിൽ അത് പ്രായോഗികമാണോ എന്നു ചര്‍ച്ച ചെയ്യാനും നിര്‍മിക്കാനും ഷെൻഷെൻ ആണ് പറ്റിയ സ്ഥലമെന്ന് പറയാം. ഷെൻഷെനിന്റെ മറ്റൊരു പ്രത്യേകത കാര്യങ്ങള്‍ അതിവേഗം സാധിച്ചെടുക്കാം എന്നതാണ്. ഇന്ന് ലോകത്ത് അതിവേഗം സാധനങ്ങള്‍ നിര്‍മിച്ചെടുക്കണമെങ്കില്‍ നിങ്ങള്‍ ചൈനയിലേക്കു തന്നെ വരണം. പ്രത്യേകിച്ചും ഷെൻഷനില്‍, എന്നാണ് മുന്‍ ഗൂഗിള്‍ ജോലിക്കാരനായ സ്റ്റീവന്‍ യാങ് ഒരിക്കൽ പറഞ്ഞത്. ഒരു കാര്യം ചെയ്തു കിട്ടാന്‍ മറ്റെവിടെയാണെങ്കിലും ആഴ്ചകളും ദിവസങ്ങളും എടുക്കുമെങ്കില്‍ ഷെന്‍ഷനില്‍ മണിക്കൂറുകള്‍ ധാരാളം മതി.
എന്നാല്‍ ചൈനയെക്കുറിച്ച് ഇപ്പോഴും വിദേശ ഉപകരണങ്ങളെ അനുകരിച്ച് പ്രൊഡക്ടുകള്‍ നിര്‍മിക്കുന്ന സ്ഥലമെന്ന കുപ്രസിദ്ധി ഇപ്പോഴും ഇല്ലാതില്ല. പത്തു വര്‍ഷം മുൻപ് ഷെന്‍ഷനില്‍ 90 ശതമാനം പ്രൊഡക്ടുകളും അനുകരണം തന്നെയായിരുന്നു. എന്നാല്‍ ഇന്ന് 30 ശതമാനം അനുകരണവും 70 ശതമാനം സ്വന്തം ആശയവുമാണ് നടപ്പിലാക്കുന്നത്. വമ്പന്‍ വിദേശക്കമ്പനികളും ഇത് മനസ്സിലാക്കുന്നുണ്ട്. അനുകരണവും നിര്‍മിച്ചു നല്‍കലുമായി ചൈനീസ് കമ്പനികളെ താഴ്ത്തിക്കെട്ടിക്കാണാന്‍ ഇനിയാവില്ലെന്ന് അവര്‍ മനസ്സിലാക്കുന്നു. യൂറോപ്യന്‍ യൂണിയനിന്റെ ചേംബര്‍ ഓഫ് കൊമേഴ്‌സ് നടത്തിയ സര്‍വെയില്‍ കിട്ടിയ മറുപടികള്‍ പറയുന്നത് നൂതനത്വം കൊണ്ടുവരുന്ന കാര്യത്തില്‍ ചൈനീസ് കമ്പനികള്‍ ഇപ്പോള്‍ യൂറോപ്യന്‍ കമ്പനികള്‍ക്കൊപ്പമോ മുന്നിലോ ആയിക്കഴിഞ്ഞു എന്നാണ്.
∙ ആക്സിലറേറ്റർ പ്രോഗ്രാം
അതിവേഗം നിർമാണം നടക്കുന്നതിന്റെ ഒരു പ്രധാന ഉദാഹരണമാണ് ഹാക്സ് ആക്സിലറേറ്റർ പ്രോഗ്രാം (HAX Accelerator). ഇത് വഴി സംരംഭകർക്ക് അതിവേഗം പ്രോട്ടോടൈപ്പ് ചെയ്ത് ഉപകരണങ്ങൾ നിർമിക്കുന്നത് സാധ്യമാക്കാൻ ഷെൻഷെനിലെ നിർമാണ ഇക്കോസിസ്റ്റം ഉപയോഗിക്കാം. അതിവേഗം ഡിസൈനും നിർമാണവും നടക്കും. ഷെൻഷെനിലെ പ്രോജക്‌ടുകളിൽ പ്രവർത്തിക്കാനായി നിരവധി കമ്പനികൾ പ്രതിനിധികളെ അയയ്‌ക്കുന്നുണ്ട്. യുഎസിൽ ഒരു ഉൽപന്നം നിർമിക്കുന്നതിന് ദശലക്ഷക്കണക്കിന് ഡോളർ ചെലവാകുമെങ്കിലും ഷെൻഷെനിലേക്ക് പോയാൽ വിമാനക്കൂലിയും മറ്റുച്ചെലവുകളും ഉൾപ്പെടെ 20,000 ഡോളറിന് പ്രാരംഭ ആശയത്തിൽ നിന്ന് അന്തിമ ഉൽപന്നം നിർമിക്കാൻ സാധിക്കും.
ഇവിടെ അതിവേഗത്തിലും വിലകുറഞ്ഞും കാര്യക്ഷമമായും പ്രോട്ടോടൈപ്പ് ചെയ്യാൻ കഴിയുന്നതിലൂടെ, സംരംഭകർക്ക് നിമിഷനേരത്തിനുള്ളിൽ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ കഴിയുമെന്ന് എച്ച്എഎക്സ്എൽആർ8ആറിന്റെ സ്ഥാപകനായ സിറിൽ എബർസ്‌വെയ്‌ലർ വിശദീകരിച്ചു. ആശയം ലഭിച്ചാൽ 12 മുതൽ 24 വരെ മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് എന്തും നിർമിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഷെൻഷെനിലെ മിക്ക ഫാക്ടറികളും സ്റ്റാർട്ടപ്പുകളും എല്ലാം പ്രത്യേകം പാർട്സുകളും ഉൽപന്നങ്ങളും മാത്രമാണ് നിർമിക്കുന്നത്. വിതരണ ശൃംഖലയുടെ വേഗം ഇതിലൂടെ സാധ്യമാകുന്നു. സൈക്കിൾ ഹാൻഡിൽബാറുകളിൽ സ്പെഷലൈസ് ചെയ്ത ഫാക്ടറികൾ വരെ ഉണ്ട്. അവിടെ സൈക്കിൾ നിർമിക്കുന്നില്ല, ഹാൻഡിലുകൾ മാത്രമാണ് നിർമിക്കുന്നത്. ഇതാണ് ചൈനീസ് ഫാക്ടറികളുടെ രീതി. നിർമാതാക്കളുമായി കൂടുതൽ അടുത്തിടപഴകി പ്രവർത്തിക്കുക എന്നതും ഇവിടത്തെ ഫാക്ടറികളുടെ പ്രത്യേകതയാണ്.
∙ അമേരിക്കയിൽ ചെലവ് 1000 ഡോളർ, ഷെൻഷെനിൽ 30 ഡോളർ
ഒരു ഉൽപന്നം വികസിപ്പിക്കാനും ഹാർഡ്‌വെയർ സൃഷ്ടിക്കാനും പഠിക്കുന്നതിനുള്ള മികച്ച സ്ഥലമാണ് ഷെൻഷെൻ. എങ്ങനെ വേഗത്തിൽ നീങ്ങാമെന്നും സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും വികസിപ്പിച്ച് നിർമിക്കാമെന്നും ഇവിടത്തെ മിക്ക കമ്പനികൾക്കും അറിയാം. യുഎസിൽ മൂന്ന് ദിവസത്തിനുള്ളിൽ ഒരു സർക്യൂട്ട് ബോർഡ് നിർമിക്കാനുള്ള ഒരു ഫാക്ടറി ലഭിക്കുന്നതിന് 1,000 ഡോളർ ചെലവാകും. ചൈനയിൽ ഇത് 30 ഡോളർ ആണ്. ചൈനയിൽ, കുറഞ്ഞ ചെലവിൽ ഉൽപന്നങ്ങൾ നിര്‍മിക്കാൻ എളുപ്പമാണെന്ന് തെളിയിക്കുന്നു.
എന്നാൽ, ഷെൻഷെൻ കമ്പനികള്‍ക്ക് എല്ലാം നിര്‍മിക്കാൻ എളുപ്പമല്ലെന്നാണ് അറിയുന്നത്. ഉദാഹരണത്തിന്, തടിയിൽ നിന്ന് ഉൽപന്നങ്ങൾ നിർമിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ സമയമെടുക്കും. ഇലക്‌ട്രോണിക്‌സ് ആണെങ്കിൽ എല്ലാം പെട്ടെന്ന് നടക്കും. ഇലക്ട്രോണിക്സ് ജോലികൾ ചെയ്യാൻ നിരവധി വിദഗ്ധരും നിര്‍മാണ കമ്പനികളും ഇവിടെയുണ്ട്. എന്നാൽ മറ്റു നിര്‍മാണങ്ങൾ ബുദ്ധിമുട്ടേറിയതും സമയമെടുക്കുന്നതാണെന്നും പറയപ്പെടുന്നു.
ഹാർഡ്‌വെയർ ഹാക്കർമാർ ഷെൻഷെൻ ആവാസവ്യവസ്ഥയുടെ ഒരു ചെറിയ ഘടകം മാത്രമാണെങ്കിലും അവർ വളരുന്ന വിഭാഗമാണ്. നഗരം ഇവർക്ക് വലിയ പ്രോത്സാഹനമാണ് നല്‍കുന്നതും. അങ്ങനെയാണ് കുറഞ്ഞ വിലയ്ക്ക് പ്രവര്‍ത്തിക്കുന്ന അത്യുഗ്രൻ ഉൽപന്നങ്ങൾ പുറത്തിറങ്ങുന്നത്.
∙ അനുകരണം മറന്നിട്ടില്ല!
നൂതനത്വം കൊണ്ടുവരിക എന്നത് ഷെൻഷെല്‍ നടക്കുന്നുണ്ടെന്ന് നിസംശയം പറയാം. പക്ഷേ, ട്രേഡ്മാര്‍ക്ക് ലംഘനവും ബൗദ്ധികാവകാശ ലംഘനവുമൊക്കെ മുറയ്ക്കു നടക്കുന്നുമുണ്ട്. വ്യാജ ഐഫോണും നൈക്കി ഉല്‍പന്നങ്ങളുമെല്ലാം ഇവിടെ വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. എന്നാൽ ഓരോ വര്‍ഷം കഴിയുന്തോറും കാര്യങ്ങള്‍ വളരെ മെച്ചപ്പെടുന്നതു കാണാമെന്നാണ് നിരീക്ഷകർ പറയുന്നത്.
ഡോണള്‍ഡ് ട്രംപും ചൈനയും തമ്മിലുള്ള വാണിജ്യ യുദ്ധത്തിനുണ്ടായ ഒരു കാരണമായി എടുത്തുകാണിച്ചിരുന്നത് അമേരിക്കന്‍ ബൗദ്ധികാവകാശം സംരക്ഷിക്കപ്പെടുന്നതില്‍ ചൈന പരാജയപ്പെടുന്നുവെന്ന കാരണമാണ്. ലോക വിപണിയിൽ ഒരു വന്‍ ശക്തിയാകണമെങ്കില്‍ ചൈന ബൗദ്ധികാവകാശ നിയമലംഘനം ഇല്ലാതാക്കുക തന്നെ വേണമെന്നാണ് പല വിദഗ്ധരും പറയുന്നത്.
ചൈന ഇപ്പോള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ ഏതാനും കമ്പനികള്‍ ലോകത്ത് അവരുടെ സാന്നിധ്യം ഉറപ്പിക്കുന്നതു കാണാനാണ്. വാവെയും ഷവോമിയും പോലെയുള്ള കമ്പനികള്‍ അതു തന്നെയാണ് ചെയ്യുന്നതും. ഇലക്ട്രിക് വാഹന നിര്‍മാണത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ചൈനീസ് കമ്പനികള്‍ ആരുടെയും പിന്നിലല്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍, ചൈനീസ് മികവ് വിദേശ രാജ്യങ്ങള്‍ അംഗീകരിക്കണമെങ്കില്‍ അവര്‍ പൂര്‍ണ്ണമായും രാജ്യാന്തര സമൂഹങ്ങള്‍ക്കൊപ്പം ചേരുകയും മറ്റു രാജ്യങ്ങളുടെ ബൗദ്ധികാവകാശം കുറച്ചെങ്കിലും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.
English Summary: The Shenzhen story, from fishing village to gadget factory