നിർമിതബുദ്ധിക്ക് അനന്തസാധ്യത; വേണ്ടത് ഉത്തരവാദിത്തം ഉറപ്പിക്കുന്ന സങ്കേതങ്ങൾ
കൊച്ചി ∙ ജീവിതം ഇനിയുമേറെ മികച്ചതാക്കാനുള്ള പിന്തുണയാണു നിർമിത ബുദ്ധിയിൽ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിന്ന് ഏവരും പ്രതീക്ഷിക്കുന്നതെന്ന് ആമസോൺ വെബ് സർവീസ്, അഡോബി ഇന്ത്യ, ഗൂഗിൾ ക്ലൗഡ് എന്നിവയിലെ വിദഗ്ധർ. വിപുലമായ സാധ്യതകൾ ഉറപ്പിക്കുന്നതിനൊപ്പം ഏറെ വെല്ലുവിളികളും ഈ രംഗത്തുണ്ട്. നിലവിലുള്ള
കൊച്ചി ∙ ജീവിതം ഇനിയുമേറെ മികച്ചതാക്കാനുള്ള പിന്തുണയാണു നിർമിത ബുദ്ധിയിൽ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിന്ന് ഏവരും പ്രതീക്ഷിക്കുന്നതെന്ന് ആമസോൺ വെബ് സർവീസ്, അഡോബി ഇന്ത്യ, ഗൂഗിൾ ക്ലൗഡ് എന്നിവയിലെ വിദഗ്ധർ. വിപുലമായ സാധ്യതകൾ ഉറപ്പിക്കുന്നതിനൊപ്പം ഏറെ വെല്ലുവിളികളും ഈ രംഗത്തുണ്ട്. നിലവിലുള്ള
കൊച്ചി ∙ ജീവിതം ഇനിയുമേറെ മികച്ചതാക്കാനുള്ള പിന്തുണയാണു നിർമിത ബുദ്ധിയിൽ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിന്ന് ഏവരും പ്രതീക്ഷിക്കുന്നതെന്ന് ആമസോൺ വെബ് സർവീസ്, അഡോബി ഇന്ത്യ, ഗൂഗിൾ ക്ലൗഡ് എന്നിവയിലെ വിദഗ്ധർ. വിപുലമായ സാധ്യതകൾ ഉറപ്പിക്കുന്നതിനൊപ്പം ഏറെ വെല്ലുവിളികളും ഈ രംഗത്തുണ്ട്. നിലവിലുള്ള
കൊച്ചി ∙ ജീവിതം ഇനിയുമേറെ മികച്ചതാക്കാനുള്ള പിന്തുണയാണു നിർമിത ബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിന്ന് ഏവരും പ്രതീക്ഷിക്കുന്നതെന്ന് ആമസോൺ വെബ് സർവീസ്, അഡോബി ഇന്ത്യ, ഗൂഗിൾ ക്ലൗഡ് എന്നിവയിലെ വിദഗ്ധർ. വിപുലമായ സാധ്യതകൾ ഉറപ്പിക്കുന്നതിനൊപ്പം ഏറെ വെല്ലുവിളികളും ഈ രംഗത്തുണ്ട്. നിലവിലുള്ള മറ്റു സാങ്കേതിക വിദ്യകളെ കൂട്ടിയിണക്കുന്ന ചാലകശക്തിയായി ഭാവിയിൽ നിർമിത ബുദ്ധി മാറും. വൈവിധ്യമാർന്ന മേഖലകളിലേക്കു നിർമിത ബുദ്ധി വ്യാപരിക്കുമ്പോഴും ഉത്തരവാദിത്തം ഉറപ്പിക്കുന്ന സങ്കേതങ്ങളാവണം അതിലുണ്ടാകേണ്ടതെന്നും പൊതുവായ അഭിപ്രായമുയർന്നു. മനോരമ ഓൺലൈനിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ലോകത്തെ അനന്ത സാധ്യതകളും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യുന്ന ടെക്സ്പെക്ടേഷന്‍സ് 2023 ഉച്ചകോടിയിൽ ‘എഐയും ബിസിനസ് ഇന്റലിജൻസും’ എന്ന വിഷയത്തിലെ പാനൽ ചർച്ചയിലാണ് ഈ ആശയങ്ങൾ ഉയർന്നത്.
ആമസോൺ വെബ് സർവീസ് സീനിയർ മാനേജർ പ്രവീൺ ജയകുമാർ, അഡോബിയുടെ ഇന്ത്യയിലെ സൊല്യൂഷൻ കൺസൽറ്റിങ് മേധാവി സൗമിത്ര ധൻകർ, ഗൂഗിൾ ക്ലൗഡ് കസ്റ്റമർ എൻജിനീയറിങ് ഡയറക്ടർ സുബ്രം നടരാജൻ എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുത്തത്. ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിരുബ ശങ്കർ മോഡറേറ്ററായി.
നിർമിത ബുദ്ധിയെ ഒരു സാങ്കേതികവിദ്യ എന്നതിനേക്കാളും സേവനമായി കണക്കാക്കണം. എന്താണ് എഐയിൽനിന്നു പഠിക്കേണ്ടത് എന്നും മനസ്സിലാക്കണം. കാരണം, അത്രയേറെ കാര്യങ്ങളാണ് എഐയുമായി ബന്ധപ്പെട്ടിരിക്കുന്നത്. നിർമിത ബുദ്ധി സംബന്ധിച്ച നിരവധി കോഴ്സുകളാണ് ഓൺലൈനിൽ ലഭ്യമായിട്ടുള്ളത്. വിദ്യാർഥികൾക്ക് അവ ഉപയോഗപ്പെടുത്താം. ഒട്ടേറെ അവസരങ്ങളാണ് എഐയിൽ കാത്തിരിക്കുന്നതെന്നും വിദഗ്ധർ പറഞ്ഞു.
ചർച്ചയിൽ ഉയർന്ന പ്രധാന ആശയങ്ങളിലൂടെ:
ഗൂഗിൾ ക്ലൗഡ് കസ്റ്റമർ എൻജിനീയറിങ് ഡയറക്ടർ സുബ്രം നടരാജൻ
∙ ജീവിതത്തെ ലളിതമാക്കുകയും നമ്മുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുകയും ചെയ്യുന്നതിലാണ് നിർമിത ബുദ്ധിയുടെ പ്രസക്തി. മനുഷ്യന്റെ ജീവിതം കൂടുതൽ മികച്ചതാക്കാനുള്ള പിന്തുണയാണ് എഐയിൽനിന്നു പ്രതീക്ഷിക്കുന്നത്.
∙ നിർമിത ബുദ്ധിയുടെ സാധ്യതകൾ ലോകം കാണാൻപോകുന്നതേയുള്ളൂ. രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിൽ, അനിശ്ചിതമായ കാര്യങ്ങളുടെ വിജയ-പരാജയ സാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കുന്നതിൽ തുടങ്ങി അപ്രാപ്യം എന്ന് കരുതിയിരുന്ന എല്ലാ മേഖലകളിലും നിർമിതബുദ്ധിയുടെ ആധിപത്യമാകും ഇനി ഉണ്ടാവുക.
∙ ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രവർത്തനത്തിൽ തുടങ്ങി വിവിധ ഭാഷകൾ മനസ്സിലാക്കാനുള്ള മാതൃക തയാറാക്കുന്നതില്‍ വരെ ഇന്ന് നിർമിത ബുദ്ധിയുടെ ഇടപെടലുണ്ട്. അതോടൊപ്പം വെല്ലുവിളികളുമുണ്ട്. ഇതൊരു വളർന്നു വരുന്ന സാങ്കേതികതയാണ്. പല പ്രശ്നങ്ങളുമുണ്ടാകും. അതെല്ലാം മനസ്സിലുണ്ടാകണം.
∙ നിർമിത ബുദ്ധി ഭാവിയിൽ നിലവിലുള്ള മറ്റു സാങ്കേതികവിദ്യകളെ കൂട്ടിയിണക്കുന്ന ചാലകശക്തിയായി മാറും. ഭാവിയിൽ ഭക്ഷ്യ സുരക്ഷ, പൊതുഭരണം, ദുരന്തനിവാരണം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളെയും പിന്നിലൂടെ നിയന്ത്രിക്കുന്നത് നിർമിതബുദ്ധി ആയിരിക്കും
∙ പല സംരംഭകർക്കും അവരുടെ സംരംഭം അടുത്ത തലത്തിലേക്ക് ഉയർത്തുന്നതിനുള്ള അവസരമാണ് എഐ നൽകുന്നത്.
∙ ബിസിനസിൽ ഓട്ടമേഷനിലൂടെ മനുഷ്യാധ്വാനം കുറച്ച് കൂടുതൽ ലാഭം നേടാൻ നിർമിത ബുദ്ധി സഹായിക്കുന്നു. ബാങ്ക് ആപ്പുകളിലെ ചാറ്റ് ബോട്ടുകൾ ഇതിനുദാഹരണമാണ്. ഉപഭോക്താവിന്റെ പ്രശ്നങ്ങൾ മനുഷ്യൻ ചെയ്യുന്നതിനേക്കാൾ മികവോടെ തിരിച്ചറിഞ്ഞു പരിഹരിക്കാൻ ഇതിലൂടെ സാധിക്കുന്നു. വരുംകാലങ്ങളിൽ ഇതിന്റെ ചക്രവാളങ്ങൾ കൂടുതൽ വിപുലമാകും.
∙ നിർമിത ബുദ്ധി അധിഷ്ഠിത വിവരസങ്കേതങ്ങളിൽ വസ്തുതാവിരുദ്ധമായ വിവരങ്ങളും കടന്നുകൂടിയേക്കാം. തെറ്റായ വിവരങ്ങൾ നൽകുമോയെന്നതാണ് ഇതിലെ ഏറ്റവും വലിയ ആശങ്ക. വളരെ വലിയ ഡേറ്റയുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിൽ വെല്ലുവിളികൾ ഉണ്ടാകാം.
ആമസോൺ വെബ് സർവീസ് സീനിയർ മാനേജർ പ്രവീൺ ജയകുമാർ
∙ മെഷീൻ ലേണിങ്ങിലെ മാതൃകകൾ മനസ്സിലാക്കുകയെന്നതാണ് പ്രധാനം. വിപണിയെ മനസ്സിലാക്കുകയെന്നതാണ് അടുത്തത്. പക്ഷേ മെഷീൻ ലേണിങ്ങിനും അതിന്റേതായ പരിമിതികളുണ്ട്.
∙ മെഷീൻ ലേണിങ് മേഖലയിൽ സർക്കാരിന്റെ ഉൾപ്പെടെ ഒട്ടേറെ നിയന്ത്രണങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം നിർമിത ബുദ്ധി അനുബന്ധ മേഖലയും മനസ്സിലാക്കണം. ഉത്തരവാദിത്തത്തോടെയുള്ളതായിരിക്കണം നിർമിത ബുദ്ധി അധിഷ്ഠിത സംവിധാനങ്ങൾ.
∙ സാധാരണഗതിയിൽ സങ്കീർണമായ ഡാറ്റ അപഗ്രഥനം വേണ്ടി വരുന്ന ബിസിനസ് കാര്യങ്ങളിൽ നിർമിത ബുദ്ധിയിലൂടെ ഞൊടിയിടയിൽ ഫലപ്രാപ്തിയിലെത്തിക്കാൻ സാധിക്കും. പഠനത്തിലും ഗവേഷണമേഖലയിലും ഇതിന്റെ സാധ്യതകൾ നാം കാണാൻപോകുകയാണ്.
∙ സുതാര്യത എന്നത് നിർമിത ബുദ്ധി അധിഷ്ഠിത വിവരദായക സങ്കേതങ്ങളിൽ നിർണായകം. ചാറ്റ് ജിപിടി പോലും എല്ലായിപ്പോഴും ശരിയാകണമെന്നില്ല. അതു പറയുന്നതാണ് യഥാർഥ ഉത്തരമെന്നും കരുതരുത്.
അഡോബി ഇന്ത്യ സൊല്യൂഷൻ കൺസൽറ്റിങ് മേധാവി സൗമിത്ര ധൻകർ
∙ ഡാറ്റയുടെ പാരാവാരമാണ് മുന്നിൽ. എല്ലായിടത്തുനിന്നും വിവരങ്ങൾ ലഭിക്കുന്നു. ഇതിൽനിന്ന് എനിക്ക് ആവശ്യമുള്ളത് എന്താണ് എന്ന ചോദ്യമാണ് പ്രസക്തം.
∙ നിർമിത ബുദ്ധിയുടെ സാദ്ധ്യതകൾ അനുപമമാണ്. ഒരേ ലൊക്കേഷനിൽ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത അഭിനേതാക്കളെ വച്ച് ചിത്രീകരിക്കുന്ന സിനിമ സങ്കൽപിക്കുക. ഇവയെല്ലാം കാര്യക്ഷമമായി സംയോജിപ്പിക്കാൻ നിർമിത ബുദ്ധി ഉപകരിക്കും.
∙ ഡിജിറ്റല്‍ മേഖലയുമായി കണക്ട് ചെയ്തിരിക്കുന്നവരിൽ ‘അറ്റൻഷന്‍ സ്പാൻ’ പ്രശ്നം കൂടി വരികയാണ്. ഈ സാഹചര്യത്തിൽ എപ്പോഴാണ് നിർമിത ബുദ്ധി പ്രസക്തമാകുന്നതെന്ന ചോദ്യമുണ്ട്.
∙ ക്രിയേറ്റിവിറ്റി കൂട്ടുന്നതിൽ നിർമിത ബുദ്ധി യുവ സംരംഭകരെ സഹായിക്കും. കൃത്യമായ അടിത്തറയൊരുക്കുന്നതിനും സഹായകമാണ്. ഉപഭോക്താവിനെ തിരിച്ചറിയുന്നതിലും എഐക്ക് ഏറെ സഹായിക്കാനുണ്ട്. പല സംരംഭങ്ങളും ആരംഭിക്കുമ്പോൾ അതിന്റെ കൃത്യമായ ഉപഭോക്താവിനെ മനസ്സിലാക്കാനാകാത്തത് പ്രശ്നമാണ്. അതിനൊരു പരിഹാരം എഐ നൽകും. സംരംഭകൻ ചെലവിടുന്ന പണം കൃത്യമായി വിനിയോഗിക്കാനായോയെന്നു മനസ്സിലാക്കാനും എഐയുടെ ഇടപെടലുണ്ടാകും.
∙ കണ്ടന്റ് ക്രിയേറ്റർമാർക്ക് നിർമിത ബുദ്ധിയുടെ സഹായത്തോടെ കൂടുതൽ ആളുകളിലേക്ക് റീച്ച് ഔട്ട് ആകാൻ സാധിക്കും. വ്യക്‌തിഗത താൽപര്യങ്ങൾക്ക് അനുസരിച്ച് ഉള്ളടക്കം കൃത്യമായി എത്തിക്കാൻ നിർമിത ബുദ്ധി സഹായിക്കുന്നു. സംരംഭകർക്ക് ഉപഭോക്താക്കളെ കൃത്യമായി തിരിച്ചറിഞ്ഞു പരസ്യം നൽകാൻ നിർമിത ബുദ്ധിയിലൂടെ സാധിക്കുന്നു.
∙ സ്വകാര്യതയെ മാനിച്ചുകൊണ്ടായിരിക്കണം നിർമിത ബുദ്ധി മുന്നോട്ടു പോകേണ്ടത്.
English Summary: Panel Discussion on Artificial Intelligence & Business Intelligence at Techspectations 2023