ഓൺലൈൻ മാധ്യമങ്ങൾ ‘നിഷ്പക്ഷ’മല്ലെന്ന് ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം. ‘നിഷ്പക്ഷമായി അപകടകരമായ കാര്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നു’ എന്ന് ആരോപിച്ച് ഏതാനും ഓൺലൈൻ മാധ്യമങ്ങൾ പൂട്ടിച്ചു. സിന, സോഹു, നെറ്റീസ്, ഐഫെങ് എന്നീ മാധ്യമങ്ങളുടെ പ്രവർത്തനമാണ് നിരോധിച്ചത്. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന മാധ്യമങ്ങളായിരുന്നു ഇവ.
നിയമം ലംഘിച്ചുള്ള പ്രവർത്തനങ്ങൾ വൻതോതിൽ നടത്തുന്നു എന്നാണ് രാജ്യത്തെ ഇന്റർനെറ്റ് കൺട്രോൾ വകുപ്പ് കണ്ടെത്തിയതത്രേ. ഈ മാധ്യമങ്ങൾ ‘വാർത്തകൾ ശേഖരിക്കുകയും അവർ തന്നെ എഡിറ്റു ചെയ്യുകയും ചെയ്യുന്നു’ എന്ന ഗുരുതര കുറ്റമാണ് ചാർത്തിയത്. ഇവർക്കെതിരെ പിഴ അടക്കമുള്ള ശിക്ഷയും ഉണ്ടാകും.
നിലവിൽ കായിക, വിനോദ വിഷയങ്ങൾ റിപ്പോർട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യമേ ഓൺലൈനുകളിലെ പത്രപ്രവർത്തകർക്ക് നൽകിയിട്ടുള്ളൂ. കൂടാതെ ഔദ്യോഗിക മാധ്യമങ്ങൾ നൽകുന്ന വാർത്തകളും നൽകാം. എന്നാൽ പല ഓൺലൈൻ മാധ്യമങ്ങളും ഇതിനു പുറമെ സ്വന്തമായി വാർത്തകൾ, പ്രത്യേകിച്ച് അന്വേഷണാത്മക വാർത്തകൾ നൽകുന്നതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.
നിലവിൽ പത്രങ്ങളും ചാനലുകളും അടങ്ങുന്ന മാധ്യമങ്ങളെല്ലാം കമ്യൂണിസ്റ്റു പാർട്ടിയുടെ നിയന്ത്രണത്തിലാണ്. പുറംരാജ്യങ്ങളിൽ നിന്നുള്ള വെബ്സൈറ്റുകൾ നിരോധിച്ചിട്ടുമുണ്ട്. പ്രസിഡന്റ് ഷി ജിൻപിങ് 2013ൽ ചുമതലയേറ്റതിനു ശേഷം നിയന്ത്രണം വർധിച്ചു.
‘പോസിറ്റീവ് റിപ്പോർട്ടിങ്ങും’ ‘പാർട്ടിയുടെ ആധിപത്യം ഉയർത്തിപ്പിടിക്കുന്ന കാര്യങ്ങളും’ ആണ് മാധ്യമങ്ങളിൽ വരേണ്ടതെന്നാണ് ഫെബ്രുവരിയിൽ ഷി ജിൻപിങ്ങ് പറഞ്ഞത്. ഈ വർഷം ഇതുവരെ 1475 വെബ്സൈറ്റുകളും 12000 ഇന്റർനെറ്റ് അക്കൗണ്ടുകളും രാജ്യത്ത് നിരോധിക്കുകയും ചെയ്തു.