ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി
ഖത്തറിന്റെ നിലവിലെ അമീർ ആണ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. 2013 ജൂൺ 25നാണ് ഖത്തറിന്റെ ഭരണാധികാരിയായി അമീർ തമീം സ്ഥാനമേറ്റത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ വച്ചേറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി കൂടിയായ അമീറിന്റെ നിലപാടുകളും ഭരണപരിഷ്‌കാരങ്ങളും പ്രവാസികളോടുള്ള കരുതലുമാണ് ജനകീയ നേതാവാക്കി അദ്ദേഹത്തെ മാറ്റിയത്. 1980 ജൂൺ മൂന്നിന് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നാലാമത്തെ മകനായി ദോഹയിലാണ് ജനനം. വിദേശത്തു നിന്നാണ് ഉന്നത പഠനം പൂർത്തിയാക്കിയത്. പിന്നീട് ഖത്തർ സൈന്യത്തിൽ പ്രവർത്തിച്ചു.