‘മലനിരകളെയല്ല നമ്മൾ നടന്നുകയറി കീഴടക്കുന്നത്, ഓരോ മലകയറ്റത്തിനുമൊടുവിൽ നമ്മൾ നമ്മളെത്തന്നെയാണ് കീഴടക്കുന്നതെ’ന്നാണ് എഡ്മണ്ട് ഹിലാരി പറ‍ഞ്ഞത്. അതു പൂർണമായും ശരിയാണെന്ന് മലകയറുന്നവർ തിരിച്ചറിയുന്നു. മലമുകളിലെത്തിയാൽ ചുറ്റുമുള്ള ലോകം നിങ്ങളെ കാണുന്നില്ല. എന്നാൽ നിങ്ങൾ ഈ ലോകത്തെ പൂർണമായും

‘മലനിരകളെയല്ല നമ്മൾ നടന്നുകയറി കീഴടക്കുന്നത്, ഓരോ മലകയറ്റത്തിനുമൊടുവിൽ നമ്മൾ നമ്മളെത്തന്നെയാണ് കീഴടക്കുന്നതെ’ന്നാണ് എഡ്മണ്ട് ഹിലാരി പറ‍ഞ്ഞത്. അതു പൂർണമായും ശരിയാണെന്ന് മലകയറുന്നവർ തിരിച്ചറിയുന്നു. മലമുകളിലെത്തിയാൽ ചുറ്റുമുള്ള ലോകം നിങ്ങളെ കാണുന്നില്ല. എന്നാൽ നിങ്ങൾ ഈ ലോകത്തെ പൂർണമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മലനിരകളെയല്ല നമ്മൾ നടന്നുകയറി കീഴടക്കുന്നത്, ഓരോ മലകയറ്റത്തിനുമൊടുവിൽ നമ്മൾ നമ്മളെത്തന്നെയാണ് കീഴടക്കുന്നതെ’ന്നാണ് എഡ്മണ്ട് ഹിലാരി പറ‍ഞ്ഞത്. അതു പൂർണമായും ശരിയാണെന്ന് മലകയറുന്നവർ തിരിച്ചറിയുന്നു. മലമുകളിലെത്തിയാൽ ചുറ്റുമുള്ള ലോകം നിങ്ങളെ കാണുന്നില്ല. എന്നാൽ നിങ്ങൾ ഈ ലോകത്തെ പൂർണമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മലനിരകളെയല്ല നമ്മൾ നടന്നുകയറി കീഴടക്കുന്നത്, ഓരോ മലകയറ്റത്തിനുമൊടുവിൽ നമ്മൾ നമ്മളെത്തന്നെയാണ് കീഴടക്കുന്നതെ’ന്നാണ് എഡ്മണ്ട് ഹിലാരി പറ‍ഞ്ഞത്. അതു പൂർണമായും ശരിയാണെന്ന് മലകയറുന്നവർ തിരിച്ചറിയുന്നു. മലമുകളിലെത്തിയാൽ ചുറ്റുമുള്ള ലോകം നിങ്ങളെ കാണുന്നില്ല. എന്നാൽ നിങ്ങൾ ഈ ലോകത്തെ പൂർണമായും കാണുന്നു.

ഇതൊരു യാത്രയാണ്. മലകയറ്റമാണ്. കഴിഞ്ഞ എട്ടുവർഷമായി മനുഷ്യർ നടന്നുചെല്ലാത്തതുകൊണ്ട് കാടുമൂടിപ്പോയ വഴികൾ കടന്നുള്ള മലകയറ്റം.

ADVERTISEMENT

നിശ്ശബ്ദമായ കാട്. ചെങ്കുത്തായ കയറ്റങ്ങൾ. ചവിട്ടുമ്പോൾ ഉരുണ്ടുതാഴേക്കുപോവുന്ന കല്ലുകൾ. തലയ്ക്കൊപ്പം തഴച്ചുവളർന്നുനിൽക്കുന്ന പുല്ലും കാട്ടുകുറിഞ്ഞിച്ചെടികളും. പാറയിൽ തട്ടിത്തെറിക്കുമ്പോൾ പുകമഞ്ഞു സൃഷ്ടിക്കുന്ന വെള്ളച്ചാട്ടങ്ങൾ. ഒഴുകിയെത്തുന്ന വെള്ളം മലമുകളിലെ പാറകളിൽ സൃഷ്ടിച്ച പല രൂപങ്ങളിലുള്ള കയങ്ങൾ. ഇവയെല്ലാം കണ്ടുകണ്ട് ആറുകിലോമീറ്ററോളം നടന്നുകയറി ചെല്ലുമ്പോൾ കാത്തിരിക്കുകയാണ് ആ കാഴ്ച. 

പശ്ചിമഘട്ട മലനിരകളിൽ തലയുയർത്തി നിൽക്കുന്ന തേൻപാറ. ഒരു കാലത്ത് ഇംഗ്ലിഷുകാർ ഹണി റോക്ക് എന്ന് സ്നേഹത്തോടെ വിളിച്ച അതേ ‘തേൻപാറ’.എട്ടുവർഷമായി മനുഷ്യസ്പർ‍ശമില്ലാതെ കാടുമൂടിക്കിടന്ന ഈ ട്രെക്കിങ് പാത വെള്ളിയാഴ്ചമുതൽ വീണ്ടും മലകയറ്റക്കാരായ സഞ്ചാരികൾക്കായി തുറക്കുകയാണ്. അതിനുമുന്നേ തികച്ചും എക്സ്ക്ലൂസീവായാണ്  മലകയറ്റത്തിന് അവസരം തേടിയെത്തുന്നത്. പോരുന്നോ എന്ന് വനംവകുപ്പുകാർ ചോദിച്ചു. മുന്നുംപിന്നുംനോക്കാതെ വരുന്നുവെന്ന് മറുപടിയും പറഞ്ഞു. ഇനി യാത്രയാണ്.

∙ ഒരുക്കം

രാവിലെ എട്ടരയോടെയാണ് മനോരമ സംഘം തുഷാരഗിരിയിൽനിന്ന് യാത്ര തുടങ്ങിയത്. എട്ടുമണിക്കുതന്നെ തുഷാരഗിരിയിലെത്തി. തുഷാരഗിരി വനംസംരക്ഷണസമിതി സെക്രട്ടറിയും എടത്തറ സെക്ഷൻ ഫോറസ്റ്ററുമായ(ഗ്രേഡ്) പി.ബഷീറാണ് ട്രെക്കിങ്ങ് നയിക്കുന്നത്. അടുത്തുള്ളൊരു ഹോട്ടലിൽനിന്ന് കപ്പയും ചിക്കനും കാന്താരിയുടച്ചുചേർത്ത തൈരുമൊക്കെ പൊതിയാക്കി എടുത്താണ് അദ്ദേഹത്തിന്റെ വരവ്. ജീരകപ്പാറയിലെ കാടിന്റെ ഓരോ ചലനവും അടുത്തറിയുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. പക്ഷേ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നിഷ്കളങ്കമായ ചിരിയുമായി ലളിതമായാണ് സംസാരം.

ADVERTISEMENT

ഫോറസ്റ്റ് ഗാർഡും തുഷാരഗിരിക്കടുത്തുള്ള ആദിവാസി കോളനിയിലെ താമസക്കാരനുമായ ശശി കാത്തിരിപ്പുണ്ട്. കയ്യിലൊരു വാക്കത്തിയുണ്ട്. ഗൈഡും നാട്ടുകാരനുമായ ജോസഫും വഴിവെട്ടിത്തെളിക്കാനുള്ള വലിയൊരു കത്തിയുംതോർത്തുമെടുത്ത് വന്നുനിൽപ്പുണ്ട്. ഇരുവർക്കും കാട് മനഃപ്പാഠമാണ്. 

കുടിക്കാൻ വെള്ളം വാങ്ങണോ എന്ന ചോദ്യത്തിന് വേണ്ടെന്ന് ജോസഫ് മറുപടി പറഞ്ഞു. രണ്ടോ മുന്നോ പാത്രങ്ങളെടുത്തു. ഇഷ്ടംപോലെ അരുവിളുണ്ട്. നല്ല വെള്ളം കിട്ടുമെന്നായിരുന്നു ജോസഫിന്റെ മറുപടി.

∙ നടത്തം

സാധാരണ തുഷാരഗിരിയിലെത്തുന്ന വിനോദസഞ്ചാരികൾ ഒന്നാമത്തെ വെള്ളച്ചാട്ടം കണ്ട് മടങ്ങും. ചിലർ രണ്ടാമത്തെ വെള്ളച്ചാട്ടവും കാണും. മൂന്നാമത്തെ വെള്ളച്ചാട്ടം കാണാൻപോവുന്നവർ പലരും നടന്നുമടുത്തു തിരിച്ചുപോവാറുമുണ്ട്. 

ADVERTISEMENT

നമ്മുടെ യാത്ര ഈ വെള്ളച്ചാട്ടങ്ങളൊന്നും കാണാല്ലല്ലോ. തുഷാരഗിരിയുടെ പ്രവേശനകവാടത്തിനു സമീപത്തുള്ള ഒന്നാമത്തെ വെള്ളച്ചാട്ടം പിന്നിട്ടു.മുന്നോട്ടുനടക്കുമ്പോൾ  പ്രസിദ്ധമായ ‘താന്നിമുത്തശ്ശി’മരം കാണാം. താന്നിമുത്തശ്ശിയെ പിന്നിട്ട്  നേരെ കാട്ടിലേക്ക് കയറുകയാണ്. 

എതാനും മീറ്ററുകൾ പിന്നിട്ടപ്പോൾത്തന്നെ യാത്രയുടെ വന്യത കൺമുന്നിലെത്തിത്തുടങ്ങി. രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം ഒരു മുളങ്കാട് വഴിക്കുകുറുകെ  ചവിട്ടിമെതിച്ചിട്ടിട്ടുണ്ട്. അൽപം അകലെയായി ഉരുൾപൊട്ടി വഴി മണ്ണിടിഞ്ഞു കിടക്കുകയാണ്. ഈ വഴിയുടെ ഒരു വശത്തുകൂടി കല്ലിൽ ചവിട്ടി വേണം കടന്നുപോവാൻ. ഒരാൾക്കുകഷ്ടിച്ചു നടക്കാവുന്ന ആ മണ്ണിലും ആനയുടെ കാൽപ്പാടുകളും ആനപ്പിണ്ടവുമുണ്ട്.

ഇവിടെനിന്ന് ചെങ്കുത്തായ കയറ്റം കയറാൻ കരിങ്കല്ലുകൾ നിറഞ്ഞൊരു വഴിയുണ്ട്. കാട്ടിലൂടെ നടന്നുകയറുമ്പോൾ മലയണ്ണാൻമാർ ഉറക്കെ ശബ്ദമുണ്ടാക്കുന്നതു കേൾക്കാം. കാടിന്റെ കാവൽക്കാരാണത്രേ മലയണ്ണാൻമാർ. മനുഷ്യസാന്നിധ്യമറിഞ്ഞാൽ അവ ഒച്ചയുണ്ടാക്കി കാട്ടിലെ ജീവികൾക്ക് മുന്നറിയിപ്പുകൊടുക്കുമെന്ന് ശശി പറഞ്ഞു.

∙ നൂറ്റിപ്പത്തിലെ കുളം

ഒന്നര കിലോമീറ്ററോളം നടന്നാൽ 110 എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് ഒരു കുളത്തിനരികിലാണ് ഈ വഴി ചെന്നു ചേരുന്നത്. മുക്കാൽ മണിക്കൂറോളം നടന്നുകഴിഞ്ഞു. അപ്പോഴേക്ക് ഇരുകാലുകളും ഏകദേശം പൂർണമായും അട്ടകൾ കയ്യടക്കിക്കഴിഞ്ഞിട്ടുണ്ട്. 

വിവാദമായ ജീരകപ്പാറ വനംകയ്യേറ്റം നടന്ന മേഖലയാണ് ഇവിടത്തെ 110 ഏക്കർ. ഒരു കാലത്ത് കാടുകയ്യേറി തേയിലയും കാപ്പിയുമൊക്കെ നട്ടുണ്ടാക്കി. കോടതിയുടെ ഇടപെടലിനെതുടർന്ന് കയ്യേറ്റങ്ങൾ ഒഴിഞ്ഞു. 2000ലാണ് ഇവിടെനിന്ന് കയ്യേറ്റക്കാരെ വനംവകുപ്പ് പൂർണമായും ഒഴിപ്പിച്ചത്. ഇത്രയും പ്രദേശം കഴിഞ്ഞ 22 വർഷം കൊണ്ട് പൂർണമായും കാടായി മാറിക്കഴിഞ്ഞു. 

110ലെ കുളം കലങ്ങിമറിഞ്ഞുകിടക്കുകയാണ്. കാട്ടാനക്കൂട്ടങ്ങൾ വെള്ളം കുടിക്കാനെത്തുന്നത് ഇവിടെയാണ്. ചുറ്റും ഈറ്റയും മുളയുമൊക്കെയുള്ളതിനാൽ തീറ്റയും സുഭിക്ഷമാണ്. മങ്കോസ്റ്റിനുകളും പേരയ്ക്കകളുമൊക്കെയുണ്ട്. വൈകിട്ട്  അഞ്ചരയാവുമ്പോഴേക്ക് തിരികെ വന്ന് ഇവിടം കടക്കണം. ഇല്ലെങ്കിൽ കാട്ടാനകൾ വഴി തടയും. പിന്നെ രാവിലെ വരെ കാത്തിരിക്കേണ്ടിവരും.

∙ തോണിപോലെ കയം

പലതട്ടുകളായി കിടക്കുന്ന പുല്ലിൽചവിട്ടിയാണ് ഈ പ്രദേശം കടന്നത്. പിന്നീടങ്ങോട് കാടു മാത്രമാണ്. വഴികളില്ല. വലിയവലിയ പാറക്കെട്ടുകൾ. ആകാശം തൊടുന്ന വലിപ്പമുള്ള മരങ്ങൾ. ജീരകപ്പാറയുടെ താഴ്‌വാരം കടന്ന് കാട്ടിലൂടെ നടത്തം. മരക്കുറ്റികളിലും വള്ളികളിലും പിടിച്ച് കയറ്റം കയറിക്കയറി രണ്ടരക്കിലോ മീറ്ററോളം പിന്നിടുമ്പോൾ ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാം. വലിയൊരു പാറക്കെട്ടിനു നടുവിലേക്കാണ് നമ്മൾ ചെന്നിറങ്ങുന്നത്. 

നീളത്തിൽ ഇരുവശത്തും തലയുയർത്തി നിൽക്കുന്ന പാറകൾ. മധ്യഭാഗത്ത് താഴ്ന്നുകിടക്കുന്നിടത്തുകൂടിയാണ് വെള്ളമൊഴുകിവരുന്നത്. ഒറ്റനോട്ടത്തിൽ വലിപ്പമേറിയ ഒരു തോണിയുടെ ഉൾവശമാണെന്നു തോന്നും. ഇതാണ് തോണിക്കയം. പാറപ്പുറത്ത് ഏതോ പാമ്പ് പൊഴിച്ചിട്ട തോൽ പാറയിൽ ഉണങ്ങിപ്പിടിച്ചിരിപ്പുണ്ട്. നാട്ടിലെ പുഴയിൽ നീന്തിയ പരിചയവുമായി കയത്തിലിറങ്ങരുത്. പാറകൾക്കുള്ളിലൂടെ കയം നീണ്ടുകിടക്കുകയാണ്. ചാടിക്കഴിഞ്ഞാൽ തലയുയർത്തുന്നത് പാറയ്ക്കടിയിലാവും. ഉയർന്ന അന്തരീക്ഷമർദവും നല്ല തണുപ്പുമാണ്. വെള്ളത്തിൽചാടിയാൽ മരവിക്കും. ചെവിയടയ്ക്കും. പിന്നെ ജീവനോടെ തിരികെപ്പോവാൻ കഴിയില്ല.

പാറയ്ക്കുമുകളിലെ തോടിനുകുറുകെ ഇടയ്ക്കിടെ ആദിവാസികൾ ചെറിയ മരക്കഷ്ണങ്ങൾകൊണ്ട് തടയണ വച്ചിട്ടുണ്ട്. ഇവിടെ ഏതുതരം മീനാണുണ്ടാവുക എന്നായിരുന്നു സംശയം. ‘കല്ലേൽമുട്ടി’ എന്നുവിളിപ്പേരുള്ള ഒരു മീനുണ്ടെന്ന് ബഷീർ സാർ പറ‍ഞ്ഞു. ആദിവാസികളുടെ ഇഷ്ടവിഭവമാണത്രേ. 

∙ തേൻപാറയിലേക്ക്

തിരികെ കാട്ടിലേക്കുകയറി വീണ്ടും നടപ്പാണ്. ഓരോ നൂറു മീറ്റർ കഴിയുമ്പോഴും നടത്തത്തിന്റെ കാഠിന്യം കൂടിവരികയാണ്. ചവിട്ടുമ്പോൾ ഉരുണ്ടുപോവുന്ന കല്ലുകൾ. വഴിയിൽ ചൂടുംചൂരും മാറാത്ത ആനപ്പിണ്ടം. ചുറ്റും പേരറിയാത്ത കിളികളുടെ ശബ്ദങ്ങൾ മാത്രം. മന്തിയെന്നു വിളിപ്പേരുള്ള കരിംകുരങ്ങുകൾ കാടിനെ വിറപ്പിക്കുന്ന ശബ്ദമുണ്ടാക്കുന്നുണ്ട്. മുകളിലേക്ക് ചെല്ലുംതോറും മരങ്ങളുടെ ഉയരം കുറഞ്ഞുവരികയാണ്. തൊട്ടടുത്ത അരുവികളിൽനിന്ന് തണുത്ത വെള്ളം കുടിച്ചു നടത്തം തുടർന്നു. സമയം ഉച്ചയ്ക്ക് ഒരുമണിയാവാറായി. ഇതുവരെ  അഞ്ചുകിലോമീറ്ററോളം പിന്നിട്ടു. കാടു തീരുന്നിനടത്തുനിന്ന് മുകളിലേക്ക് ഒരു പാറ.

ഈ മലകയറ്റത്തിന്റെ ലക്ഷ്യസ്ഥാനമാണിത്...തേൻപാറ അഥവാ ഹണി റോക്ക്. ഉരുണ്ടുനിൽക്കുന്ന പാറയിൽ പലയിടത്തായി മഞ്ഞപ്പുല്ലുകൾ. നല്ല വെയിലുണ്ടെങ്കിലും ചൂടറിയാത്ത വിധത്തിൽ തണുപ്പ്. മുകളിലേക്ക് കയറുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പുനൽകി: ‘ഓടിയങ്ങുചെല്ലരുത്. ഈ ഉരുണ്ടപാറയുടെ മുകളിലെത്തിയാൽ വലിയൊരു കൊക്കയാണ് കാത്തിരിക്കുന്നത്.’

പാറ കയറി മുകളിലെ പുല്ലിൽ ചവിട്ടിനിന്നപ്പോഴാണ് താഴേക്ക് അഗാധമായ  കൊക്ക ശ്രദ്ധയിൽപ്പെടുന്നത്. പാറയെ പകുതിവച്ച് മുറിച്ചെടുത്തതുപോലെ. തലചുറ്റിപ്പോവുന്നത്ര ആഴമുള്ള കൊക്ക. 

ഒരുകാലത്ത്ആദിവാസി യുവാക്കൾ തേൻ ശേഖരിക്കാൻ കാടുകയറുമ്പോൾ ഈ പാറപ്പുറത്തായിരുന്നുവത്രേ തമ്പടിക്കാറുള്ളത്. തേൻ ശേഖരിക്കലും പിഴിഞ്ഞ് പാത്രത്തിലാക്കലുമൊക്കെ നടത്തിയിരുന്ന പാറയായതിനാലാവണം തേൻപാറയെന്നു വിളിപ്പേരുവന്നത്.

2897 അടിയാണ് ഇവിടെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം. വനംവകുപ്പിനുകീഴിൽ ജില്ലയിലുള്ള ഏറ്റവും ഉയരം കൂടിയ സ്ഥലമാണിത്. ജില്ലയിൽ ഏറ്റവുമുയരമുള്ള വെള്ളരിമല വനംവകുപ്പിന്റെ കയ്യിലല്ലത്രേ.

പാറയ്ക്കു ചുറ്റും പശ്ചിമഘട്ടമലനിരകൾ തലയുയർത്തിനിൽക്കുകയാണ്. അങ്ങകലെ ചെമ്പ്ര കൊടുമുടി. മറ്റൊരു ദിശയിൽ മേപ്പാടിയുടെ സമീപത്തെ കള്ളാടി. എതിർദിശയിലേക്ക് നോക്കിയാൽ താഴെയെവിടെയോ മലനിരയിൽ താമരശ്ശേരി ചുരവും കാണാമത്രേ. പണ്ടുകാലത്ത്, അനധികൃത ട്രെക്കിങ്ങുകളുടെ കാലത്ത്, വൈകുന്നേരങ്ങളിൽ ഈ പാറയ്ക്കുമുകളിൽ കഴിയാമായിരുന്നുവത്രേ. ഇത്ര മനോഹരമായ സന്ധ്യകൾ ജീവിതത്തിലൊരിക്കലും കാണാൻ കഴിയില്ലത്രേ. കാട്ടാന വന്നാൽ ആ സന്ധ്യ ജീവിതത്തിലെ അവസാനത്തെ കാഴ്ചയുമായേക്കാം ! 

∙ അവിഞ്ഞിത്തോടും സുന്ദരൻപാമ്പുകളും

സമയം ഉച്ചയ്ക്ക് ഒന്നരയാവുന്നു. പാറയ്ക്കുസമീപത്തെ കാടിന്റെ തണലിലിരുന്ന് ഭക്ഷണം കഴിച്ചു. ഇനി കീഴ്ക്കാംതൂക്കായ മലയിറങ്ങുകയാണ്. പാറക്കെട്ടുകളിൽ പിടിച്ചും വള്ളികളിൽ തൂങ്ങിയുമാണ് യാത്ര. പകുതിയേ നടക്കുന്നുള്ളൂ. കാലു വയ്ക്കുമ്പോൾ നിരങ്ങിയൂർന്ന് പോവുകയാണ്. ഇടയ്ക്കിടയ്ക്ക് മറിഞ്ഞുവീഴുന്നുമുണ്ട്. ബലമുണ്ടെന്നുകരുതി പിടിക്കുന്ന കൊമ്പുകളും വള്ളികളും നമ്മളെയുംകൊണ്ട് ഒരു പോക്കങ്ങു പോവുകയാണ്.

ഒരുവിധത്തിൽ നിരപ്പായ സ്ഥലമെത്തുമ്പോൾ അൽപനേരം വിശ്രമം. കാട്ടിലെ ഓർക്കിഡുകളും കുഞ്ഞുപൈൻ ചെടികളും വള്ളിച്ചൂരലുമൊക്കെ ചുറ്റുമുണ്ട്. 

ഇടയ്ക്ക് കാലൊന്നുതെറ്റിയപ്പോൾ അപ്പുറത്തൊരനക്കം. പച്ചനിറമാർന്ന ശരീരമുള്ള ഒരു കൊച്ചുസുന്ദരൻ പച്ചിലപ്പാമ്പ് ചുവന്ന വായതുറന്ന് കണ്ണുംമിഴിച്ച് നോക്കിനിൽക്കുകയാണ്. അനക്കമുള്ള ഭാഗത്തേക്കെല്ലാം തലവെട്ടിക്കുന്നുണ്ട്.

പായൽമൂടി വഴുവഴുപ്പാർന്ന പാറക്കെട്ടുകൾ കടന്നുചെല്ലുന്നത് ആനകളോളം വലിപ്പമുള്ള പാറക്കെട്ടുകൾക്ക് അരികിലേക്കാണ്. രണ്ടു തട്ടുള്ള പാറയ്ക്കുമുകളിൽനിന്ന് താഴേക്ക് പതിക്കുകയാണ് വെള്ളച്ചാട്ടം. ഇതാണ് അവിഞ്ഞിത്തോട് വെള്ളച്ചാട്ടം.

സമയം വൈകിട്ട് മൂന്നാവാറായി. ഇരുട്ടുപരന്നതോടെ കാട്ടിനുള്ളിലെ ചീവീടുകൾ ഒരുമിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി. വേഗം കാടിറങ്ങിയില്ലെങ്കിൽ കാട്ടാനകൾ വഴിതടഞ്ഞേക്കുമെന്ന് ഗാർഡിന്റെ സൂചന. 

വീണ്ടും നടത്തം. കാടിറങ്ങുകയാണ്. വഴി തടഞ്ഞുകൊണ്ട് ഭീമാകാരമായ മരങ്ങൾ വീണുകിടക്കുന്നു. അതിലൊരു മരംചാടിക്കടക്കാനായി ശ്രമിക്കുമ്പോഴാണ് തൊട്ടുമുന്നിൽ അപ്രതീക്ഷിതമായ കാഴ്ച കണ്ടത്. മരത്തടിയോടുചേർന്ന് തലയുയർത്തിനിൽക്കുന്ന വലിയൊരു ഇലയ്ക്കുമുകളിൽ മരത്തടിയുടെ അതേനിറമുള്ള ഒരു കുഞ്ഞൻപാമ്പ് ചുരുണ്ടുകിടക്കുന്നു. ഇവനാണ് പിറ്റ്‌വൈപ്പർ അഥവാ ചുരുട്ട. ജീരകപ്പാറ പ്രദേശത്തെ സ്ഥിരംസാന്നിധ്യം. വലിയ വിഷമുള്ള ഇനമല്ല. കടിയേറ്റാൽ പഴുത്തു നീരുവരും. ഒരിക്കലുമുണങ്ങാത്ത മുറിവുമുണ്ടാവുമത്രേ. മറ്റെങ്ങുംകാണാത്ത അറുപത്തിനാലോളം ഇനം പൂമ്പാറ്റകളുടെ വിഹാരഭൂമിയാണ് ഈ കാട്. 

കുറച്ചുമുന്നോട്ടു നടന്നപ്പോൾ അനങ്ങരുതെന്ന് ശശിയുടെ മുന്നറിയിപ്പ്. വഴിക്കുകുറകെ നിന്ന ഒരു ചെടി ശശി വെട്ടിനീക്കി. ആനമയക്കിയെന്നാണ് ചെടിയുടെ പേര്. ഇതുവഴി വരുന്ന ആനകൾക്ക് പണി കൊടുക്കലാണ് ഈ ചെടിയുടെകലാപരിപാടി. പക്ഷേ മനുഷ്യർക്ക് താങ്ങാനാവില്ല. ചെടി ശരീരത്തിൽ തൊട്ടാൽ ഭീകരമായ രീതിയിൽ ചൊറിയും. പൊട്ടി നീരൊലിക്കുമത്രേ.

നടന്നും പാറക്കെട്ടിലെ വഴുവഴുപ്പിൽ തലയടിച്ചു വീണുരുണ്ടുമൊക്കെ ഒരുവിധം അഞ്ചരയ്ക്കുമുൻപ് 110ലെ കുളത്തിനുസമീപത്തെത്തി. ഇരുട്ടുവീണെങ്കിലും ആനകളെത്തിത്തുടങ്ങിയിട്ടില്ല. നടന്നുവന്ന വഴിയരികിൽ എവിയെടൊക്കെയോ നമ്മൾ കാണാതെ,എന്നാൽ നമ്മളെ സസ്സൂക്ഷ്മം നിരീക്ഷിച്ച് ആനയടക്കമുള്ള ജീവികളുണ്ടാവുമത്രേ. 

∙ യാത്രയുടെ അവസാനം

കാടിറങ്ങി തുഷാരഗിരിയിലെ താന്നിമുത്തശ്ശിയുടെ സമീപത്തേക്ക്  എത്തുമ്പോൾ സമയം ഏഴിനോടടുക്കുകയാണ്. താന്നിമുത്തശ്ശിക്കു സമീപത്തെ ഇരിപ്പിടത്തിൽ ഒരുവിധത്തിൽ തളർന്നുവന്നിരുന്നു. കൈകാലുകൾക്ക് അസഹ്യമായ വേദന. ‘സീസണൽ വിനോദയാത്ര’ക്കാർക്ക് പറ്റിയപണിയല്ല മലകയറ്റമെന്നതു സത്യം. 

എങ്കിലും ഈ യാത്ര മനസ്സുനിറച്ചു.  ഈ ജീവിതകാലത്ത് ഇനിയൊരിക്കലും ഇതുപോലൊരു അനുഭവമുണ്ടാവുമോ എന്നറിയില്ല. അത്രമാത്രം വൈവിധ്യമാർന്ന കാഴ്ചകൾ.

താന്നിമുത്തശ്ശിക്കരികിലെ ഇരിപ്പിടത്തിലിരുന്ന് വിശ്രമിക്കുമ്പോഴാണ് അങ്ങകലെ വാഹനങ്ങളുടെ ശബ്ദവും മനുഷ്യരുടെ ശബ്ദവും കേട്ടപ്പോഴാണ്, അതൊന്നുമില്ലാത്ത, ഫോൺവിളികളില്ലാത്ത ഒരു പകലാണല്ലോ കടന്നുപോയത് എന്നോർത്തത്. വാട്സാപ്പില്ലാതെയും മനുഷ്യർക്ക് ജീവിക്കാം. ഇൻസ്റ്റായിൽ സ്റ്റോറിയിടാതെയും മനുഷ്യർക്കു ജീവിക്കാം. കാട്ടിലേക്കൊന്ന് ഊർന്നിറങ്ങിയാൽ മതി.

ആകെ പന്ത്രണ്ടുകിലോമീറ്ററോളം ദൂരമാണ് ഒരു പകൽ കൊണ്ട് കയറിയിറങ്ങി വന്നത്. പത്തുമണിക്കൂറോളം സമയമാണെടുത്തത്. ഒരു ജീവിതകാലത്തേക്കു വേണ്ടത്ര അനുഭവങ്ങൾ ഈ യാത്രയിൽ ലഭിച്ചുവെന്നത് ഉറപ്പാണ്.

കാലുകളിൽനിന്ന് അട്ടകൾ കടിച്ച് ചോരയൊലിക്കുന്നുണ്ട്. കയ്യിലും വസ്ത്രത്തിലും നിറയെ ചെളിയാണ്. പക്ഷേ കണ്ണിലും മനസ്സിലും ഈ പകൽ കണ്ടുതീർത്ത കാഴ്ചകളുടെ തിളക്കമുണ്ട്. 

വാലറ്റം: എട്ടുവർഷം മുൻപാണ് മാവോയിസ്റ്റ് സാന്നിധ്യം കണ്ടതിനെ തുടർന്ന് തേൻപാറയിലേക്കുള്ള ട്രെക്കിങ് നിർത്തിവച്ചത്. കഴിഞ്ഞ  എട്ടുവർഷമായി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സന്ദർശനങ്ങളല്ലാതെ  ഈ പ്രദേശത്തേക്ക് കർശനമായ നിയന്ത്രണമായിരുന്നു. മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കു മാത്രമേ തേൻപാറയിലേക്ക് ട്രെക്കിങ്ങ് അനുവദിക്കുകയുള്ളൂ. അഞ്ചുപേരടങ്ങുന്ന ഒരു സംഘത്തിനാണ് അനുമതി നൽകുക. അഞ്ചുപേർക്ക് ആകെ 2355 രൂപയാണ് ഫീസ് ഈടാക്കുന്നത്. അധികമായി പരമാവധി മൂന്നുപേരെ മാത്രമേ അനുവദിക്കുകയുള്ളു. അധികമുള്ള ഓരോരുത്തർക്കും 365 രൂപ വീതം നൽകണം. www.thusharagiriecotourism.com എന്ന വെബ്സൈറ്റ് വഴിയോ 8547602818 എന്ന ഫോൺനമ്പർ വഴിയോ ബുക്ക് ചെയ്യാം.

English Summary: Thusharagiri Thenpara Trekking Restart