വ്രതവിശുദ്ധിയുടെ പുണ്യവുമായി മണ്ഡലകാലം തുടങ്ങി. ഭക്‌തിയുടെ പുണ്യകാലത്തെ വരവേൽക്കാൻ ക്ഷേത്രങ്ങളൊരുങ്ങി. ക്ഷേത്രാങ്കണങ്ങൾ ഇനി ശരണമന്ത്ര സങ്കീർത്തനങ്ങളാൽ മുഖരിതമാവും. അയ്യപ്പമുദ്ര ചാർത്തിയ മാലയും കറുപ്പുമണിഞ്ഞ് അയ്യപ്പന്മാർ ശബരിമല ദർശനത്തിനു വ്രതാനുഷ്‌ഠാനത്തിലാകും.
ഇനി ഒരു മണ്ഡലകാലം ശരണംവിളി ഭക്‌തിമുദ്ര ചാർത്തും. മനമുരുകിയ ശരണകീർത്തനങ്ങളും പ്രാർഥനകളും ഭക്‌തർക്കു വെളിച്ചമേകും. വൃശ്‌ചികത്തിലെ ആദ്യ വ്രതപുലരിയായ ഇന്ന് ഏറെ അയ്യപ്പഭക്‌തർ വ്രതനിഷ്‌ഠയോടെ മാലയിട്ടു ശബരിമല യാത്രയ്ക്കൊരുങ്ങുകയാണ്. പ്രധാന ക്ഷേത്രങ്ങളിലെല്ലാം മാലയിടൽ ചടങ്ങു നടക്കുന്നുണ്ട്. ഇത്തവണ പതിവിലേറെ കന്നി അയ്യപ്പന്മാരുണ്ട്. മിക്ക ക്ഷേത്രങ്ങളിലും മണ്ഡലകാലം മുഴുവൻ വിശേഷാൽ പരിപാടികളും ചുറ്റുവിളക്കുമുണ്ട്.
ചമ്രവട്ടം അയ്യപ്പക്ഷേത്രം
ജില്ലയിലെ പ്രസിദ്ധ അയ്യപ്പക്ഷേത്രമാണ് ഭാരതപ്പുഴയിലെ തുരുത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ചമ്രവട്ടം അയ്യപ്പക്ഷേത്രം. ശബരിമലയിലേക്കുള്ള ഭക്തരുടെ വിശ്രമകേന്ദ്രം. വൃശ്ചികം ഒന്നുമുതൽ ഒട്ടേറെ ഭക്തരാണ് ക്ഷേത്രത്തിൽവന്നു മാലയിടുന്നത്. മണ്ഡലം 41 ദിവസങ്ങളിലും ക്ഷേത്രത്തിൽ ചുറ്റുവിളക്ക് ഉണ്ടാകും.
കാൽനടയായി ശബരിമലയ്ക്കു പോകുന്ന ഭക്തർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾക്കൊപ്പം ക്ഷേത്രത്തിൽ അന്നദാനവും നടക്കും. ചമ്രവട്ടം റഗുലേറ്റർ കം ബ്രിജിന് സമീപത്തെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഫോൺ: 0494–2562585.
എരുവപ്രക്കുന്ന് അയ്യപ്പസ്വാമി ക്ഷേത്രം
വട്ടംകുളം എരുവപ്രക്കുന്ന് അയ്യപ്പസ്വാമി ക്ഷേത്രത്തിൽ അയ്യപ്പൻ പ്രധാന പ്രതിഷ്ഠ. ഗണപതി, ഭഗവതി എന്നിവർ ഉപദേവന്മാരായുണ്ട്. മണ്ഡലമാസാചരണ ഭാഗമായി വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ അഖണ്ഡനാമജപം 18നും അയ്യപ്പൻവിളക്ക് 26നും ആചരിക്കും.
ഉത്സവം, പ്രതിഷ്ഠാദിനം തുടങ്ങി വിശേഷാൽ പരിപാടികളും നടക്കാറുണ്ട്. എടപ്പാൾ–പട്ടാമ്പി റോഡിൽ വട്ടംകുളത്തുനിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. കേരളത്തിൽ ആദ്യമായി പർജന്യയാഗം നടന്നത് ഇവിടെ. മേൽശാന്തി: സതീഷ് ദേശ്മുഖ്. ഫോൺ: 8547234586.
ചന്ദനക്കാവ് അയ്യപ്പക്ഷേത്രം
തിരുനാവായ–പുത്തനത്താണി റോഡിൽ, ചന്ദനക്കാവിൽ ഭഗവതിക്ഷേത്ര സമുച്ചയത്തിലാണ് ചന്ദനക്കാവ് അയ്യപ്പക്ഷേത്രം. വനമേഖലയിൽ പത്നീസമേതനായി കുടികൊള്ളുന്ന അയ്യപ്പനു ചുറ്റുവിളക്കും നിറമാലയും പ്രധാനം. ശനീശ്വരപൂജയും വിശേഷം. ഇടവത്തിലെ തിരുവോണം പ്രതിഷ്ഠാദിനം.
മണ്ഡലകാലത്ത് ഭക്തജനസമിതിയുടെ അയ്യപ്പൻവിളക്കു പതിവുണ്ട്. മണ്ഡലക്കാലത്ത് പ്രത്യേക പൂജകൾ. തന്ത്രികൾ: കൽപ്പുഴ മന. മേൽശാന്തി: കെ.എം.ബാലകൃഷ്ണൻ എമ്പ്രാന്തിരി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ: കെ.വേണുഗോപാലൻ. ഫോൺ: 0494 2601717.
ഇരിങ്ങാവൂർ മണ്ടകത്തിൻപറമ്പ് കുറുംബാ ഭഗവതിക്ഷേത്രം
തിരൂർ ഇരിങ്ങാവൂർ മണ്ടകത്തിൻ പറമ്പ് കുറുംബാ ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മാസത്തിൽ ദിവസവും ചുറ്റുവിളക്കും ഭജനയും ഉണ്ടാകും. വൈകിട്ട് സ്വാമി ഭിക്ഷയുമുണ്ടാകും.ഫോൺ: 9645997721.
തിരുനാവായ അയ്യപ്പക്ഷേത്രം
നിളാതീരത്ത് മൂർത്തീത്രയ സന്നിധിയിൽ നവാമുകുന്ദ ക്ഷേത്രത്തിനു സമീപമാണ് തിരുനാവായ അയ്യപ്പക്ഷേത്രം. തപസ്സനുഷ്ഠിക്കുന്ന ഭാവത്തിലുള്ള ശാസ്താവാണ് പ്രതിഷ്ഠ. ശനിദോഷ നിവാരണപൂജയും ചുറ്റുവിളക്കും പ്രധാനം. പിതൃതർപ്പണത്തിനു ത്രിമൂർത്തിസന്നിധിയിൽ എത്തുന്ന ഭക്തർ ക്ഷേത്രത്തിലും തൊഴുതാണ് മടക്കം.
തിരുനാവായ ദേവസ്വത്തിനു കീഴിലാണ് ക്ഷേത്രം. മണ്ഡലത്തിലെ രണ്ടാംശനിയിൽ അഖണ്ഡനാമജപയജ്ഞവും രണ്ടാം ബുധനിൽ അയ്യപ്പൻവിളക്കും നടത്തുന്നു. മേൽശാന്തി: എ.പി.പ്രകാശൻ നമ്പൂതിരി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ: കെ.പരമേശ്വരൻ. ഫോൺ: 9446631453.
സികെ പാറ നെയ്തലപ്പുറം ശാസ്താക്ഷേത്രം
പത്നീസമേതനായ ശാസ്താവാണ് നെയ്തലപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഗണപതി, ഭഗവതി, നാഗങ്ങൾ എന്നിവയും ഉപദേവതകളായി കുടികൊള്ളുന്നു. കാര്യസാധ്യപൂജ, സിദ്ധിവിനായകന് തേങ്ങസമർപ്പണം, ജന്മനക്ഷത്രപൂജ, പൂമൂടൽ എന്നിവ പ്രധാന പൂജകൾ.
ശനീശ്വരപൂജയും വിശേഷമാണ്. മിഥുനത്തിലെ ഉത്രംനാൾ പ്രതിഷ്ഠാദിനം. മണ്ഡലത്തിലെ രണ്ടാം ബുധൻ അഖണ്ഡനാമജപയജ്ഞം. കന്നിയിൽ ആയില്യം പൂജയുമുണ്ട്. മണ്ഡലക്കാലം മുഴുവൻ ചുറ്റുവിളക്കും പ്രധാനം. അഴകത്ത് മനയ്ക്കൽ ശാസ്തൃശർമൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. മേൽശാന്തി: മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ. ഫോൺ: 9744725265.
പൊന്നാനി തേവർ ക്ഷേത്രം
പൊന്നാനി തേവർ ക്ഷേത്രത്തിൽ ഡിസംബർ 13ന് അഖണ്ഡനാമജപ യജ്ഞം നടക്കും. ദിവസവും വൈകിട്ട് നിറമാല ഉണ്ടായിരിക്കും. വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. ഫോൺ: 0494 2669490.
ഇരിങ്ങാവൂർ അയ്യപ്പൻകാവ്
തിരൂർ ഇരിങ്ങാവൂർ അയ്യപ്പൻകാവിൽ അഖണ്ഡനാമജപ യജ്ഞം ഡിസംബർ രണ്ടിന് നടക്കും. മണ്ഡലമാസത്തിൽ ദിവസവും പൂജയുണ്ടാകും. ശനിയാഴ്ചകളിൽ സായാഹ്ന പൂജയും നാഗപൂജയും നടക്കും. ഫോൺ: 9946398513.
കടവനാട് അയ്യപ്പക്ഷേത്രം
പൊന്നാനി കടവനാട് അയ്യപ്പക്ഷേത്രത്തിൽ ദിവസവും വൈകിട്ടു ഭജന, വിശേഷാൽ പൂജകൾ, അയ്യപ്പൻ വിളക്ക് എന്നിവ നടക്കും.
ചേലേമ്പ്ര ഇടിമുഴിക്കൽ അയ്യപ്പക്ഷേത്രം
ഭക്തർക്കു ഭജനയ്ക്കും മറ്റും ആരാധനാലയം ഇല്ലാത്തതിനെ തുടർന്ന്, അര നൂറ്റാണ്ടു മുൻപു 1980ൽ ഭക്തരുടെ കൂട്ടായ്മയിൽ ഭജനമഠം നിർമിച്ചു. 2000 മേയ് 10നു പ്രതിഷ്ഠ ബാലാലയത്തിലേക്കുമാറ്റി. ശ്രീകോവിൽ നിർമിച്ച് പ്രതിഷ്ഠ നടത്തിയത് 2004 മാർച്ച് 22ന്.
പൊന്നാനി അയ്യപ്പൻ ഗോഷ്ഠം ക്ഷേത്രം
പൊന്നാനി അയ്യപ്പൻ ഗോഷ്ഠം ക്ഷേത്രത്തിൽ 18ന് അഖണ്ഡനാമ യജ്ഞം നടക്കും. ദിവസവും നിറമാലയും വിശേഷാൽ പൂജകളും വൈകിട്ടു ഭജനയും ഉണ്ടാകും.