ഗുഹാക്ഷേത്രങ്ങളിലേക്കുള്ള യാത്രകൾ എന്നും മാനവകുലത്തിന്റെ വേരുകൾ തേടിയുള്ള യാത്രകൾ കൂടിയാണ്. ഓരോ അടി വെക്കുമ്പോഴും അവിസ്മരണീയമായൊരാന്ദം. പെരുമ്പാവൂരിനടുത്തെ കല്ലിൽ ഗുഹാക്ഷേത്രത്തിലെത്തുമ്പോൾ അനുഭവിച്ചറിയാം അത്. ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യം ഇങ്ങനെ . പണ്ടു പണ്ട് കാട്ടിൽ വിറകും ഫലങ്ങളും ശേഖരിക്കാനായി എത്തിയവർ ഒറ്റക്കിരുന്ന് അമ്മാനമാടുന്ന സുന്ദരിയെ കണ്ട് അമ്പരന്നു. അവളുടെ സൗന്ദര്യം കണ്ട് ഭ്രമിച്ചവർ ഒരു നോക്കുകാണാൻ അടുത്തു ചെന്നു. അന്യരുടെ സാമീപ്യം മനസ്സിലാക്കിയ സുന്ദരി അമ്മാനമാടിക്കൊണ്ടിരുന്ന കല്ലുകൾ മറയാക്കി അതിനു പിന്നിൽ ഒളിച്ചു. അമ്മാനമാടിക്കൊണ്ടിരുന്നപ്പോൾ ആദ്യം നിലത്തുപതിച്ച കല്ലുകളിൽ ഒന്നു ദേവിയുടെ ഇരിപ്പിടം ആയെന്നും മുകളിലേക്ക് പോയ കല്ല് മേൽക്കൂരയായി എന്നുമാണ് വിശ്വാസം.
പെരുമ്പാവൂരിനും കോതമംഗലത്തിനും ഇടയിലായി ഓടക്കാലിയിൽ നിന്നും ഏകദേശം നാലര കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ കല്ലിൽ ഗുഹാക്ഷേത്രത്തിലെത്താം. ജൈനമത സംസ്കാരത്തിന്റെ അവശേഷിപ്പായ ഈ ജൈനമത ഗുഹാക്ഷേത്രത്തിന് ക്രിസ്തുവിനും മൂന്ന് നൂറ്റാണ്ട് പഴക്കമുണ്ട്. ജൈനമതത്തിലെ ഇരുപത്തിമൂന്നാമത് തീർത്ഥങ്കരനായ പാർശ്വനാഥന്റെയും ഇരുപത്തിനാലാമത് തീർത്ഥങ്കരനായ വർദ്ധമാന മഹാവീരന്റെയും പത്മാവാതി ദേവിയുടെയും കല്ലിൽ കൊത്തിയ രൂപങ്ങൾ ഇവിടെ കാണാം. പത്മാവതി ദേവിയെ കല്ലിൽ ഭാഗവതിയായിക്കണ്ടാണ് ഇവിടെ ആരാധനയും പൂജകളും നടക്കുന്നത്. ദുർഗ്ഗാദേവിയും മഹാദേവനും മഹാവിഷ്ണുവുമാണ് ഉപദേവതകൾ. ക്ഷേത്രത്തിന്റെ മേൽക്കൂരയായ കല്ലിന്റെ മുൻഭാഗത്ത് കൊത്തിവച്ചിരിക്കുന്ന രൂപത്തെ ബ്രഹ്മവായും ആരാധിച്ചു വരുന്നു.
ക്ഷേത്രത്തിന്റെ മേൽക്കൂരയായ പാറക്ക് ഏകദേശം 75 അടി നീളവും 45 അടി വീതിയും 25 അടി ഉയരവും ഉണ്ട്. ഒരു ഭാഗത്ത് ഭിത്തികൾ പണിതു ശ്രീകോവിൽ നിർമ്മിച്ചിട്ടുണ്ടെങ്കിലും കല്ല് പൂർണമായും വായുവിൽ ആണ് സ്ഥിതി ചെയ്യുന്നത് . കുനിഞ്ഞ് നോക്കിയാൽ പലവശങ്ങളിലും കല്ലുകള്‍ക്കിടയിലെ വിടവുകാണാം. ജൈനമത ആചാര്യൻ ഭദ്രബാഹുവും ചന്ദ്രഗുപ്ത മൗര്യനുമടക്കമുള്ള വിശ്വാസികൾ ഈ ഗുഹയിൽ തപസനുഷ്ഠിച്ചതായി ചരിത്രം പറയുന്നു. എഡി ഒമ്പതാം നൂറ്റാണ്ടുമുതലാണ് ഇവിടെ ഹൈന്ദവ വിശ്വാസമുള്ള ആരാധനകൾ തുടങ്ങിയതത്രേ.
വൃശ്ചികത്തിലെ തൃക്കാർത്തിക നാളിലാണ് ക്ഷേത്രത്തിൽ ഉത്സവ കോടിയേറ്റം നടക്കുക. ഏഴുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനും പ്രത്യേകത ഏറെയുണ്ട്. സാധാരണ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊമ്പനാനയ്ക്ക് പകരം പിടിയാനയാണ് ദേവിയുടെ തിടമ്പേറ്റുക. പണ്ടൊരിക്കൽ, പിടിയാനയ്ക്ക് പകരം കൊമ്പനാനയെ എഴുന്നള്ളിച്ചപ്പോൾ കോപിഷ്ഠയായ ദേവി അവയെ ശപിച്ച് കരിങ്കല്ലുകളാക്കി എന്നൊരു കഥയുണ്ട്. ഇതാണത്രെ, ക്ഷേത്രത്തിന് സമീപത്തെ ആനക്കല്ല്. മൂന്നാറിലേക്ക് ഇതുവഴി പോകുകയാണെങ്കിൽ കല്ലിൽ ഗുഹാക്ഷേത്രവും കണ്ട് യാത്ര തുടരാം.