എന്തൊക്കെയാണ് നമ്മൾ പ്രധാനമായും ക്ഷേത്രങ്ങളിൽ വഴിപാടായി സമർപ്പിക്കുക? പല ക്ഷേത്രങ്ങളിലുമുള്ള വഴിപാടുകൾ പലതാണ്, ഉഴുന്ന് വട കൊണ്ടുള്ള മാല മുതൽ അപ്പവും അരവണയുമൊക്കെ വഴിപാടുകളിൽ പെടും. എന്നാൽ നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന നെസ്‌ലെയുടെ മഞ്ച് വഴിപാടാക്കിയ ഒരു ക്ഷേത്രമുണ്ടെന്നറിയുമ്പോഴോ! കേട്ട് ഞെട്ടണ്ട, സംഭവം സത്യമാണ്. ആലപ്പുഴയിലെ തലവടി ബാലമുരുക ക്ഷേത്രത്തിലാണ് മഞ്ച് ഒരു പ്രസാദമായി ലഭിക്കുന്നത്. തെക്കൻ പഴനി എന്നറിയപ്പെടുന്ന കേരളത്തിലെ മുരുക ക്ഷേത്രമാണ് തലവടിയിലേത്.
ഇവിടെ ഏതു കാലം മുതലാവും ഇങ്ങനെയൊരു വഴിപാടു മുരുകന് പ്രിയങ്കരമായതു? എന്തുതന്നെയായാലും മഞ്ച് എന്ന ചോക്കലേറ്റ് നമ്മുടെ നാട്ടിലേക്കെത്തിയിട്ടു നൂറ്റാണ്ടുകൾ ഒന്നും ആയിട്ടില്ലാത്ത സ്ഥിതിയ്ക്ക് ഒരുപാടു കാലങ്ങൾ അതിന്റെ പിന്നിലുണ്ടെന്നും പറയാൻ വയ്യല്ലോ. "അടുത്ത് കുറെ നാളായിട്ടാണ് ഇത്തരമൊരു ആചാരം ഇവിടെ വന്നത്. പക്ഷെ എപ്പോഴാണ് തുടങ്ങിയതെന്ന് ചോദിച്ചാൽ ഓർക്കാൻ കഴിയുന്നില്ല. ഒരു കുട്ടി തുടങ്ങി വച്ച ആചാരമായിരുന്നു.
പരീക്ഷയ്ക്ക് നല്ല മാർക്ക് നേടാൻ വേണ്ടി നടത്തിയ മഞ്ച് വഴിപാട്, പിന്നീട് അതെ ആവശ്യത്തിന് മറ്റു കുട്ടികളും ചെയ്തു. തുടർന്ന് ആ വഴിപാടു അവരവരുടെ ആഗ്രഹ പൂർത്തീകരണത്തിനായി മുതിർന്നവർ ഏറ്റെടുക്കുകയും ചെയ്തു. വലിയ പെട്ടികളിലാണ് പലരും ഇപ്പോൾ മഞ്ച് വാങ്ങി സമർപ്പിക്കുന്നത്" കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലായി ക്ഷേത്രത്തിലുള്ള പൂജാരി ഷാജി പറയുന്നു. ബാലമുരുക ക്ഷേത്രമാണ് ഇവിടെയുള്ളത്. മുരുകൻ കുട്ടി സങ്കൽപ്പത്തിലാണ് ഇവിടെ പൂജയും. അതുകൊണ്ടു തന്നെ കുട്ടികൾ ധാരാളമായി ഇവിടെയെത്തുകയും അവരുടെ ആഗ്രഹങ്ങൾ പറയുകയും ചെയ്യുന്നു. അങ്ങനെ ഒരു നിമിഷത്തിൽ കുട്ടികൾക്ക് പ്രിയം ചോക്കലേറ്റ് ആയതിനാലാകാം കുഞ്ഞു മുരുകനും ചോക്ക്ലേറ്റ് ഇഷ്ട്ടപെടുമെന്നു വിചാരിച്ചു ഏതോ ഒരു കാലത്തു ഒരു കുട്ടി മഞ്ച് വഴിപാടായി സമർപ്പിച്ചത്. ആ കുട്ടിയിലൂടെ തന്നെയാകാം പിന്നീട് ഈ വഴിപാടിനെ കുറിച്ചും അതിന്റെ ഫലപ്രാപ്തിയെ കുറിച്ചും മറ്റു കുട്ടികൾ അറിഞ്ഞതും അവരും മഞ്ചുമായും എത്തിയതും.
ചോക്കലേറ്റു എന്നാണു പൊതുവെ ഇവിടുത്തെ വഴിപാടിനെ കുറിച്ച് പറയുന്നതെങ്കിലും ഏറ്റവുമധികം ഇവിടെ സമർപ്പിക്കപ്പെടുന്നത് നെസ്‌ലെയുടെ മഞ്ച് എന്ന ചോക്കലേറ്റാണ്. വഴിപാടു സമർപ്പിച്ച പലർക്കും ആഗ്രഹിച്ച കാര്യം അതെ പടി നടന്നു എന്നാണു ഇവിടുത്തെ പല അനുഭവങ്ങളും തെളിയിക്കുന്നത്. സ്ഥിരമായി പഴനി മുരുകനെ കാണാൻ പോയിരുന്ന ഇന്നാട്ടിലെ ഒരാൾക്ക് വയസായി യാത്രകൾ ബുദ്ധിമുട്ടായപ്പോൾ ഇനിയെങ്ങനെ പഴനി മുരുകനെ കാണുമെന്നു ആലോചിച്ചു അയാൾ വ്യാകുലപ്പെട്ടു. അയാളുടെ സങ്കടം വർദ്ധിച്ച ഒരു നാളിൽ ഒരിക്കൽ സ്വപ്നത്തിൽ പഴനിമല മുരുകൻ സ്വപ്നത്തിൽ വന്നു സ്വന്തം നാട്ടിൽ ഒരു ക്ഷേത്രം പണിതാൽ അവിടെ വന്നിരിക്കാം എന്ന് പറഞ്ഞുവത്രേ.അങ്ങനെ അയാൾക്ക് സന്തോഷമായി തുടർന്ന് മുരുക ക്ഷേത്രത്തിന്റെ പണിയും പെട്ടെന്ന് ആരംഭിച്ചു. ഇതാണ് തലവടി മുരുക ക്ഷേത്രത്തിന്റെ ചരിത്രമായി നാട്ടുകാർ പറയുന്ന കഥ.
പക്ഷെ ആർക്കും മഞ്ചിന്റെ ചരിത്രം പറയാൻ അറിയില്ല. എവിടെ നിന്ന് എങ്ങനെ തുടങ്ങിയെന്നു കാര്യം മിക്കവർക്കും ഊഹങ്ങൾ മാത്രമാണ്. പക്ഷെ കുട്ടികളിൽ നിന്നും അത് മുതിർന്നവരിലേക്ക് എത്തപ്പെട്ട ഒരു ആചാരം മാത്രമാണെന്ന് ഇവർ സമ്മതിക്കുന്നു. നിരവധി പേർ മഞ്ചുമായി ഇവിടെ വിവിധ ആവശ്യങ്ങളുന്നയിച്ചു എത്തുന്നു. ഒരിക്കൽ ഒരു പെൺകുട്ടി തന്റെ സൗന്ദര്യ പ്രശ്നങ്ങളാൽ വലഞ്ഞാണ് മുരുകന്റെ മുന്നിലെത്തിയത്. "വെളുത്ത മുഖമായിരുന്നു മകളുടേത്, പക്ഷെ ഇടയ്ക്ക് വന്ന കറുത്ത പാടുകൾ അവളുടെ ആത്മവിശ്വാസം കെടുത്തി. അവൾ ഇവിടെ വന്നു മഞ്ച് വഴിപാട് നടത്തി. അവളുടെ മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാവുകയും ചെയ്തു", ഭക്തയായ ഒരു സ്ത്രീയുടെ വാക്കുകളായി കരുതി ഈ വെളിപ്പെടുത്തലിനെ അവഗണിക്കരുതെന്നു പൂജാരി ഷാജി പറയുന്നു. കാരണം ഇത്തരം അനുഭവ കഥകൾ ഇവിടുത്തുകാർക്ക് പറയാൻ അനവധിയുണ്ട്.
വഴിപാടിനെ കുറിച്ച് കേട്ടറിഞ്ഞു വളരെ ദൂരെദേശങ്ങളിൽ നിന്ന് പോലും ആളുകൾ പാക്കറ്റുകൾ നിറയെ മഞ്ചുമായി ഇവിടെയെത്താറുണ്ട്. വരുന്നവർക്ക് പ്രസാദമായി മഞ്ച് തന്നെയാണ് നൽകുന്നതും. പക്ഷെ ചരിത്രം അതിനും പിന്നിൽ ഉണ്ടെന്നതിനാൽ ഈ ക്ഷേത്രത്തെ മഞ്ച് മുരുകന്റെ ക്ഷേത്രം എന്ന് വിളിക്കുന്നതിൽ പൂജാരി ഷാജിയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്തുതന്നെ ആയാലും ഈ ക്ഷേത്രം ആവശ്യം അറിയിച്ചു വരുന്നവർക്ക് ഫലപ്രാപ്തി നൽകുന്നു.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏഴുകിലോമീറ്റർ അകലെയും നഗരത്തിൽ നിന്നും നാല് കിലോമീറ്റർ ദൂരത്തിലുമാണ് മഞ്ച് മുരുകൻ എന്നറിയപ്പെടുന്ന തലവടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുഹമ്മയിൽ നിന്ന് എട്ടു കിലോമീറ്റർ മാത്രമേ ഉള്ളൂ എന്നതിനാൽ ബോട്ട് ഗതാഗതവും ഇവിടെയെത്താൻ പ്രയോജനപ്പെടുത്താം.