Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക സിനിമാ പുരസ്കാരച്ചടങ്ങുകളിൽ അമ്മമാർക്കെന്താണു കാര്യം

Nicole Kidman

'ലോക സിനിമാ പുരസ്കാരച്ചടങ്ങുകളിൽ അമ്മമാർക്കെന്താണു കാര്യം'!. കാര്യമുണ്ട് എന്നു മാത്രമല്ല പുരസ്കാരങ്ങൾ അവർക്ക് അർഹപ്പെട്ടതാണ് എന്നതാണു വാസ്തവം. പുരസ്ക്കാരച്ചടങ്ങു സംഘടിപ്പിച്ചവരോ സംഘാടകരോ സദസ്യരോ അല്ല അമ്മമാരുടെ അർഹതയെക്കുറിച്ചു പറയുന്നത്. പുരസ്കാരജേതാക്കൾ തന്നെ. 

ഈ വർഷത്തെ ഗോൾഡൻ ഗ്ളോബ് പുരസ്കാരച്ചടങ്ങിൽ ബിഗ് ലിറ്റിൽ ലൈസ് എന്ന പരമ്പരയിലൂടെ ലിമിറ്റഡ് സീരിസ് ടിവി ചിത്രത്തിലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട നികോൾ കിഡ്മൻ ആദരവോടെ തന്റെ പുരസ്കാരം സമർപ്പിച്ചത് അമ്മയ്ക്ക്. സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾക്കായി നിലകൊണ്ട വ്യക്തിയായിരുന്നു കിഡ്മന്റെ അമ്മ. ഇപ്പോൾ ഇവിടെ നിൽക്കുമ്പോൾ, എന്റെ നേട്ടങ്ങളെല്ലാം അമ്മയുടെ നേട്ടങ്ങളാണെന്നു തിരിച്ചറിയുന്നു എന്നു പറഞ്ഞ കിഡ്മൻ ലൈംഗിക ചൂഷണത്തിനെതിരെ മാറ്റങ്ങൾക്കായി സംവാദങ്ങളും ഇടപെടലുകളും തുടരാം എന്നു വാക്കുനൽകി ലോകത്തിന്.

ലോസാഞ്ചൽസിലെ ഡോൾബി തിയറ്ററിൽ നടന്ന ഓസ്കർ താരനിശയിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ ഗാരി ഓൾഡ്മാൻ നന്ദിപ്രസംഗം അവസാനിപ്പിച്ചതും 99 വയസ്സുള്ള അമ്മയെക്കുറിച്ചു പറഞ്ഞുകൊണ്ട്. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് ഓസ്കറുമായി ഇതാ താൻ വരുന്നു എന്നും ഓർഡ്മാൻ അമ്മയോടു പറഞ്ഞു.

Allison Janney

ഗോൾഡൻ ഗ്ളോബും ഇപ്പോഴിതാ ഓസ്കറും കയ്യടക്കുന്ന അമ്മമാർ പറയാതെ പറയുന്നുണ്ട് ഇന്നിന്റെ ലോകം അറിയുന്ന താരങ്ങളെ വളർത്തിയെടുത്തതിന്റെ കഠിനകഥകൾ. ത്യാഗങ്ങൾ. സമർപ്പണങ്ങൾ. സങ്കടങ്ങൾ. അവ അറിഞ്ഞില്ലെന്നു നടിക്കാനാവില്ല. പരിഗണിക്കാതിരിക്കാനുമാവില്ല. അദൃശ്യരെങ്കിലും അദ്ഭുതസാന്നിധ്യമായും അകലെയെങ്കിലും അരികിലുള്ള സ്നേഹമായും അമ്മമാർ അരങ്ങു കീഴടക്കുന്നു. സ്ത്രീകളെ ശരീരങ്ങൾ മാത്രമായിക്കാണുന്നവരെ മാതൃത്വത്തിന്റെ വിശുദ്ധിയെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട്. കലാകാരികളെന്ന മേൽവിലാസത്തിൽ സിനിമയിൽ അവസരം തേടിയെത്തുന്നവരെ  ലൈംഗിക ചൂഷണത്തിനുള്ള ഉപകരണങ്ങളായി മാത്രം കാണുന്നവരെ സ്ത്രീകളുടെ കഴിവുകളെക്കുറിച്ചും പ്രതിഭയെക്കുറിച്ചും മനസ്സിലാക്കിച്ചുകൊണ്ട്.

ഗോൾഡൻ ഗ്ലോബിലും ഓസ്കറിലുമൊക്കെ അമ്മമാർ ആദരിക്കപ്പെടുമ്പോൾ യാഥാർഥ്യമാകുന്നതു മധുരപ്രതികാരം. ഇക്കഴിഞ്ഞവർഷം ഒക്ടോബറിൽ പുറത്തുവന്നുതുടങ്ങിയ ലൈംഗികാപവാദക്കേസുകളുടെ ആഹ്ലാദകരമായ പരിസമാപ്തി. ചലച്ചിത്രനിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്നെതിരെ ലൈംഗികാരോപണവുമായി ഒട്ടേറെ നടികൾ മുന്നോട്ടുവന്നപ്പോൾ തകർന്നതു വെയ്ൻസ്റ്റെയിനിന്റെ മാത്രം ഇമേജല്ല. നഷ്ടപ്പെട്ടതു ഹോളിവുഡിന്റെ മാത്രം മേൽവിലാസവുമല്ല. സ്ത്രീകൾക്കു ജോലി ചെയ്യാൻ പറ്റിയ ഇടമേയല്ല സിനിമാലോകം എന്ന ധാരണ വേരുപിടിക്കുകയായിരുന്നു. ഒരു ഇറ്റാലിയൻ മോഡലിന്റെ പരാതിയിൽ  2015ൽ വെയ്ൻസ്റ്റെയ്നെതിരെ അന്വേഷണം നടന്നെങ്കിലും തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിരുന്നു. പക്ഷേ 2017 അവസാനം ആ‍​ഞ്ജലീന ജോളിയും ഗിനത്ത് പാൾട്രൊയും ഉൾപ്പെടെ ഹോളിവുഡിലെ പ്രശസ്ത നടിമാരും മോഡലുകളും ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ അടിതെറ്റിവീണു വെയ്ൻസ്റ്റെയിൻ. ഒപ്പം ലജ്ജയില്ലാതെ ഇരകളെന്നു തുറന്നുപറയുന്നവരുടെ മുന്നേറ്റവും ആരംഭിച്ചു. 

തുടക്കമാകുകയായിരുന്നു ഹോളിവുഡിന്റെ ശുദ്ധീകരണത്തിന്. പിന്നീടുനടന്ന ഗോൾഡൻ ഗ്ളോബ് പുരസ്കാരച്ചടങ്ങിൽ കറുപ്പ് ഒരു നിറമെന്നതിലുപരി പ്രതിഷേധത്തിന്റെയും എതിർപ്പിന്റെയും അടയാളവും സ്ത്രീത്വത്തിന്റെ കൊടിയടയാളവുമായി മാറി.ഹോളിവുഡിലെ ലൈംഗിക ചൂഷണത്തിനെതിരെയുള്ള ‘ടൈം ഇസ് അപ്’ കൂട്ടായ്മയുടെ ആഹ്വാനപ്രകാരം ഗോൾഡൻ ഗ്ലോബിലെ റെഡ് കാർപറ്റ് ചടങ്ങിനെത്തിയവരെല്ലാം അണിഞ്ഞതു കറുപ്പുവസ്ത്രങ്ങൾ.മെറിൽ സ്ട്രീപ്, ആൻജലീന ജോളി, കാതെറീൻ സെറ്റ ജോൺസ് തുടങ്ങിയ പ്രശസ്ത നടിമാർ, പ്രതിഷേധത്തിന്റെ കറുത്തയുടുപ്പിട്ടു ചുവപ്പു പരവതാനിയിൽ മനക്കരുത്തോടെ നിന്നു. ഒടുവിൽ കൊട്ടിക്കലാശമായി അവതാരക ഓപ്ര വിൻഫ്രിയുടെ വാക്കുകളും:

എല്ലാ പെൺകുട്ടികളോടും പറയാനുള്ളത് ഇതു മാത്രം: നിങ്ങൾക്കായി ഒരു പുതിയ ദിവസം ചക്രവാളത്തിൽ കാത്തിരിപ്പുണ്ട്. ഞാനും ഇരയാണെന്ന് അന്ന് പറയേണ്ടി വരില്ല. വിൻഫ്രിയെ അമേരിക്കൻ ഭാവി പ്രസിഡന്റു സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതുവരെയെത്തി ആ പ്രസംഗത്തിന്റെ അലയൊലികൾ. 

Oprah Winfrey

ഗോൾഡൻ ഗ്ളോബിൽ വിൻഫ്രി വാക്കുകളാൽ ആണധികാരത്തിന്റെയും പുരുഷ മേൽക്കോയ്മയുടെയും ചൂഷണത്തിന്റെയും മുഖംമൂടി വലിച്ചുചീന്തിയെങ്കിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഫ്രാൻസിസ് ഡോർമണ്ടിന്റേതായിരുന്നു ഓസ്കറിലെ ഊഴം. സ്ത്രീകൾക്കും കഥകൾ പറയാനുണ്ടെന്നു പറഞ്ഞു ഡോർമണ്ട്. ഇനി സിനിമകൾക്കു കരാർ ഒപ്പിടുമ്പോൾ ഓരോ പ്രോജക്ടിലും സ്ത്രീകൾക്കും കറുത്തവർക്കും മതിയായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തമെന്നും കൂടി പറഞ്ഞു അവർ ആവേശപൂർവം. അതും നാമനിർദേശം ലഭിച്ച എല്ലാ സ്ത്രീകളോടും എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടതിനുശേഷം. സ്ത്രീകൾ വിൽപ്പനച്ചരക്കുകൾ മാത്രമാണെന്ന വിശ്വാസത്താൽ പ്രചോദിതരായി ലൈംഗികാക്രമണം പതിവാക്കിയവരുടെ അധികാരക്കോട്ടകൾക്കുമേൽ ആഘാതമേൽപിക്കുകയായിരുന്നു സിനിമയുടെ വേദികളായ ഗോൾഡൻ ഗ്ളോബും ഓസ്കറുമൊക്കെ. ചെയ്തുപോയ തെറ്റിന്റെ പ്രായഛിത്തം. പാപങ്ങൾ‌ പതിവാക്കിയ വ്യവസായത്തിന്റെ കൂടെനിന്നതിന്റെ പ്രായശ്ചിത്തം. 

അഭിമാനത്തോടെ, അന്തസ്സോടെ ഹോളിവുഡിന്റെ സിനിമാ ലോകത്തേക്കു സ്ത്രീകൾക്കും കടന്നുവരാമെന്ന വ്യക്തമായ സന്ദേശം. ഇനിയൊരു വെയ്ൻസ്റ്റെയ്നു ഹോളിവുഡിൽ അപ്രമാദിത്യത്തോടെ സാന്നിധ്യമുറപ്പിക്കാനാവില്ലെന്നും ഇനിയുമൊരു മീ ടൂ..വേണ്ടിവരില്ലെന്ന ഉറപ്പും വാഗ്ദാനവും. ഈ വർഷത്തെ വനിതാദിനത്തിനു മുന്നുദിവസം മുമ്പു മാത്രം നടന്ന ഓസ്കർ നിശയിലും സ്ത്രീവിമോചനപ്പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രം വിറോടെ മുഴങ്ങിയതോടെ ഇനി കാത്തിരിക്കാം സ്ത്രീ–പുരുഷ സമത്വത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊള്ളുന്ന പുരസ്കാര വേദികൾക്കായി. ലിംഗനീതി ഒരു മുദ്രാവാക്യം മാത്രമായല്ലാതെ യാഥാർഥ്യമായി പുലരുന്ന നാളെകൾക്കായി. കൊല്ലപ്പെട്ട മകൾക്കു നീതി തേടിയിറങ്ങുന്ന അമ്മയുടെ വേഷത്തിൽ ഡോർമണ്ട് എത്തിയതുപോലുള്ള സ്ത്രീത്വത്തിന്റെ ചലച്ചിത്രങ്ങൾക്കായും.