Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാദുണ്ട് ഈ ചിന്തകൾക്ക്

Chithra Krishnan ചിത്ര ഫൂഡ് ഫോര്‍ തോട്ടിലെ ജീവനക്കാർക്കൊപ്പം

ഏതു വിഭവത്തിന്റെയും സ്വാദിനു പിന്നിൽ ഒരു രുചിക്കൂട്ടുണ്ടാവും. ചിത്രയുടെ വിജയത്തിന്റെ പിന്നിലുമുണ്ട് പാകത്തിനു സ്വപ്നം ചേർന്ന രുചിക്കൂട്ട്.

കാപ്പിപ്പൊടി തിളച്ച വെളളത്തിലിട്ടാലേ എത്രമാത്രം കടുപ്പമുണ്ടെ ന്നറിയൂ. അതേ പോലെയാണു സ്ത്രീകളും. പ്രതിസന്ധിഘട്ട ങ്ങളിലാണ് ഒരു സ്ത്രീയുടെ മനസ്സിന് എത്ര കരുത്തുണ്ടെന്ന് അറിയാനാവൂ. ചിത്രാ കൃഷ്ണന്റെ ജീവിതം ഇതു ശരി വയ്ക്കു ന്നു. ജീവിതം വഴിമാറിയൊഴുകിയ സമയത്താണു തന്റെ മനസ്സിന്റെ കരുത്ത് ഇവർ തിരിച്ചറിഞ്ഞത്. അതിജീവനം തേടിയ മനസ്സിൽ രുചിയുളള ചിന്തകൾ പാകത്തിനു ചേർന്നതോടെ വിജയം ചിത്രയെ തേടിയെത്തി.

ചിത്രാ കൃഷ്ണൻസ് ഫൂഡ് ഫോര്‍ തോട്ട് എന്ന സ്ഥാപനത്തി ന്റെ സാരഥിയാണ് ഈ വനിത. ഭക്ഷണവും ചിന്തയുമായി എന്താണു ബന്ധം എന്ന് ചിന്തിച്ചു തല പുകയ്ക്കേണ്ട. രുചിയു ളള ഭക്ഷണവും നല്ല ചിന്തകളും ചേരുന്ന ഇടം എന്നാണ് ഈ പേര് അർത്ഥമാക്കുന്നതെന്നു ചിത്ര കൃഷ്ണൻ പറയുന്നു.

അടുക്കളയെന്ന അരങ്ങ്

രുചിയുളള ഭക്ഷണം മാത്രമല്ല ഫൂഡ് ഫോർ തോട്ടിന്റെ പ്രത്യേ കത. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയുളള വര്‍ക് ഷോപ്പുക ളും പാചക ക്ലാസുകളും ഈ അടുക്കളയിൽ പാകമാകുന്നു. ചിത്രയ്ക്കൊപ്പം പന്ത്രണ്ട് സ്ത്രീകളാണു ഫൂഡ് ഫോർ തോട്ടിലെ അടുക്കളയ്ക്കു ജീവൻ പകരുന്നത്. സാധാരണ വീട്ടമ്മമാ രായ ഇവർ ഒരു പാചകക്കൂട്ട് ഒരുങ്ങുന്നതു പോലെ പാചക വിദഗ്ദ്ധ‌രായ കഥ ഇവിടെയെത്തുന്ന എല്ലാ സ്ത്രീകൾക്കും പ്രചോദനമാകാറുണ്ട്.

അതിജീവനത്തിന്റെ രൂചിക്കൂട്ട്

അടുക്കളയിൽ നിന്നു ചിത്ര ഓർമകളുടെ അരങ്ങത്തേക്കു തിരിഞ്ഞു. ‘‘പതിനെട്ടാമത്തെ വയസ്സിലായിരുന്നു വിവാഹം. ജീവിതത്തെക്കുറിച്ച് അത്രയൊന്നും ചിന്തിക്കാത്ത പ്രായം. വിവാഹശേഷം ബിരുദത്തിനു ചേർന്നു പഠനം പൂർത്തിയാക്കി യെങ്കിലും ജോലിക്കൊന്നും ശ്രമിച്ചില്ല. മൂന്ന് മക്കള്‍ ജനിച്ച തോടെ കുടുംബം മാത്രമായി എന്റെ ലോകം. മൂന്നാമത്തെ കുട്ടിയെ എറണാകുളത്തെ വിദ്യോദയ സ്കൂളിൽ ചേർക്കുന്ന സമയത്താണ് സ്കൂൾ അധികൃതർ അവിടെ പഠിപ്പിച്ചു കൂടെ യെന്ന് ചോദിച്ചത്. എനിക്കും താൽപര്യമായി. അങ്ങനെ അവിടെ അധ്യാപികയായി. ഏഴ് വർഷത്തെ അധ്യാപന ജീവിതം പ്രിയപ്പെട്ട നിമിഷങ്ങളാണു സമ്മാനിച്ചത്. പാചകത്തോടു പണ്ടു മുതലേ താൽപര്യമുണ്ടായിരുന്നു. വെജിറ്റേറിയനായ ഞാൻ വിവാഹശേഷം നോൺവെജ് വിഭവങ്ങളും പാകം ചെയ്യാൻ തുടങ്ങി. ഉപ്പ് നോക്കാൻ പോലും രുചിച്ചു നോക്കാറില്ലെന്നു മാത്രം. പിന്നീട് ജോലി വേണ്ടെന്നു വച്ചു വീട്ടിൽത്തന്നെ ചെറിയ രീതിയിൽ കാറ്ററിങ് നടത്തി. ആ സമയത്തു കാനഡ സ്വദേശി കളായ സുഹൃത്തുക്കൾ റോബർട്ടും ലോറയും കേരളത്തിലെ തനിനാടൻ വിഭവങ്ങളെക്കുറിച്ചറി.യാൻ ഇവിടെയെത്തി. കേരള ത്തനിമയുളള സദ്യയും പല തരം വിഭവങ്ങളും അവർക്കു വേണ്ടി പാകം ചെയ്തു. ഞാൻ വിഭവങ്ങൾ തയാറാക്കുന്നവിധം അവർ വിഡിയോ ക്യാമറയിൽ പകർത്തി, ആ വിഭവങ്ങൾ കഴിച്ച് അവർ നൽകിയ പ്രോത്സാഹനം മറക്കാനാവില്ല.

ജീവിതം എപ്പോഴും തെളിനീര് പോലെ പോലെ ഒഴുകണമെന്നില്ലല്ലോ. പെട്ടെന്നാണു ജീവിതത്തിൽ ഒറ്റപ്പെട്ടു പോയത്. തളർന്നിരിക്കാൻ സമയമില്ലായിരുന്നു. മൂന്നു മക്കളെ പഠിപ്പിക്കണം. അതിജീവിച്ചേ മതിയാവൂ എന്ന അവസ്ഥ. കാറ്ററിങ് യൂണിറ്റ് വേണ്ടെന്നു വയ്ക്കാമെന്നാണ് ആദ്യം കരുതിയത്. ഒരു ജോലി സ്വന്തമായുണ്ടെങ്കിൽ ശമ്പളും ക‌ൃത്യമായി കിട്ടുമല്ലോ എന്നാണോർത്തത്. എന്നാൽ കേറ്ററിങ് യൂണിറ്റ് വിട്ടുകളയാൻ എനിക്കു തോന്നിയില്ല.

ചിത്രാ കൃഷ്ണൻസ് ട്രീറ്റ് എന്ന പേരിലായിരുന്നു ആദ്യം കാറററിങ് യൂണിറ്റ്. പിന്നാടാണ് ചിത്രാ കൃഷ്ണൻസ് ഫൂഡ് ഫോർ തോട്ട് എന്ന പേര് നൽകിയത്. ഇടപ്പളളി ഒബ്റോൺ മാളിനടുത്തായിരുന്നു പൈപ്പ് ലൈൻ റോഡിൽ എന്റെ സ്വപ്നമൊരുങ്ങി. ഇവിടെ വന്ന ശേ‌ഷം അടുത്തുളള പത്ത് സ്ത്രീകളെ കണ്ടെത്തി പരിശീലനം നൽകി. നടന്നു വരാവുന്ന ദൂരത്തിലാണ് അവരുടെയെല്ലാം വീട്. ഹർത്താലോ സമരങ്ങളോ ഒന്നും ബാധിക്കാതെ ഒരേമനസ്സോടെ ഞങ്ങൾ ജോലി ചെയ്യുന്നു.

എറണാകുളം മെഡിക്കല്‍ കോളജിലെ രോഗികൾക്കു വേണ്ടി ഭക്ഷണമെത്തിക്കാനുളള റോട്ടറി ക്ലബിന്റെ ഉദ്യമത്തിൽ പങ്കാളിയാണു ഫൂഡ് ഫോർ തോട്ട്. ഇത്തരം നല്ല ചിന്തകളാണു ഫൂഡ് ഫോർ തോട്ടിന്റെ ജീവൻ. ഒരു സ്ത്രീ ഒറ്റയ്ക്ക് ബിസിനസ് ചെയ്യു മ്പോൾ അത്ര എളുപ്പമാവില്ല കാര്യങ്ങള്‍. അതാണ് അനുഭവം. തുടക്കത്തിൽ എല്ലാ ഓര്‍ഡറും ഏറ്റെടുക്കുമായിരുന്നു. ചിലതരം ഓർഡറുകൾ നഷ്ടമാണുണ്ടാക്കുക. പിന്നീട് അത്തരം ഓർഡറുകൾ ഒഴിവാക്കാൻ തുടങ്ങി. വൃത്തിയും ഗുണമേന്മയും ന്യായവി ലയും കാറ്ററിങ് രംഗത്തു വിജയിക്കാൻ പ്രധാനമാണ്.

ഇത്തരം പാഠങ്ങൾ മറ്റുള്ളവരിലേക്കും പകരാൻ എനിക്കു സന്തോഷമേയുളളൂ. ബിസിനസ് സ്കൂളുകളിലുൾപ്പെടെയുളളയിടങ്ങളിൽ മോട്ടിവേഷണൽ സ്പീച്ച് നടത്താറുണ്ട്. ഫൂഡ് ഫോർ തോട്ടിൽ പാചകം മാത്രമല്ല പഠിപ്പിക്കുക. വിഭവങ്ങൾ ഒരുക്കുന്നതിനുളള സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതു മുതൽ ഒരു ബിസിനസ് നടത്തുന്നതെങ്ങനെയെന്നു വഴികാട്ടിയാവുകയാണ് ഈ ക്ലാസിന്റെ ലക്ഷ്യം. വേസ്റ്റ് മാനേജ്മെന്റ് പോലുളള കാര്യങ്ങളും ഇതിൽ ഉൾപ്പെടും. സാധാരണ വീട്ടിലുണ്ടാവുന്ന അത്ര വേസ്റ്റ് മാത്രമേ ഇവിടുത്തെ അടുക്കളയിലും ഉണ്ടാവാറുളളൂ.

നടനവഴിയിൽ

ചെറുപ്പം മുതലേ ഭരതനാട്യം പഠിച്ചിട്ടുണ്ട്. വിവാഹശേഷം നൃത്തത്തെക്കുറിച്ചു ചിന്തിച്ചതു കൂടിയില്ല. ഇടപ്പളളി ചങ്ങമ്പുഴ പാർക്കിലെ നൃത്ത ആസ്വാദക സദസ്സിലെ കമ്മറ്റി അംഗമാണ് ഞാൻ. കമ്മറ്റി അംഗങ്ങൾ നൃത്തം അവതരിപ്പിക്കണമെന്നു വന്നപ്പോഴാണ് ഒരിക്കൽ കൂടി ചിലങ്ക കെട്ടിയത്. ഇരുപത് വർഷങ്ങൾക്കു ശേഷം അരങ്ങിലെത്തിയ ആ നിമിഷം മറക്കാനാവില്ല. കലയാണ് ഇപ്പോൾ എന്റെ ജീവിതത്തിലെ സന്തോഷം. തഞ്ചാവൂര്‍ പെയ്ന്റിങ്ങിലും മൈസൂര്‍ ആർട്ടിലും പരിശീലനം നേടിയിട്ടുണ്ട്. ഇനി പെയ്ന്റിങ്ങിനു വേണ്ടി കൂടുതൽ സമയം കണ്ടെത്തണം.

എന്റെ ജീവിത യാത്രയിൽ മറ്റുളളവരെയും സഹായിക്കണമെന്നുണ്ട്. എല്ലാവരും ലക്ഷ്യത്തിൽ മാത്രം ശ്രദ്ധയൂന്നും. യാത്ര ആസ്വദിക്കുകയേയില്ല. ഞാൻ പക്ഷേ, യാത്രയാണ് ആസ്വദിക്കുക. ലക്ഷ്യത്തിലേക്കുളള ഓരോ നിമിഷവും എനിക്കു വിലപ്പെട്ടതാണ്. ജീവിതത്തിലെ ഓരോ നിമിഷത്തിനും എന്തു സ്വാദാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.