Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സിനിമാമോഹം അങ്ങനെ വിടില്ല'; നിഷ ജോസഫ്

nisha നിഷ ജോസഫ്.

"Being creative is not a hobby , its a way of life" ജീവിതത്തിലായാലും ബിസിനസിലായാലും മറ്റെന്തു ജോലിയിൽ ആയാലും ഏറ്റവും ക്രിയേറ്റീവ് ആയിരിക്കുന്ന ഒരാളെ എങ്ങനെ അടയാളപ്പെടുത്താം? ഒപ്പം സംസാരിക്കുമ്പോൾ അവരിൽ നിന്നും നമ്മിലേക്ക് ഒഴുകിയെത്തുന്ന പോസിറ്റീവ് ആയ ഊർജ്ജത്തിലോ അതോ ഓരോ അനുഭവങ്ങളിലേയ്ക്കും അവർ ചെന്നെത്തിയ വഴികളെ കുറിച്ച് ഏറ്റവും ലാഘവത്തോടെ പറയുമ്പോഴോ, അതോ വലിയൊരു കോസ്മോ പൊളിറ്റൻ സിറ്റിയിലെ ബിഗ് ബജറ്റ് ജീവിതത്തിനിടയിലും നാട്ടിലെ മഴയെക്കുറിച്ചും പുഴയെക്കുറിച്ചും ആലോചിക്കുന്നയാളെന്നോ. എന്നാൽ ഇതിലൊന്നല്ല ഇതെല്ലാമാണ് നിഷാ ജോസഫ് എന്ന പ്രവാസി മലയാളി. 

ഒരു ചിത്രശലഭത്തെ കയ്യെത്തി പിടിക്കുന്നതു പോലെ സ്വപ്നങ്ങളെ കയ്യെത്തിപ്പിടിച്ച സ്ത്രീ. അതു സമയമാകുമ്പോൾ വന്നെത്തുമെന്നു തിരിച്ചറിഞ്ഞു  സമയമെത്തിയപ്പോൾ സ്വീകരിച്ചു നെഞ്ചോടു ചേർത്ത സ്ത്രീ. കലാരംഗത്തും ബിസിനസ് രംഗത്തും ഒരേ പോലെ കഴിവുള്ള സ്ത്രീകൾ അപൂർവ്വമാണ്. കാരണം ബിസിനസിന്റെ നൂലാമാലകൾക്കിടയിൽ കലയും സാഹിത്യവുമൊക്കെ പാതിവഴിയിൽ നഷ്ടപെടുത്തേണ്ടി വരുമ്പോൾ പലപ്പോഴും മരവിച്ചു പൊയ്ക്കൊണ്ടിരുന്ന ജീവിതമാണ് ബാക്കിയാകുന്നത്. അവിടെയും വിജയം നിഷാ ജോസഫിന് ഒപ്പമുണ്ടായിരുന്നു. വിസ്‌ മീഡിയ,ഫെല്ലാ സ്പാ, വിവിധ ഇവന്റ് മാനേജ്‌മെന്റ് ഷോകളുടെ നിയന്ത്രണം, ഇപ്പോൾ സിനിമാ നിർമ്മാണത്തിലേയ്ക്ക് കടന്നു വരാൻ വിസ്‌ മൂവീസ് തുടങ്ങി ഓരോ ഇടങ്ങളിലും കയ്യൊപ്പ് പതിപ്പിക്കാൻ നിഷ എപ്പോഴും ശ്രദ്ധിക്കുന്നു.

നീണ്ട പതിനേഴു വർഷത്തെ പ്രവാസ ജീവിതം ജന്മനാടായ കോഴിക്കോടിന്റെ തനത് ഭാഷയുടെ ഒഴുക്ക് പോലും നിഷയിൽ നിന്ന് നഷ്ടപ്പെടുത്തിയിട്ടില്ല

"വിദേശത്താണെങ്കിലും എപ്പോഴും ആ പഴയ നാട്ടിൻപുറത്തെ പെൺകുട്ടി തന്നെയാണ് ഞാൻ . മഴയും തോടും തനി നാടൻ കാഴ്ചകളും ഒക്കെ ഇഷ്ടപ്പെടുകയും അതിൽ ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യാൻ ഇഷ്ടമുള്ളൊരാൾ. ഇത്തവണ നാട്ടിൽ വന്നപ്പോൾ കോഴിക്കോട് വഴി കാറിൽ മകളോടൊപ്പം സഞ്ചരിക്കുമ്പോൾ അവളോട് പഴയ കഥകൾ പറഞ്ഞു കൊടുത്തു. ചെറിയ, ചേറോക്കെയുള്ള കുളത്തിൽ വെള്ള പെറ്റിക്കോട്ടൊക്കെയിട്ട് മീൻ പിടിക്കാൻ ഇറങ്ങുന്ന അമ്മയെ കുറിച്ച് കേട്ടപ്പോൾ അവൾക്ക് അതിശയം. ഇപ്പോഴത്തെ നമ്മുടെ കുട്ടികൾ അവർ നാട്ടിൽ ഉള്ളവരാണെങ്കിൽ പോലും അന്നത്തെ കാലത്തെ ഒന്നും ഇപ്പോൾ ആർക്കും കിട്ടുന്നേയില്ല. കുട്ടികളൊക്കെ അവരുടെ സാങ്കേതികതയുടെ ലോകത്ത് ഒറ്റപ്പെട്ടു നിൽക്കുകയല്ലേ! ബിസിനസിൽ നിൽക്കുമ്പോൾ പൂർണമായും അതിന്റെ ലോകത്ത് ആസ്വദിച്ച് ചെയ്യുന്ന ഒരാളാണ് ഞാൻ, പക്ഷെ എന്റെയുള്ളിൽ ആ പഴയ ഗൃഹാതുരതകൾ അതെ പോലെയുണ്ട്. നാടിന്റെ ആ മണം ഇടയ്ക്കൊക്കെ ഇങ്ങനെ ഉള്ളിൽ വന്നു നിറയുന്നത് കൊണ്ടാണ് ഞങ്ങളുടെ ഏറ്റവും പുതിയ സംരംഭമായ വിസ്‌ മൂവീസ് കൊച്ചി ആസ്ഥാനമാക്കി തുടങ്ങിയതും. അതിന്റെ പേരിൽ ഇടയ്ക്ക് നാട്ടിലേയ്ക്ക് വന്നു പോകാമല്ലോ. 

വിമാനവും അതിലെ ജോലിയും

ആകാശത്തിലൂടെ വിമാനം കാണുമ്പോൾ തോന്നിയ മോഹം മാത്രമായിരുന്നില്ല വിമാനത്തോട്. അതിൽ ജോലി ചെയ്യുന്ന എയർ ഹോസ്റ്റസുമാരുടെ വേഷങ്ങൾ, അവരുടെ രീതികൾ എല്ലാം ഒരു പ്രായത്തിൽ ഒപ്പം കൂടി. അങ്ങനെയാണ് കുട്ടിക്കാലം മുതൽ തന്നെ വിമാനത്തിൽ ജോലി മനസിലേയ്ക്ക് വന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ സമയത്താണ് ജെറ്റ് എയര്‍വേയ്സിന്‍റെ വാക്ക് ഇന്‍ ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തത്. അവിടം മുതൽ കരിയർ ആരംഭിച്ചു. ജെറ്റ് എയര്‍വേഴ്സില്‍ ഗ്രൗണ്ട് സ്പ്പോര്‍ട്ട് സ്റ്റാഫായി ആദ്യം ജോലിയിൽ കയറി. അവിടെ നിന്നും കരിപ്പൂർ എയർപോർട്ടിലേക്ക് മാറ്റപ്പെട്ടു. പിന്നെ വിവാഹം കഴിഞ്ഞു ദുബായിൽ എത്തിയ ശേഷം അവിടുത്തെ അുദി ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടിൽ ലോഡ് കണ്‍ട്രോള്‍ ഓഫീസര്‍ ആയി നിയമനം ലഭിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2003ല്‍ ആണ് പിന്നെ ഫ്ലൈറ്റ് ഡെസ്പാച്ചർ എന്ന പ്രധാന ജോലിയിലേക്ക് പ്രവേശിക്കുന്നത്. ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ഇത്തരത്തിൽ ഒരു ജോലി ലഭിക്കുന്ന ആദ്യ മലയാളി വനിതാ എന്ന പേര് നേടാൻ കഴിഞ്ഞതിലെ സന്തോഷം വലുതാണ്.  

അങ്ങനെ ഇടവേളകളിൽ ഞങ്ങൾ വിസ്‌ മീഡിയ ആരംഭിച്ചു

എയർപോർട്ടിലെ ജോലിക്കിടയിൽ കൃത്യമായ ഇടവേളയുണ്ടായിരുന്നു. വെറുതെ ഇരിക്കുക എന്നു വെച്ചാൽ കൊല്ലുന്നത് പോലെയാണ്. ആ സമയത്താണ് ഉള്ളിലെ അഭിനയ മോഹവും ക്രിയേറ്റീവ് ആഗ്രഹങ്ങളും പിന്നെയും പൊന്തി വന്നത്. അങ്ങനെയാണ് ആങ്കറിങ്ങിലേയ്ക്ക് വരുന്നതും. കുട്ടിക്കാലത്ത് മനോരമ വീക്കിലിയിൽ മുഖം ചിത്രം വന്നത് മുതൽ തുടങ്ങിയതാണ് മോഡിങ്ങിനോടുള്ള ഇഷ്ടം. പതിനഞ്ചു വയസ്സുള്ളപ്പോൾ നമ്മുടെ ഒരു ആന്റി, ആൾ കോഴിക്കോട് മനോരമയുടെ അടുത്തുള്ള ലാബിലാണ്. ഞാൻ സ്ഥിരമായി പോകുന്ന ഇടം. സ്‌കൂളിൽ നൃത്തമോ എന്തുണ്ടെങ്കിലും ആന്റിയോടൊപ്പം പോയാണ് മാലയും വളയും ഒക്കെ വാങ്ങുന്നതും. അങ്ങനെ എനിക്കെന്താവശ്യമുണ്ടെങ്കിലും ആന്റിയെ കണ്ടാൽ അതു നടത്തി തരുമെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു. ആയിടയ്ക്കാണ് മനോരമ വീക്കിലിയിലെ മുഖചിത്രങ്ങൾ കണ്ട് ഇഷ്ടം തോന്നുന്നത്. 

with-media-team-1

എനിക്കും അങ്ങനെ ഒരു മുഖചിത്രമാകണമെന്നു തോന്നി. ആന്റിയോട്‌ പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആന്റി വന്നു നീ ഇന്ന് റെഡി ആയിരിക്കണം മനോരമയിലെ "നാരായണേട്ടൻ" വരും, ഫോട്ടോ എടുത്തു പൊയ്ക്കൊള്ളും എന്ന് പറഞ്ഞു. ആന്റിയുടെ ലാബിന്റെ മുന്നിൽ കൂടിയാണ് അദ്ദേഹം എന്നും ഓഫീസിലേയ്ക്ക് പോകുന്നത്. അങ്ങനെ ആന്റി എന്നെക്കുറിച്ചു പറയുകയും അദ്ദേഹം സമ്മതിക്കുകയുമാണ് അന്നുണ്ടായത്. നമ്മുടെ മുഖചിത്രം അച്ചടിച്ചു വന്ന മാസിക ഇങ്ങനെ കടകളിലൊക്കെ തൂങ്ങിയാടുന്നത് കണ്ടപ്പോഴുള്ള സന്തോഷം വലുതായിരുന്നു. പിന്നീട് നിരവധി പരസ്യങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും ആദ്യം പതിനഞ്ചു വയസ്സിൽ തുടങ്ങിയ ആ മുഖചിത്രം ഇന്നും ഒരു നിയോഗമാണെന്നെനിക്കു തോന്നുന്നു.

cover-photo നിഷ 15–ാം വയസ്സിൽ മനോരമ മാസികയുടെ മുഖചിത്രമായപ്പോൾ.

അതുപോലെ അന്ന് പള്ളിപ്പെരുന്നാളിന്‌ എന്റെ അന്നൗൻസ്മെന്റ് കേട്ടിട്ട് ആകാശവാണിയിലേക്കുള്ള ഒരു പരസ്യത്തിനായി എന്നെ വിളിപ്പിച്ചു, ഞാൻ പോയി ചെയ്യുകയും ചെയ്തു. എല്ലാം ഓരോ നിയോഗങ്ങളായിരിക്കണം. വിസ്‌ മീഡിയയുടെ തുടക്കം ദുബായിൽ വന്ന ശേഷമുള്ള ആങ്കറിങ്ങിൽ കൂടിയായിരുന്നു. ഷാർജയിലുള്ള സ്റുഡിയോയിലേക്കുള്ള യാത്ര ബുദ്ധിമുട്ടായപ്പോഴാണ് ആ പ്രോഗ്രാമിന്റെ നിർമ്മാണം നമ്മൾ സ്വയം ഏറ്റെടുത്താലോ എന്ന ആലോചനയുണ്ടാകുന്നതും ഭർത്താവ് ജോസഫ് സേവ്യർ നിർമ്മാതാവായി ദുബായിൽ അത് ആരംഭിക്കുകയും ചെയ്തു. മലയാളം ചാനലിൽ പ്രക്ഷേപണം ചെയ്ത പരിപാടിയായിരുന്നു അത്. പിന്നീട് ആ നിർമ്മാണ കമ്പനി ഒരു ഔദ്യോഗിക കമ്പനിയാക്കി മാറ്റി. വിസ്‌ മീഡിയ എന്ന പേരിൽ ഇപ്പോൾ സ്റ്റുഡിയോ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. അന്ന് റേഡിയോയിൽ ശബ്ദം നൽകിയ അതേയാളുടെ സ്റ്റുഡിയോയിൽ ഇവിടുത്തെ സ്വകാര്യ റേഡിയോ ഉൾപ്പെടെയുള്ള പരസ്യങ്ങൾ നമ്മൾ ചെയ്തു കൊടുക്കുന്നു. ഇതൊക്കെ ഒരു നിയോഗമല്ലാതെ മറ്റെന്താണ്!

സിനിമയുടെ മോഹം അങ്ങനെ വിടില്ല....!

സിനിമയിലേയ്ക്കു വന്നത് വളരെ യാദൃശ്ചികമായാണ്. ജോയേട്ടൻ (ജോയ് മാത്യു) ഞങ്ങളുടെ കുടുംബ സുഹൃത്താണ്. പക്ഷെ പഴയ തലമുറകൾ തമ്മിലാണ് അടുപ്പം. ഞങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നില്ല. അദ്ദേഹം ദുബായിലായിരുന്നപ്പോൾ ഒരു ചാനലിനു വേണ്ടി എന്നോട് സംസാരിക്കാൻ വന്നപ്പോഴാണ് പഴയ ഓർമ്മകൾ പുതുക്കുന്നതും അടുത്ത സുഹൃത്തുക്കളാകുന്നതും. പണ്ടൊക്കെ ഞാൻ എഴുതുകയും ചെയ്യുമായിരുന്നു. എന്തൊക്കെയാ കയ്യിലില്ലാത്തത് എന്നൊന്നും ചോദിക്കരുത് (ഉറക്കെ ചിരിക്കുന്നു) ! പക്ഷെ വിവാഹം കഴിഞ്ഞപ്പോൾ എഴുത്തൊക്കെ പതിയെ നിന്നു പോയി. അതൊക്കെ ഒരു പ്രത്യേക ഭ്രാന്തൻ അവസ്ഥയിൽ അതിലേയ്ക്കു നമ്മൾ എത്തിപ്പെട്ടു പോകുന്നതാണ്.

with-joy-mathew ജോയ് മാത്യുവിനോടൊപ്പം.

പക്ഷെ വീണ്ടും എഴുതാനെനിക്ക്  ഊർജ്ജം തന്നത് ജോയേട്ടനായിരുന്നു. ഇപ്പോൾ അനുഭവക്കുറിപ്പുകൾ പോലെ പലപ്പോഴും എഴുതാറുണ്ട്. പക്ഷെ ആർക്കും വായിക്കാൻ കൊടുക്കാറില്ല കേട്ടോ, ജോയേട്ടനൊഴികെ. അതാണ് അദ്ദേഹവുമായുള്ള ആത്മബന്ധം. അദ്ദേഹം ആദ്യമായി സിനിമ (ഷട്ടർ) എടുക്കുമ്പോൾ എന്നോട് ചോദിച്ചു, സുഹ്‌റ എന്ന കഥാപാത്രത്തെ ഞാൻ തന്നെ അവതരിപ്പിക്കണം. കുട്ടിക്കാലം മുതൽ സിനിമകൾ കാണുമ്പോൾ കണ്ണാടിയുടെ മുന്നിൽ നിന്ന് അഭിനയിച്ചിരുന്ന ഒരു പെൺകുട്ടിയ്ക്കു ലഭിക്കുന്ന അമൂല്യമായൊരു വാക്കായിരുന്നു അത്.

അങ്ങനെ ആ കഥാപാത്രത്തെ ഏറ്റെടുത്തു. പിന്നീട് കുബേരരാശി എന്നൊരു തമിഴ് സിനിമയിൽ സി ബി ഐ ഓഫീസറായി അഭിനയിക്കാൻ അവസരം ലഭിച്ചു. അതിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് എപ്പോഴും നമ്മുടെ കയ്യിൽ ഒരു തോക്കുണ്ടാകും. പിന്നെ ചേസിംഗ്. രസകരമായി തോന്നി. ജീവിതത്തിൽ ഇന്നേവരെ തോക്കു കൈ കൊണ്ട് തൊട്ടിട്ടില്ലാത്തൊരാൾ അങ്ങനെ ആ സിനിമയിൽ ഉടനീളം തോക്കു കൈയിൽപ്പിടിച്ചഭിനയിച്ചു. പിന്നെ മറ്റൊരു സിനിമയിലെ ഗാനരംഗത്തിൽ. ഇനിയും സിനിമ ചെയ്യുമോ എന്നറിയില്ല.  പക്ഷെ സിനിമയോടുള്ള വല്ലാത്ത ഇഷ്ടം കൊണ്ടാണ് ഇപ്പോൾ വിസ്‌ മൂവീസ് എന്ന നിർമ്മാണ കമ്പനി തുടങ്ങിയത് പോലും.

സ്ത്രീയെന്ന പ്രത്യേക പരിഗണനയെന്നും വേണ്ടാ

ഞാനാലോചിക്കാറുണ്ട്, ഒരുപക്ഷെ ദുബായിൽ ആയതുകൊണ്ടാകും ഇത്രയും കുഴപ്പമില്ലാതെ ഒരു ബിസിനസ് വുമൺ ആയി എനിക്ക് നിലനിൽക്കാൻ കഴിയുന്നത്. ഒരിക്കലും ഒറ്റയടിയ്ക്ക് എന്നിലേയ്ക്കു വന്ന ഒരു ബിസിനസ്സല്ല ഇത്. കഴിഞ്ഞ പതിനേഴ് വർഷങ്ങളായി മെല്ലെ മെല്ലെ ഞങ്ങൾ ഒരുക്കിക്കൊണ്ടു വന്ന ഒരു ഗ്രൂപ്പാണ് വിസ്‌ മീഡിയ. ഇപ്പോഴും ജീവിതത്തിൽ വിജയിച്ചു എന്ന് ഞാൻ പറയില്ല. നേടാനിനിയും എന്തൊക്കെ ബാക്കിയുണ്ട്. പക്ഷെ വളരെ കൺസിസ്റ്റന്റ് ആയ ഒരു രീതിയിൽ ഇപ്പോഴും മുന്നോട്ടു പോകാൻ കഴിയുന്നുണ്ട്.

nisha-2 നിഷ ജോസഫ്.

ഞാൻ എയർപോർട്ടിൽ ഒക്കെ ജോലി ചെയ്തിരുന്നപ്പോൾ എങ്ങനെ ഒരു സ്റ്റാഫിനോട് മുതിർന്ന ഉദ്യോഗസ്ഥർ പെരുമാറാൻ പാടില്ല എന്നൊരു തിരിച്ചറിവ് ഉണ്ടായിരുന്നു. അതൊക്കെ മനസ്സിൽ ഉള്ളതുകൊണ്ടായിരിക്കാം എന്റെ കൂടെ ജോലി ചെയ്യുന്നവർക്ക് ഞാൻ ചിലപ്പോൾ അമ്മയാണ്, ചേച്ചിയാണ്, സുഹൃത്താണ്. അവർക്ക് എന്തും തുറന്നു സംസാരിക്കാനുള്ള ധൈര്യവും ഞാൻ കൊടുക്കുന്നുണ്ട്. ആരും അടിമകളല്ല. ഒരിക്കലും ഒരു സ്ത്രീ എന്ന പേരിൽ എവിടെയും ഞാൻ അപമാനിക്കപ്പെട്ടിട്ടില്ല.

ഒരുപക്ഷെ പൊതുവെ കുറച്ചു പരിഗണന കൂടുതൽ കിട്ടിയിട്ടുണ്ടെങ്കിലേ യുള്ളൂ. എയർപോർട്ടിൽ ജോലി ഉണ്ടായിരുന്ന സമയത്ത് മൂത്ത മോൾക്ക് വന്ന അസുഖത്തിന് ചികിത്സയ്ക്കു വേണ്ടി ബാങ്കിൽ നിന്നും ലോണിന് അപേക്ഷിച്ചപ്പോൾ വരുമാനം മൂവായിരം ദിർഹത്തിൽ താഴെ ആയിരുന്നതിനാൽ കിട്ടില്ല എന്നറിയിച്ചിരുന്നു. അന്ന് സഹായിച്ചത് ഒപ്പം ജോലി ചെയ്തിരുന്ന ഒരു ഭണ്ടാരി അദ്ദേഹത്തിന്റെ പാസ്പോർട്ട് എനിക്കു വേണ്ടി നൽകിക്കൊണ്ടാണ്.

ജീവിതത്തിൽ അങ്ങനെ ഏതു സാഹചര്യത്തിലും ദൈവം മനുഷ്യ രൂപത്തിൽ സഹായിക്കാൻ വന്നിട്ടുണ്ട്. മോഹങ്ങൾ കണ്ടറിഞ്ഞു കൈപിടിച്ചിട്ടുണ്ട്. പക്ഷെ അന്നത്തെ ആ അനുഭവം മനസ്സിൽ ഉള്ളതുകൊണ്ട് എന്റെ ഓഫീസിലെ ഏതു സ്റ്റാഫിനും ശമ്പളം മൂവായിരം ദിർഹത്തിനു മുകളിലാണ്. ഞാൻ അന്ന് അനുഭവിച്ചത്‌ പോലെയൊരു വേദന എന്റെ ഒപ്പം ഉള്ളവർ അനുഭവിക്കാൻ പാടില്ല. 

അവൾ സ്വയം കണ്ടെത്തട്ടെ അവളുടെ ശക്തി

സ്ത്രീ ശാക്തീകരണം എന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യത്തിൽ ഒന്നാണ്. അവർക്കു വേണ്ടി പല ക്ലാസ്സുകളും ചെയ്തിട്ടുണ്ട്. ഒരിക്കൽ നാട്ടിൽ പത്തിരുപത് സ്ത്രീകളുടെ മുന്നിൽ ക്ലാസെടുക്കാൻ അവസരം കിട്ടി. എല്ലാം സീരിയലുകളൊക്കെ കാണുന്ന വീട്ടമ്മമാരായ നാട്ടിൻപുറത്തുകാരി സ്ത്രീകൾ. അവരുടെ ഇടയിൽ നിന്നു കൊണ്ടാണ് ചോദിച്ചത് നിങ്ങളുടെയൊക്കെ വീടുകളിൽ എന്താണ് പാചകം ചെയ്യാൻ കത്തിക്കുന്നത്.

വിറകടുപ്പ്, ഗ്യാസ്, സ്റ്റൗവ് എല്ലാ ഉത്തരങ്ങൾക്കുമൊടുവിൽ ഞാൻ പറയാൻ ഉദ്ദേശിച്ചത് എല്ലാത്തിൽ നിന്നും അവർ കാത്തിരിക്കുന്ന അഗ്നിയെക്കുറിച്ചായിരുന്നു. അതെ അഗ്നി അവനവന്റെ നെഞ്ചിലാണ് ഉണ്ടാകേണ്ടത് എന്നു പറഞ്ഞപ്പോൾ അവരുടെ ഒക്കെ കണ്ണു നിറഞ്ഞതു കാണാമായിരുന്നു. അത്തരം നിമിഷങ്ങളെ ക്കുറിച്ചോർക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. അല്ലെങ്കിലും ചെറിയ ചെറിയ കാര്യങ്ങളിൽ നന്നായി സന്തോഷിക്കുന്ന ഒരാളാണ് ഞാൻ. വലിയ വലിയ സ്വപ്നങ്ങളിലല്ല ചെറിയ ചെറിയ കാര്യങ്ങളിൽ ഞാൻ പെട്ടെന്ന് സന്തോഷിക്കാറുണ്ട്. ഇപ്പോൾ പലയിടത്തും ഇതുപോലെ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ ഇഷ്ടമാണ്. മധുരൈ യൂണിവേഴ്സിറ്റി ഈ വിഷയം മുൻനിർത്തി അടുത്ത മാസം ഓണററി ഡോക്ടറേറ്റ് നൽകുന്നുണ്ട് എന്നത് മറ്റൊരു സന്തോഷമായി കാണുന്നു. 

ഇവിടെ ദുബായിൽ ഒരുപക്ഷെ സ്ത്രീ എന്നാൽ ഒരു ഉപഭോഗവസ്തുവല്ല. അവൾക്ക് അവളുടെ വിലയും നിലയുമുണ്ട്. അവൾക്കെതിരെ ഒരു കുറ്റം ചെയ്‌താൽ ശിക്ഷ കഠിനവുമാണ്. പക്ഷെ നമ്മുടെ നാട്ടിലോ! പണ്ട് എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളിലെ മനുഷ്യ ശരീരങ്ങളെ കുറിച്ച് പോലും പഠിപ്പിക്കാൻ നമുക്ക് നാണക്കേടാണ്. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം ഉറപ്പായും നൽകണം , എതിർലിംഗത്തിൽപെട്ട വ്യക്തിയുടെ ശരീരം എന്താണെന്ന് അവർക്ക് സ്‌കൂളിൽ വച്ച് അധ്യാപകർ വഴി തന്നെ വിദ്യാഭ്യാസം നൽകണം.

with-husband നിഷ ഭർത്താവിനോടൊപ്പം.

അതൊന്നും ഇല്ലാത്തതു കൊണ്ടാണ് ഇവിടെ ബലാത്സംഗങ്ങളുമൊക്കെ വല്ലാതെ വർധിക്കുന്നതും. എനിക്ക് പിന്നെ തോന്നിയിട്ടുള്ളത് സ്ത്രീകളിൽ നിന്നും പുറപ്പെടുന്ന ഒരു വൈബ് വല്ലാതെ പ്രശ്നം ഉണ്ടാക്കുന്നുവെന്നാണ്. നമ്മളെ കാണുമ്പോൾ ചിലർക്ക് ഇവളെ വളയ്ക്കാൻ കൊള്ളാം എന്ന് തോന്നിപ്പോയാൽ പിന്നെ അവർക്ക് അത് ആവശ്യപ്പെടാൻ ധൈര്യം ലഭിക്കും. പക്ഷെ സമൂഹ മാധ്യമങ്ങളിലോ അല്ലാതെയോ എന്നോട് ഇതുവരെ അങ്ങനെ ആരും വന്നു പറയാൻ ധൈര്യപ്പെട്ടിട്ടില്ല. എനിക്കറിയാം, എനിക്ക് ഏതൊരു പുരുഷന്റെ മുന്നിലും എന്റെ കഴിവുകൾ തെളിയിച്ചു കൊണ്ട് നിൽക്കാൻ ആത്മവിശ്വാസം ഉണ്ടെന്ന്, ആ വൈബ്രെഷൻ അവർക്കു ലഭിച്ചു കഴിഞ്ഞാൽ അവരിൽ നിന്ന് നമുക്ക് ബഹുമാനം തന്നെയാകും ലഭിക്കുക. 

ഷാരൂഖ് ഖാനെ ഏറെ ഇഷ്ടം.. മറക്കില്ല ആ ദിവസം!!!

കോളേജില്‍ പഠിക്കുന്ന കാലത്ത് കോഴിക്കോട്ടെ ഫാത്തിമ ഹോസ്പിറ്റലിന്‍റെ ഉദ്ഘാടനത്തോടനുന്ധിച്ച് അന്നത്തേയും എന്നത്തേയും ബിഗ് ബി അമിതാഭ് ബച്ചൻ ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങിലാണ് ആദ്യമായി ആങ്കറാകുന്നത്. പിന്നീട് ഇവന്റ് മാനേജ്‌മെന്റ് ചെയ്തു തുടങ്ങുമ്പോഴും ഇതേ അനുഭവങ്ങളൊക്കെയായിരുന്നു കൈമുതൽ. 2007 ല്‍ ഫ്രീക്വന്‍സി 2007 എന്നപേരില്‍ ദുബായിലെ ആദ്യത്തെ റേഡിയോ അവാര്‍ഡ് നിശ, ഓഷ്യാനസിന്‍റെ ലഞ്ച് വിത്ത് മോഹന്‍ലാല്‍, മമ്മൂട്ടിയെ അവതരിപ്പിച്ച സിസിഎല്‍ ക്രിക്കറ്റ്, മോഹന്‍ലാലിന്‍റെ ജീവിതത്തെ ആ്സപദമാക്കിയ വിസ്മയം എന്നീ പ്രോഗ്രാമുകൾ വിസ്‌ മീഡിയ ഒരുക്കിയതായിരുന്നു.

എനിക്ക് അന്നും ഇന്നും ബോളിവുഡിൽ ഏറ്റവും ഇഷ്ടം ഷാരൂഖ് ഖാനോടാണ്, അങ്ങനെയാണ് അദ്ദേഹം പങ്കെടുക്കുന്ന ഒരു പരിപാടി ചെയ്യാൻ അവസരം ലഭിക്കുന്നത്. കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പിന് വേണ്ടി സൂപ്പര്‍മോഡല്‍ കിം കര്‍ദാഷ്യന്‍ ലോഞ്ച് ഈവന്‍റ്, ഭീമ ജ്വല്ലേഴ്സിന്‍റെ യുഎഇ ലോഞ്ചിംഗിനായി നിവിന്‍ പോളി,ദുല്‍ക്കര്‍ സല്‍മാന്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടു ദുബൈയിലെ പ്രവൃത്തി ഗ്രൂപ്പ് ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ ഓഫിസ് ഉദ്ഘാടനത്തിനാണു അദ്ദേഹം ദുബായിൽ എത്തിയത്.

with-family കുടുംബത്തോടൊപ്പം.

ആ ഇവന്റിന്റെ ചുമതല വിസ്‌ മീഡിയയ്ക്കായിരുന്നു. മണിക്കൂറുകളാണ് അദ്ദേഹത്തിന് വേണ്ടി ഒപ്പം നടന്നത്. ഞാൻ മുന്നിലും അദ്ദേഹം പിന്നിലും എന്തും നമ്മുടെ വാക്കുകൾ അനുസരിച്ച്, പക്ഷെ ഒരു നോട്ടം കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒന്നും ഇഷ്ടം പ്രകടിപ്പിക്കാനും വയ്യ. അവസാനം പരിപാടി അവസാനിച്ചു കഴിഞ്ഞ ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ കൂട്ടത്തിൽ അദ്ദേഹം എന്നെ പെട്ടെന്ന് ഹഗ് ചെയ്തു നന്ദി പറഞ്ഞു. അതിന്റെ പേരിൽ പിന്നെ ട്രോളുകൾ ഒക്കെ ഇറക്കുമെന്ന ഭീഷണിയൊക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ആ നിമിഷം ഒരിക്കലും മറക്കാൻ പറ്റില്ല. തുള്ളിച്ചാടാൻ തോന്നിപ്പോയി അത്രയേറെ സന്തോഷം തോന്നി. 

ഇനിയങ്ങോട്ട് ഞങ്ങൾ സിനിമ നിർമിക്കും

ഡ്രസ്, കോസ്മെറ്റിക്സ് എന്നിവ സ്ത്രീകളുടെ വ്യക്തിത്വത്തിന് ഉറപ്പായും മാറ്റു നൽകുന്നുണ്ട്. ഒരു മണിക്കൂര്‍ ആഴ്ചയിലൊരുതവണ ചെലവിട്ടാല്‍അതിന്‍റെ ഊര്‍ജം കുടുംത്തിലും സമൂഹത്തിലും പ്രസരിപ്പിക്കാന്‍ തീർച്ചയായും കഴിയും. അതുകൊണ്ടു തന്നെയാണ്  ഹൈക്ലാസ് നിലവാരത്തില്‍ കറാമയില്‍ഫെല്ലാ സ്പാ എന്ന സംരംഭം തുടങ്ങിയത്. പൂര്‍ണ ഹെർബൽ കോസ്മെറ്റോളജിസ്റ്റിന്‍റെ സൗജന്യസേവനം ഒക്കെ ഇവിടെ ആവശ്യക്കാർക്ക് ലഭ്യമാണ്. പല രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ ജോലി ചെയ്യുന്നതിനാൽ വിവിധ കസ്റ്റമേഴ്‌സുകളെ അവരുടെ ശൈലിയനുസരിച്ച് അവർക്ക് ആവശ്യമുള്ളത് നൽകാനും നമുക്ക് കഴിയുന്നുണ്ട്.

ഇനിയിപ്പോൾ സിനിമയുടെ കാര്യം എടുത്താൽ മലയാള സിനിമയിൽ നിർമ്മാതാക്കളായി മാത്രമല്ല ഇപ്പോൾ എല്ലാ രംഗത്തേയ്ക്കും സ്ത്രീകൾ കടന്നു വരുന്നുണ്ട്. പണ്ടു മുതൽ തന്നെ സിനിമയെന്നാൽ അത്രമേൽ ഇഷ്ടം കൊണ്ട് നടന്നിരുന്ന ഒരാളായതിനാൽ സിനിമയോടുള്ള ഇഷ്ടം ഒഴിവാക്കാൻ പറ്റുന്നതല്ല. നാടിനോടുള്ള ഇഷ്ടം കൊണ്ടാണ് കൊച്ചി കേന്ദ്രമാക്കി വിസ്‌ മൂവീസ് തുടങ്ങിയതെങ്കിലും സിനിമയുടെ ഏതെങ്കിലും ഒരു കോണിൽ നിന്നാൽ മതിയെന്ന താൽപ്പര്യം കൊണ്ടാണ് നിർമ്മാണം ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഞാനും സരിത ആൻ തോമസും (ജോയ് മാത്യുവിന്റെ ഭാര്യ) ആണ് ഒന്നിച്ച് ഈ സംരംഭം തുടങ്ങുന്നത്. ജോയ് മാത്യു തിരക്കഥയെഴുതുന്ന പുതിയ സിനിമയുടെ പേര് ഈ ആഴ്ച തന്നെ അനൗൺസ് ചെയ്യും. അതിന്റെ ഷൂട്ടിങ്ങും വൈകാതെ ആരംഭിക്കും. രണ്ടു വർഷമായി വിസ്‌ മൂവീസ് തുടങ്ങി വച്ചിട്ടെങ്കിലും ഞങ്ങളുടെ ആദ്യ സിനിമയാണിത്. 

ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ മുന്നോട്ടു തന്നെ

കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയുമെങ്കിലും ഒരു പണി ഏറ്റെടുത്താൽ അത് ഏറ്റവും പെർഫെക്റ്റ് ആക്കി ചെയ്യണമെന്ന് എനിക്ക് വല്ലാത്ത നിർബന്ധമുണ്ട്. അതിന്റെ പേരിൽ തുറന്നു പറയാനും മടിയില്ല. ഒരുപക്ഷെ എന്റെ അപ്പനും അമ്മയും എനിക്ക നൽകിയ പ്രാർത്ഥനയുടെയും ആത്മധൈര്യത്തിന്റെയുമൊക്കെ തെളിവെടുപ്പായിരിക്കാം അത്. അതുകൊണ്ടു തന്നെയാണ് എന്തു പ്രതിസന്ധികൾ ജീവിതത്തിൽ വന്നാലും പിടിച്ചു നിൽക്കാനും കഴയുന്നത്. വിസ്‌ മീഡിയ വളരെ പ്രതിസന്ധികളിലൂടെ കടന്നു പോയ സമയമുണ്ടായിട്ടുണ്ട്, അന്നൊക്കെ ഒപ്പം നിന്ന സഹപ്രവർത്തകരെ മറക്കാൻ പറ്റില്ല. ഒരിക്കലും ഒരു മുതലാളിയെന്ന നിലയിൽ അവരെ ഞാൻ സമീപിക്കാറുമില്ല. അതുകൊണ്ടാകാം അതേ സ്നേഹം അവർ തിരികെ നൽകുന്നതും. ഇപ്പോൾ ഭർത്താവും നാല് പെൺകുട്ടികളുമുണ്ട്. ഒരു മകൾ ഒഴിച്ചു മറ്റെല്ലാവരും ഒപ്പം ദുബായിലുണ്ട്. 

ചിത്ര ശലഭങ്ങളെ വലിയ ഇഷ്ടമാണ് നിഷയ്ക്ക്. തീരെ ചെറിയ ജീവിതത്തിനിടയിൽ അനേകം രൂപ പരിണാമങ്ങൾക്ക് വിധേയരാകുന്ന ശലഭങ്ങളുടെ ഭംഗിയിലും ജീവിതത്തിലും നിഷ വിശ്വസിക്കുന്നു. ശലഭങ്ങളോടുള്ള ഇഷ്ടം കൊണ്ട് വിസ്‌ മീഡിയയുടെ ലോഗോയിൽ വരെ ആ പ്രണയം നിഷ കൂടെ കൂട്ടുന്നു. ചിത്രശലഭം നിറങ്ങൾ കൊണ്ട് മോഹിപ്പിക്കുന്ന പോലെ എപ്പോഴും മുഖം നിറഞ്ഞ ചിരിയുമായി നിഷ ജോസഫിന്റെ ജീവിതവും ആദർശങ്ങളും അടുത്തു നിൽക്കുന്നവരെ എപ്പോഴും മോഹിപ്പിക്കുന്നുണ്ട്. കുഞ്ഞു കുഞ്ഞു കാര്യങ്ങളുടെ ഒടെ തമ്പുരാട്ടിയായതു കൊണ്ടാകണം വലിയ ബിസിനസ് ലോകത്തിന്റെ അമരത്തിരുന്നിട്ടും ഇപ്പോഴും ആ പഴയ കോഴിക്കോടുകാരിയായിരിക്കാൻ നിഷയ്ക്ക് കഴിയുന്നതും.