Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷാദത്തിലേയ്ക്കു കൂപ്പുകുത്തുന്നവർ സഹ്‌ലയെ കേൾക്കണം; എല്ലാവരെയും ചിരിപ്പിക്കാനാഗ്രഹിക്കുന്ന ഒരു ഒറ്റനക്ഷത്രത്തിന്റെ കഥ

sahla 6 സഹ്‌ല പർവീൺ.

നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ് പർവീൺ. പക്ഷെ എല്ലാ നക്ഷത്ര പ്രകാശങ്ങളെയും പിന്നിലാക്കി ഏറ്റവും തിളക്കമുള്ള ഒരു ഒറ്റ നക്ഷത്രമാണ് സഹ്‌ല പർവീൺ എന്ന ഇരുപത്തിയഞ്ചുകാരി. നീണ്ട സംസാരത്തിനൊടുവിൽ എന്താണ് ശബ്ദത്തിനു ഇത്ര വിഷാദമെന്നു ചോദിക്കുമ്പോൾ അമ്പരക്കാതെ നിവൃത്തിയില്ല.

നിരന്തരമുള്ള മോട്ടിവേഷൻ ക്ലാസ്സുകൾ സഹ്‌ലയെ അത്രയധികം, മനുഷ്യരെ ശബ്ദത്തിൽ പോലും പഠിക്കാൻ കഴിവുള്ള പെൺകുട്ടിയാക്കി തീർത്തിരിക്കുന്നു. പ്രായത്തിനപ്പുറം നിന്ന് ജീവിതത്തെയും ലക്ഷ്യങ്ങളെയും നോക്കിക്കാണുന്ന സഹ്‌ലയ്ക്ക് അടയാളപ്പെടുത്തലുകൾ പലതാണ്. മോട്ടിവേഷണൽ ട്രെയിനർ, എഴുത്തുകാരി, ചിത്രകാരി, സംരംഭക... ഇക്കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ വിപണിയെ കീഴടക്കാൻ പോകുന്ന ഒരു ബുക്ക്, ഒരു പെയിന്റിങ് എക്സിബിഷൻ, ഇന്ത്യയിലും വിദേശത്തിനും ക്ലാസ്സുകൾ.. വെറുതെയിരിക്കാൻ തെല്ലും സമയമില്ല സഹ്‌ലയ്ക്ക്.

ഓരോ നിമിഷവും സ്വയം രൂപപ്പെട്ടുകൊണ്ട്...

ഞാൻ ഓരോ നിമിഷവും എന്നെ രൂപപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന ഒരാളാണ്. എനിക്കേറ്റവുമിഷ്ടം ഒരു "പറച്ചിലുകാരി" എന്നു തന്നെ അറിയപ്പെടാനാണ്. കോളേജുകളിലും ബിസിനസ് സംരംഭങ്ങളിലുമൊക്കെ മോട്ടിവേഷണൽ ട്രെയിനിങ്ങുകളുടെ ഭാഗമായി പോയി സംസാരിക്കാറുണ്ട്. എന്റെ പാഷൻ എന്താണെന്ന് ചോദിച്ചാലും ഏറ്റവുമാദ്യം അതിനെ കുറിച്ച് തന്നെയാണ് പറയേണ്ടതും. പിന്നെ ബിസിനസ് ചെയ്യുന്നുണ്ട് അതും റിയൽ എസ്റ്റേറ്റ്. പിന്നെ എഴുത്തും  നിറങ്ങളും എല്ലാമുണ്ട്. എങ്കിലും ഞാൻ എന്നെ എങ്ങനെ അടയാളപ്പെടുത്തും എന്നതിന് "I  am a speaker " എന്ന് തന്നെ പറയാനാണ് ഇഷ്ടം.

മതവിശ്വാസവും പ്രൊഫഷനും? 

ഇസ്ലാം മതത്തിലാണ് വിശ്വസിക്കുന്നത്. പക്ഷെ അതൊരിക്കലും എന്റെ ജോലിക്കു തടസ്സമായിട്ടില്ല. എല്ലാമതങ്ങളെയും അതിന്റേതായ സെൻസിൽ എടുക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്റെ ജോലിയുടെ ഭാഗമായി എല്ലാ മതങ്ങളിലും റിസർച്ച് നടത്തുന്ന ഒരാളാണ്. ദൈവം എന്നാൽ ഊർജ്ജമാണെന്നു വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.പക്ഷെ ആദ്യം  വിഡിയോകളൊക്കെ അപ്‌ലോഡ് ചെയ്യുകയും ഫെയ്‌സ്ബുക്ക് പ്രൊഫൈൽ തുടങ്ങുകയുമൊക്കെ ചെയ്തപ്പോൾ പലരും മെസേജ് അയക്കുമായിരുന്നു.

sahla4 സഹ്‌ല പർവീൺ

നിറയെ ഉപദേശങ്ങളാണ്. പക്ഷെ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. കല്ലെറിയുന്നവരെ തിരിച്ചു കല്ലെറിയേണ്ടതില്ലല്ലോ. നിശബ്ദത പാലിച്ചാലും മതി. തീരെ ശല്യമാകുമ്പോൾ ബ്ലോക്ക് ചെയ്യും. അങ്ങനെ അത്തരം കാര്യങ്ങളിൽ തീരെ ശ്രദ്ധ കൊടുക്കാതെയിരിക്കുകയായിരുന്നു പതിവ്. പിന്നെ ഇപ്പോൾ ആർക്കുമൊന്നും പറയാനില്ല.

അധികം എന്തെങ്കിലും പറയുമ്പോൾ ഖുർആനിൽ പറയുന്നത് തിരിച്ചു പറയാൻ എനിക്കറിയാം. ഞാൻ ഇതുവേണം എന്ന് വച്ച് ഇറങ്ങിയതല്ല. ആളുകളെ ചിരിപ്പിക്കാനാണ് ബുദ്ധിമുട്ട് എനിക്കു തോന്നി എനിക്കതിനു കഴിയും. നമ്മളിലൂടെ ചിലപ്പോൾ ദൈവം അദ്‌ഭുതങ്ങൾ പ്രവർത്തിക്കില്ലേ. അതുതന്നെ. എല്ലാവരും പറയാറുണ്ട് ഈ കരിയറിൽ മത്സരമുണ്ട് എന്നൊക്കെ എനിക്കെന്തോ അങ്ങനെയൊന്നും തോന്നിയിട്ടില്ല, എന്റെ വഴികൾ തികച്ചും വ്യത്യസ്തമായി ഞാനിങ്ങനെ വെട്ടിത്തുറന്നു കൊണ്ടേയിരിക്കും.

ഈ വാക്കുകളുടെ ഒരു ശക്തിയേ!!!

വാക്കുകൾക്ക് തീവ്രമായ ശക്തിയുണ്ട്. കുറച്ച് നേരമൊക്കെ നമ്മൾ നമുക്ക് മുന്നിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ആളെ ശ്രദ്ധിക്കും പക്ഷെ അതുകഴിഞ്ഞാൽ പിന്നെ വാക്കുകളാണ് മുന്നോട്ടു നയിക്കുന്നത്. പണ്ടൊക്കെ ഞാൻ സ്‌കൂൾ ഏറ്റവും പുറകു വശത്തെ സീറ്റിലിരുന്നിരുന്ന ഒരു കുട്ടിയായിരുന്നു. വായിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു അന്നൊക്കെ. ഡിസ്‌ലെക്സിയ എന്നാണ് ആ അവസ്ഥ അറിയപ്പെടുന്നത്. വലിയ അപകർഷതാബോധം അതോടെ അലട്ടിത്തുടങ്ങിഎനിക്കൊന്നും ചെയ്യാൻ പറ്റില്ല, എന്നെകൊണ്ട് ഒന്നിനും കൊള്ളില്ല എന്നൊക്കെ തോന്നിത്തുടങ്ങി.

മാത്രമല്ല ഏതാണ്ട് 78  കിലോയോളം തടിയുള്ള കുട്ടിയായിരുന്നു ഞാൻ. പിന്നീട് പതിനഞ്ച് വയസ്സൊക്കെ എത്തിയപ്പോൾ മനസ്സിൽ ചിന്തിച്ചു എന്റെ തടി കുറഞ്ഞു മറ്റൊരു സഹ്‌ല ആകുന്നതായി. പിന്നെ അതിനു വേണ്ടിയുള്ള ശ്രമമായിരുന്നു. അടുത്ത ആറു മാസത്തിനുള്ളിൽ എനിക്ക് അങ്ങനെ പതിനഞ്ചു കിലോ തടി കുറഞ്ഞു. അതൊരു വലിയ തിരിച്ചറിവായിരുന്നു. ഒരു കാര്യം മനസ്സിൽ സ്വപ്നം കണ്ട് അതിനു വേണ്ടി ശ്രമിച്ചാൽ അതുറപ്പായും നടക്കും എന്നു മനസ്സിലായി. അതേസമയം തന്നെയാണ് എന്റെ കൈയിൽ പൗലോ കൊയ്‌ലോയുടെ ആൽകെമിസ്റ്റ് എത്തുന്നത്.

parveen സഹ്‌ല പർവീൺ.

സ്വപ്നങ്ങൾക്ക് യാഥാർഥ്യമാകാൻ കഴിയും എന്ന് അങ്ങനെ വായനകളിൽ നിന്നും ഉറപ്പു കിട്ടി. കണ്ണുമടച്ച് ഞാൻ ആൽകെമിസ്റ്റും അതുപോലെയുള്ള പുസ്തകങ്ങളും വിശ്വസിക്കാനിഷ്ടപ്പെട്ടു. അതോടെ മറ്റുള്ളവരിൽ ഞാൻ വ്യത്യസ്ഥയാണെന്നെനിക്കു തോന്നി. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ, സിനിമ, സീരിയൽ, തുടങ്ങിയ കാര്യങ്ങളൊന്നുമല്ല എനിക്ക് പറയാനുള്ളത്, ഞാൻ പറയുന്നതൊന്നും അവർക്കും കേൾക്കാൻ താൽപ്പര്യമില്ല, അങ്ങനെ കുറെ നാൾ പോയി.

എം ബി എ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു കോഴ്‌സിനെ കുറിച്ച് കേൾക്കുന്നത്. അതു രണ്ടു ദിവസത്തെ കോഴ്സാണ്. പക്ഷെ മനസ്സിന്റെ വിഷയത്തിൽ വളരെ എഫെക്ടീവ് ആയ ഒന്ന്. പക്ഷെ എന്താണ് പ്രശ്നം എന്നു വച്ചാൽ എല്ലാർക്കുമൊന്നും ആ കോഴ്സിൽ പങ്കെടുക്കാനാവില്ല, ഉയർന്ന ഫീസ് തന്നെയായിരുന്നു പ്രശ്നം. അങ്ങനെ രണ്ടു ദിവസത്തെ കോഴ്സ് കഴിഞ്ഞു വന്നപ്പോൾ എനിക്ക് തോന്നി ഞാൻ മനസ്സിലാക്കിയത് ആർക്കെങ്കിലും പറഞ്ഞുകൊടുക്കണം.അങ്ങനെ കോളേജിൽ അനുവാദം വാങ്ങി കോളേജിലെ ജൂനിയർ കുട്ടികൾക്ക് ആ ക്ലാസിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് ക്രിസ്പ് ആയി പറഞ്ഞു കൊടുത്തു.

ആ ക്ലാസിന് വിചാരിച്ചതിനേക്കാൾ നല്ല പ്രതികരണമായിരുന്നു അവരുടെ ഭാഗത്ത് നിന്നുമുണ്ടായത്. പലരും ഫെയ്‌സ്ബുക്കിലൊക്കെ പോസ്റ്റും ഇടുകയുണ്ടായി. അതിനു ശേഷം പല കൊളേജിലും ഇതുപോലെയുള്ള ക്ലാസ്സുകൾ എടുക്കാൻ ക്ഷണിച്ചു. കേരളത്തിൽ കുറെ സ്ഥലങ്ങളിൽ പോയി ത്തുടങ്ങിയതോടെയാണ് ബിസിനസ് സ്ഥാപനങ്ങളിൽ നിന്നൊക്കെ ക്ഷണിക്കാൻ തുടങ്ങിയത്. അങ്ങനെ ഒരു സംരംഭക പ്രോഗ്രാം തന്നെ തുടങ്ങി. എന്നേക്കാൾ ഒരുപാട് പ്രായക്കൂടുതൽ ഉള്ള ആളുകൾവരെ നോക്കിയിരിക്കുമ്പോൾ എനിക്ക് തോന്നി എന്നിൽ എന്തൊക്കെയോ ഉണ്ട്. ഒന്നും നിസ്സാരമായി കാണരുത്. അതിനു ശേഷം അതേക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ആരംഭിച്ചു. അങ്ങനെ ദുബായി വരെ പോയി ക്ലാസ്സ് എടുക്കാൻ കഴിഞ്ഞു.

ഏറ്റവും പ്രധാന കാര്യം ഞാൻ ഇപ്പോൾ ചെയ്യുന്ന ഈ ജോലിയിൽ ഞാൻ വളരെയേറെ സന്തോഷവതിയാണ്. ഞാൻ ചെയ്യുന്ന ജോലി എപ്പോഴും റിവ്യൂ ചെയ്യാറുണ്ട്. ആളുകളെല്ലാം സംതൃപ്തരാണ്. പിന്നെയും ക്ഷണങ്ങൾ കിട്ടുന്നുണ്ട്, അതുകൊണ്ടു തന്നെ ആത്മവിശ്വാസമുണ്ട്. ധ്യാനം ഒക്കെ പണ്ടേ ചെയ്യാൻ താല്പര്യമുണ്ടായിരുന്നു. അതിൽ ഒരിക്കലും മതവുമായി ഞാൻ കൂട്ടിക്കുഴയ്ക്കാറില്ല. എനിക്കിതിൽ നല്ല വിശ്വാസമുണ്ട്. അത് പ്രപഞ്ചവുമായി ചേർന്ന് നിൽക്കുന്ന ഒന്നാണെന്ന് തോന്നി. എന്റെ കരിയറിന്റെ ഭാഗമായി വരുമ്പോൾ അത് ഒരുപാട് ഗുണം തരുന്ന ഒന്നുമാണ്.

കുടുംബം... ചോദ്യങ്ങൾ...

എപ്പോഴും ഒരു ചോദ്യം പ്രതീക്ഷിച്ചു കൊണ്ടാണ് മുന്നോട്ടു പോവുന്നത്. ക്ലാസെടുക്കുമ്പോൾ ആർക്കും അതുമായി ബന്ധപ്പെട്ടു ചോദിക്കാം. നമ്മൾ എന്തിനും ഉത്തരം കണ്ടെത്തിയിരിക്കണം. ജീവിതത്തിലേയ്ക്ക് വരുമ്പോൾ വീട്ടിൽ എല്ലാത്തിനും നല്ല സപ്പോർട്ട് ഉണ്ട്. അച്ഛനും അമ്മയും ദുബായിലാണ്. ഇവിടെ നാട്ടിൽ ഗ്രാൻപേരന്റ്സിനൊപ്പമാണ് താമസം. വീട്ടിൽ നിന്നല്ല കുടുബത്തിലെ മറ്റുള്ളവരിൽ നിന്നൊക്കെ നിരവധി ചോദ്യങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്.  വിവാഹത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് ഒക്കെ.

പക്ഷെ എനിക്ക് വളരെയേറെ സന്തോഷം കിട്ടുന്ന ഒരു ജോലിയാണിത്. മറ്റൊരാൾക്ക് ജീവിതത്തിൽ സന്തോഷം കൊടുക്കാനാവുക, അവരെ ചിരിപ്പിക്കാനും സമാധാനമായി ജീവിക്കാനും തയാറാക്കുക ഇതൊന്നും അത്ര നിസ്സാരമായി ഞാൻ കാണുന്നില്ല. ഒരു ക്ലാസ്സിൽ ഞാൻ പറയുന്ന കാര്യങ്ങൾ സ്വയം ജീവിതത്തിൽ ചെയ്ത് പ്രായോഗികമായി അത് വിജയിച്ച ആശയമാണോ എന്ന് നോക്കിയ ശേഷം മാത്രമേ മറ്റുള്ളവരോട് അങ്ങനെ ചെയ്യൂവെന്ന് പറഞ്ഞു കൊടുക്കാറുള്ളൂ.

motivational-speaker സഹ്‌ല പർവീൺ.

അങ്ങനെ വരുമ്പോൾ അവരിൽ നിന്ന് വരുന്ന പല ചോദ്യങ്ങൾക്കും നമുക്ക് അനുഭവങ്ങളിൽ നിന്നും ഉത്തരങ്ങൾ കണ്ടെത്തി കൊടുക്കാനാകും. വിവാഹത്തെക്കുറിച്ച് കുടുംബത്തിൽ നിന്നൊക്കെ ചോദ്യങ്ങൾ വരുമ്പോൾ എനിക്കു പറയാനുള്ളത് എനിക്ക് വരേണ്ടത് അതിന്റെ സമയമാകുമ്പോൾ വരുക തന്നെ ചെയ്യും. ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ അന്നു അതെങ്ങനെ അഭിമുഖീകരിക്കും എന്നോർത്ത് ആശങ്കകളില്ല. ഭാവിയെ കുറിച്ചോർത്ത് വിഷമിക്കാറില്ല അല്ലെങ്കിലും, എന്ത് സന്ദർഭം വന്നാലും അപ്പോൾ ഉള്ളതുപോലെ അതിനെ അഭിഖീകരിക്കും.

പലരും പറഞ്ഞു കേൾക്കാറുണ്ട്, ജീവിതം അഡ്ജസ്റ് ചെയ്യുകയാണ് എന്നൊക്കെ. പക്ഷെ എനിക്കു പറയാനുള്ളത് ജീവിതത്തിൽ അഡ്ജസ്റ്റ്മന്റ് അല്ല അണ്ടർസ്റ്റാൻഡിങ്ങാണെന്നാണ്. പരസ്പരം മനസ്സിലാക്കിക്കഴിഞ്ഞാൽ ജീവിതം മനോഹരമായിരിക്കിക്കും. മനസ്സിലാക്കാൻ കഴിയാത്ത ആളുകളുമായി ഞാൻ ചേർന്ന‌ു പോകാറില്ല. ചേർന്ന് പോകാൻ പറ്റുന്ന ആളുകളുമായി മാത്രമേ സഹകരിക്കാറുമുള്ളൂ. ജീവിതം തിരഞ്ഞെടുക്കുമ്പോഴും അത് സ്വാഭാവികമായി വരും എന്ന് വിശ്വസിക്കുന്നു.

ജീവിതത്തിന്റെ സൗന്ദര്യങ്ങൾ...

എന്റെ തന്നെ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ പുസ്തകമാണ് , "The Beauty of Purpose in Life " ഇരുപത്തിയൊന്നാം വയസ്സിൽ എഴുതിത്തുടങ്ങിയ പുസ്തകമാണ്. പിന്നെ കുറെ താമസം വന്നു. പിന്നീട് ഇരുപത്തിനാലു വയസ്സായപ്പോഴേക്കും അടുത്ത വർഷത്തിന് മുൻപ് അത് തീർക്കണമെന്ന് വാശി തോന്നി. അന്ന് എഴുതിയത് വായിച്ചു നോക്കിയപ്പോൾ ഇപ്പോഴുള്ള കാഴ്ചപ്പടുകളുമായി വലിയ വ്യത്യാസം. അപ്പോൾ എനിക്ക് മനസ്സിലായി ഇനി കാലം കഴിഞ്ഞാൽ അതിനനുസരിച്ച് കാഴ്ചപ്പാട് മാറുന്നതിനനുസരിച്ച് ആ പുസ്തകവും മാറിക്കൊണ്ടിരിക്കും. ഈ പ്രായങ്ങളിൽ പറയാനുള്ള കാര്യങ്ങൾ അതേ പ്രായത്തിൽത്തന്നെ  പുറത്തിറങ്ങുന്നതാണ് നല്ലത്.

അങ്ങനെ ആറു മാസത്തെ ഇടവേളയിൽ ആ പുസ്തകം തീർത്തു. കുറച്ചു നാളുകൾക്കുള്ളിൽ തന്നെ എഴുന്നൂറ് കോപ്പികളിലധികം അത് വിറ്റു പോയി. അത് ഓൺലൈനിൽ മാത്രമാണ് വിൽപ്പന. ആമസോണും എന്റെ ഫെയ്‌സ്ബുക്കും വഴിയാണ് വിൽപ്പന നടക്കുന്നത്. ടീനേജ് കുട്ടികൾക്കാണ് പുസ്തകം കൂടുതൽ ഇഷ്ടപ്പെടുന്നത്. ചെറുപ്പത്തിൽ നിരവധി അനുഭവങ്ങളെ നേരിട്ടിട്ടുണ്ട്. അതിനെക്കുറിച്ചുള്ള അനുഭവങ്ങൾ എഴുതുമ്പോൾ അതേ തരത്തിലുള്ള ആളുകൾക്ക് മനസ്സിലാകും എങ്ങനെ ആ നിമിഷത്തെ അതിജീവിക്കണമെന്നൊക്കെ. ഇപ്പോൾ വിചാരിക്കുന്നത് അന്നത്തെ അനുഭവങ്ങളൊക്കെ ആളുകളുടെ ഒരു "ഫീൽ" മനസ്സിലാക്കാൻ വേണ്ടിയുള്ളതായിരുന്നു എന്ന് തോന്നുന്നു.

ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ..

പലരും ഇന്ന് ഈ പ്രൊഫഷനിൽ ഉള്ളവർ മറ്റുള്ളവരോട് സംസാരിക്കുന്നത് തലച്ചോറു കൊണ്ടാണ്. പക്ഷെ എനിക്കങ്ങനെ പറയാനാകില്ല. എനിക്ക് വാക്കുകൾ ഹൃദയത്തിൽ നിന്നുമേ വരൂ. വളരെ ലളിതമായ ഉദാഹരണങ്ങളിലൂടെയേ മുന്നിലിരിക്കുന്നവർക്ക് ഞാൻ ആശയങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കാറുള്ളൂ. വലിയ വലിയ വാക്കുകളിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ ഒക്കെ കേരളത്തിൽ സംസാരിച്ചിട്ട് എന്ത് കാര്യം. നമ്മുടെ മുന്നിലിരിക്കുന്ന വ്യക്തികൾക്ക് അവർ ഏതു തരവും ആകാം അവർക്ക് ലളിതമായി മനസ്സിലാക്കാൻ കഴിയണം, അതിനുവേണ്ടി വാക്കുകൾ ഹൃദയത്തിൽ നിന്ന് തന്നെയാണ് വരേണ്ടത്. പ്രശ്നങ്ങൾ പരിഹരിക്കുക എന്നല്ല പ്രശ്നങ്ങളെ എങ്ങനെ ലഘൂകരിച്ച് കാണാൻ കഴിയും എന്നതിലാണ് ഞാൻ ശ്രദ്ധിക്കുന്നത്.

കൊടുക്കുക .. വാങ്ങുക...

കരിയർ മുന്നിൽ കണ്ടു തുടങ്ങിയ ഒരു പ്രസ്ഥാനമാണ്, GIVE AND GROW GLOBAL FOUNDATION ", പേരുപോലെ തന്നെ കൊടുക്കുക , വാങ്ങുക എന്ന് തന്നെയാണ് നമ്മുടെ ഉദ്ദേശവും. ഒരാൾക്ക് അങ്ങോട്ട് ഒരു കാര്യം പറഞ്ഞു മനസ്സിലാക്കുമ്പോൾ അവർ അത് സ്വീകരിക്കുക, പകർത്തുക, അതുപോലെ അവരിൽ നിന്നും എന്തെങ്കിലും തിരികെ ലഭിച്ചാൽ നമ്മൾ അത് സ്വീകരിക്കുക. ഒരാളോട് സ്വകാര്യമായി സംസാരിക്കുമ്പോൾ അവർ പറയുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. ചിലപ്പോൾ എനിക്ക് അടുത്ത ക്ലാസ്സിനു വേണ്ടുന്ന എന്തെങ്കിലും ആശയങ്ങൾ ,എന്റെ ജീവിതത്തിൽ വരുത്താൻ കഴിയുന്ന മാറ്റങ്ങൾ ഒക്കെ അങ്ങനെ ലാഭിക്കാം . എല്ലാ ബഹുമാനത്തോടും കൂടി നമ്മൾ അത് അംഗീകരിക്കും. അറിവ് പകരുക, വാങ്ങുക.. ഇതാണ് ഞങ്ങളുടെ മോട്ടോ. ഇപ്പോൾ എന്റെ കൂടെ മൂന്നു പേരുണ്ട്. ഒരുപാട് ഹെക്ടിക്ക് ആയി ജോലികൾ ഏറ്റെടുക്കാറില്ല, കാരണം വായനയുണ്ട്, വരയുണ്ട്, എല്ലാം മുന്നോട്ടു കൊണ്ട് പോകണം.

വിജയത്തിനുള്ള എളുപ്പവഴികൾ...

ഹൃദയത്തിൽ മൂന്നു മനോഹരമായ കാര്യങ്ങളുണ്ടെങ്കിൽ ജീവിതം മനോഹരമായി തീരും. ഒന്ന് ക്ഷമിക്കുക. ക്ഷമിക്കുക എന്നു പറഞ്ഞാൽ നമ്മളോട് തെറ്റ് ചെയ്ത മറ്റൊരാളോട് മാത്രമല്ല സ്വയം നമ്മളോട് ആദ്യം ക്ഷമിക്കാൻ പഠിക്കുക. നമുക്കറിയാം നമ്മൾ പല തെറ്റുകളും ചെയ്യുന്നുണ്ട്, പിന്നെ അതേക്കുറിച്ചോർക്കുമ്പോൾ സ്വയം ദേഷ്യമൊക്കെ വരാറുണ്ട്. പക്ഷെ അങ്ങനെ ഒരവസ്ഥയിൽ മനസ്സമാധാനം ലഭിക്കില്ല മറ്റൊരാൾക്ക് മാപ്പ് കൊടുക്കാനും കഴിയില്ല. ആദ്യം അവനവനു മാപ്പു നൽകുക, അതോടെ മറ്റൊരാളോടും നമുക്ക് ക്ഷമിക്കാനാകും.

രണ്ടാമത്തെ കാര്യം നമ്മുടെ ജീവിതത്തിൽ നമുക്കുള്ള ഏതു ചെറിയ കാര്യങ്ങളെക്കുറിച്ചോർത്തു പോലും നന്ദിയുള്ളവരായി തീരുക. ഇപ്പോൾ നോക്കൂ പലരും ഇപ്പോഴും പരാതി പറച്ചിൽ മൂഡിലാണ് എനിക്ക് അതില്ല, ഇതില്ല അങ്ങനെ നിരവധി പരാതികൾ. അങ്ങനെ ചിന്തകൾ വരുമ്പോൾ നമ്മുടെ ശരീരത്തിലെ സന്തോഷം ഉദ്പാദിപ്പിക്കുന്ന ഡോപ്പാമിൻ എന്ന ഹോർമോൺ പ്രവർത്തനം മുടക്കും പക്ഷെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കു വരെ നന്ദി പ്രകടിപ്പിക്കുക, ചെറിയ കാര്യത്തിൽ വരെ സന്തോഷിക്കാൻ കഴിയുക അത് ജീവിതത്തിൽ വരുത്തുന്ന മാറ്റം വളരെ വലുതാണ്.

മൂന്നാമത്തെ കാര്യം സ്നേഹം. എല്ലാവരെയും സ്നേഹിക്കാൻ പഠിക്കാം. ചിലപ്പോൾ നമ്മൾ ചിലരെ അന്ധമായി വിശ്വസിച്ച് പോയെന്നു വരാം. സ്നേഹം ഉള്ളവരെയാണല്ലോ കണ്ണുമടച്ച് വിശ്വസിക്കുക. അങ്ങനെയുള്ളവർ ചിലപ്പോൾ വിശ്വാസ വഞ്ചന കാട്ടിയെന്നും വരാം. അപ്പോൾ തകർന്നു പോകുന്നതിനു പകരം അതിനെ ജീവിതത്തിലെ ഒരു മികച്ച പാഠമാക്കി എടുക്കാൻ കഴിയണം. നമ്മൾ അവരോടു ക്ഷമിക്കുക, വെറുതെ വിടുക...

നമ്മുടെ ഇപ്പോഴുള്ള ജീവിതത്തിൽ നമ്മൾ സന്തോഷത്തിലാണെങ്കിൽ ഉറപ്പിക്കാം നമ്മുടെ ജീവിതം വിജയമാണ്.

സ്ത്രീകളുടെ സങ്കടങ്ങൾ

പഴയതിനേക്കാൾ സ്ത്രീകൾ വൈകാരികമായി ഇപ്പോൾ കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അതിലേറ്റവും പ്രധാന കാരണമായി എനിക്ക് തോന്നിയത്. കംപ്യൂട്ടറും മൊബൈലും  സാമൂഹിക ബന്ധങ്ങളിലേക്കുള്ള അമിത ശ്രദ്ധ കൊടുക്കലും ഒക്കെ തന്നെയാണ്. ആളുകൾ അത്രയ്ക്കൊന്നും ഇപ്പോൾ സംസാരിക്കുന്നതേയില്ല. പ്രശ്നം എന്നത് തൊണ്ണൂറു ശതമാനവും മനസ്സിന്റെ സൃഷ്ടിയാണ് ബാക്കി പത്ത് ശതമാനമാണ് യാഥാർഥ്യം. അപകടം ഉണ്ടാകുമോ എന്നു ഭയക്കുന്ന ഒരു മണിക്കൂറാകും ശരിക്കും ഭയാനകം. ചിലപ്പോൾ ഒന്ന് ഉരഞ്ഞെന്നു വരാം, അതൊരു പ്രശ്നമല്ല അതോടെ ആ  ഭയം തീർന്നു പോകും,

പക്ഷെ അതിനു മുൻപുള്ള സമയം അതിജീവിക്കാനാണ് ബുദ്ധിമുട്ട്. അപ്പോൾ നമ്മൾ മനസ്സിലാക്കണം മനസ്സാണ് പ്രശ്നത്തിന് കാരണം സങ്കൽപ്പങ്ങളാണ് കൂടുതലും. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നങ്ങൾ പറയുകയോ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. വിശ്വസിക്കാൻ പറ്റുന്ന നല്ലൊരു സുഹൃത്തിനെ പുറത്ത് കണ്ടെത്താൻ കഴിയുന്നില്ല. നമുക്ക് അപരിചിതരായ സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കളെ അമിതമായി വിശ്വസിച്ച് എല്ലാം പറയുകയും ചെയ്യും. ഇപ്പോൾ ചാനലുകളിലോ എവിടെയെങ്കിലും നല്ല വാർത്തകളോ പരിപാടികളോ ഉണ്ടോ. വാർത്തകൾ പോലും അതിനു വേണ്ടി ഉണ്ടാകുന്നതാണ്. നമ്മുടെ ചിന്തകളുടെ രീതി മാറണം. ജീവിതത്തിന്റെ പോസിറ്റീവ് വശങ്ങളെ കുറിച്ച് ചാനലുകൾ സംസാരിക്കുകയും ചെയ്‌താൽ അതാണ് വേണ്ടത്. അതുപോലെ ഒരു മോട്ടിവേഷണൽ സംസാരം കേട്ടാൽ ആരും നന്നാകാൻ പോകുന്നില്ല, അത് കേട്ട് ജീവിതത്തിൽ പ്രവർത്തികമാക്കിയാലേ സന്തോഷങ്ങളിലേയ്ക്ക് എത്താനാകൂ.

നിറങ്ങളെ പാടൂ...

വരയ്ക്കാനുള്ള ഇഷ്ടം കുട്ടിക്കാലം മുതലേയുണ്ട്. മിക്കപ്പോഴും കുട്ടികൾക്ക് നിറങ്ങളോട് വലിയ ഇഷ്ടമുണ്ടാവുമല്ലോ. ഇടയ്ക്കു ഞാൻ അതൊക്കെ നിർത്തിവച്ചിരുന്നു. പിന്നെ ഒരു ഇരുപത്തിരണ്ട് വയസ്സൊക്കെയായപ്പോൾ എനിക്ക് മനസ്സിലായി നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുമ്പോഴാണ് സന്തോഷത്തോടെ ഇരിക്കാനാവുക. അങ്ങനെ വീണ്ടും ക്യാൻവാസും പെയിന്റും ഒക്കെ വാങ്ങി പടം വരയ്ക്കാൻ വീണ്ടും ആരംഭിച്ചു. ചിത്രരചനയും ഒരുതരം ധ്യാനമാണ്. ഒരുപാട് സന്തോഷം ഉൾക്കൊള്ളുന്ന ഒരു അനുഭവം. ഒരു പാട്ടു കേൾക്കുന്ന ആ അനുഭവത്തിൽ ചിത്രവും വരയ്ക്കാനാകണം.

മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുള്ളത് നമ്മുടെ ചുറ്റുമുള്ള നിറങ്ങൾ നമ്മളെ സ്വാധീനിക്കുന്നുണ്ട്. ചില വിശ്വാസങ്ങളിൽ ചുമപ്പ് വിശപ്പിന്റെ നിറമാണ്, ഭക്ഷണം കഴിക്കുന്ന മുറിയിൽ അതുകൊണ്ട് ചുമപ്പ് അടിക്കാം. പക്ഷെ ചുമപ്പ് ദേഷ്യത്തിന്റെയും നിറമാണ്. അപ്പോൾ മറ്റു മുറികളിലടിച്ചാൽ മാനസിക നില മാറി വരാം. അതുപോലെ നമ്മൾ വരയ്ക്കുന്ന പെയിന്റിങ്ങിന്റെ കാഴ്ച ഏതുമുറിയിലാണോ ആ മുറിയെ ബാധിക്കും. കരഞ്ഞു നിലവിളിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രമാണ് വയ്ക്കുന്നതെങ്കിൽ ആ ചിത്രം കാണുമ്പൊൾ മുതൽ ഉള്ളിൽ ഒരു കാരണവുമില്ലെങ്കിലും വിഷമം വരാം.

parveen-002 സഹ്‌ല പർവീൺ

വിഷാദത്തിലേയ്ക്ക് വഴുതി വീഴാം. ഞാൻ എപ്പോഴും പോസിറ്റിവ് തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് വരയ്ക്കാൻ ആഗ്രഹിക്കുന്നത്. ഒരാൾ നമ്മുടെ ചിത്രം കാണുമ്പോൾ അവരുടെ മനസിന് അത് പോസിറ്റീവ് ആയി അനുഭവപ്പെടണം. എന്റെ കാര്യം പറഞ്ഞാൽ എന്റെ റൂമിലെ ഓരോ വസ്തുവും മൂഡിനെ ബാധിക്കാറുണ്ട്. ജോലി കഴിഞ്ഞു വരുമ്പോൾ അലങ്കോലപ്പെട്ടാണ് മുറി കിടക്കുന്നതെങ്കിൽ അത് വീണ്ടും നെഗറ്റീവ് മൂഡിലേയ്ക്ക് മാറും. അതുകൊണ്ട് പോകുന്നതിനു മുൻപ് തന്നെ മുറി അടുക്കി വയ്ക്കാൻ ശ്രദ്ധിക്കാറുണ്ട്. ചില വിഷമം ഉള്ള സന്ദർഭങ്ങളിൽ ബെഡ് ഷീറ്റ് വെളുത്തതാക്കാറുണ്ട്. അതൊക്കെ പ്രയോജനം ചെയ്യാറുമുണ്ട്. പിന്നെ ഒരാളുടെ മുറികണ്ടാൽ അയാളുടെ മനോനില കണ്ടെത്താം. അലങ്കോലപ്പെട്ടു കിടക്കുന്ന മുറിയാണെങ്കിൽ അയാളുടെ മനസും അതുപോലെ ചിന്നി ചിതറി കിടക്കുകയാകും . അടുക്കി പെറുക്കി വച്ച മുറിയാണെങ്കിൽ ആ ആൾ അത്ര ചിട്ടയോടെ മുന്നോട്ടു പോകുന്ന ആളായിരിക്കും.ഒരിക്കൽ നമ്മൾ അങ്ങനെ മനസ്സ് സെറ്റ് ചെയ്‌താൽ അത് അങ്ങനെ തന്നെ പൊക്കോളും.

മുന്നിലുള്ള കാഴ്ചകളിൽ ഞാനിങ്ങനെ

ഓൺലൈൻ ചാനലുകളാണ് എന്റെ ആക്റ്റീവ് മേഖല. സ്വകാര്യത പോകുമെന്ന പ്രശ്നമുണ്ട്. പക്ഷെ എന്റെ ചിന്തകൾ ലോകം മുഴുവൻ എത്തണം എന്ന ആഗ്രമുണ്ട്. ലോകത്തിനെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിയുക അതാണ് എന്റെ ജീവിതാഭിലാഷം. വീട്ടിൽ എന്തിനാണ് ഇതിനു പോകുന്നതെന്നൊക്കെയുള്ള ചോദ്യങ്ങൾക്കൊക്കെ എനിക്കുള്ള ഉത്തരം ഈ സമൂഹത്തിലേക്ക് ഈ ചിന്തയെ എത്തിക്കുക എന്നതാണ്.

അടുത്ത ലെവലിൽ അത് എഴുത്തിലൂടെ നടത്തിക്കണമെന്നാണ് പദ്ധതി. എന്റെ ഇരുപത്തിയഞ്ചു വർഷമാണ് ഇപ്പോൾ ഇറങ്ങിയ പുസ്തകം. ഇനി അടുത്ത പുസ്തകം അടുത്ത വർഷങ്ങളിലുള്ള അനുഭവങ്ങളാകും. ഞാൻ എങ്ങനെ ചെറിയ ടെക്നിക്കുകൾ കൊണ്ട് പ്രശ്നങ്ങളെ നേരിടാം സന്തോഷമായിരിക്കാം എന്നതാണ് പുസ്തകങ്ങൾ വഴി പറയാൻ ആഗ്രഹിക്കുന്നത്. പറയുന്നത് ഏറ്റവും ലളിതമായ വാക്കുകൾ കൊണ്ടായിരിക്കണമെന്നുമുണ്ട് കാരണം എല്ലാവർക്കും അത് മനസ്സിലാക്കണം, അങ്ങനെ ജീവിതത്തിൽ പകർത്താനും സാധിക്കും. പിന്നെ ചിത്രങ്ങൾ വഴിയും ഇത്തം ആശയങ്ങളെ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അത്തരം എക്സിബിഷനുകളും വരും വർഷങ്ങളിൽ ഉണ്ടാകും.