Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്വതി ശ്രീകാന്ത്; അവതാരകയിൽ നിന്നും 'ഠാ'യില്ലാത്ത മിട്ടായിയിലേക്കൊരു പെൺദൂരം

aswathy അശ്വതി ശ്രീകാന്ത്.

അവതാരകയുടെ വേഷത്തിൽ ശ്രീത്വമുള്ള മുഖവുമായി മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ അശ്വതി ശ്രീകാന്ത്. അവതാരകർക്കിടയിൽ പൊതുവെ കാണുന്ന പതിവ് ബഹളങ്ങളിൽ നിന്നും വ്യത്യസ്തമായി നമ്മെ ചിരിച്ചും ചിന്തിപ്പിച്ചും ഒപ്പം ചേർന്ന പെൺകുട്ടി. "ഠാ ഇല്ലാത്ത മുട്ടായികൾ" എന്ന ഓർമ്മപ്പുസ്തകത്തിലൂടെ അക്ഷരങ്ങളെ ചേർത്തു വെയ്ക്കുമ്പോൾ...!

ഒരു റേഡിയോ ജോക്കി അതിനു ശേഷം  ടെലിവിഷൻ അവതാരക  പിന്നെ അതിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെ ഉത്തരവാദിത്വമുള്ള എഴുത്ത് എന്ന മേഖലയിലേക്കാണ് അശ്വതി ഇനി കടന്നു വരുന്നത്. ആരാധകർക്ക് തികച്ചും സർപ്രൈസായ ആ രഹസ്യം തന്നെയാവട്ടെ ആദ്യം.... എന്താണ് ആദ്യ പുസ്തകം പറയുന്നത്?

ഠാ യില്ലാത്ത മുട്ടായികൾ' കഥകളാണ്. അതേ സമയം ഓർമ്മകളുമാണ്. അതുകൊണ്ട് അതിനെ പതിനെട്ട് ഓർമ്മക്കഥകളുടെ സമാഹാരം എന്ന് വിളിക്കാനാണിഷ്ടം. മിഠായിക്ക് മുട്ടായി എന്ന് മാത്രം പറഞ്ഞിരുന്ന മധുരമുള്ളൊരു കുട്ടിക്കാലം നമുക്കെല്ലാമുണ്ടായിരുന്നു. 'ഠാ'യുടെ കടുപ്പത്തോടെ നമ്മളത് പറഞ്ഞു തുടങ്ങുമ്പേോഴേക്കും മുട്ടായിയുടെ മധുരം കുറയുകയും ജീവിതത്തിനു കടുപ്പം കൂടുകയും ചെയ്തിരിക്കും. മിഠായി എനിക്ക് മുട്ടായി ആയിരുന്ന ആ കാലത്ത് ഞാൻ കടന്നു പോയ സാഹചര്യങ്ങൾ, ആളുകൾ, സംഭവങ്ങൾ, കണ്ടതും കേട്ടതുമായ കഥകൾ ഒക്കെ ചേർന്നാണ് 'ഠായില്ലാത്ത മുട്ടായികളാ'കുന്നത്. ശ്രീബാല കെ മേനോൻ അവതാരിക എഴുതി വി ആർ രാഗേഷ് ചിത്രങ്ങൾ വരച്ച 'ഠായില്ലാത്ത മുട്ടായികൾ' സൈകതം ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.

ഇന്നത്തെ കാലത്ത് ഇത്രയും ഗ്ലാമറസ്സായ മീഡിയ ലോകത്തു  നിന്നും എഴുത്തിലേയ്ക്ക് അശ്വതി പൊടുന്നനെ ആകർഷിക്കപ്പെട്ടതാണോ? അതോ ചെറുപ്പം മുതലേ എഴുത്തും, വായനയും കൈമുതലാണോ? 

ഞാൻ ജനിച്ചു വളർന്നത് ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ്. തോടും മലയും റബ്ബർ തോട്ടങ്ങളും മൺവഴികളുമൊക്കെയായി പച്ചപ്പിന്റെ നടുവിൽ തനി പച്ച മനുഷ്യരുടെ ഇടയിലായിരുന്നു ജീവിതം. വീടിനടുത്തുള്ള സർക്കാർ സ്കൂളിൽ പഠനം. എന്റെ അച്ഛൻ ഒരു പ്രവാസിയായിരുന്നു.

ഒരു മധ്യവേനൽ അവധിക്കാലം മുഴുവൻ വായിച്ചാലും തീരാത്തത്ര കഥകൾ അച്ഛൻ അവധിക്കാലങ്ങളിൽ സമ്മാനമായി അയച്ചിരുന്നു. അങ്ങനെ വായിച്ചു വായിച്ചാണ് എഴുതി തുടങ്ങിയത്. കവിതകളായിരുന്നു തുടക്കത്തിൽ. സാധാരണ ഏതൊരു കുട്ടിയേയും പോലെ പൂവും പൂമ്പാറ്റയും കിളികളും വിഷയമായ കവിതകൾ. അതിൽ ചിലതൊക്കെ അന്നത്തെ ബാല മാസികകളിലൊക്കെ പ്രസിദ്ധീകരിച്ചിരുന്നു.

aswathy-sreekanth അശ്വതി ശ്രീകാന്ത്.

സ്കൂൾ യുവജനോത്സവങ്ങളിൽ കവിത രചന എന്റെ സ്ഥിരം മത്സര വിഭാഗമായി. തളിർ മാസിക കുട്ടികൾക്കായി നടത്തിയ കവിത മത്സരത്തിൽ മികച്ച കവിതയ്ക്കുള്ള പുരസ്ക്കാരം കിട്ടിയിരുന്നു. അൽഫോൻസാ കോളേജിൽ ലിറ്ററേച്ചർ പഠിക്കുമ്പോൾ അവിടുത്തെ മാഗസിൻ എഡിറ്റർ ആയിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് പ്രൊഫെഷണൽ കോഴ്സിന്റെ പിന്നാലെ പോയപ്പോൾ കവിത, സങ്കടം വരുമ്പോൾ ഡയറിയിൽ  കുറിച്ചിടുന്ന ഒരു സ്വകാര്യം മാത്രമായി ചുരുങ്ങി.

ഡയറിക്കുറിപ്പുകളിലേക്ക് ചുരുങ്ങിപ്പോയ കവിതയുടെ ജീവ വഴികളിൽ നിന്നും, സ്വയം ഒരു തിരികെപ്പിടിക്കൽ വേണമെന്ന് തോന്നിത്തുടങ്ങിയത് എങ്ങനെയാണ്?

പ്രവാസമാണ് പിന്നീട് എഴുത്തിലേക്ക് തിരികെ കൊണ്ടു വന്നത്. ഞാൻ എന്താണെന്ന തിരിച്ചറിവ് എനിക്ക് തന്നത് പ്രവാസ ജീവിതമാണ്. പുസ്തകത്തിന്റെ തുടക്കത്തിൽ  പറയുന്നത് പോലെ ''ദുബായ് നഗരത്തിലെ റേഡിയോ ജീവിതം തുടങ്ങിയ കാലത്തൊരിക്കൽ ഒറ്റയ്ക്കൊരു മുറിയിൽ പനിച്ചു പൊള്ളിക്കിടന്നപ്പോഴാണ് ഭ്രമിപ്പിക്കുന്നൊരു സ്വപ്നം പോലെ നാട് പനിക്കിടക്കയിൽ വന്നു കൂട്ടിരുന്നത്.

വിട്ടൊഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും ജനിച്ച നാടിൻറെ വേരുകളാണ് ഞരമ്പുകളിൽ ആഴ്ന്നു നിൽക്കുന്നതെന്ന തിരിച്ചറിവ് അന്നുണ്ടായതാണ്''. അങ്ങനെ വീണ്ടും എഴുതി ത്തുടങ്ങി. മറക്കും മുൻപ് എവിടെയെങ്കിലും അടയാളപ്പെടുത്തണം എന്നു തോന്നിയ ഓർമ്മകളെ വെറുതെ കുറിച്ചുവെച്ചു. ഡയറിയിൽ നിന്നു ഫെയ്സ്ബുക്കിലേയ്ക്കും പിന്നെ കഥമരം എന്ന ബ്ലോഗിലേക്കും. സത്യത്തിൽ അവിടെ നിന്ന് കിട്ടിയ നല്ല അഭിപ്രായങ്ങളാണ് എഴുത്തിനെ അൽപ്പം കൂടി ഗൗരവത്തോടെ സമീപിക്കാനുള്ള ധൈര്യം തന്നത്.

അശ്വതിക്ക് ഏറ്റവും ഇഷ്ടമുള്ള പുസ്തകങ്ങളും, എഴുത്തുകാരുമൊക്കെ ആരെന്നറിയാൻ ആരാധകർക്കും താൽപ്പര്യമുണ്ടാവും...ല്ലേ...?

ദുബൈയിലേക്കുള്ള ആദ്യ വിമാന യാത്രയിൽ മാധവിക്കുട്ടിയുടെ സമ്പൂർണ്ണ കൃതികൾ എന്ന തടിയൻ പുസ്തകം കൈയിൽ പിടിച്ചുകൊണ്ടു വന്ന ഒരേ ഒരാൾ ഞാനായിരിക്കും. എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാർ മാധവിക്കുട്ടിയും ബഷീറും തന്നെയാണ്. എത്രവട്ടംവായിച്ചാലും അടുത്ത വായനയിൽ വീണ്ടും പുതിയതെന്തെങ്കിലും തന്ന് അത്ഭുതപ്പെടുത്തുന്നതാണ് ഒ.വി വിജയന്റെ എഴുത്തുകൾ എന്നു തോന്നാറുണ്ട്.

മനുഷ്യനൊരു ആമുഖം വായിച്ചതു മുതൽ സുഭാഷ് ചന്ദ്രനോടും വലിയ ആരാധനയാണ്. പുതിയ തലമുറയിൽ കൊതിപ്പിക്കുന്ന ഭാഷയുള്ള രചനാ ശൈലിയുള്ള ഒരുപാടു പേരുണ്ട്. എല്ലാവരെയും വായിക്കാൻ ശ്രമിക്കാറുണ്ട്. എല്ലാ ദൂര യാത്രയിലും ഒരു പുസ്തകമെങ്കിലും വായിച്ചു തീർക്കുന്ന ശീലമുണ്ട്. ഈ അടുത്ത കാലത്തെ യാത്രകളിലെല്ലാം പൗലോ കൊയ്‌ലോയാണ് കൂട്ട്.  ആൽക്കമിസ്റ്റിൽ തുടങ്ങി ഇങ്ങോട്ട് സ്പൈ വരെ ഒട്ടു മിക്കതും വായിച്ചു തീർത്തു. പ്രിയപ്പെട്ട പുസ്തകങ്ങൾ എല്ലാം ചേർത്ത് തരക്കേടില്ലാത്തൊരു ലൈബ്രറിയുമുണ്ട് വീട്ടിൽ. മകൾക്ക് വേണ്ടി ഞാൻ കരുതി വയ്ക്കുന്ന ഏറ്റവും വലിയ സമ്മാനവും അതാവും. 

വളരെ പെട്ടെന്ന് മലയാളക്കരയിലെ സ്വീകരണമുറികളിലേയ്ക്കും അതുവഴി  പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്കും എത്തിച്ചേരാൻ അശ്വതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അശ്വതി എന്ന അവതാരകയെ, എങ്ങിനെ സ്വയം വിലയിരുത്തുന്നു......? 

വളരെ യാദൃശ്ചികമായി ടെലിവിഷനിൽ എത്തപ്പെട്ട ആളാണ് ഞാൻ. ആറു വർഷത്തെ റേഡിയോ ജീവിതത്തിനൊടുവിൽ എനിക്കൊരു മുഖം തന്നത് ടെലിവിഷനാണ്. അതുവരെ ശബ്ദത്തിനപ്പുറത്ത് ഒരു ലോകത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. അവതാരക എന്ന നിലയിൽ കുടുംബ പ്രേക്ഷകർ തരുന്ന അംഗീകാരവും സ്നേഹവും എന്നെ ശരിക്കും അത്ഭുതപ്പെടുത്താറുണ്ട്. നല്ല മലയാളം പറയുന്നു എന്നതാണ് ആളുകൾ എന്നെ ഇഷ്ടപ്പെടാനുള്ള ഒരു പ്രധാന കാരണം എന്നു പലരും പറയാറുണ്ട്. 

aswathy-01 അശ്വതി ശ്രീകാന്ത്.

അതിനു കാരണം ഞാൻ വളർന്ന നാട്ടിൻപുറവും പഠിച്ച മലയാളം മീഡിയം സ്കൂളും ഒക്കെയാണ്. ആളുകൾ തിരിച്ചറിയുന്നതും പരുപാടികളെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നതും ഒക്കെ ആസ്വദിക്കാറുണ്ട്. അതേ സമയം വിമർശനങ്ങളെ വലിയ പേടിയുള്ള കൂട്ടത്തിലാണ് ഞാൻ. ആദ്യമൊക്കെ പത്തു പേർ നല്ലതു പറയുമ്പോൾ ഒരാൾ മോശം പറഞ്ഞു കേട്ടാൽ പോലും അന്നെനിക്ക് ഉറങ്ങാൻ പറ്റിലായിരുന്നു. ഇപ്പോൾ രണ്ടും ഒരുപോലെ സ്വീകരിക്കാൻ പഠിച്ചു തുടങ്ങി എന്നാണ് എന്റെ തന്നെ വിലയിരുത്തൽ.

സ്വന്തം കാലിൽ നിൽക്കുകയും അതേസമയം ഒന്നിനെയും ഭയക്കാതെ  സ്വന്തം സ്വപ്നങ്ങളിലേക്ക് ചുവടുവയ്ക്കുകയും ചെയ്യുന്ന ഊർജ്ജ്വസ്വലരായ പുതുതലമുറയുടെ മാതൃകകളാണ് അശ്വതിയും അതുപോലുള്ളവരും...വ്യത്യസ്തമായ രണ്ട് തലങ്ങളിലെ തിരക്കുകൾക്കിടയിൽ കുടുംബം,സൗഹൃദങ്ങൾ, ഒക്കെ എങ്ങിനെ ഒന്നിച്ച് കൊണ്ടുപോവാൻ കഴിയുന്നു? ഏറ്റവും നല്ല പിന്തുണ ആരിൽ നിന്നുമാണ്?

എഴുത്തിൽ ഏറ്റവും അധികം സപ്പോർട്ട് ചെയുന്നത് സുഹൃത്തുക്കളാണ്. എന്റെ ഏറ്റവും നല്ല വിമർശകരും അവരാണ്. എന്തു കുത്തിക്കുറിച്ചാലും ധൈര്യമായി അയയ്ക്കാവുന്ന, ഏതു പാതിരാത്രിയിലും പുസ്തകങ്ങളെക്കുറിച്ചും എഴുത്തിനെക്കുറിച്ചും വാ തോരാതെ സംസാരിക്കാവുന്ന കുറച്ച് നല്ല സുഹൃത്തുക്കളുണ്ട്.

ഇപ്പോൾ പുസ്തകം പുറത്തിറങ്ങുന്നതു പോലും അവരുടെ വാക്കുകളുടെ ബലത്തിലാണ്. പിന്നെ ഭർത്താവിന്റെയും രണ്ടു വീട്ടുകാരുടെയും പിന്തുണയുമുണ്ട്. കാരണം എന്തെങ്കിലുമൊന്ന് എഴുതാൻ തുടങ്ങി വച്ചാൽ അത് തീരും വരെ ഒരു സ്വപ്നാടനത്തിലാവും. ചുറ്റും നടക്കുന്നത് പലതും അറിയാറേ ഇല്ല. അതുമായി പൊരുത്തപ്പെടാൻ ഭർത്താവിനും വീട്ടുകാർക്കും കഴിയുന്നു എന്നത് വലിയൊരു കാര്യമാണ്. എനിക്ക് എന്റേതായൊരു സ്പേസ് തരാൻ ഭർത്താവ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. 

ഭർത്താവ് ശ്രീകാന്ത് ദുബായിയിൽ സ്വന്തമായൊരു സ്ഥാപനം നടത്തുന്നു. മകൾ പത്മക്ക് നാലു വയസ്സായി. അവൾക്ക് ഒരു വയസ്സുള്ളപ്പോഴാണ് ആദ്യമായി ടിവി പ്രോഗ്രാമിന് ഞാൻ നാട്ടിലേക്കു വരുന്നത്. അവളും ഉണ്ടായിരുന്നു കൂടെ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഞങ്ങൾ രണ്ടു പേരും കൂടി ഒരുപാട് തവണ ദുബായ്- കൊച്ചിൻ യാത്ര ചെയ്തു.

എന്റെ യാത്രകൾ ഇനി അവളെ ബാധിക്കാതിരിക്കാൻ  ഇപ്പോൾ നാട്ടിൽത്തന്നെ സ്കൂളിൽ ചേർത്തു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളെല്ലാം തന്ന നഗരം ദുബായ് ആണ്. മകൾ ജനിച്ചതും അവിടെയാണ്. അതുകൊണ്ട് ദുബായ് എനിക്കെന്റെ സെക്കന്റ് ഹോം തന്നെയാണ്. പത്മ പറയും പോലെ 'ദുബായ് വീട്ടി'ലേയ്ക്ക് പോകാൻ ഇപ്പോൾ അവൾക്ക് അവധിയുള്ള സമയം നോക്കിയിരിക്കുകയാണ് ഞങ്ങൾ.

ഈ നാട്ടിൽ ജനിച്ചു വളർന്ന് മറ്റൊരു നാട്ടിൽ കരിയർ പടുത്തുയർത്തി ശ്രദ്ധേയയായ ഒരാൾക്ക് സ്ത്രീയെന്ന നിലയ്ക്ക് തൊഴിലിടങ്ങളെയും സംസ്കാരങ്ങളിലെ അന്തരങ്ങളേയും, സ്വാതന്ത്യത്തെയും പറ്റിയുള്ള കാഴ്ചപ്പാടുകൾ എന്താണ്?

പ്രവാസികളെ സംബന്ധിച്ചിടത്തോളം കാലം എത്ര കഴിഞ്ഞാലും നാടൊരു പിൻവിളി തന്നെയാണ്. എങ്കിലും ഒരു സ്ത്രീ എന്ന നിലയിൽ, ഒരു പെൺകുട്ടിയുടെ അമ്മ എന്ന നിലയിൽ  ചിന്തിക്കുമ്പോൾ പ്രവാസം നൽകുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വ ബോധവും വളരെ വലുതാണ്.

ചുഴിഞ്ഞു നോട്ടങ്ങളില്ലാത്ത, മൊട്ടു സൂചികൾ കൈയിൽ കരുതേണ്ടാത്ത, വസ്ത്രങ്ങളുടെ സ്ഥാനം നോക്കി നോക്കി ഉറപ്പിക്കേണ്ടാത്ത, അസമയം എന്നൊന്നില്ലാത്ത ഒരു നഗരത്തിലെ ജീവിതം പെണ്ണെന്നൊരു വേർ തിരിവുണ്ടെന്നതു പോലും പലപ്പോഴും വിസ്മരിപ്പിച്ചിട്ടുണ്ട്. സ്നേഹിക്കപ്പെടുന്നതിനേക്കാൾ ഒരു പെണ്ണിന് സന്തോഷം തോന്നുക ബഹുമാനിക്കപ്പെടുമ്പോഴാണെന്ന് അനുഭവം കൊണ്ട് എത്ര വട്ടം തിരിച്ചറിഞ്ഞിരിക്കുന്നു. പ്രവാസത്തിൽ എനിക്ക് ഏറ്റവുമധികം സന്തോഷം തരുന്നത്  അവിടെ ചോദിക്കാതെ, സമരം ചെയ്യാതെ കിട്ടുന്ന സ്വാതന്ത്ര്യവും ബഹുമാനവും തന്നെയാണ്.

പുസ്തകപ്രേമിയായ ഒരു വായനക്കാരി എന്ന നിലയിൽ നിന്നും എഴുത്തുകാരി എന്ന മേൽവിലാസവുമായി, 'o' യില്ലാത്ത മുട്ടായികൾ' എന്ന ആദ്യ പുസ്തകവുമായി, ഇത്തവണത്തെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന് എത്തുമ്പോൾ, എന്താണ് മനസ്സിലെ വികാരം? 

എഴുത്തിലേക്ക് എന്നെ തിരിച്ചു കൊണ്ടു വന്നതിൽ ഷാർജ ബുക്ക് ഫെയറിന് വലിയ പങ്കുണ്ട്. പുസ്തകങ്ങളെയും എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന ഇത്രയധികം ആളുകൾ ഈ ഡിജിറ്റൽ യുഗത്തിൽ ഉണ്ടെന്ന തിരിച്ചറിവ് എനിക്ക് തന്നത് ഷാർജ ബുക്ക് ഫെയർ ആണ്. ലക്ഷക്കണക്കിന് വായനക്കാർ, ലക്ഷോപലക്ഷം പുസ്തകങ്ങൾ, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമെത്തുന്ന എഴുത്തുകാർ.... കയറിയാൽ തിരികെ ഇറങ്ങാൻ തോന്നിക്കാത്തൊരു മായാലോകമായാണ് എനിക്കവിടം എപ്പോഴും അനുഭവപ്പെടാറ്.

aswathy-002 അശ്വതി ശ്രീകാന്ത്.

ഈ കഴിഞ്ഞ വർഷങ്ങളിലെല്ലാം കാഴ്ചക്കാരിയായും വായനക്കാരിയായും സുഹൃത്തുക്കളുടെ പുസ്തക പ്രകാശനങ്ങൾക്ക് കൂട്ടായും നടക്കുമ്പോൾ വെറുതെ മനസ്സിൽ പലവട്ടം പറഞ്ഞിരുന്നതാണ്- ഒരിക്കൽ എന്റെ പുസ്തകവും ഈ കൂട്ടത്തിൽ ഉണ്ടാകുമെന്ന്. വിദൂരമായിരുന്നൊരു സ്വപ്നത്തെ കൈയെത്തി തൊട്ടതിന്റെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണിപ്പോൾ. 'ഠായില്ലാത്ത മുട്ടായികൾ' ഇപ്പോൾ ശരിക്കും മധുരിച്ചു തുടങ്ങിരിക്കുന്നു....