വിധി തീയാട്ടത്തിനു തിരഞ്ഞെടുത്ത വേദിയായിരുന്നു കോഴിക്കോട് രാമനാട്ടുകര സ്വദേശി പ്രിയയുടെ ജീവിതം. ജനനംമുതൽ ഇന്നോളം നേരിട്ടത് ഉടലും മനസ്സും പൊള്ളിക്കുന്ന പരീക്ഷകൾ.
ആദ്യമൊക്കെ പിടിച്ചുനിന്നെങ്കിലും ഇടയ്ക്കു കാലിടറി. തോറ്റു പിന്മാറി, ജീവിതം തന്നെ വെറുത്തുതുടങ്ങിയ നാളുകൾ. എന്നാൽ ഒടുവിൽ പ്രിയ ഒരു തീരുമാനമെടുത്തു, തകർന്നിടത്തുനിന്നു ജീവിതം വീണ്ടും തുടങ്ങാൻ. അതൊരു ഒന്നൊന്നര തുടക്കമായിരുന്നു. തകർന്നതെല്ലാം ഉടച്ചു വാർത്തു. പ്രതിസന്ധികൾക്കു മേൽ പ്രിയ ചിലങ്ക കെട്ടി നൃത്തം ചെയ്തു. ഇന്നു പ്രിയയെന്നാൽ പ്രതിസന്ധിയിലെ പ്രതീക്ഷയെന്ന അർഥം കൂടിയുണ്ട്. പ്രതീക്ഷയുടെ നാളം കൊളുത്തി ജീവിതത്തിലേക്കു മടക്കി കൊണ്ടുവന്ന ഒരുപാടു പേരുണ്ട് ഇവർക്കു പിന്നിൽ.
ആരാണു പ്രിയ?
നൃത്ത അധ്യാപിക എന്ന ഒറ്റവാക്കിൽ ഒതുക്കാനാവില്ല പ്രിയയെ. കുഞ്ഞുനാളിലെ കഥയിൽ തുടങ്ങിയാൽ, അച്ഛനുപേക്ഷിച്ച ബാല്യമായിരുന്നു പ്രിയയുടേത്. അമ്മയുടെ തുച്ഛ വരുമാനത്തിൽ ഞെരുങ്ങി ജീവിച്ച കുട്ടിക്കാലം. ഏഴാംക്ലാസ് മുതൽ ചെറിയ ക്ലാസുകളിലെ കുട്ടികൾക്കു ട്യൂഷനെടുത്താണു പഠനച്ചെലവ് കണ്ടെത്തിയത്. ഇതിനിടെ കുറഞ്ഞ ഫീസുള്ള സ്കൂളുകളിൽ പോയി നൃത്തം പഠിച്ചു. പക്കമേളത്തിനു നൽകാൻ പണമില്ലാത്തതിനാൽ, സ്കൂൾ പഠനകാലത്ത് ഒരു നൃത്ത പരിപാടിക്കും പ്രിയയ്ക്കു പങ്കെടുക്കാനായിരുന്നില്ല. പണച്ചെലവില്ലാത്ത മൽസരങ്ങളിൽ പങ്കെടുത്ത് ഒന്നാംസമ്മാനം കിട്ടിയതിന്റെ സർട്ടിഫിക്കറ്റുകൾ ഒട്ടേറെയുണ്ടെങ്കിലും നൃത്ത മൽസരങ്ങളുടെ ഒരു സർട്ടിഫിക്കറ്റുപോലും പ്രിയയുടെ കയ്യിലില്ല.
ജീവിതത്തിലേക്ക് വസന്തം
ഇഷ്ടപുരുഷനെ പ്രിയ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി വിജേഷ്, പ്രിയയുടെ വിച്ചു. പ്രിയയ്ക്കു നഷ്ടപ്പെട്ട സന്തോഷങ്ങളെല്ലാം നാലുവർഷം നീണ്ട ദാമ്പത്യത്തിൽ വിച്ചു സമ്മാനിച്ചു. ആ സമയം, മികച്ച ദമ്പതികൾക്കായി കേബിൾ ചാനൽ നടത്തിയ റിയാലിറ്റി ഷോയിൽ മൽസരിച്ച് ഒന്നാം സമ്മാനവും നേടി. നൃത്തത്തിൽ തുടർ വിദ്യാഭ്യാസം നടത്താൻ പ്രിയയെ കോളജിൽ ചേർത്തു. രാമനാട്ടുകര ബൈപാസിൽ ഭാവന എന്നപേരിൽ നൃത്ത വിദ്യാലയവും തുടങ്ങി.
വീണ്ടും ദുരന്തം
ജേണലിസത്തിൽ ബിരുദാനന്തര ബിരുദധാരിയായിരുന്ന വിജേഷിനു ഫൊട്ടോഗ്രഫിയെന്നാൽ പ്രാണനായിരുന്നു. ഒരു കല്യാണ ഷൂട്ടിങ്ങിനായി രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ വിജേഷ്, പ്രിയയെ ‘ഭാവന’യിൽ ഇറക്കിയ ശേഷമാണ് പോയത്. അൽപസമയം കഴിഞ്ഞപ്പോൾ വീണ്ടും വിജേഷിന്റെ ഫോൺ, ഒന്നു പുറത്തേക്ക് ഇറങ്ങി നിൽക്കുമോ എന്നായിരുന്നു ചോദ്യം. ഇപ്പോൾ കണ്ടിട്ടു പോയതല്ലേയുള്ളു, ഇനിയെന്തു കാണാനാണെന്നായി പ്രിയ.
എട്ടുമാസം ഗർഭിണിയായിരുന്ന പ്രിയ പ്രയാസപ്പെട്ടാണെങ്കിലും വിച്ചുവിനു കാണാൻ സ്കൂളിന്റെ പുറത്തെത്തി. ഈ സമയം കല്യാണപ്പാർട്ടിയുടെ കാറിൽ, സൈഡ് സീറ്റിലിരുന്ന വിച്ചു കൈവീശി കാണിച്ചു. പ്രിയ തിരിച്ചും. ആ കാർ അൽപംകൂടി ദൂരം പിന്നിട്ടു, പെട്ടെന്നാണ് ടയർ പൊട്ടിയത്. വണ്ടി നിയന്ത്രണം വിട്ടു. അപകടം മുന്നിൽ കണ്ട വിജേഷ്, രക്ഷപ്പെടാനായി വാതിൽ തുറന്നു പുറത്തേക്കു ചാടി. തല റോഡിൽ ഇടിച്ചു, തൽക്ഷണം മരിച്ചു. ആ വണ്ടിയിൽ 11 പേരുണ്ടായിരുന്നു. 10 പേരും സുരക്ഷിതരായിരുന്നു, മരിച്ചതു വിജേഷ് മാത്രം.
വീണ്ടും പ്രതീക്ഷയായി ഗൗരി
പ്രിയ തോറ്റുപോയ പരീക്ഷയായിരുന്നു അത്. ജീവിതം, ഇരുട്ടു മൂടിയ ഒരു കാടുപോലെ തോന്നി. ഇതിനിടെ റിയാലിറ്റി ഷോയുടെ ഫൈനൽ ടിവിയിൽ കാണിച്ചതും കുഞ്ഞു പിറന്നതുമൊന്നും പ്രിയ അറിഞ്ഞില്ല. കുഞ്ഞിന്റെ മുഖത്തു പോലും നോക്കിയില്ല. പെട്ടെന്നൊരു നാൾ, കുഞ്ഞിന്റെ കാൽപാദങ്ങൾ പ്രിയയുടെ കണ്ണിലുടക്കി. വിജേഷിന്റെ കാലുപോലെ. അതൊരു തീപ്പൊരിയായിരുന്നു. ആ കാലുകളിൽ തന്നെ നോക്കിയിരുന്നു. പിന്നീടാണ്, ആ കുഞ്ഞിന്റെ മുഖത്തു നോക്കിയത്.
അവളെ പ്രിയ ഗൗരിയെന്നു വിളിച്ചു. രണ്ടുവർഷം വീടിന്റെ ഉമ്മറത്തുപോലും പ്രിയ എത്തിയില്ല. വർഷങ്ങൾ കടന്നപ്പോൾ, കുഞ്ഞു ഗൗരിയെ നൃത്തം പഠിപ്പിക്കണമെന്ന ആഗ്രഹം പ്രിയയ്ക്കുണ്ടായി. വിജയദശമി നാളിൽ, ഗുരുദക്ഷിണ നൽകി, ഗൗരിയെ നൃത്തം പഠിപ്പിക്കാൻ ചേർത്തു. ക്ലാസിലേക്കു കയറാൻ തുടങ്ങിയ ഗൗരി തിരിഞ്ഞു നിന്നിട്ട്, അമ്മ പഠിപ്പിച്ചാൽ മതിയെന്നു പറഞ്ഞു കെട്ടിപ്പിടിച്ചു.
രണ്ടുപേരും അവിടെനിന്നു മടങ്ങി. വീണ്ടും ചിലങ്ക തൊടാൻ പ്രിയ തീരുമാനിച്ച ദിവസമായിരുന്നു അത്. ഗൗരിയുടെ പേരിൽ സ്കൂൾ തുടങ്ങി, മുഴുവൻ പേര് ഗൗരീശങ്കരം. വിജേഷിന്റെ മരണസമയം, പ്രിയയുടെ ഭാവന നൃത്ത വിദ്യാലയത്തിൽ നൂറോളം കുട്ടികളുണ്ടായിരുന്നു. ഗൗരീശങ്കരം തുടങ്ങിയപ്പോഴും കുട്ടികൾ ഒഴുകിയെത്തി.
വെറുതേ ഒരു സ്കൂൾ പോരാ
സാധാരണ നൃത്ത അധ്യാപനത്തിൽനിന്നു വ്യത്യസ്തമായതു വേണമെന്ന ചിന്തയാണ് മുതിർന്ന സ്ത്രീകൾക്കായി പ്രത്യേക ബാച്ച് തുടങ്ങാൻ പ്രിയയെ പ്രേരിപ്പിച്ചത്. ഭരതനാട്യത്തിലെ യോഗ ഒരു തെറപ്പിയായി അവതരിപ്പിക്കാൻ തീരുമാനിച്ചു. മുതിർന്നവരുടെ ബാച്ച് തുടങ്ങുന്നത് അറിയിച്ചു പരസ്യം നൽകിയപ്പോൾ ആദ്യദിനം ചേർന്നതു 35 പേരാണ്. നൃത്തം മനസ്സിന്റെ മുറിവുണക്കുന്ന മരുന്നായി പ്രിയ മാറ്റി.
ഡാൻസ് തെറപ്പി പ്രചരിപ്പിച്ചു. വീട്ടിൽ ഒതുങ്ങിക്കൂടിയ വീട്ടമ്മമാർ ഗൗരീശങ്കരം തേടിയെത്തി. 70 വയസ്സുള്ള മുത്തശ്ശിവരെ ഇവിടെ നൃത്തം പഠിക്കുന്നു. അർബുദത്തിനു കീമോ ചെയ്യുന്നവർ, കുടുംബപ്രശ്നങ്ങളിൽ സ്വസ്ഥത നഷ്ടപ്പെട്ടവർ, വേർപാടിന്റെ നൊമ്പരം പേറി ജീവിക്കുന്നവർ തുടങ്ങി ഒരുപിടി ആളുകൾ നൃത്തത്തെ അവരുടെ പ്രശ്ന പരിഹാരമായി കണ്ടു. അവർക്കു ഗൗരീശങ്കരം ഒരു ആശ്രയകേന്ദ്രമായി.
ശിഷ്യരുടെ പ്രിയ മിസ്
ക്ലാസിലെ പല കുട്ടികൾക്കും പ്രിയയുടെ ഇരട്ടിയിലേറെ പ്രായമുണ്ട്. പക്ഷേ, അവരുടെ മിസിനോട് ഇവർക്കു മനസ്സു നിറയെ ആദരവാണ്. കഴിഞ്ഞ ജനുവരി ഒന്നിനു വാഹനാപകടത്തിൽ മൂത്തമകൻ നഷ്ടപ്പെട്ട അനിതയ്ക്കു ഗൗരീശങ്കരം നൽകിയതു രണ്ടാം ജന്മമാണ്. മൊറയൂർ ഹൈസ്കൂളിൽ മലയാളം അധ്യാപിക അനിത ശശികുമാറിനെ മകന്റെ മരണം ചെറുതായൊന്നുമല്ല ഉലച്ചത്.
സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ കഴിയാതിരുന്ന അനിത ഏതാനും മാസം മുൻപാണ് നൃത്തത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചത്. തകർന്നു പോയ ജീവിതം അവർ അവിടെ തിരികെപ്പിടിച്ചു. ഞായറാഴ്ചയൊന്ന് ആകാൻ കാത്തിരിക്കുകയാണ് ഗൗരീശങ്കരത്തിലെ ഈ ‘കുട്ടികൾ’. സ്കൂളിന്റെ പടി കയറുമ്പോഴേ അവരിലേക്ക് ഉന്മേഷത്തിന്റെ കാറ്റു വീശുന്നതായാണ് അനുഭവം.
പ്രിയയോടൊപ്പം
നൃത്തം പഠിക്കുന്നവർക്കെല്ലാം പ്രിയയുടെ ജീവിതം അറിയാം. ടീച്ചർ തളർന്നു പോകാതിരിക്കാനുള്ള പിന്തുണയാണ് ഓരോ വിദ്യാർഥിയും നൽകുന്നത്. കർക്കശക്കാരി അധ്യാപികയാണ് പ്രിയ. സ്നേഹവും സൗഹൃദവും പഠിപ്പിക്കലിൽ കാണിക്കില്ല. അച്ചടക്കം നിർബന്ധം. നൃത്തം അതിന്റെ എല്ലാ വിശുദ്ധിയോടെയും ചെയ്യണമെന്ന നിർബന്ധം ശിഷ്യ ഗണങ്ങൾ തെറ്റിക്കാറുമില്ല. കാരണം, തങ്ങളുടെ ഒരു ചെറിയ തെറ്റുപോലും പ്രിയയെ വേദനിപ്പിക്കുമെന്ന് അവർക്കറിയാം. അതുകൊണ്ട് അവർ കൃത്യമായി പഠിക്കും, പരിശീലിക്കും.
രണ്ടാം അരങ്ങേറ്റം
ഗൗരീശങ്കരം തുടങ്ങിയിട്ട് ഏഴു വർഷമായെങ്കിലും പ്രിയ ഇതുവരെയും നൃത്ത വേദികളിൽ എത്തിയിട്ടില്ല. ടീച്ചറുടെ രണ്ടാം അരങ്ങേറ്റമാണ് ശിഷ്യരുടെ സ്വപ്നം. ആ സ്വപ്നം പ്രിയയിലും മുള പൊട്ടിയിട്ടുണ്ട്. അടുത്തുതന്നെ പൊതുവേദിയിൽ നൃത്തവുമായി അവർ എത്തും. അതിജീവനത്തിന്റെ പുതിയ പാഠമായി, പ്രതിസന്ധികളിൽ പുതിയ സൂത്രവാക്യമായി, പ്രിയ ചിലങ്ക കെട്ടിയാടും. പ്രതിസന്ധി പിന്തിരിഞ്ഞോടാനുള്ള മതിലല്ലെന്നു നമ്മെ പഠിപ്പിക്കാനായി.