Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീൻ വറുത്തത് കിട്ടാത്തതല്ല അവളെ ഫെമിനിസ്റ്റാക്കിയത്: എഴുത്തുകാരികൾ സംസാരിക്കുന്നു

women-writers

ഗാർഹിക പീഡനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. വീടുകളിലാണ് ആദ്യം ആണും പെണ്ണും എന്ന വേർതിരിവുകൾ തുടങ്ങുന്നതെന്നത് സത്യമാണ്.

നീ പെൺകുട്ടിയാണ്, അതുകൊണ്ടു ആൺകുട്ടി ഉപയോഗിച്ച് പഴകിയ വസ്തു നീ ഉപയോഗിച്ചാൽ മതി എന്ന അമ്മവാക്കിൽ നിന്നും ആദ്യം മുതൽ തുടങ്ങും പലപ്പോഴും വേർതിരിവ്. ഒരു മീൻ വറുത്തത് കിട്ടാത്തതു കൊണ്ട് ഫെമിനിസ്റ്റ് ആയിപ്പോയ വ്യക്തിയല്ല റീമ കല്ലിങ്കൽ, പക്ഷേ അത്തരത്തിൽ റീമയുടെ വാക്കുകളെ ട്രോളുന്നവർ മറക്കരുതാത്ത ഒരു സത്യമുണ്ട്.

നമ്മുടെയൊക്കെ വീടുകളിൽ ആൺകുട്ടികളോടും പെൺകുട്ടികളോടും വ്യക്തമായ,ദൃശ്യമായ വ്യത്യാസമുണ്ടായിരുന്നു എന്നത്. വീടുകളിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന പീഡനങ്ങളുടെയൊക്കെ ഏറ്റവും പ്രധാനമായ കാരണവും സ്ത്രീകളോട് കാണിക്കുന്ന ഈ തരംതിരിവ് തന്നെയാണ്.

സ്ത്രീകളോട് എന്തുമാകാം എന്ന തോന്നൽ ഉണ്ടാകുന്നത് കുട്ടിക്കാലത്തു നിന്ന് തന്നെ ലഭിക്കുന്ന ഇത്തരം തോന്നലുകളിൽ നിന്നുമാണ്. എന്താണ് ഗാർഹിക പീഡനത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും എഴുത്തിലും ഒക്കെ ആക്റ്റീവ് ആയിരിക്കുന്ന സ്ത്രീകൾക്ക് പറയാനുള്ളത്.... 

ഇറ്റലിയിൽ താമസിക്കുന്ന മലയാളിയും എഴുത്തുകാരിയുമായ അമ്മു ആൻഡ്രൂസ് പറയുന്നു

ലോകം മഴുവന്‍ സ്ത്രീ സൗഹൃദ സമൂഹത്തിനായി ഉറച്ച കാലടികളോടെ മുന്‍പോട്ട് പോകുമ്പോള്‍ കുടുംബത്തിനുള്ളില്‍ നിന്നുതന്നെ ശാരീരികമോ, വൈകാരികമോ, വാച്യമോ, ലൈംഗികമോ, സാമ്പത്തികമോ ആയ പീഡനങ്ങളിലൂടെ കടന്നു പോകുന്ന അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ നിന്നും നീതിക്കായി മുറവിളിക്കുന്ന സ്ത്രീകള്‍ ആധുനിക സമൂഹത്തിനൊരു കളങ്കം തന്നെയാണ്. ഒരു കൂരയ്ക്കുള്ളില്‍ ഒരുമിച്ചു താമസിക്കുന്നവരുടെ ഇടയിലുള്ള ‘ഗാര്‍ഹിക പീഡനം’ എന്ന അത്രമേല്‍ പ്രസക്തമായ ഒരുവിഷയം നമ്മുടെ നിയമപരിധിയില്‍ വന്നിട്ട് അധികകാലം ആയിട്ടില്ല. 

ammu-01 അമ്മു ആൻഡ്രൂസ്.

സ്വന്തം കുഞ്ഞിന് പഠനത്തിനോ മറ്റു ചിലവുകള്‍ക്കോ പണം നല്‍കാത്ത ഭര്‍ത്താക്കന്മാരില്‍ നിന്നും നീതി ലഭിക്കാന്‍, അടുക്കളയില്‍ പാത്രങ്ങളില്‍ പോലും കൈ വെക്കാന്‍ അനുവദിക്കാത്ത അമ്മായിയമ്മമാരില്‍ നിന്നും നീതി കിട്ടാന്‍, സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ക്രൂശിക്കുന്ന ഭര്‍തൃ വീട്ടുകാരില്‍ നിന്നും നീതിയ്ക്ക് വേണ്ടി, ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കാനായി സ്വന്തം വീട്ടുകാരുടെ ക്രൂരതകളില്‍ നിന്നും ആത്മഹത്യാ ഭീഷണികളില്‍ നിന്നും നീതി കിട്ടാന്‍, എന്തിനേറെ, സ്വന്തം ശമ്പളം ഉപയോഗിക്കാന്‍ ഭര്‍ത്താവിന്റെയോ മറ്റുള്ളവരുടെയോ അനുവാദം തേടേണ്ടി വരുന്ന ഉദ്യോഗസ്ഥകള്‍ക്ക് നീതി ലഭിക്കാന്‍, അങ്ങനെ ഒരു കൂരയ്ക്കുള്ളില്‍ ക്രൂശിക്കപ്പെടുന്ന ഒരുപാട് ദയനീയ മുഖങ്ങള്‍ കോടതി ജീവനക്കാരനായിരുന്ന അപ്പനിലൂടെ കേട്ടറിഞ്ഞിട്ടുണ്ട്.

കുടുംബത്തിനുള്ളില്‍ത്തന്നെ ശാരീരികമോ, വൈകാരികമോ, വാച്യമോ, ലൈംഗികമോ, സാമ്പത്തികമോ ആയ ഏതെല്ലാംവിധങ്ങളില്‍ പീഡനങ്ങള്‍ നടക്കുന്നത് നാം ദിവസേന പത്രങ്ങളില്‍ വായിക്കുന്നു? വല്യപ്പനാല്‍ പീഡിപ്പിക്കപ്പെട്ടു മരണമടഞ്ഞ കൊച്ചുകുട്ടിയുടെ ദാരുണമായ വാര്‍ത്തകള്‍ ഉള്‍പ്പടെ സ്വന്തം വീടിനുള്ളിലോ ബന്ധുക്കളുടെ ഇടയിലോ നാം സുരക്ഷിതരല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന എത്രയോ സംഭവങ്ങള്‍ പത്രങ്ങളിലൂടെ നാം വായിച്ചറിയുന്നുണ്ട്?

ഗാര്‍ഹിക പീഡനം എന്നതിന്റെ പരിധിയില്‍ എന്തൊക്കെ വരുന്നു എന്ന അജ്ഞതയാണ് നമ്മള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. സ്വന്തം വ്യക്തിത്വത്തെ മാനിക്കുന്ന ഏതൊരു വ്യക്തിയും നിയമം ഉറപ്പ് തരുന്ന സംരക്ഷത്തെക്കുറിച്ച് ബോധാവന്മാരായിരിക്കണം. അതേപോലെ തന്നെ ഗാര്‍ഹിക പീഡനം നേരിടുന്ന നമ്മുടെ സഹോദരിമാര്‍ക്ക് ബോധവത്കരണവും പിന്തുണയും നല്‍കേണ്ടത് അത്യാവശ്യമാണ്. ഗാര്‍ഹിക പീഡനം എന്നത് നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ അതുകൊണ്ട് തന്നെ സമത്വം വീടിനുള്ളില്‍ തന്നെ ആരംഭിക്കട്ടെ.

അഭിഭാഷകയും എഴുത്തുകാരിയുമായ ദീപ പ്രവീൺ പറയുന്നു  

"ഗാർഹിക പീഡനം എന്നതിനെക്കുറിച്ചു നമ്മുടെ സ്ത്രീകൾക്കു ശരിയായ ബോധ്യം പോലും ഇല്ലാത്തതാണ് ഏറ്റവും സങ്കടകരമായ വസ്തുത. പലപ്പോഴും ശാരീരികവും മാനസികവുമായി  സ്ത്രീകളാലും പുരുഷമാരാലും പീഡിപ്പിക്കപ്പെടുമ്പൊഴും അത് ഒരു സുഭദ്രമായ കുടുംബവ്യവസ്ഥയുടെ ഭാഗമായി കണ്ടു അതിനോട് പൊരുത്തപ്പെടാനാണ് സമൂഹം സ്ത്രീയെ പഠിപ്പിക്കുന്നത്.

അതിനാൽ തന്നെ നിയമപരമായും സാമൂഹികമായും ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പരിധിയിൽ പോലും വരാവുന്ന പെരുമാറ്റങ്ങൾ നേരിട്ടാൽ പോലും പലരും അത് നിശബ്ദമായി സഹിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ  സുരക്ഷിതത്വമില്ലായ്മ  പിന്നെ നമ്മുടെ സമൂഹത്തിന്റെ  പാട്രിയാർക്കിയൽ കീഴ്‌വഴക്കങ്ങളും അവളെ പീഡനരഹിതമായ ഒരു കുടുംബാന്തരീക്ഷമെന്ന അവകാശത്തിൽ നിന്ന് അകറ്റി നിർത്തുന്നു.

deepa-01 ദീപാ പ്രവീൺ.

ഇതിന് ആദ്യം വേണ്ടത് സ്ത്രീകളിൽ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ്. കുട്ടികളിൽ ഇത് സ്‌കൂൾ തലം മുതൽ നടത്തുന്നതിനൊപ്പം കുടുംബാന്തരീക്ഷത്തിലേക്ക് ഈ സന്ദേശം എത്തിക്കാൻ കുടുംബശ്രീ പ്രവർത്തകർക്കും ഗ്രാമസേവകരെപ്പോലെയുള്ളവരുടെയും സഹായം തേടാം . സ്ത്രീകൾക്കെതിരെയുള്ള അക്രമം തടയാനുള്ള ഹെൽപ്പ്‌ലൈൻ സൗകര്യം ഈ വിഷയത്തിലും പ്രയോജനപ്പെടുത്താൻ സ്ത്രീകൾക്ക് കഴിയണം.

പലപ്പോഴും പരാതിക്കാരെ പരാതിയിൽ നിന്നും പിന്തിരിപ്പിക്കുന്ന ഒരു കാരണം പരാതിക്ക് ശേഷം ഇവർക്ക്  പ്രതികൾക്കൊപ്പം ഒരേ കൂരയ്ക്കു കീഴിൽ കഴിയേണ്ടി വരുന്നു എന്നതാണ്. അതിനെ മറികടക്കാൻ ഫലവത്തായ ഒരു സപ്പോർട്ട് മെക്കാനിസം വേണം.

എഴുത്തുകാരിയായ ഫൗസിയ കളപ്പാട്ട് 

"നമ്മളിപ്പോൾ സ്ഥിരമായി കേൾക്കുന്ന ഒരു വാക്കാണ് ഗാർഹിക പീഡനം. വിവാഹത്തിന് മുൻപുപോലും പലവിധത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നവരുണ്ട്. ശാരീരികമായ പീഡനങ്ങൾ മാത്രമല്ല മാനസികമായ പീഡനങ്ങളും അതിൽപ്പെടും. ചെറുപ്പത്തിൽത്തന്നെ പെൺകുട്ടികൾക്ക് വീട്ടിൽ വില കൊടുക്കാതിരിക്കുന്നത് സ്ത്രീകൾ തന്നെയാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും വിവേചനം കാട്ടുന്നത് അതുണ്ടാക്കി വിളമ്പുന്ന അമ്മമാർ തന്നെയാണ്.

വീടിന്റെ പേരിടുമ്പോൾ ആണ്മക്കളുടെ പേരിടുന്നത് കണ്ട് വേദനിച്ച പെൺകുട്ടികൾ എത്രയേറെ കാണും? ഒരു കളിപ്പാട്ടത്തിന് വേണ്ടി വാശിപിടിച്ചാൽ അവനൊരാണല്ലേ നീ അത് അവന്‌ കൊടുക്കൂ എന്ന് പറഞ്ഞു കൊടുത്ത് ഒരാൺകുട്ടിയുടെ മനസ്സിൽ പെണ്ണെപ്പോഴും വിധേയപ്പെടേണ്ടവളാണ് എന്ന ഒരു സൂചന ചെറുപ്പത്തിലേ തന്നെ പകർന്ന് കൊടുക്കുന്ന സമൂഹം തന്നെയാണ് ഇവിടെ ഗാർഹിക പീഡനത്തിനുള്ള അന്തരീഷം സൃഷ്ടിക്കുന്നത്.

fousiya-01 ഫൗസിയ

വിവാഹത്തിന് മുൻപ് തന്നെ സ്വന്തം കാലിൽ നിൽക്കാനുള്ള ആർജ്ജവം ഓരോ സ്ത്രീയും നേടണം. തന്റേതായ ആവശ്യങ്ങൾക്ക്‌ വേണ്ടി ഭർത്താവിന്റെ മുൻപിൽ കൈ നീട്ടുന്ന തൊണ്ണൂറ് ശതമാനം സ്ത്രീകളും പരിഹസിക്കപ്പെടുന്നു എന്നുള്ളത് നഗ്നമായ സത്യം തന്നെയാണ്.തങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവർത്തികൾ സ്വന്തം വീട്ടിൽ നിന്നോ ഭർത്താവിൽ നിന്നോ ഉണ്ടായാൽ പ്രതികരിക്കാനുള്ള ശേഷി ഉണ്ടാവണം ഒരോ പെണ്ണിനും.

ഭർത്താവിന് ജോലിക്ക് പോകാനും തന്റേതായ ആവശ്യങ്ങൾക്കു പുറത്തുപോവാനും കഴിയുന്നതു പോലെ തന്നെ ഭാര്യക്കും അവകാശം ഉണ്ട്. ഒരു സാനിറ്ററി പാഡിന് വേണ്ടി ഭർത്താവിനെ ആശ്രയിക്കുന്ന സ്ത്രീ പീഡിപ്പിക്കപ്പെടുക തന്നെ ചെയ്യും. താൻ ഒന്നിനും കഴിവില്ലാത്തവളാണ് എന്ന് പറയിപ്പിക്കാൻ സഹായിക്കലാണത്. പരസ്പര ബഹുമാനമുള്ള ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ആവശ്യങ്ങളും യാത്രകളും പങ്കുവെക്കും. അതിൽ സ്നേഹത്തിന്റെ ലാഞ്ചനയുണ്ട്. അവിടെ അധികാരം കടന്നുവരുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. 

ഭാര്യാഭർത്താക്കന്മാർ വഴക്കടിക്കുന്നത് പതിവാണ്. പെണ്ണായതുകൊണ്ടു നീ മിണ്ടിപ്പോവരുത് എന്നു പറഞ്ഞു കൊണ്ട് തല്ലാൻ കയ്യോങ്ങുന്നവനെ തിരിച്ചൊന്ന് കൊടുക്കാൻ മടിവേണ്ട. അല്ലാതെ ഇന്നലെ അതിയാന്റെ കൈകൊണ്ടൊന്നു കിട്ടിയെങ്കിലും രാത്രിയായപ്പോഴേക്കും സ്നേഹായി  എന്നു പറഞ്ഞ് എന്നോട് കൊഞ്ചുന്ന സ്ത്രീകളോട് എനിക്ക് പുച്ഛം തോന്നാറുണ്ട്. ആത്മാഭിമാനം എന്നുള്ളത്  ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടാകേണ്ടതാണ് .അതിന് ആൺപെൺ ഭേദമില്ല.

നിങ്ങളെപ്പോലെ കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്നവളാണ് താനും എന്ന് ഭർത്താവിനെ ബോധ്യപ്പെടുത്താൻ ഓരോ സ്ത്രീയും ശ്രമിക്കണം. ഭർത്താവിന് ഭാര്യയുടെ പ്രവർത്തികളിലോ ഭാര്യക്ക് ഭർത്താവിന്റെ പ്രവർത്തികളിലോ പ്രയാസം തോന്നിയാൽ സമാധാനപരമായി കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുന്നതാണ് കുടുംബഭദ്രതക്കും അതുകണ്ടു വളരുന്ന പുതിയ തലമുറയ്ക്കും നല്ലത്. അല്ലാതെ ഭാര്യയെ തല്ലി നെഞ്ചും വിരിച്ചു നിന്ന് ഡയലോഗുകൾ കാച്ചുന്നവർ പുതിയ തലമുറയിലേക്കും പകരുന്നത് സ്ത്രീ അപമാനിക്കപ്പെടേണ്ടവളും എല്ലാം സഹിക്കേണ്ടവളും ആണെന്നുള്ള സന്ദേശം തന്നെയാണ്.

ഭർത്താവിന്റെ കരണത്തടി ആഗ്രഹിക്കുന്ന സ്ത്രീ സ്വയം തരം താഴ്ത്തപ്പെടുകയാണ്. പെണ്ണിന് മാത്രമല്ല വീടുകളിൽ പീഡനമുള്ളത് എന്ന സത്യത്തെ കാണാതെ പോകുന്നില്ല. നിയമ പരിരക്ഷയുടെ പേരു പറഞ്ഞു പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകളുമുണ്ട്. അതും ഗാർഹികപീഡനം തന്നെ. സ്ത്രീയും പുരുഷനും പരസ്‌പരം അംഗീകരിക്കപ്പെടേണ്ടവരും ബഹുമാനിക്കപ്പെടേണ്ടവരും ആണെന്ന് മനസ്സിലാക്കുന്ന ഒരു കാലത്തേ ഗാർഹിക പീഡനങ്ങൾ ഇല്ലാതാകൂ.."

എഴുത്തുകാരിയും ഗായികയുമായ ജിജി ജോഗി

"ഹോ... അങ്ങേരെന്നെ നാലു തല്ലു തല്ലിയാലും കുഴപ്പമില്ല, ഈ തോന്ന്യവാസവും വൃത്തികേടും പറയുന്നത് നിർത്തിയാ മതിയായിരുന്നു " എന്നു പറയുന്നവരും "ദുഷ്ടൻ... പറയാനുള്ളതൊക്കെ പറഞ്ഞാപ്പോരേ... മനുഷ്യനെ ഇങ്ങനെയിട്ട് തല്ലുകയും കൂടി ചെയ്യുന്നതെങ്കിലും ഒന്നു നിർത്തിയെങ്കിൽ.. " എന്നു പറയുന്നവരും " എന്നെ തല്ലാനും തലോടാനും ഉള്ള അവകാശം അതിയാനുണ്ട്... " എന്ന് പറയുന്നവരും "എന്റെ ദേഹത്ത് കൈ വച്ചാലോ തോന്നിയത് പറഞ്ഞാലോ പിന്നൊരു നിമിഷം അയാൾടെ കൂടെ നിൽക്കാൻ എനിക്കു പറ്റില്ല " എന്ന് പറയുന്നവരുമൊക്കെയായി ഒരു വലിയ സ്ത്രീ സമൂഹത്തിനുള്ളിൽ നിന്നു കൊണ്ട് ഗാർഹിക പീഢനത്തെക്കുറിച്ച് പറയുക എളുപ്പമല്ല... എന്ത്, എവിടം മുതൽ,ഏതറ്റം വരെ ഒരുവളെ സംബന്ധിച്ച് പീഡനമാകുന്നുവെന്നതാണ് ഇവിടെ വിഷയം.

jiji-jogi ജിജി ജോഗി.

വൈകാരികമായി പീഡിപ്പിക്കുന്നവർ  സ്ത്രീകളുടെ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളാവുക കൂടി ചെയ്യുമ്പോൾ  പ്രശ്ന പരിഹാരത്തിന് ഇടനിലക്കാരായി നിൽക്കുന്നവർക്ക് തിരിച്ച് എട്ടിന്റെ പണിയും മാനഹാനിയും മാത്രമായിരിക്കും ഫലം എന്നത് നിസ്തർക്കമാണ്.

താൻ പീഡിപ്പിക്കപ്പെടുന്നവളാണെന്നും ഏതുവിധേനയും അതിൽ നിന്ന് മുക്തി നേടണമെന്നും ഉള്ളുരുകുന്ന ഒരുവളെ നിയമപരമായി സഹായിക്കാൻ വേണ്ടത് ചെയ്യുക എന്നത് മാത്രമാണ് സമൂഹത്തിന് ചെയ്യാനുള്ളത്. അവൾക്കൊപ്പം നിൽക്കാൻ കരുത്തുള്ള ഒരു നിയമസംവിധാനം ഉണ്ട് എന്ന കൃത്യമായ ബോധവത്ക്കരണവും മാതൃകാപരമായ ശിക്ഷാ നടപടികളും ഈ കാര്യത്തിൽ സ്ത്രീകളെ സഹായിക്കാനിടയുണ്ട്."

എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ കെ.എ ബീന പറയുന്നു 

"ശാരീരികമായ നുറുങ്ങലുകളും ചതയലുകളും ഒരു പരിധിവരെ സഹിച്ചാലും കുത്തുവാക്കുകളും അവഗണനകളും നുറുക്കിക്കളയുന്ന സ്ത്രീയുടെ വ്യക്തിത്വത്തിനും ആത്മവിശ്വാസത്തിനും ആരാണ് ഉത്തരവാദി എന്ന ചോദ്യം എന്നെ ഉലയ്ക്കാറുണ്ട്. 

* സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നത് വലിയൊരു പരിഹാരവും യാഥർഥ്യവുമാണ്.

*വിവാഹം എന്നത് കൂട്ടുത്തരവാദിത്തത്തിൽ മാത്രം മനോഹരമാകുന്ന മഹത്തായ ഒരു സാമൂഹിക സ്ഥാപനമാണ്. അതുകൊണ്ട് തുല്യതയും ബഹുമാനവും ഔദാര്യമല്ല. അവകാശമാണെന്ന് ഇനിയെങ്കിലും സ്ത്രീകൾ മനസ്സിലാക്കണം. 

beena-01 കെ.എ ബീന.

*ജീവനും ജീവിതത്തിനും ഭീഷണിയാകുന്ന ബന്ധങ്ങളിൽ നിന്ന് ഇറങ്ങിപ്പോരാനുള്ള ആർജ്ജവം സ്ത്രീകൾ കാണിക്കണം. 

*കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവും ഉത്തരവാദിത്തവും കരുതിയാണ് ഭൂരിപക്ഷം സ്ത്രീകളും ഗാർഹിക പീഡനങ്ങളിൽ നിശ്ശബ്ദരാകുന്നത്. അച്ഛൻ അമ്മയെ ഉപദ്രവിക്കുന്നതും ചൂഷണം ചെയ്യുന്നതും കണ്ടുകൊണ്ടാണ് കുട്ടികൾ വളരുന്നത്, അവർക്ക് അത് തെറ്റായ സോഷ്യലൈസേഷൻ ആണ് നൽകുന്നത്. അതുകൊണ്ടു പീഡനത്തിനിരയായി തുടരുന്നതിനേക്കാൾ സമാധാനപൂർണമായ അന്തരീക്ഷത്തിൽ കുട്ടികളെ നയിക്കാനുള്ള പ്രാപ്തി സ്ത്രീകൾക്കുണ്ടാവണം.

*ഭാര്യയെ പ്രഹരിക്കുന്നത് അവകാശവും തന്റേടവും ആണെന്ന് ധരിക്കുന്ന പുരുഷന്മാർ ഏതു കുടുംബത്തിന്റെ ഉൽപ്പന്നമാണ്? ഗാർഹിക പീഡനത്തിന്റെ ഇര ആയിരുന്നിരിക്കണം അയാളുടെ അമ്മയും. സമയത്ത് പരിഹരിച്ചില്ലെങ്കിൽ ഈ ചങ്ങല തുടരും.

*ഗാർഹിക പീഡനം അനുഭവിക്കുന്നവർക്ക് നിയമ പരിരക്ഷയുണ്ടെന്ന് മനസ്സിലാക്കണം. ഭർത്താവിന്റെ തണലിൽ മാത്രമാണ് തന്റെ ജീവിതമെന്നും ഉള്ള തെറ്റായ ധാരണ സ്ത്രീകൾ വച്ച് പുലർത്താതിരിക്കണം.

എഴുത്തുകാരിയും അധ്യാപികയുമായ സൂര്യ ഗോപി പറയുന്നു

ഗാർഹിക പീഡനത്തെ സ്ത്രീകൾ പിന്തുണയ്ക്കുന്നു എന്നത് പരിഗണിക്കേണ്ട വിഷയമാണ്. സാക്ഷരനേട്ടവും മറ്റു സാമൂഹിക മുന്നേറ്റവും അനുഭവിച്ച കേരളത്തിൽ കാര്യങ്ങൾ പന്തിയല്ല എന്ന് പലവട്ടം തോന്നിയിട്ടുണ്ട്. ഈ സൂചികകൾക്ക് ഒട്ടും ഇണങ്ങാത്ത ഒരു പിന്നോക്കാവസ്ഥ സ്ത്രീകളിൽ കൂടുതൽ കൂടുതൽ പ്രകടമാകുന്നുണ്ട്.  വിധേയത്വമെന്നോ വ്യക്തിത്വം പണയം വയ്ക്കലെന്നോ ഇതിനെ വിശേഷിപ്പിച്ചാൽ മാത്രം പോരാ. ഒരുതരം സമരസപ്പെടൽ ഉണ്ടാകുന്നുണ്ട് എന്നത് തീർച്ചയാണ്. അതെന്തുകൊണ്ടാണെന്നതിനാണ് ആദ്യം ഉത്തരം തേടേണ്ടത്. 

surya-01 സൂര്യ ഗോപി.

അഭിപ്രായമുള്ള സ്ത്രീയാവുക എന്നത് വളരെ മോശമായ പ്രതിച്ഛായ ആണ് എന്ന നിലയിലാണ് സമൂഹം ഇപ്പോഴും കാണുന്നത്. അത് രാഷ്ട്രീയ–മത അധികാര കേന്ദ്രങ്ങളിൽപ്പോലും പ്രകടമാണിന്ന്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീകളെ സംശയത്തോടെ നോക്കുന്ന ഒരു സാമൂഹിക രോഗം ഇവിടെ പ്രബലമാണ്. അതിനു രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്ന് ,ലൈംഗികതയെ കുറിച്ചുള്ള തികച്ചും അബദ്ധമായ ധാരണകൾ വച്ച് പുലർത്തുന്നു എന്നതാണ്. രണ്ടാമത് അണുകുടുംബങ്ങളിൽ കുടുംബ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകാത്ത പുരുഷന്മാർ സൃഷ്ടിക്കുന്ന സദാചാരബോധമാണ്. 

മത പൗരോഹിത്യം അങ്ങേയറ്റം സ്ത്രീവിരുദ്ധമാകുന്നതുകൊണ്ടു ജാതിമത വേലിക്കെട്ടുകളെ സാമൂഹികമായി ബഹിഷ്കരിക്കാനുള്ള ഒരു ശ്രമവും ഇവിടെ നടക്കുന്നുമില്ല. സ്ത്രീയുടെ അടയാളങ്ങൾ ബലപ്പെടുന്നത് ഇതിന്റെ ഭാഗമാണ്. സിന്ദൂരവും താലിയും പർദ്ദയും  വിശ്വാസ അടയാളങ്ങളും നാടുവാഴാത്ത നാരീ സങ്കല്പങ്ങൾക്കും മതമൗലിക സാദൃശ്യങ്ങൾക്കും ഇണങ്ങുന്ന തരത്തൽ ഊട്ടിയുറപ്പിക്കപ്പെടുന്നുണ്ട്. അതിലെല്ലാമുപരി സ്ത്രീയെ കേവലം ഉൽപ്പന്നവും ഉപകരണവുമാക്കുന്ന ഉദാരവത്കരണ നയങ്ങളുടെ സ്വാധീനവും സീരിയൽ മറ്റു ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങൾ, പരസ്യങ്ങൾ, എല്ലാം തന്നെ ആവർത്തിച്ചാവർത്തിച്ച് ഈ അവസ്ഥയ്ക്ക് അടിവരയിടുന്നുണ്ട്.  

സമൂഹമാധ്യമങ്ങളിൽ ആക്റ്റിവിസ്റ്റായ ഷംന പറയുന്നു

"വല്യുമ്മ മീനിന്റെ മുള്ളടക്കം തിന്നുന്നൊരാളാണ്. നമ്മളിൽ പലരും അങ്ങനെ ചെയ്യാറുണ്ട്. നമുക്കത് ഇഷ്ടവുമാണ്. പക്ഷേ, പല്ലില്ലാത്ത 75 വയസ്സിലും വല്യുമ്മ മീൻമുള്ള് കഷ്ടപ്പെട്ട് തിന്നുമ്പോൾ നല്ല കഷ്ണം ഉണ്ടായിട്ടും പിന്നെയുമെന്തിനാ മുള്ള് തിന്നുന്നത് എന്ന് ചോദിച്ചാൽ പറയും കളയാൻ തോന്നുന്നില്ല, പണ്ട് ഈ മുള്ള് മാത്രമായിരുന്നു ഞങ്ങൾക്ക് മീനെന്ന്. ആകെയുണ്ടായിരുന്ന ഇത്തിരി അരിയിട്ട് വീട്ടിലെ പെണ്ണുങ്ങളെല്ലാം കഞ്ഞിവെള്ളം മുക്കിക്കുടിച്ച് വറ്റുള്ള ഭാഗം വീട്ടിലെ ആണുങ്ങൾക്കായി മാറ്റി വയ്ക്കുമായിരുന്നു. ഒരിക്കൽ വെറും കഞ്ഞി വെള്ളം മുക്കി കുടിക്കെ ഒരു സത്രീ ആഹ്ലാദത്തോടെ വിളിച്ചുകൂവി ''ഹാ ഹാ ദാ എന്റെ കഞ്ഞിവെള്ളത്തിലൊരു വറ്റ്.." ഇതും വല്യുമ്മ പറഞ്ഞു കേട്ട കഥയാണ്.

ഇതു പോലെ വറ്റുള്ള കഞ്ഞി, വട്ടമൊത്ത പത്തിരി, എല്ലുകൂടാത്ത ഇറച്ചി ഇതൊക്കെയായിരുന്നു വീട്ടിലെ ആണുങ്ങൾക്കായി പ്രധാനമായും നീക്കിവെച്ചിരുന്നത് പോലും.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ഭക്ഷണകാര്യത്തിൽ പോലും പണ്ടു മുതലേ വേർതിരിവ് കാണാം. നല്ല ഭാഗം വീട്ടിലെ ആണുങ്ങൾക്കും മിച്ചം വരുന്നത് സ്ത്രീകൾ കഴിച്ചാൽ മതിയെന്നും കാലം നാമറിയാണ്ട് നമ്മളെ പഠിപ്പിച്ചു. 

എല്ലാർക്കും വിളമ്പി എല്ലാവരെയും ഊട്ടി ഏറ്റവുമൊടുവിൽ അടുപ്പിന്റടുത്തിരുന്ന് ചട്ടിയിൽ കഴിക്കുന്ന ഉമ്മമാരെ കണ്ടിട്ടുണ്ട്. ഇനി ഒരുമിച്ചിരുന്ന് തിന്നുവാണേലും എനിക്ക് ചാറിലെ മീൻ മതിയെന്നും പറഞ്ഞ് പൊരിച്ച മീൻ മറ്റു പലരുടെയും മുന്നിലേക്ക് ( ഒരിക്കലും എന്റെ മുന്നിലേക്കല്ല ) നീക്കി വെക്കുന്ന ഉമ്മമാരെയും കണ്ടിട്ടുണ്ട്. ചിലർക്കെങ്കിലും ഇത് സ്നേഹം കൊണ്ടൊന്നുമല്ല, ആണിനെ തൃപ്തിപ്പെടുത്തേണ്ടവളാണെന്ന കണ്ടു ശീലിച്ചു പോന്ന ദുശീലം. ആണുങ്ങൾ വീട്ടിൽ വന്നാൽ അവരെ ട്രീറ്റ് ചെയ്യുന്ന രീതിയും പെണ്ണിനെ ട്രീറ്റ് ചെയ്യുന്ന രീതിയും വളരെ അന്തരമുണ്ടിവിടെ. എത്രയോ തവണ കലഹിച്ച കാര്യമാണ്. ഇനിയും കലഹിക്കും.

മീൻ കഷ്ണത്തിൽ തുടങ്ങി പിന്നാലെ വരുന്ന ഒരേ നൂലിൽ കോർത്ത ഒരു പാട് കാര്യങ്ങളുണ്ട് കേട്ടോ. കുടുംബത്തിൽ പെണ്ണനുഭവിക്കുന്ന സ്വാതന്ത്ര്യം എന്തെന്നും എത്ര കലഹിച്ചാണത് ചിലരെങ്കിലും സ്വന്തമാക്കിയതെന്നും ആലോചിച്ചു നോക്കൂ. സ്വന്തം വിവാഹത്തിന്റെ കാര്യത്തിൽ പോലും തീരുമാനമെടുക്കാൻ അനുവാദമില്ലാത്ത എത്ര പെൺട്ടികൾ. സ്നേഹ ബന്ധങ്ങളുടെ കാര്യത്തിലോ,ആണുങ്ങൾ ചങ്കൂറ്റത്തോടെ പെണ്ണിനെ ഇറക്കിക്കൊണ്ടുവരലും പെണ്ണുങ്ങൾ വീട്ടുകാരെ നാണം കെടുത്തി ഒളിച്ചോടിയെന്നുമാണ് നമ്മൾ പറയാറ്.

പെണ്ണിന്റെ സഞ്ചാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ച ചെയ്ത് ചെയ്ത് ക്ഷീണിച്ചവരാണ് നമ്മൾ. വല്ല മാറ്റവുമുണ്ടോ, എവിടെ.? എങ്ങനൊക്കെ പിടിച്ചു നിന്നാലും തരംതാഴ്ത്തലെന്ന് നിങ്ങൾക്ക് തോന്നാവുന്ന എന്നാൽ കേൾക്കും തോറും വാശി കൂടുന്ന "നീ വെറും പെണ്ണാണെന്ന '' ഒറ്റവാക്കേ ശകാരിക്കുന്നവർക്ക് പറയാനുണ്ടാവൂ. അവന്റെ വസ്ത്രം ഇസ്തിരിയിടുന്നു.

പറയുന്നതിനു മുൻപേ ഇഷ്ടഭക്ഷണം മുന്നിലെത്തുന്നു ഇഷ്ടങ്ങളൊക്കെ നടത്തിക്കൊടുക്കുന്നു എതിർത്ത് സംസാരം ഉണ്ടാവാതെ വളരെ സന്തോഷത്തോടെ അവനെ കൊണ്ടു പോവുന്നു. ഒരാൺകുട്ടിയെ സംബന്ധിച്ചിടത്തോളം എന്ത് സുന്ദരമായ സംഗതിയാണിതൊക്കെ. പക്ഷേ ഇതിനൊരു മറുവശമുണ്ട്. അല്ലലൊന്നും അറിയിക്കാതെ തലയിൽ വെച്ച് വളർത്തി കൊണ്ട് വന്ന ഇത്തരം ആൺകുട്ടികൾ തന്റെ ഭാര്യയിലും കാമുകിയിലുമൊക്കെ തേടുന്നതും കാണാനാഗ്രഹിക്കുന്നതും ഇത്തരം പെണ്ണുങ്ങളെയാവും. ഇല്ലെങ്കിലെന്താവും.. ചിന്തിച്ചു നോക്കൂ.

shamna-01 ഷംന.

ഇവിടെ ഞങ്ങളുടെ നാട്ടിൽ സൽക്കാരങ്ങളോ ആഘോഷങ്ങളോ വീടുകളിൽ സംഘടിപ്പിച്ചാൽ ആദ്യം ഭക്ഷണ സാധനങ്ങൾ ചൂടോടെ വിളമ്പി ആദ്യത്തെ റൗണ്ടിൽ ഇരുത്തുന്നത് ആണുങ്ങളെയാണ്. കാരണം, "ഓല് തിന്നിട്ടേ നമ്മള് തിന്നാൻ പാടുള്ളൂ". എല്ലാം കഴിഞ്ഞ് തണുത്ത ഭക്ഷണം അടുക്കളയിലിരുന്ന് തിന്ന് പാത്രം കമിഴ്ത്തി വെക്കേണ്ടവരാണ് പെണ്ണുങ്ങൾ.

ആഘോഷവേളകളിലെ ഓട്ടപ്പാച്ചിലുകൾ ശ്രദ്ധിച്ചിട്ടില്ലേ, പുതുവസ്ത്രത്തിൽ കാലും നീട്ടി നാട്ടുവർത്തമാനം പറഞ്ഞിരിക്കുന പുരുഷപ്രജകളും അടുക്കളയിൽ ചെമ്പിനു ചുറ്റും കിടന്നോടുന്ന ഉമ്മമാരും. 

ഒന്നിരിക്കാനോ വന്നവരോടൊന്ന് സംസാരിക്കാനോ പലർക്കും പറ്റാറില്ല. അടുത്ത തവണയാവാം എന്നു പരിഭവിച്ചാണ് കുടുംബത്തിലെ പലസ്ത്രീകളും യാത്ര പറഞ്ഞു പോവാറ്. പക്ഷേ വർഷങ്ങളായിട്ടും ഒന്നിച്ചിരിക്കാനവർക്ക് പറ്റിയിട്ടില്ല എന്നതാണ് സത്യം. പെണ്ണ് സഹനത്തിന്റെ ആൾരൂപമാണ് കൂട്ടരേ... ത്യാഗമാവണം അവളുടെ മുഖമുദ്ര. കല്യാണ വീടു പിന്നാമ്പുറം വഴി കയറാനും മിച്ചം വരുന്ന ആഹാരസാധനങ്ങൾ അടുക്കളയിലിരുന്ന് തിന്നാനും മീനില്ലേലും ചോറുണ്ണാമെന്നും പരിശീലിക്കപ്പെട്ടവർ. 

റെഡി ടു വെയിറ്റ് ജന്മങ്ങൾ.ഇതിനൊക്കെ വളം വെച്ച് കൊടുത്ത തരുണികളെ എത്ര ശകാരിച്ചാലും മതിയാവൂല. ഇന്നും അതിനൊന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല കേട്ടോ. അതു കൊണ്ടാണ് ഗാർഹിക പീഡനം പോലും പിന്തുണക്കുന്ന ആ 69 % കുലംകുത്തി സ്ത്രീകളെ നമ്മളിന്നലെ കണ്ടത്.

അതോണ്ട് കൂട്ടരേ, മീൻ കഷ്ണത്തിന്റെ കാര്യം വെറും പുച്ഛം കൊണ്ട് പറഞ്ഞു തള്ളുന്നവരേ, ആൺകോയ്മയുടെ ഉച്ചിയിൽ നിൽക്കുന്ന നിങ്ങളിൽ പല ഏമാൻമാരും ഇങ്ങനെ മീനിന്റെ നടുക്കണ്ടം തിന്ന് ശീലിച്ചവരാണ്. മീനില്ലേലും ഞങ്ങളിന്നസ്സലായി ചോറുണ്ണും..,അന്ന് വീട്ടിൽ മീൻ വാങ്ങിയിട്ടുണ്ടാവില്ലായിരിക്കണം.."