കല്ലാറിലെ പൊട്ടിപ്പൊളിഞ്ഞ കാട്ടുപാതയിലൂടെ നടക്കുമ്പോൾ ചില ചെടികൾ കാലിൽ ഉമ്മവയ്ക്കും! വള്ളികൾ ഒരു നിമിഷത്തേക്കൊന്നു പിടിച്ചുനിർത്തി കുശലം ചോദിക്കും. അവർക്കറിയാം, ഈ കാലുകൾ അവരുടെ 'അമ്മ'യുടെ വീട്ടിലേക്കാണെന്ന്. കാട്ടുചെടികളെന്നു ലോകം വിളിക്കുമ്പോൾ, ലക്ഷ്മിക്കുട്ടിയമ്മ അവരെ പേരുചൊല്ലിവിളിക്കും, ഗുണങ്ങൾ പറയും, തളിരിലയിൽ തൊട്ട് ഓമനിക്കും!
വിതരുയിൽ നിന്നു പൊന്മുടിയിലേക്കുള്ള റോഡിൽ കല്ലാർ വനംവകുപ്പ് ചെക്പോസ്റ്റ് കടന്ന് അഞ്ചു കിലോമീറ്റർ കാട്ടുപാതയിലൂടെ നീങ്ങുമ്പോൾ മൊട്ടമൂട് കുന്നിലെത്തും. ലക്ഷ്മിക്കുട്ടിയമ്മയെന്ന വനമുത്തശ്ശിയുടെ കുടിലിവിടെയാണ്.
പെൺകുട്ടികൾ പഠിക്കാൻ പോകുന്നത് തെറ്റെന്നു പറഞ്ഞ കാലത്ത് പത്തുകിലോമീറ്റർ താണ്ടി സ്കൂളിൽ പോയി. സ്ത്രീകൾ വിഷവൈദ്യം ചെയ്താൽ കുലം തന്നെയറ്റുപോകുമെന്നു വിശ്വാസമുണ്ടായിരുന്നപ്പോൾ ദിവസവും ചികിത്സിച്ചിരുന്നത് പത്തിലധികം രോഗികളെ. സ്വന്തം ആദിവാസി ഊരിൽ പലർക്കും അക്ഷരാഭ്യാസമില്ലാതിരുന്നപ്പോൾ വായിച്ചുതീർത്തത് ഷെർലക് ഹോംസ് മുതൽ ആയിരത്തൊന്നു രാവുകൾ വരെ! ലക്ഷ്മിക്കുട്ടിയമ്മയുടെ ജീവിതകഥയിലെ ഫ്രെയിമുകൾ ഓടുന്നത് കാലത്തെക്കാൾ പത്തുവർഷം മുൻപിൽ.
കുടിലിലെ മാന്ത്രികപ്പെട്ടി!
പുതിയ വീടിന്റെ പണി പകുതിയായെങ്കിലും അതിനോടു തൊട്ടിയുരുമിയിരിക്കുന്ന ഓലമേഞ്ഞ കുടിലിൽ എണ്ണയുടെയും കഷായത്തിന്റെയും മണമുള്ള ഒരു തടിയലമാരയുണ്ട്. ഇതിനുള്ളിൽ പൊന്മുടയിലെ വനം മുഴുവനുണ്ടെന്നു പറഞ്ഞാൽ വിശ്വസിച്ചേ പറ്റൂ! ചാണകം മെഴുകിയ തറയിൽ രോഗികൾ കാത്തിരിക്കുമ്പോൾ ലക്ഷ്മിക്കുട്ടിയമ്മ അലമാര തുറക്കും, ഒരു കുപ്പിയെടുക്കും. ചതവാണെങ്കിൽ കയ്യിൽ അൽപം എണ്ണയെടുത്ത് ഞരമ്പുകൾ കശക്കി,കശക്കി തിരുമ്മും.
എന്നിട്ടു പറയും – ‘‘അഞ്ചൂസം തിരുമണേ, തിരുമിത്തിരുമി ഊപ്പാട് പറിയും, പണ്ടത്തെപ്പോലെ എനിക്കു പറ്റില്ല".
അപ്പോഴേക്കും മരച്ചീനിയും ചക്കക്കുരുവും ചേർത്ത് പുഴുക്കിന്റെ കൊതിപിടിപ്പിക്കുന്ന ഗന്ധം അടുക്കളയിൽ നിന്നെത്തും. സഹായത്തിന് ഒപ്പമുള്ള ബന്ധു ശിശുപാലൻ വാഴയിലെ വെട്ടിക്കൊണ്ടുവരും. കഴിച്ചാൽ കണ്ണിലൂടെ പൊന്നീച്ച പറക്കുന്ന മുളകുപൊട്ടിച്ചതും കൂടി വച്ചുനീട്ടും.
കൊടുത്തുവിടാൻ മരുന്നില്ലെങ്കിൽ കയ്യിലെ എണ്ണ തൊട്ടടുത്തുള്ള തൂണിൽ തുടച്ചു കളഞ്ഞിട്ട് കുറിച്ചുകൊടുക്കും. ഇപ്പൊ മരുന്നില്ലെങ്കിൽ വേണ്ട, രണ്ടുദിവസം കഴിഞ്ഞ് വന്ന് മേടിച്ചോളാം എന്നാകും രോഗികൾ. ചതഞ്ഞ കാലുമായി ഈ കുന്നു കയറി വരേണ്ടന്ന് ലക്ഷ്മിക്കുട്ടിയമ്മ പറയും.
പുറത്തുനിന്നുള്ള മരുന്നുകളെ വിശ്വാസിക്കാമെന്ന ഉറപ്പിൽ പലരും മലയിറങ്ങും. വാതമാണെങ്കിൽ പറയും, അഷ്ടവർഗകഷായം വിതുരയിൽ കിട്ടും, ഒരു കുപ്പി മേടിച്ചോളൂ. ഈ പതിവു തുടങ്ങിയിട്ട് 45 വർഷം കഴിയുന്നു. ലക്ഷ്മിക്കുട്ടിയമ്മയുടെ മാന്ത്രികപ്പെട്ടിയിൽ നിന്ന് പരിഹാരമില്ലാത്ത പ്രശ്നമില്ലെന്നാണ് ഊരിന്റെയും നാട്ടുകാരുടെയും വിശ്വാസം.
പെണ്ണുങ്ങൾ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നു നാട്ടുനടപ്പുള്ള കാലത്ത് വനത്തിലൂടെ പാറിനടന്ന സൂപ്പർ ഗേൾ! ലക്ഷ്മിക്കുട്ടിയമ്മയ്ക്കായി അച്ഛൻ ചാത്താടി കാണി പോലും നിയമങ്ങളിൽ ഭേദഗതി വരുത്തി. മലയരയൻമാർ ഇല്ലങ്ങൾ തരം തിരിച്ച് നിയമങ്ങളുണ്ടാക്കിയപ്പോൾ തലപ്പത്തുള്ള മേനിയില്ലത്ത് 1944ലാണ് ലക്ഷ്മിക്കുട്ടിയമ്മ ജനിച്ചത്. ആറ് മാസത്തിനുള്ളിൽ അച്ഛൻ മരിച്ചു. രണ്ടാം വയസിൽ അമ്മൂമ്മയും മരിച്ചു. അപ്പൂപ്പൻ ശീതങ്കം മാത്തൻ കാണിയായിരുന്നു പിന്നീട് രക്ഷിതാവ്. ചൂണ്ടപ്പനയുടെയും ഈന്തിന്റെയും കൂമ്പ്, പഴങ്ങൾ അങ്ങനെ കണ്ണിൽ കാണുന്നതെന്തും വലിച്ചുപറിച്ചു തിന്നായിരുന്നു ജീവിതം. അമ്മ കുഞ്ചു മാത്രമേ അവരുടെ വീട്ടിൽ പെണ്ണുള്ളു.
മാത്തൻ അഥവാ ബോഡി ഗാർഡ്
മൊട്ടമൂടിൽ നിന്ന് ആരും പഠിക്കാൻ പോകാതിരുന്ന കാലത്തും ലക്ഷ്മിക്കുട്ടിയമ്മയെ പഠിപ്പിക്കണമെന്ന കാര്യത്തിൽ വീട്ടിൽ തർക്കമുണ്ടായിരുന്നില്ല. കല്ലാറ് യുപി സ്കൂൾ തുടങ്ങുന്നത് അക്കാലത്താണ്. അഞ്ചാം ക്ലാസിൽ തന്നെ അമ്മ സ്കൂളിൽ ചേർത്തു. കവടിയാറിലെ രാജാവിന്റെ വിശ്രമകേന്ദ്രവും കുതിരപ്പുരയും പ്രത്യേക അനുവാദം വാങ്ങി വൃത്തിയാക്കിയെടുത്താണ് സ്കൂൾ തുടങ്ങിയത്. കുതിരയുടെ മൂത്രവും ചാണകവുമൊക്ക കിടന്ന മുറി ക്ലാസ്റൂമായി. അടുത്തുള്ള ഗോപാലൻ കാണി ലക്ഷ്മിക്കുട്ടിയമ്മയെ നിലത്തെഴുതി പഠിപ്പിച്ചു. വിതുര സ്കൂളിലായിരുന്നു ഫസ്റ്റ് ഫോം മുതൽ. 10 കിലോമീറ്ററായിരുന്നു സ്കൂളിലേക്കുള്ള ദൂരം. രണ്ടണയായിരുന്നു ബസുകൂലി. പണമില്ലാത്തതുകൊണ്ടു ചേച്ചിയുടെ മകനും മാത്തൻ കാണിക്കുമൊപ്പം മഞ്ഞവെയിൽ നോക്കി വടിയും കുത്തിപ്പിടിച്ച് കാടിറങ്ങും.
നാലുമണിപ്പൂവ് വിരിയുന്നതുനോക്കി തിരികെ നടക്കും.മാത്തനായിരുന്നു സംഘത്തലവൻ. കൂട്ടത്തിൽ പെണ്ണായിരുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ ബോഡിഗാർഡും മാത്തൻ തന്നെ. ക്രമേണ ആ ബന്ധം വളർന്ന് വിവാഹം വരെയെത്തി. മാത്തന്റെ അമ്മയ്ക്ക് വലിയ താൽപര്യമില്ലായിരുന്നു. ഈനാംപേച്ചിയെപ്പോലെ നടക്കുന്നവളെന്നായിരുന്നുലക്ഷ്മിക്കുട്ടിയമ്മയ്ക്ക് അമ്മായി നൽകിയ വിശേഷണം. മുടിയൊന്നും കെട്ടാതെ ഭ്രാന്തിയെപ്പോലെ നടക്കുന്ന ഇവളെക്കൊണ്ട് മകനെ കെട്ടിക്കണോ എന്നായിരുന്നു സന്ദേഹം. പെണ്ണിനെ തരുന്നതിനു പകരമായി ചെറുക്കൻ കാരണവൻമാർക്ക് കാഴ്ച നൽകുന്ന രീതിയുണ്ടായിരുന്നു. അരിയും പണവും എന്നിവ തട്ടത്തിൽ വെച്ചു നമസ്ക്കരിക്കണം. എന്നാൽ പല ചടങ്ങുകളും തെറ്റിച്ചായിരുന്നു 1959ൽ ലക്ഷ്മിക്കുട്ടിയമ്മയുടെയും മാത്തന്റെയും കല്യാണം.
തോക്കുണ്ട്, കൊല്ലാനല്ല
ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് ആദിവാസികൾക്ക് തോക്ക് ഉപയോഗിക്കാൻ അനുവാദം കൊടുത്തിരുന്നു. ദുഷ്ടമൃഗങ്ങൾ നാട്ടിലിറങ്ങാതെ നോക്കുകയായിരുന്നു ലക്ഷ്മിക്കുട്ടിയമ്മയുടെ പൂർവികരുടെ ചുമതല. ആനയൊഴികെ ബാക്കി എന്തിനെയും വെടിവച്ചു കൊല്ലാൻ അനുവാദമുണ്ടായിരുന്നെങ്കിലും കാടിന്റെ നിയമം ലംഘിക്കാറില്ല. കേഴ പോലെ വലിയ മൃഗങ്ങളെ കിട്ടിയാൽ മാംസം പാചകം ചെയ്ത് മലദൈവങ്ങൾക്ക് നിവേദ്യമായി നൽകും. നേർച്ചകളുടെ വലുപ്പം അനുസരിച്ചണത്രേ നായാട്ടിൽ മറ്റ് മൃഗങ്ങളെ ലഭിക്കുക. ആയുസ് തീരാറായ മൃഗങ്ങളെ നായാട്ടുകാർക്കായി മലദൈവം കരുതുമെന്നാണ് വിശ്വാസം.
അമ്മ പകർന്ന പുണ്യം
ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് 32 വയസുള്ളപ്പോഴാണ് അമ്മ കുഞ്ചു മരിച്ചത്. നാട്ടിലെ അറിയപ്പെടുന്ന വയറ്റാട്ടിയായിരുന്നു. മലയിലും കാട്ടിലുമൊക്കെ വിളിച്ചുകൊണ്ടു പോകും. ഊരിലെ ഓരോ പുതുജീവനെയും ഏറ്റുവാങ്ങിയത് ആ കൈകളായിരുന്നു. വയ്യാതായപ്പോൾ അമ്മ പറഞ്ഞു, എനിക്കിനി വീടുകളിൽ പോകാൻ വയ്യ, ആവശ്യമുള്ളവർക്ക് എന്റെ കുടിലിൽ സൗകര്യം ഒരുക്കാം. അന്നു മുതൽ വീടിന് നാട്ടിലെ പ്രസവ ആശുപത്രിയെന്ന പേരും ലക്ഷ്മിക്കുട്ടിയമ്മയുടെ കുടിലിനു വീണു. പത്തു ദിവസം കുടിലിൽ കിടത്തി പരിചരിക്കും. കുളിപ്പിച്ച് ചടങ്ങുകളൊക്കെ ആചരിച്ച് വീട്ടിൽ കൊണ്ടുപോയി വിടുകയായിരുന്നു രീതി. ഇതിനു പുറമേ ജ്വരത്തിനു തളം വയ്ക്കുക, നീർക്കെട്ടിനു കിഴിയിടുക തുടങ്ങിയ രീതികളും വശമുണ്ടായിരുന്നു. മാത്തന്റെ അച്ഛനും ലക്ഷ്മിക്കു ഗുരുവായി.
ഓർക്കാപ്പുറത്ത് ദുരന്തങ്ങൾ
മൂത്തമകൻ ധരണീന്ദ്രന്റെയും ഇളയമകൻ ശിവപ്രസാദിന്റെയും മരണം ലക്ഷ്മിക്കുട്ടിക്ക് നടുക്കുന്ന ഓർമയാണ്. ലക്ഷ്മിക്കുട്ടിയമ്മയെ പഠിപ്പിക്കാൻ കാരണവർമാർ കാണിച്ച ഉത്സാഹം മക്കളുടെ കാര്യത്തിൽ മാത്തനും ലക്ഷ്മിക്കുട്ടിയമ്മയും കാണിച്ചു. പ്രീഡിഗ്രി പാസായ ശേഷം മൈസൂർ സർവകലാശാലയിൽ നിന്നു ബിഎ പാസായിരുന്നു ധരണീന്ദ്രൻ. 2005ൽ മരുത്വാമലയിലെ ക്ഷേത്രത്തിൽ മണ്ഡലപൂജയ്ക്കായി രാവിലെ കാട്ടിലൂടെ പോയ ധരണീന്ദ്രൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൂടെ ആളുണ്ടായിരുന്നെങ്കിലും അവർ പിന്നിലായിരുന്നു. ഏറെ വൈകാതെ ഇളയ മകൻ ശിവപ്രസാദ് ഹൃദയാഘാതം മൂലം മരിച്ചു. ചിത്രകാരനായിരുന്നു. 'നമ്മുടെ ആർട്ടിസ്റ്റ് എന്തിയേന്ന്?' കാട്ടൂർ നാരായണപിള്ള ലക്ഷ്മിക്കുട്ടിയമ്മയെ കാണുമ്പോൾ ചോദിക്കുമായിരുന്നു. രണ്ടാമത്തെ മകൻ ലക്ഷ്മണൻ റെയിൽവേ ഉദ്യോഗസ്ഥനാണ്. രണ്ടു വർഷം മുൻപ് ഭർത്താവു കൂടി മരിച്ചതോടെ കാട്ടിൽ ഒറ്റയ്ക്കായി. പേടിയുണ്ടോയെന്നു ചോദിച്ചാൽ പുഞ്ചിരി മാത്രം മറുപടി.
ചിലന്തി മുതൽ മൂർഖൻ വരെ!
പ്രമേഹത്തിന് കന്മദവും നത്തോലി മീനും ബെസ്റ്റാണത്രേ! വാള മീൻ കഴിക്കാമോ എന്നൊക്കെ ചോദിച്ചു വിളിക്കുന്നവരോട് ലക്ഷ്മിക്കുട്ടിക്ക് ഒന്നേ പറയാനുള്ളു 'കൊതീം കുറയ്ക്കൂല്ല, രോഗവും തീരണം..ഇതു നടക്കില്ല.'
എണ്ണ, മുട്ട, മാസം കഴിക്കരുത്. ഇലക്കറി കഴിക്കണം. കന്മദം അടുത്തകാലത്ത് ഉരുളുപൊട്ടി നശിച്ചത്രേ. വിഷചികിത്സ നടത്തിയ 300 പേരുടെ റജിസ്റ്ററും സൂക്ഷിച്ചിട്ടുണ്ട്. എട്ടുകാലുള്ള കടുവാച്ചിലന്തി കടിച്ചാൽ മരണമുണ്ടാകില്ല, പക്ഷേ തൊലി ചിലന്തിയുടേതുപോലെ ചുരുളും. പുലിച്ചിലന്തിയെന്നാണ് നാട്ടിൽ വിളിക്കുന്നത്. പോടുള്ള മരത്തിലും ചെളിയിലും ഇവയുണ്ടാകും. കുഞ്ഞുങ്ങളുമായിട്ടാണ് ഇരിപ്പെങ്കിൽ ഓടിച്ചിട്ടു കടിക്കും! അഞ്ചു ദിവസത്തെ ചികിത്സയാണ്. കുടിക്കാൻ കഷായം, മുറിവിൽ മരുന്ന്, ശരീരത്തിൽ കിഴി, എന്നിവ വേണം. വേപ്പിലയും പച്ചമഞ്ഞളും താളി തേച്ചു പിടിപ്പിക്കും.
പിന്നെ കഷായമുണ്ട്. ആടലോടകവും മരുന്നിൽ ചേർക്കും. കുളിപ്പിച്ച് കഴിഞ്ഞ് 100 ഗ്രാം പശുനെയ്യിൽ രാമച്ചം, നെന്മേനി വാകയുടെ തൊലി തുടങ്ങിയവയിട്ട് സേവിക്കണം.മരുന്നു ചേർത്ത നെയ്യ് മൂന്നാം ദിവസം ശരീരമാസകലം തേച്ചുപിടിപ്പിക്കുന്നതാണത്രേ ചികിത്സാരീതി. പാമ്പിൻ വിഷമാണെങ്കിൽ മുതിർന്നയാൾ ഒന്നരത്തുടം കഷായം കുടിക്കണം. കടുവാച്ചിലന്തി കടിച്ചവർക്ക് ഓന്തിനെ ഇടിച്ചുചതച്ച് മരുന്നാക്കുന്നുവരുണ്ടായിരുന്നത്രേ.
വിഷമുണ്ടായ കഥ
'ഉത്തമൻ ഭിഷഗ്വരനായാൽ മൃത്യുപോലും അകന്നീടും, കാളകൂടും കുടിച്ചൊരു കാലകാലൻ കനിഞ്ഞീടും' എന്നാണ് വംശവൈദ്യത്തിലെ തത്വം. ധർമചിന്തയില്ലെങ്കിൽ കുലം തന്നെ അറ്റുപോകും. വിഷചികിത്സകനാകണമെങ്കിൽ ആറു മാസം വെള്ളത്തിലും ആറു മാസം കരയിലും ഇരുന്ന് പഠിക്കണമെന്നാണ് പ്രമാണം.
പാലാഴിമഥനത്തിലെ കാളകൂടവുമായി ബന്ധപ്പെട്ടാണത്രേ പാമ്പിനും തേളിനുമൊക്കെ വിഷമുണ്ടായത്. കാളകൂടം വായിലേക്ക് ആവാഹിച്ച ശിവന്റെ കയ്യിൽ നിന്ന് തെറിച്ചുവീണ കുറച്ച് തുള്ളികൾ ഭൂമിയിൽ വീണു. ഭക്ഷണമാണെന്നു കരുതി പാമ്പ്, തേള്, ചിലന്തിയെന്നിവ അതു കുടിച്ചതോടെയാണ് ഇവയ്ക്കു വിഷമുണ്ടായതെന്നാണ് കഥ. അതുകൊണ്ട് ശിവനാണ് ഒന്നാമത്തെ വിഷചികിൽസകനെന്നാണ് ലക്ഷ്മിക്കുട്ടിയുടെ പക്ഷം.
വിഷബാധയേറ്റ് വരുന്നയാളുടെ ശരീരത്തിൽ കെട്ടുണ്ടെങ്കിൽ രണ്ട് തട്ട് കൊടുക്കണമത്രേ. ഒരു നിമിഷംകൊണ്ട് നെറുകംതലയിലെത്തുന്ന വിഷത്തെ തടയാൻ എന്തിനാണ് വരിഞ്ഞുമുറുക്കുന്നതെന്നാണ് ചോദ്യം. രോഗിയുടെ കയ്യിൽ നിന്ന് പണമോ മറ്റ് സാധനങ്ങളോ വാങ്ങരുതെന്നാണ് വ്യവസ്ഥ. ചിലർക്ക് അതു കൊടുക്കാതെ തൃപ്തി വരില്ല. മുറ്റത്തുള്ള പൂജാമുറിയുടെ നടയിൽ വയ്ക്കാൻ പറയും. വിളക്കും തിരിയുമൊക്കെ വാങ്ങാനാണത്.
കടിക്കുന്ന പ്രാണിയെ കൊല്ലരുതെന്നു കാട്ടിൽ നിയമമുണ്ട്. കൊന്നാൽ ചികിത്സിക്കുന്ന വൈദ്യൻ മയങ്ങിപ്പോകുമത്രേ. അതുകൊണ്ട് വരുമ്പോൾ തന്നെ ചോദിക്കും. ഒരിക്കൽ ഒരു സ്ത്രീ അവരെ കടിച്ച ചിലന്തിയെ അടിച്ച് ചതച്ച് കൂടെക്കൊണ്ടുവന്നു. ഞാൻ പറഞ്ഞു, കൊണ്ടുപോയി ചുട്ടുതിന്നോണം. കൊന്നാൽ തിന്നണം, തിന്നാൻ പാടില്ലാത്തതിനെ കൊല്ലരുത്, അതാണ് കാടിന്റെ നിയമം.
ഷെർലക് ഹോംസ് ഗംഭീരമല്ലേ!
'ഒരു പയിന്റിനു ബീവറേജിൽ ഞാൻ
ക്യൂവിൽ നിൽക്കുമ്പോൾ
കഷ്ടകാലം , എലികടിച്ചെന്റെ
കൈലി കീഞ്ഞല്ലോ'
ദീനം മാറാൻ കഷായം വേണ്ട പകരം തൊട്ടടുത്തുള്ള ബവ്റിജസ് ഔട്ട്ലെറ്റിൽ പോയാൽ മതിയെന്നു പറയുന്നവർക്കുള്ള കൊട്ടാണ് ലക്ഷ്മിയുടെ ഈ കവിത. നൂറുകണക്കിന് കവിതകൾ, കഥകൾ, ലേഖനങ്ങൾ, കഥാപ്രസംഗങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. ഇവയിലെല്ലാ ഒന്നാന്തരം സാമൂഹികവിമർശനവുമുണ്ട്. ഏറ്റവും ഒടുവിൽ ഷെർലോക് ഹോംസ് സീരീസിന്റെ മലയാള പരിഭാഷയാണ് വായിക്കുന്നത്. അലമാരയിൽ വൈലോപ്പിള്ളിയും വള്ളത്തോളുമൊക്കെയുണ്ട്. പത്മശ്രീ ബഹുമതി ലഭിച്ചതോടെ കവിതകൾ പലരും പ്രസിദ്ധീകരിക്കാമെന്നു പറഞ്ഞുകൊണ്ടുപോയിട്ടുണ്ട്. ആൾദൈവങ്ങളോട് പണ്ടേ പുച്ഛമാണ്.
നാം അഭയം തേടുന്ന ദൈവത്തിനു ഗുണ്ടകളുടെയും പൊലീസിന്റെയും സംരക്ഷണം വേണമെങ്കിൽ എന്തിനാണ് ആ ദൈവത്തെ പൂജിക്കുന്നതെന്നാണ് ലക്ഷ്മിക്കുട്ടിയുടെ ചോദ്യം.
ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങൾ വേറെയുമുണ്ട്. ജനിച്ചാലും ചലിക്കാത്ത ജന്മം ഏതെന്ന ചോദ്യത്തിനുത്തരം മുട്ടയാണത്രേ. ചലിക്കണമെങ്കിൽ രണ്ടാം ജന്മം വേണമല്ലോ. 'വരാൻ വൈകുന്നവൾ, വന്നാൽ പോകാത്തവൻ?' ചുറ്റുമിരുന്നവർക്ക് ഉത്തരമില്ലാതായതോടെ മറുപടിയെത്തി 'കീർത്തി, സംശയമെന്തിര്'.
വൈകിലഭിച്ച പത്മശ്രീ ബഹുമതിയെ ഇങ്ങനെ കാണാനാണ് ലക്ഷ്മിക്കുട്ടിക്കു താൽപര്യം. ഇനിയും നടന്നുനീങ്ങാനും സുഖപ്പെടുത്താനും ഒരുപാട്.
പത്മപുരസ്കാരം നേടിയത് നാടെങ്ങും അറിഞ്ഞെങ്കിലും പൊന്മുടി വനത്തിലെ മൃഗങ്ങളും ചെടികളും പത്മശ്രീ കിട്ടിയ കാര്യം അറിഞ്ഞിട്ടുണ്ടാകുമോ എന്തോ. അറിഞ്ഞാൽ ഏറ്റവുമധികം സന്തോഷിക്കുന്നത് അവരാകുമല്ലോ!
ചില്ലുകൾ
(ലക്ഷ്മിക്കുട്ടിയമ്മയുടെ കവിത)
സ്വാമിജി കാണുന്നു ഭ്രാന്താലയം,
ഇന്നു നാം കാണ്മതോ പ്രേതാലയം,
സ്മാരകം കൊണ്ടുനിറയുകിൽ,
ഈ ലോകേ
ജീവിക്കാനുള്ളോർക്കു മണ്ണെവിടെ?
ചത്തുചത്തു ചേരുന്നു–പിന്നെയും
നേതാക്കൾ പെരുകുന്നു, എങ്ങും
സ്മാരകം നിറയുന്നു–അങ്ങനെ
ഭൂതലം ചുരുങ്ങുന്നു!
ചത്താലും കിട്ടുവാൻ പണം,
രാഷ്ട്രീയമെന്നതേ വേണ്ടൂ
രാഷ്ട്രീയമില്ലെന്നാകിൽ
മാന്യനും ഗതിവഴിയാധാരം!
നിർമിക്കും നിയമത്തിൻ മുള്ളുവേലി
വളയുന്നു ഗിരിവർഗ ജീവിതത്തെ
ബന്ധിപ്പൂ കടലാസുപാശങ്ങളാൽ
അടയ്ക്കുന്നു പരിഷ്കാര കൽത്തുറങ്കിൽ
ഇത് ഈയങ്ങൾ നിറഞ്ഞ കാലം
മാനവ ജീവിതവുമീയത്താളുകൾപോലെ
വലിച്ചുനീട്ടാമൊടിച്ചുമാറ്റാം
ചവച്ചുതുപ്പാം ചവുട്ടിയരയ്ക്കാം
മാനുഷർക്കിന്നെന്തുബന്ധം?
ബന്ധങ്ങൾക്കിന്നെന്തുവില?