Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോമഡി സ്ത്രീകൾക്ക് വഴങ്ങില്ലെന്ന് സംശയമുണ്ടോ ; ശ്രീദേവികയ്ക്കും കൂട്ടുകാർക്കും പറയാനുള്ളത്

sridevika-001 ശ്രീദേവിക.

ശ്രീദേവികയെ മലയാളി പ്രേക്ഷകര്‍ മറക്കാനിടയില്ല... അവന്‍ ചാണ്ടിയുടെ മകന്‍, പാര്‍ത്ഥന്‍ കണ്ട പരലോകം, മഞ്ചാടിക്കുരു എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത ശ്രീദേവിക  കുറഞ്ഞ സമയം കൊണ്ട് തന്നെ തമിഴിലും കന്നടയിലും തന്‍റെ സാന്നിധ്യമറിയിച്ചു. വിവാഹത്തോടെ സിനിമയില്‍ നിന്ന് പിന്‍വാങ്ങിയ ശ്രീദേവിക വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തന്‍റെ മടങ്ങിവരവില്‍ നിലയുറപ്പിച്ചിരിക്കുന്നത് പക്ഷേ ക്യാമറയുടെ പിന്നിലാണ്. പ്രേക്ഷകശ്രദ്ധ നേടിയ ‘റാന്‍ഡം വികാരം’ എന്ന പുതുമയുള്ള കോമഡി വെബ്‌ സീരീസിലൂടെ ശ്രീദേവികയും ടീമും വീണ്ടും സജീവമാവുകയാണ്.

മലയാളത്തില്‍ ഇങ്ങനെയൊരു പ്രോഗ്രാം പുതുമയാണല്ലോ?

തുടങ്ങിയ സമയത്ത് ഞങ്ങള്‍ ഫില്‍ട്ടര്‍ കോപ്പിയാണ് ഒരു ബെഞ്ച്‌ മാര്‍ക്ക് ആയി വച്ചത്. തുടങ്ങി വന്നപ്പോള്‍ അത് പോലെയല്ലാതെ  വ്യത്യസ്തമായ ഒന്നാണ് നല്ലതെന്ന് തോന്നി...അതില്‍ സിനാരിയോ ബേസ്ഡ് ആയി  ഒരു കാര്യം മാത്രമേ പറയുന്നുള്ളൂ. കഥ പറയുന്നില്ല. അതിനെ ഒന്ന് മലയാളീകരിച്ച് നമ്മുടെ ഓഡിയൻസിന് എന്താണിഷ്ടമെന്ന് നോക്കിയപ്പോള്‍ കഥകള്‍ എന്ന ഓപ്ഷന്‍ വന്നതാണ്.

അങ്ങനെയാണ് ചെറിയ കഥകള്‍ അഞ്ചു മിനിറ്റ് ലെങ്ങ്ത് ഉള്ള ഓരോ എപ്പിസോഡില്‍ ചെയ്യാമെന്നു തീരുമാനിക്കുന്നത്. അതു മാത്രമല്ല ഫില്‍ട്ടര്‍ കോപ്പി ഒരു മെട്രോ സെറ്റ് അപ്പാണ്. അത് ഒന്നു മാറ്റിപ്പിടിച്ച് എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചെയ്തിരിയ്ക്കുന്നത്. എല്ലാ മാസവും പത്താം തീയതിയും ഇരുപത്തഞ്ചാം തീയതിയുമാണ് എപ്പിസോഡ് ചെയ്യുന്നത്.

ടീമില്‍ ആരൊക്കെയാണ്?

ഞങ്ങള്‍ നാല് സ്ത്രീകള്‍ തന്നെയാണ് എല്ലാം ചെയ്യുന്നത്. പാലക്കാട് എന്‍റെ സ്കൂള്‍ മേറ്റ് ആയിരുന്ന ലക്ഷ്മി അരുണ്‍ ആണ് ഒരാള്‍. അമ്മു എന്നാണ് വിളിക്കുന്നത്. അമ്മു സൂംബ ഇൻസ്ട്രക്ടർ ആണ്. ശരിക്കും അമ്മുവാണ്‌ ഇങ്ങനെ എന്തെങ്കിലും ചെയ്യാം എന്ന ആശയത്തിന് തിരി കൊളുത്തിയത് എന്ന് പറയാം.

friends

വിവാഹം കഴിഞ്ഞ് ദുബായില്‍ വന്നു വെറുതെയിരുന്ന സമയത്ത് എന്തെങ്കിലും ചെയ്യാം എന്ന് അവളാണ് പറഞ്ഞുതുടങ്ങിയത്. പിന്നെ ശ്രീബാലയാണ് ഡയലോഗ്സ് പ്ലെയ്സ് ചെയ്യുക. ആള് നല്ല വിറ്റിയാണ്. ആദ്യം മുതലുള്ള എപ്പിസോഡുകളിലുണ്ട്. പിന്നെ സുവര്‍ണ്ണ നന്ദകുമാര്‍. ചേച്ചി ഞങ്ങളേക്കാള്‍ കുറച്ചൂടെ  സീനിയര്‍ ആണ്. നല്ലപോലെ സ്റ്റോറീസ്  നറേറ്റ് ചെയ്യും. ലൈഫില്‍ നടന്ന അമളികളൊക്കെ രസമായിട്ട് പറയും. കേട്ടിരിക്കാന്‍ തന്നെ രസമാണ്. ഇങ്ങനെ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്യുന്ന സമയത്താണ് സ്റ്റോറീസ് ജെനറേറ്റ് ചെയ്തു വരുന്നത്...

എങ്ങനെയാണ് വര്‍ക്ക് ?

ആദ്യം തുടങ്ങിയപ്പോള്‍ സ്ക്രിപ്റ്റ് ഒന്നും ഉണ്ടാരുന്നില്ല. ഒരു പരീക്ഷണമായിരുന്നു. ചെയ്തപ്പോൾ നന്നായി വരുന്നുണ്ട്  എന്ന് മനസ്സിലായപ്പോള്‍ ഒരു ഫിലിം ട്രീറ്റ് ചെയ്യുന്നതു പോലെ തന്നെ തുടങ്ങുകയായിരുന്നു. എല്ലാവരും കൂടി ആലോചിച്ച് കഥ  തീരുമാനിക്കും. സ്ക്രിപ്റ്റ് എഴുതിയുണ്ടാക്കും. വീണ്ടും ഡിസ്കസ് ചെയ്യും. സംഭാഷണങ്ങള്‍ എഴുതും. ഞാന്‍ തന്നെ എഴുതുമ്പോൾ എന്റെ മാത്രം ഒരു വേര്‍ഷന്‍ ആകും. അതൊഴിവാക്കാന്‍ ഡയലോഗ് എഴുതുമ്പോള്‍ എല്ലാവരുടെയും കോണ്‍ട്രിബ്യൂഷന്‍ എടുക്കും. എല്ലാം ഞങ്ങള്‍ ഫ്രണ്ട്സ് തന്നെയാണ് ചെയ്യുന്നത്.

ഐഫോണില്‍ ലെന്‍സ്‌ ഒക്കെ വച്ചിട്ടാണ് ഷൂട്ട്‌ ചെയ്യുന്നത്. എഡിറ്റിങ്ങും ബാക്കിയെല്ലാം സിസ്റ്റത്തില്‍ തന്നെയാണ്. എല്ലാം നമ്മള്‍ തന്നെയായതു കൊണ്ട് ഷൂട്ട്‌ കഴിഞ്ഞാലും വെയിറ്റിംഗ് ടൈം ഒന്നുമില്ല. മൂന്നോ നാലോ ദിവസം കൊണ്ട് പോസ്റ്റ്‌ പ്രൊഡക്ഷന്‍ വര്‍ക്കും തീരും. മൊത്തത്തില്‍ ബാലചന്ദ്ര മേനോന്‍ ലൈന്‍!

തുടക്കം ഗ്രീന്‍ റൂം കമ്മ്യൂണിറ്റി?

ശരിക്കും കമ്മ്യൂണിറ്റി ആയിട്ട്  അല്ല തുടങ്ങിയത്. തിയറ്റര്‍ ആന്‍ഡ്‌ പെര്‍ഫോമന്‍സ്  ഗ്രൂപ്പാണ്  ഉദ്ദേശിച്ചത്. പക്ഷേ തിയറ്റര്‍ അല്ലെങ്കില്‍ ആര്‍ട്ട് ഒന്നും നടന്നില്ല. കാരണം എല്ലാവരും ജോലിക്കാരായത് കൊണ്ട് തിയറ്ററിന് വേണ്ടി ഡെഡിക്കേറ്റഡായി സമയം കണ്ടെത്താന്‍ പറ്റുന്നുണ്ടായിരുന്നില്ല.

അങ്ങനെയാണ് ജോലിയുടെ ഒപ്പം തന്നെ ചെയ്തു കൊണ്ടു പോകാവുന്ന  എന്തെങ്കിലുമെന്ന് ആലോചിച്ചു തുടങ്ങിയത്. അഭിനയിക്കുന്നവര്‍  ഒരുപാടുണ്ട്. പക്ഷേ ഒരു പ്രോഗ്രാം ആയി എക്സിക്യൂട്ട് ചെയ്യാനായിരുന്നു പാട്. ഞാന്‍ കുറച്ചു നാള്‍ സിനിമയുടെ ഭഗമായിരുന്നതു കൊണ്ട്  ഇങ്ങനെയൊരു കണ്‍സപ്റ്റ് മനസ്സിലുണ്ട്. ട്രൈ ചെയ്യാം എന്ന് പറഞ്ഞ് തുടങ്ങുകയായിരുന്നു. തുടങ്ങിയപ്പോ നന്നായി പോയിത്തുടങ്ങി.ഇപ്പോള്‍ ഒമ്പത് എപ്പിസോഡായിക്കഴിഞ്ഞു.

പ്രേക്ഷകരുടെ പ്രതികരണങ്ങള്‍?

ദുബായില്‍ നല്ല റെസ്പോണ്‍സ് ഉണ്ട്. ഒരുപാടു പേര്‍ കണ്ടിട്ട് അഭിപ്രായങ്ങള്‍ അറിയിക്കുന്നുണ്ട്. ആക്റ്റ് ചെയ്യാന്‍ താൽപ്പര്യമുണ്ട് എന്നു പറഞ്ഞു കോണ്ടാക്റ്റ് ചെയ്യുന്നവരുമുണ്ട്. പ്രോഗ്രാം ഇഷ്ടമായിട്ടാണല്ലോ വരുന്നത്. ഒന്നാമത് ഭയങ്കരമായ ഭാവാഭിനയം ഒന്നും കാഴ്ച വെയ്ക്കാനില്ല. ലൈഫില്‍ നടക്കുന്ന ചെറിയ കാര്യങ്ങള്‍ വളരെ നാച്വറല്‍ ആയിട്ട് ഷൂട്ട്‌ ചെയ്യുകയാണ്. സ്വാഭാവികമായി ബീഹേവ് ചെയ്യുന്ന ഒരു രീതിയാണ്.

സിനിമയില്‍ സജീവമായിരുന്ന കാലം?

അഞ്ചു വര്‍ഷം കൊണ്ട് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി പതിനഞ്ചോളം ചിത്രങ്ങൾ ചെയ്തു. പക്ഷേ ഒരു ആക്റ്റര്‍ എന്ന നിലയില്‍ ഇഷ്ടം തോന്നിയ വേഷങ്ങള്‍ ചുരുക്കമാണ്. മഞ്ചാടിക്കുരുവിലെ റോള്‍ ഒക്കെ അങ്ങനെയുള്ളതാണ്. മൂന്നു പടമേ മലയാളത്തില്‍ ചെയ്തുള്ളൂ.

ബാക്കിയൊക്കെ ടിപ്പിക്കല്‍ ഹീറോയിന്‍ റോളുകള്‍ ആയിരുന്നു.ആ സമയത്തെ സിനിമയും ഹീറോ ഓറിയന്‍റഡായിരുന്നല്ലോ. ഞാനായിട്ട് അവസരങ്ങള്‍ തേടിപ്പോയുമില്ല. കന്നഡയിലാണ് കുറച്ചു കൂടെ ആക്സപ്റ്റന്‍സ് കിട്ടിയത്.ബി എ കഴിഞ്ഞു എം ബി എ ചെയ്തു. പഠിച്ചു കൊണ്ടിരുന്ന സമയത്താണ് സിനിമയില്‍ നിന്നത്..പിന്നെ കല്യാണം കഴിഞ്ഞ് ദുബായില്‍ സെറ്റിലാവുകയായിരുന്നു.

ക്യാമറയുടെ മുന്നില്‍ നിന്ന് പിന്നിലേയ്ക്ക്?

എനിക്ക് പണ്ടേ കാമറയുടെ പിന്നിലുള്ള കാര്യങ്ങള്‍ തന്നെയായിരുന്നു താൽപ്പര്യം. 2003 മുതല്‍ 2008 വരെയുള്ള സമയത്തായിരുന്നു സിനിമയിലുണ്ടായിരുന്നത്. ആ സമയത്ത് ടെക്നിക്കല്‍ ലെവലില്‍ സ്ത്രീകള്‍ക്ക് അത്ര വെല്‍ക്കമിംഗ് ആയ ഒരു അന്തരീക്ഷം നമ്മുടെ സിനിമയില്‍ ഉണ്ടായിരുന്നില്ല. ചോദിച്ചു പഠിക്കണം എന്നൊക്കെയുണ്ടായിരുന്നെങ്കിലും എങ്ങനെ, എന്ത് എന്നൊന്നും അറിയില്ലായിരുന്നു.

sridevika-002 ശ്രീദേവിക.

അന്ന് ആരും പറഞ്ഞു തരാനോ ഗൈഡ് ചെയ്യാനോ ഉണ്ടായിരുന്നുമില്ല. പിന്നീട് കല്യാണം കഴിഞ്ഞു കുട്ടിയൊക്കെ ആയിക്കഴിഞ്ഞപ്പോള്‍ ഒരുപാട് സമയം കിട്ടി. ആ സമയത്ത് കുറേ വായിച്ചു. യുട്യൂബ് വീഡിയോസ് ആയിരുന്നു പ്രധാന ഗുരു എന്ന് പറയാം. പിന്നെ ഒരുപാട് സിനിമകള്‍ കണ്ടു. ആശയങ്ങള്‍ എഴുതിനോക്കി. ശരിയായി വന്നപ്പോള്‍ പിന്നെ രസമായി. അങ്ങനെ ഏഴുവര്‍ഷം ഈ ഒരു ലേണിങ് പ്രോസസ് ആയിരുന്നു.

സിനിമയിലേയ്ക്ക് മടങ്ങിവരവ്?

താൽപ്പര്യമുണ്ട്. പക്ഷേ ഫാമിലി ഇവിടേം ഞാന്‍ അവിടേം ആകുന്നതിന്റെ പ്രശ്നങ്ങള്‍ ഉണ്ട്. മോന് സ്കൂള്‍ ഉണ്ടല്ലോ. അതൊക്കെ മാറ്റി വച്ച് വരണമെങ്കില്‍ അത്ര പ്രോമിസിങ് ആയ അവസരങ്ങള്‍ വരണം. ഞാനും കാത്തിരിക്കുന്നുണ്ട്. നല്ല അവസരങ്ങള്‍ ലഭിക്കുന്നത് ഓണ്‍ സ്ക്രീന്‍ ആണെങ്കിലും കാമറയുടെ പിന്നിൽ ആണെങ്കിലും  പോകും. ഇപ്പോള്‍  മധുപാല്‍ സാറിന്‍റെ ഒരു കുപ്രസിദ്ധ പയ്യനില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്.

ഫാമിലി

ഭര്‍ത്താവ് രോഹിത് പൈലറ്റാണ്. മോന്‍ ആറര വയസ്സുകാരന്‍ ആദ്വിക്ക്.