Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദങ്ങളെക്കുറിച്ച് മനസ്സുതുറന്ന് നിഷ ജോസ്

nisha-jose-2.jpg.image.784.410 നിഷ ജോസ്.കെ മാണി

നിഷ ജോസ്.കെ മാണിയുടെ ഓർമ്മക്കുറിപ്പുകൾ പുറത്തിറങ്ങിയതിനെത്തുടർന്നുണ്ടായ ചില വിവാദങ്ങളാണ് കുറച്ചു ദിവസമായി വാർത്തകളിൽ നിറയുന്നത്. 'ദ് അദർ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകത്തിലെ 23–ാം അധ്യായത്തിൽ ഒരു ട്രെയിൻ യാത്രക്കിടയിൽ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് നിഷ പ്രതിപാദിച്ചിരുന്നു. സ്വന്തം അച്ഛന്റെ പേരു പറഞ്ഞ് പരിചയപ്പെട്ട ഒരാൾ തന്നെ ട്രെയിൻ യാത്രയിൽ ശല്യപ്പെടുത്തിയതിനെക്കുറിച്ചായിരുന്നുവത്. പുസ്തകത്തിലെ ആ അധ്യായത്തെച്ചൊല്ലിയായിരുന്നു വിവാദങ്ങൾ ആരംഭിച്ചത്. സംഭവം ചർച്ചയായതിനെത്തുടർന്ന് തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു എന്നാരോപിച്ച് പൂഞ്ഞാർ എംഎൽ എ പി.സി ജോർജ്ജിന്റെ മകൻ ഷോൺ ജോർജ് നിഷയ്ക്കെതിരെ പരാതി നൽകുകയും ചെയ്തു. വിവാദം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓൺമനോരമയ്ക്കനുവദിച്ച എക്സ്ക്ലൂസീവ് അഭിമുഖത്തിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുകയാണ് നിഷ ജോസ് കെ മാണി.

ഓർമ്മക്കുറിപ്പ് എഴുതാൻ നടത്തിയ തയാറെടുപ്പുകളെക്കുറിച്ച്?

പുസ്തകം പ്രസിദ്ധീകരിക്കണമെന്ന ചിന്തയോടെയൊന്നുമല്ല എഴുതിത്തുടങ്ങിയത്. എന്റെ ഹൃദയത്തെ സ്പർശിച്ച സംഭവങ്ങളെക്കുറിച്ച് കുറിപ്പുകളെഴുതുന്ന ശീലമുണ്ടായിരുന്നു. പ്രകൃതിയെക്കുറിച്ച് എന്റെ കുഞ്ഞുങ്ങളെഴുതിയ കുഞ്ഞു കഥകളും കവിതകളും അവരുടെ അനുഭവങ്ങളും  ഒരു നോട്ട്ബുക്കിൽ ഞാനെഴുതി വയ്ക്കുമായിരുന്നു പിന്നീടത് കോർത്തിണക്കി ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചു. കപ്പ അപ്പച്ചൻ എന്നു ഞാൻ വിളിക്കുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. കപ്പ വിൽക്കുന്ന അദ്ദേഹവുമായുള്ള സൗഹൃദത്തിൽ നിന്നാണ് എന്റെ പുസ്തകത്തിലെ ആദ്യ അധ്യായങ്ങൾ പിറന്നത്. എന്റെ ഓർമ്മകൾക്കും അനുഭവങ്ങൾക്കും പറയാൻ പൊതുവായ ചില കാര്യങ്ങളുണ്ട്. കൗതുകത്തിന്റെ, നിഷ്കളങ്കതയുടെ എന്റെ ചില തിരിച്ചറിവുകളുടെ കഥകൾ...  അതൊക്കെ ചേർന്നതാണ് ഈ പുസ്തകം. ജോ (ജോസ് കെ മാണി) എം പി ആകുന്നതു വരെ വിവാഹം എന്റെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. തിരക്കുപിടിച്ച രാഷ്ട്രീയ പ്രവർത്തകനായി ജോ മാറിയപ്പോഴാണ് എന്റെയുള്ളിലെ ധീരയായ സ്ത്രീ പുറത്തുവന്നത്. അങ്ങനെയുള്ള ചില അനുഭവങ്ങളെയും ഓർമ്മകളേയും കുറിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന് പിന്നീട് ഞാനുറപ്പിച്ചു.

ട്രെയിൻ യാത്രയിലെ ശല്യപ്പെടുത്തൽ വിവാദം?

ആ പുസ്കത്തിലോ അതിനു പുറത്തോ അതൊരു രാഷ്ട്രീയ നേതാവിന്റെ മകനാണ് എന്നു ഞാൻ പറഞ്ഞിട്ടില്ല. ഒരു പ്രമുഖ നേതാവിന്റെ മകനാണെന്നു പരിചയപ്പെടുത്തിയ ഒരു മെലിഞ്ഞ മനുഷ്യൻ എന്നാണ് പുസ്തകത്തിൽ ഞാൻ എഴുതിയിരിക്കുന്നത്. അത് ആരാണെന്നു ഞാൻ വെളിപ്പെടുത്തിയിട്ടില്ല. അങ്ങനെയൊരു ഉദ്ദേശവുമെനിക്കില്ല. 'മീ റ്റൂ' ക്യാംപെയിനിന്റെ ഉദ്ദേശം ശല്യപ്പെടുത്തിയവരെ അറസ്റ്റു ചെയ്യിപ്പിക്കുകയോ, അവരുടെമേൽ കരിവാരിത്തേക്കുകയോ അല്ലല്ലോ. മോശം പെരുമാറ്റത്തിന് ഇരയായവർക്ക് ഒരു പിന്തുണ നൽകുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം മോശം അനുഭവങ്ങളിൽക്കൂടി കടന്നുപോയ നിങ്ങൾ തനിച്ചല്ലെന്ന് അവരെ ഓർമ്മപ്പെടുത്തുക മാത്രമാണ് ഇതിലൂടെ ചെയ്യുന്നത്. ഇങ്ങനെയുള്ള അതിക്രമങ്ങൾക്കിരയായ ആദ്യത്തെയാളല്ല ഞാൻ എന്നുറപ്പുണ്ട്. പക്ഷേ പലരും തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാൻ തയാറാകുന്നില്ല. എന്റെ അനുഭവങ്ങൾ തുറന്നു പറയാൻ ഞാൻ തീരുമാനിച്ചത് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എങ്ങനെ അതിജീവിക്കണമെന്ന ധാരണ മറ്റു സ്ത്രീകൾക്ക് ഉണ്ടാവാൻ വേണ്ടിക്കൂടിയാണ്. എന്റെ കുഞ്ഞുങ്ങൾ വളരെ ചെറുതായിരുക്കുന്ന സമയത്താണ് എനിക്കിങ്ങനെ ഒരനുഭവം ഉണ്ടായത്. ജോലി കഴിഞ്ഞു തനിച്ചു മടങ്ങുമ്പോഴായിരുന്നുവത്. അന്ന് അയാൾ അറസ്റ്റിലാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നെങ്കിൽ അതൊരു പ്രതികാരം മാത്രം ആയിപ്പോയേനേ. ഞാനൊരു രാഷ്ട്രീയ പ്രവർത്തകന്റെ ഭാര്യയാണ് അതുകൊണ്ടു തന്നെ തെറ്റുകൾ പൊറുക്കാനറിയാം. പക്ഷേ അതു മറക്കാനറിയില്ല. അതു മറക്കാൻ പറ്റാത്തതുകൊണ്ടു തന്നെയാണ് ഓർമ്മക്കുറിപ്പിൽ ആ സംഭവത്തെക്കുറിച്ച് എഴുതിയത്.

അത് ഷോൺ ജോർജ് ആണെന്ന് ആരു പറഞ്ഞു?

അത് ഷോൺ ജോർജ് ആണെന്ന് ആരു പറഞ്ഞു? ഷോൺ ജോർജിന്റെയോ മറ്റാരുടെയെങ്കിലുമോ പേര് ഞാൻ പറഞ്ഞിട്ടുണ്ടോ? പി.സി ജോർജിന്റെ കുടുംബം എന്റെ കുടുംബാംഗങ്ങളെക്കുറിച്ച് മോശമായിപ്പറഞ്ഞകാര്യങ്ങൾ എന്നെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ട്. ഞാൻ പരാതിയുമായി കോടതിയെ സമീപിക്കാത്തിടത്തോളം പൊലീസ് കേസ് രജിസ്റ്റർ ചെയ്യില്ല. അതുകൊണ്ടു തന്നെ അവരുടെ നിയമയുദ്ധം ഒരു തരത്തിലും എന്നെ ബാധിക്കുകയുമില്ല. ഈ വിവാദങ്ങളെയൊക്കെ നിശ്ശബ്ദമായി വീക്ഷിക്കുകയാണ്. കാരണം ആളുകൾ ഈ വിഷയം ഉയർത്തിപ്പിടിക്കുന്നതും അതിനെ രാഷ്ട്രീയവത്കരിക്കുന്നതും എനിക്കിഷ്ടമല്ല. സമൂഹത്തിലെ സ്ത്രീകളുടെ മനസ്സിൽ ചെറിയ മാറ്റമെങ്കിലും ഉണ്ടാവണമെന്നുദ്ദേശിച്ചു ഞാൻ പറഞ്ഞ കാര്യങ്ങളെ പബ്ലിസിറ്റി സ്റ്റണ്ട് ആയിക്കണ്ട്. പുസ്തകത്തിൽ പരാമർശിച്ച വ്യക്തിയുടെ പേരിനെക്കുറിച്ച് ഊഹാപോഹങ്ങളുണ്ടാക്കി അതിനെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യമെന്താണ്. ഇതാദ്യമായല്ല ഇത്തരം ആരോപണങ്ങൾ എനിക്കുമേൽ നീളുന്നത്. സാമൂഹികസേവനങ്ങളെക്കുറിച്ച് ഞാനിടുന്ന പോസ്റ്റുകൾ പോലും പബ്ലിസിറ്റിക്കുവേണ്ടിയാണെന്നാണ് ചിലരുടെ ആരോപണം.

കെ.എം മാണിയുടെ കുടുംബത്തിലേക്കു വരുന്നതിനു മുമ്പു മുതൽ എന്റെ കൗമാരപ്രായത്തിലൊക്കെ ഞാൻ സാമൂഹ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. അതൊന്നും ശ്രദ്ധയിൽപ്പെടാത്ത ആളുകളാണ് ഞാൻ ഒരു രാഷ്ട്രീയപ്രവർത്തകന്റെ ഭാര്യയായതിനാൽ നടത്തുന്ന പബ്ലിസിറ്റി സ്റ്റണ്ട് ആയി ഇതിനെ വിലയിരുത്തുന്നത്. എന്റെ ബുക്കിന്റെ മാർക്കറ്റ് വാല്യൂ കൂട്ടാനാണ് ആരോപണത്തെ കൂട്ടുപിടിച്ചത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. എനിക്ക് ജീവിക്കാൻ അതിന്റെ ആവശ്യമില്ല.

nisha-jose-4.jpg.image.784.410

രാഷ്ട്രീയത്തിലേക്കുണ്ടോ?

ഒരു പൊതുകാര്യത്തിനായി ഇറങ്ങിത്തിരിക്കുമ്പോൾ ഞാൻ നേരിടുന്ന ഒരു പതിവു ചോദ്യമാണിത്. ഒരു പൊതുപ്രവർത്തകന്റെ ഭാര്യ എന്ന നിലയിൽത്തന്നെ ദേശീയ പുരോഗതിക്കുവേണ്ടി എനിക്കൊരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. രാഷ്ട്രീയ നേതാവിന്റെ ഭാര്യാപദവി ഒട്ടും ലളിതമല്ല. രാഷ്ട്രത്തെ സേവിക്കാൻ ഒരു ജനപ്രതിനിധിയെ നൽകുമ്പോൾ കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ അദ്ദേഹത്തെ അലട്ടാതിരിക്കാൻ ശ്രദ്ധിക്കണം. അദ്ദേഹത്തിന്റെ മനസ്സമാധാനം ഉറപ്പു വരുത്തണം. ഫാമിലി ഫങ്ഷനുകൾക്കോ അത്താഴ വിരുന്നിനോ സിനിമയ്ക്കോ ഒക്കെ വരാൻ ഞാൻ ജോയോടു കെഞ്ചാറില്ല. പക്ഷേ ജോ പാറപോലെ ഉറച്ച തീരുമാനങ്ങളെടുക്കുന്ന ആളാണ്, അതേ പോലെ കടൽ പോലെ ശാന്തനുമാണ്. വീട്ടിലും പുറത്തുമെല്ലാം ചുറുചുറുക്കോടെ ഞാനോടി നടന്ന് ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതുകൊണ്ടാണ് അദ്ദേഹത്തിനെപ്പോഴും അങ്ങനെയാവാൻ കഴിയുന്നതെന്നെനിക്കറിയാം.  കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനിടയിൽ സ്വയം നഷ്ടപ്പെടുത്താതിരിക്കുക. ഡീപ് സീ ഡൈവിങ് എനിക്കേറെയിഷ്ടമാണ് അതുപോലെ തന്നെ ലോങ് ഡ്രൈവും. വീട്ടിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനൊപ്പം എന്റെയിഷ്ടങ്ങൾക്കും സാമൂഹിക ജീവിതത്തിനും ഞാൻ സമയം കണ്ടെത്തുന്നുണ്ട്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സമൂഹത്തെ സേവിക്കാൻ രാഷ്ട്രീയത്തിലേക്കിറങ്ങണം എന്നില്ല എന്നെനിക്കു നന്നായറിയാം.

പുസ്തകത്തിനോട് കുടുംബാംഗങ്ങളുടെ പ്രതികരണം എങ്ങനെയായിരുന്നു?

ആ പുസ്തകത്തിലെഴുതിയ പലകാര്യങ്ങളും എന്റെ കുടുംബാംഗങ്ങൾക്കറിയാവുന്നതു തന്നെയാണ്. ആ ട്രെയിൻ യാത്രയിൽ സംഭവിച്ചതിനെപ്പറ്റി അന്നു തന്നെ ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞിരുന്നു. മാന്യനായ ഒരു വ്യക്തിയുടെ പെരുമാറ്റത്തോട് ഞാൻ അതിവൈകാരികമായി പ്രതികരിച്ചുവെന്നൊക്കെ ചിലർ പറയുന്നുണ്ട്. ആകസ്മികമായാണ് അന്ന് അയാൾ ശരീരത്തിൽ സ്പർശിച്ചതെങ്കിൽ ഒരു ക്ഷമാപണത്തോടെ അയാൾക്കവിടുന്നു മാറിയിരിക്കാമായിരുന്നു. പക്ഷേ അയാൾ അതു ചെയ്തില്ല. എന്തുകൊണ്ട് അന്നയാളെ തല്ലിയില്ലെന്ന എന്നും ആരോടും സഹായമഭ്യർഥിച്ചില്ല എന്നും ചിലരെന്നോടു ചോദിച്ചു. അവരോടുള്ള എന്റെ മറുപടിയിതാണ് ധീരയായസ്ത്രീ എന്നാൽ ശാരീരികമായ കരുത്തു കാണിക്കുന്നവൾ എന്നല്ല അർഥം എന്റെ കോൺസെപ്റ്റിൽ ധീരത എന്നാൽ നടന്ന സംഭവത്തെക്കുറിച്ച് തുറന്നു പറയാൻ കാണിക്കുന്ന മനസ്സാണ്. ആ അർഥത്തിൽ ഞാനൊരു ധീരയായ സ്ത്രീയാണ്. എന്റെ ഇഷ്ടത്തിനു വിരുദ്ധമായി എന്റെ ഭർത്താവും വീട്ടുകാരും നിയമനടപടിയുമായി മുന്നോട്ടുപോയിരുന്നെങ്കിൽ അതൊരിക്കലും എന്റെ സ്വകാര്യതെ ബഹുമാനിക്കലാകുമായിരുന്നില്ല. പക്ഷേ അവർ എന്നോടൊപ്പം നിൽക്കുകയും ഈ പ്രശ്നത്തെ അതിജീവിക്കാൻ സഹായിക്കുകയുമാണ് ചെയ്തത്. എന്നെ ശല്യപ്പെടുത്തിയ ആളോട് ഞാൻ ക്ഷമിക്കുമെന്നും പക്ഷേ മറക്കില്ല എന്നുമാണ് ഈ വിഷയത്തിൽ ഞാനെടുത്ത തീരുമാനം.

എഴുത്ത്, സാമൂഹ്യ പ്രവർത്തനം, ഭാവിപരിപാടികൾ?

അനുഭവക്കുറിപ്പുകളും ഓർമ്മക്കുറിപ്പുകവുമെഴുതുന്നത് തുടരും. രാഷ്ട്രീയ പ്രവർത്തകരുടെ ഭാര്യമാർക്കായിട്ടാണ് ഞാൻ ഈ പുസ്തകം സമർപ്പിക്കുന്നത്. എന്റെ കാഴ്ചപ്പാടിലാണ് ഞാനിതെഴുതിയിരിക്കുന്നത്. പക്ഷേ പിന്നീട് ഇതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ എനിക്കോർമ്മ വന്നത് രാഷ്ട്രീയ നേതാക്കളായ വനിതകളെക്കുറിച്ചും എല്ലാപ്പിന്തുണയും നൽകി അവർക്കൊപ്പം നിന്ന പങ്കാളികളെക്കുറിച്ചുമാണ്.അവർ പര്സപരം നൽകുന്ന പിന്തുണ സ്നേഹം ഇവയെക്കുറിച്ചാണ്. ഷാനിമോൾ ഉസ്മാനും ഭർത്താവും തമ്മിലുള്ള രസതന്ത്രം പലപ്പോഴും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാൻ ആരാധിക്കുന്ന മറ്റൊരാൾ റോസമ്മ പുന്നൂസാണ്. എന്റെ കുട്ടിക്കാലത്ത് അവർ വീട്ടിൽ വന്നിട്ടുണ്ട്. അപ്പോഴവരുടെ മുഖത്തുണ്ടായിരുന്ന ഭാവവും ആത്മാഭിമാനവും ഒരിക്കലും മറക്കാൻ കഴിയില്ല. ദേശത്തെസേവിക്കാനായി പങ്കാളികളെ അനുവദിച്ച അവരുടെ ജീവിതപങ്കാളികളെക്കുറിച്ച് ഓർക്കാതിരിക്കാനെനിക്കാവുന്നില്ല. സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി അർഹതപ്പെട്ടവർക്ക് കൃത്രിമകാൽ നൽകാനുള്ള പദ്ധതിക്കാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. ഇതുവരെ മറ്റു വല്യപദ്ധതികളൊന്നും മനസ്സിലില്ല.

nisha-jose-1.jpg.image.784.410

ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷത്തിലും ശാന്തമായിരിക്കാൻ മനസ്സിന് ശക്തി നൽകുന്നതെന്താണ്?

ജോ തന്നെ. എന്റെ ഭർത്താവാണ് എന്റെ ധൈര്യത്തിന്റെ ഉറവിടം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ എന്നെ പിന്തുണയ്ക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. ആ സമയത്തൊക്കെ എന്നെ ഞാനായിരിക്കാൻ അനുവദിക്കുകയും എന്റെ തീരുമാനങ്ങളിൽ കൈകടത്താതിരിക്കുകയും ചെയ്യും. എന്റെ കാഴ്ചപ്പാടിൽ ഒരു പങ്കാളിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ നമ്മളെ നമ്മളായിത്തന്നെ അംഗീകരിക്കാൻ കഴിയുക എന്നുള്ളതാണ്. എല്ലാവരുടെയും ഉള്ളിൽ പ്രശ്നങ്ങളെ അതിജീവിക്കാനുള്ള ഒരു കരുത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് എനിക്കു തോന്നുന്നത്. നമ്മൾ അത് കണ്ടെത്തിക്കഴിഞ്ഞാൽ പുറത്തുള്ള ഏതു വലിയ പിന്തുണയേക്കാളും നിങ്ങളെ സഹായിക്കാനുള്ള കരുത്ത് അതിനുണ്ടാവും.