'പ്രതിസന്ധിയിൽ എരിഞ്ഞടങ്ങാനോ നിരാശയിൽ കഴിയാനോ ഉള്ളതല്ല ജീവിതം, ജ്വലിക്കാനും കരുത്താർജിച്ചു മുന്നേറാനുമുള്ളതാണ്...'
പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലുമാകില്ലെങ്കിലും വിധിയെ പഴിച്ചു കഴിയാനുള്ളതല്ല ജീവിതമെന്നു തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശി രഞ്ജിനി. സ്‌പൈനൽ മസ്ക്കുലാർ അട്രോഫി എന്ന അപൂർവ ജനിതക രോഗബാധിതയായ കിളിമാനൂർ പാപ്പാല ആനപ്പാറ വീട്ടിൽ രഞ്ജിനി, തന്റെ ശാരീരികാവസ്ഥയെ സർഗാത്മകതയിലൂടെയാണ് മറികടക്കുന്നത്.
പേപ്പർ പേനയും മറ്റു കരകൗശല വസ്തുക്കളും നിർമിച്ച് വിൽപ്പന നടത്തി തന്റെ വിധിയെത്തന്നെ മാറ്റിയെഴുതുകയാണ് രഞ്ജിനി. കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിലും ചിത്രരചനയിലും മികവു തെളിയിച്ച രഞ്ജിനി പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വർണക്കടലാസുകളും വാരികകളും പത്രക്കടലാസുകളുമുപയോഗിച്ച് പേന, പൂക്കൾ, ഫ്ലവർവേസ്, മാല, കമ്മൽ തുടങ്ങിയവയെല്ലാം രഞ്ജിനി നിർമ്മിക്കുന്നു. ഇവയിൽ പേന മാത്രമാണ് വിൽപ്പനയ്ക്കായി നിർമ്മിക്കുന്നത്.
ജന്മനാൽ സ്‌പൈനൽ മസ്ക്കുലാർ അട്രോഫി ബാധിതയായ രഞ്ജിനിക്ക് ചെറുപ്പം മുതലേ ചികിത്സ ആരംഭിച്ചെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കാനായില്ല. 12 വയസ്സിനു ശേഷം നടക്കാൻ പോലും ബുദ്ധിമുട്ടനുഭവിച്ചതിലൂടെ കിടക്കയിലായി രഞ്ജിനിയുടെ പിന്നീടുള്ള ജീവിതം. ഇപ്പോൾ വർഷം പതിനഞ്ച് കഴിഞ്ഞു. ഇതിനിടെ അവിചാരിതമായി മിഷൻ ഹാൻഡിക്രോപ്സ് ഫോർ ഹാൻഡിക്യാപ്സ് എന്ന ഫേസ്ബുക് കൂട്ടായ്മയെ കുറിച്ചറിഞ്ഞ് അതിൽ അംഗമായതു വഴിത്തിരിവായി. വൈകാതെ പേപ്പർ പേന നിർമാണം പഠിച്ച് വിപണനം ആരംഭിച്ചു. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് പേപ്പർ പേനയ്ക്കു ലഭിച്ചത്. ഡ്രൈവറായ അച്ഛനും കുടുംബിനിയായ അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനശ്രോതസാണിത്.
പേപ്പർ പേന അഥവാ വിത്ത് പേന
വാരികകളുടെ കടലാസിലും ഫ്ലൂറസന്റ് ക്രാഫ്റ്റ് പേപ്പറിലുമാണ് പേന നിർമിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം വലിയൊരളവു വരെ കുറയ്ക്കാനാകും എന്നതാണ് പേപ്പർ പേനയുടെ പ്രത്യേകത. ബോഡിയും ക്യാപ്പും പേപ്പർ കൊണ്ടു നിർമിക്കുന്ന ഈ പേനയുടെ റീഫിൽ മാത്രമാണ് പ്ലാസ്റ്റിക് നിർമ്മിതം.
മറ്റൊരു സവിശേഷത കൂടി ഈ പേപ്പർ പേനകൾ കരുതിവെക്കുന്നു. പേനക്കുള്ളിൽ വിത്തും ലഭ്യമാണ്. മരങ്ങൾ, പച്ചക്കറി, ഫലവർഗ സസ്യങ്ങൾ തുടങ്ങിയവയുടെ വിത്തുകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ഉപയോഗശേഷം ഉപേക്ഷിച്ചാൽ ഈ പേനയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വിത്ത് പ്രകൃതിക്ക് അനുഗ്രഹമായി വളരും. ഫേസ്ബുക് കൂട്ടായ്മയിലൂടെയും കൊറിയർ മുഖേനയും നേരിട്ടെത്തിയുമാണ് പേനയുടെ വിൽപ്പന നടക്കുന്നത്. പേനയിൽ ആലേഖനം ചെയ്യേണ്ട മാറ്റർ നൽകിയാൽ അതു സ്റ്റിക്കർ ചെയ്തും നൽകും. അഞ്ച് മുതൽ എട്ടു രൂപ വരെയാണ് പേനയുടെ വില.
ചിത്രരചന
നന്നേ ചെറുപ്പം മുതൽ രഞ്ജിനി ചിത്രരചനയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും പെൻസിൽ ഡ്രോയിങ്, ഓയിൽ പേയ്ന്റിങ്, വാട്ടർ കളർ പേയ്ന്റിങ് തുടങ്ങിയവയിലെല്ലാം കഴിവുതെളിയിച്ചിട്ടുണ്ട്. ഇതിനോടകം ഇരുനൂറിലേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഏതാനും എക്സിബിഷനുകളിലും രഞ്ജിനി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇനിയും ചിത്രപ്രദർശനങ്ങൾ നടത്തണമെന്ന ആഗ്രഹം വൈകാതെ പൂവണിയുമെന്ന പ്രതീക്ഷയിലാണ് രഞ്ജിനി. പത്രവാർത്തയിലൂടെ രഞ്ജിനിയെക്കുറിച്ചറിഞ്ഞ ആർട്ടിസ്റ്റ് ഷാജി, ചിത്രരചനയിൽ ആവശ്യമായ നിർദേശങ്ങൾ നൽകുന്നു.
സ്‌പൈനൽ മസ്ക്കുലാർ അട്രോഫി
ശരീരത്തിന്‍റെ ചലനശേഷിയെ നിയന്ത്രിക്കുന്ന പേശികൾ ക്രമേണ ദുർബലമാകുന്ന രോഗമാണ് സ്‌പൈനൽ മസ്ക്കുലാർ അട്രോഫി. പേശികൾ ദുർബലമായി കാലക്രമേണ രോഗികളുടെ ലോകം കിടക്കയിലും വീൽചെയറിലുമായി ചുരുങ്ങുമെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഈ രോഗത്തിനു മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിലവില്‍ അവയൊന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. സർക്കാർ രേഖകളിൽ ഈ രോഗത്തെ കുറിച്ച് പരാമർശമില്ലാത്തതിനാൽ ചികിത്സാ സഹായത്തിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഏറെ ബുദ്ധിമുട്ടാണ്.
പേപ്പർ പേനകൾ വാങ്ങാൻ താൽപ്പര്യമുള്ളർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം :- രഞ്ജിനി, ഫോൺ: 9061275475