മള്‍ട്ടി ടാലന്റഡായ ഒരു പെണ്‍കുട്ടി കൂടി മലയാള സിനിമയുടെ ഭാഗമാവുകയാണ്. സെലീന്‍ ജോസഫ്. ജീത്തു ജോസഫിന്‍റെ ഊഴത്തില്‍ സഹസംവിധായികയായിരുന്ന സെലീന്‍ ഉടന്‍ റിലീസാവുന്ന രണം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് കൂടി തന്‍റെ ചുവടുറപ്പിക്കുകയാണ്. സെലീന്റെ വിശേഷങ്ങളിലൂടെ..
രണത്തിലേയ്ക്ക് വന്നത്?
ഞാന്‍ കാനഡയിലാണ് ജനിച്ചു വളര്‍ന്നത്. അവിടെ സൈക്കോളജി പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ഊഴത്തില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടുന്നത്. ഊഴം കഴിഞ്ഞ് കോഴ്സ് പൂര്‍ത്തിയാക്കാന്‍ കാനഡയ്ക്ക് തിരിച്ചു പോയി. രണത്തിന്‍റെ വര്‍ക്ക് തുടങ്ങിയപ്പോള്‍ അസിസ്റ്റ് ചെയ്യാനുള്ള അവസരമാണ് ആദ്യം വന്നത്. എന്റെ സ്വപ്നം സംവിധാനം ആയിരുന്നു. അഭിനയിക്കാൻ ഒട്ടും കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. സംവിധായകന്‍ നിര്‍മ്മല്‍ ആണ് എന്നെ രണത്തിന്റെ ഒഡിഷനില്‍ പങ്കെടുക്കാന്‍ എന്‍കറേജ് ചെയ്തത്. ആ സമയം ഓപ്പണ്‍ കാസ്റ്റിങ് കോള്‍ കൊടുത്തിരുന്നു. അതു നടന്നു കൊണ്ടിരുന്ന സമയമാണ് വെറുതെ പങ്കെടുക്കൂ, കിട്ടിയാലും ഇല്ലെങ്കിലും അസിസ്റ്റന്റായി ഞാന്‍ ടീമില്‍ ഉണ്ടാവുമല്ലോ എന്ന് സംവിധായകന്‍ പറഞ്ഞത്. ഫൈനല്‍ റൗണ്ട് കഴിഞ്ഞ് ഞാന്‍ കാനഡയ്ക്ക് തിരിച്ചു പോയി.അവിടെയായിരുന്നപ്പോഴാണ് സെലക്ടായ കാര്യമറിഞ്ഞത്.
സിനിമയുമായുള്ള ബന്ധം?
കാനഡയില്‍ ഞാന്‍ മ്യൂസിക് ആല്‍ബം ചെയ്തിട്ടുണ്ട്. സംവിധായകന്‍ ജിത്തു ജോസഫ് അടുത്ത ബന്ധുവാണ്. മമ്മിക്ക് ഞാന്‍ സിനിമയില്‍ വരുന്നതിനോട് താൽപ്പര്യം ഉണ്ടായിരുന്നില്ല. ജിത്തു ചേട്ടന്‍ ആയതു കൊണ്ടാണ് ഊഴത്തിന്റെ ഭാഗമാകാന്‍ സമ്മതിച്ചത്. ആ പ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ ഊഴം തുടങ്ങുകയായിരുന്നു .മൂന്നു ദിവസം വൈകിയാണ് ഞാന്‍ സെറ്റില്‍ ജോയിന്‍ ചെയ്യുന്നത്.നാലുമാസം ഷൂട്ട് ഉണ്ടായിരുന്നു.നല്ല എക്സ്പീരിയന്സായിരുന്നു ഊഴം.
മലയാള സിനിമകള്‍ കാണാറുണ്ടായിരുന്നോ?
കുറവായിരുന്നു. കൂടുതലും തമിഴും ഹിന്ദിയും തന്നെയായിരുന്നു. എല്ലാവരും എന്നെ കളിയാക്കും നിനക്ക് എങ്ങനെ മലയാളസിനിമയില്‍ അവസരം കിട്ടിയെന്ന്. ദിലീപേട്ടന്റെ കോമഡി സിനിമകളാണ് മലയാള സിനിമയുമായി എനിക്കുണ്ടായിരുന്ന ബന്ധം. ഈ അടുത്തിടെയാണ് ക്ലാസിക് സിനിമകള്‍ സെലക്റ്റ് ചെയ്ത് കാണാന്‍ തുടങ്ങിയത്. ഡാഡിയ്ക്ക് ടോറന്റോയില്‍ ഒരു മലയാളം ടെലിവിഷന്‍ ചാനല്‍ ഉണ്ടായിരുന്നു. വീട്ടില്‍ എല്ലാവരും മലയാളം പറയണം എന്ന് ഡാഡിക്ക് നിര്‍ബന്ധമായിരുന്നു. ഇതിനു മുന്‍പ് മൂന്നോ നാലോ വെക്കേഷനെ ഞാന്‍ നാട്ടില്‍ വന്നിട്ടുള്ളൂ.ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു വെക്കേഷന് വന്നിട്ട് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഊഴത്തിന്റെ വര്‍ക്കിന് വേണ്ടിയാണ് നാട്ടില്‍ വരുന്നത്.സാധാരണ വെക്കേഷന്‍ ഞങ്ങള്‍ യാത്രകള്‍ പോകാറാണ് പതിവ്.
കേരളം-കാനഡ കള്‍ച്ചറല്‍ വ്യത്യാസങ്ങള്‍?
നമ്മുടെ ആള്‍ക്കാര്‍ ഫാമിലി ഓറിയന്‍റഡായ കെയറിങ്ങായ ആളുകളാണ് .അതെനിക്കൊരുപാടിഷ്ടമാണ്. നാട്ടില്‍ വന്ന സമയം കുറവാണ് എങ്കിലും മാറ്റങ്ങള്‍ ക്ലിയര്‍ ആണ്. ആളുകളുടെ ചിന്താഗതിയില്‍ വരെ. മലയാളികള്‍ ഒരുപാട് പൊട്ടന്‍ഷ്യല്‍ ഉള്ളവരാണ്. അറിവുണ്ട്. ടാലന്‍റഡാണ്. അധികം സിനിമകള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ലെങ്കിലും മറ്റ് ഭാഷകളെ വച്ച് നോക്കുമ്പോള്‍ മലയാള സിനിമയ്ക്കാണ് സ്റ്റോറി വാല്യു ഉള്ളത് എന്ന് തോന്നിയിട്ടുണ്ട്. സൂപ്പര്‍ സ്റ്റാര്‍ ലെവലില്‍ നിൽക്കുന്ന ഒരു ആര്‍ട്ടിസ്റ്റ് ന്യൂ ഫെയ്സസിനെ സപ്പോര്‍ട്ട് ചെയ്യുക എന്നതൊക്കെ ഇവിടെയാണ് കാണുന്നത് പൃഥ്വി ചേട്ടനൊക്കെ അത്രയ്ക്ക് സപ്പോര്‍ട്ട് ആയിരുന്നു.സ്റ്റാര്‍ അല്ലാതെ കഥയും കഥാപാത്രങ്ങളും ലീഡ് ചെയ്യുന്ന സിനിമകള്‍ വരുന്നത് സന്തോഷമാണ്.
മലയാള സിനിമയിലെ സ്ത്രീകള്‍?
ഫീമെയില്‍ ലീഡ് വച്ചിട്ട കഥകള്‍ ഉണ്ടാവുന്നതും ആളുകള്‍ അത് ആക്സപ്റ്റ് ചെയ്യുന്നതും നല്ല ചേഞ്ച് ആണ്. ഒരു സ്ത്രീയെന്ന നിലയില്‍ അതില്‍ എനിക്ക് സന്തോഷമുണ്ട്..ഞാന്‍ ഊഴത്തില്‍ അസിസ്റ്റ് ചെയ്തപ്പോള്‍ സ്ത്രീയായിട്ടു ഞാനേ ഉണ്ടായിരുന്നുള്ളൂ ടീമില്‍. ആദിയുടെ ടീം വന്നപ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണം കൂടി. ഇപ്പോള്‍ രണത്തില്‍ പല വിഭാഗങ്ങളിലായി കുറെ പെണ്‍കുട്ടികള്‍ ഉണ്ട്. പൊതുവേ നമ്മുടെ പെണ്‍കുട്ടികള്‍ വളരെ സ്റ്റേബിള്‍ ആയ പ്രൊഫഷന്‍ തിരഞ്ഞെടുക്കുന്നവരാണ്. രക്ഷകർത്താക്കളും അങ്ങനെ തന്നെ. അതില്‍ നിന്ന് മാറി എക്സ്പ്ലോര്‍ ചെയ്യുന്നത് കാണുന്നത് തന്നെ സന്തോഷമാണ്. കംഫര്‍ട്ട് സോണില്‍ നിന്ന് മാറി നിന്നാലേ നമുക്ക് സ്വയം പ്രൂവ് ചെയ്യാന്‍ പറ്റുകയുള്ളൂ.
ഫാമിലി
ഞാന്‍ ഇപ്പോള്‍ പെരുമ്പാവൂരിൽ ഗ്രാന്റ് പാരന്റ്സിന്റെ കൂടെയാണ്. അമ്മ ഡോ ജിനി ജോസഫ് കാനഡയില്‍ ഡെന്‍റിസ്റ്റാണ്.ഡാഡി ജിമ്മി അനിയന്‍ കെവിന്‍ പത്തില്‍ പഠിക്കുന്നു.