Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നു രാത്രിയിൽ അവിടെ സംഭവിച്ചത് ഇങ്ങനെ: സുകന്യ കൃഷ്ണ പറയുന്നു

sukanyeah krishna-001

തുറന്ന വഴിയിൽ വളരെ മോശമായ ഒരു അനുഭവം ഉണ്ടാകുമ്പോൾ ഒരു പെൺകുട്ടി എങ്ങനെയൊക്കെ പ്രതികരിക്കാം? എല്ലാം അനുഭവിച്ചു, ഇതൊക്കെ ഈ നാട്ടിൽ പതിവാണെന്ന വാചകത്തിൽ എല്ലാം ഒതുക്കി അങ്ങു നടന്നു പോകാം, അല്ലെങ്കിൽ തന്നെ അപമാനിച്ചവന് ഇനി വീണ്ടും അത്തരമൊരു പ്രവൃത്തി ചെയ്യാൻ തുടങ്ങുമ്പോൾ ഓർമ വരുംവിധം  പ്രതികരിക്കാം. സുകന്യ കൃഷ്ണ ഇതിൽ രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്. 

ബെംഗളൂരു പോലെയൊരു വലിയ നഗരത്തിൽ സ്ത്രീകൾക്ക് പകലും രാത്രിയും പൊതുനിരത്തിലൂടെയുള്ള യാത്രകൾ ഒട്ടും ബുദ്ധിമുട്ടേറിയതല്ല എന്ന് പറയുമ്പോഴാണ്, മലയാളിയായ, ഇപ്പോൾ ബെംഗളൂരുവിൽ താമസിക്കുന്ന സുകന്യ കൃഷ്ണ എന്ന എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ പെൺകുട്ടിയുടെ ദുരനുഭവം സാക്ഷ്യം പറയാനെത്തുന്നത്.

‘‘ഞാൻ ബെംഗളൂരുവിൽ താമസിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പല സ്ഥലങ്ങളിലും താമസിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഫിസിക്കൽ ട്രെയിനിങ്ങിന്റെ ഭാഗമായി സ്ഥിരം ഫുട്‍ബോൾ കളിക്കാൻ പോകാറുണ്ട്. കഴിഞ്ഞ ദിവസവും ഞാനും ഒരു സുഹൃത്തും കൂടി കളി കഴിഞ്ഞു രാത്രി ഒൻപതോടെ തിരികെ വരുകയായിരുന്നു. വീടിനടുത്ത് എത്താറായപ്പോഴാണ് എതിരെയുള്ള ബേക്കറിയിൽനിന്ന കുറച്ചു ചെറുപ്പക്കാർ കമന്റടിച്ചത്.

ഞാൻ ഇയർ ഫോൺ വച്ചിരുന്നാൽ അത് കേട്ടിരുന്നില്ല. കൂടെയുള്ള പെൺകുട്ടിയെ നോക്കിയായിരുന്നു അവരുടെ അശ്ളീല കമന്റുകൾ. അവൾ എന്നോട്, ആ ചെറുപ്പക്കാർ മോശമായി സംസാരിക്കുന്നു, പ്രതികരിക്കണമെന്നു പറഞ്ഞു. ഞങ്ങൾ അവരോടു വളരെ മാന്യമായി സംസാരിച്ചു, അപ്പോൾ ഒരാൾ സോറി പറഞ്ഞു. അതോടെ ഞങ്ങൾ പിന്മാറി.

പതിവായി ഈ ബേക്കറിയിൽ നിന്നാണ് കളി കഴിഞ്ഞു വരുമ്പോൾ ലൈം ജ്യൂസ് കഴിക്കുക. അന്നും പതിവ് പോലെ ലൈം ജ്യൂസ് പറഞ്ഞിട്ട് ഞങ്ങൾ അകത്തിരിക്കുമ്പോൾ അതിൽ ഒരു യുവാവ് വന്ന് എന്റെ അടുത്തിരുന്നു. അവൻ സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു. പുക എടുത്തിട്ട് എന്റെ മുഖത്തേക്ക് ഊതി വിട്ടു.

പിന്നീട് അവരെല്ലാം ഞങ്ങളെ നോക്കി പരിഹസിക്കാനും ചിരിക്കാനും തുടങ്ങി. ഒരു പരിധി വരെ സഹിച്ചു. പിന്നെയും തുടർന്നപ്പോഴാണ് ഞാൻ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചത്. പക്ഷേ ഞാൻ കോരമംഗല സ്റ്റേഷൻ പരിധിയിലായിരുന്നു, കൺട്രോൾ റൂമിൽനിന്നു വിളി പോയത് പതിനഞ്ചു കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്റ്റേഷനിൽ. അവിടെ നിന്ന് അപ്പോൾത്തന്നെ തിരികെ വിളിച്ചു. വിവരം പറഞ്ഞപ്പോൾ അവർ കോരമംഗല സ്റ്റേഷനിലേക്കു കണക്ട് ചെയ്തു. പെട്ടെന്നു തന്നെ പൊലീസ് എത്തി. 

അവരിൽ മനോഹർ എന്ന ആളെ മാത്രമേ അറസ്റ്റ് ചെയ്യാനായുള്ളൂ. മറ്റു രണ്ടു പേരും ഇപ്പോൾ ഒളിവിലാണ്. ഒരാളെ കിട്ടിയപ്പോൾ മറ്റു രണ്ടു പേരെയും വേണമെങ്കിൽ പൊലീസിന് പിടിക്കാമായിരുന്നു, പക്ഷേ അവരുടെ വിവരങ്ങൾ ഇയാൾ വഴി ലഭിക്കുമെന്നറിയാവുന്നതു കൊണ്ട് പിന്നാലെ ഓടിയില്ല. അവരിൽ ഒരാൾ ഇപ്പോൾ മുംബൈക്കു കടന്നന്നും മറ്റേയാൾ മൈസൂരുവിൽ എവിടെയോ ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത്, 

ആദ്യം പൊലീസ് കുറ്റപത്രം തയാറാക്കാൻ മടിച്ചു. അറസ്റ്റ് ചെയ്തു എന്നതൊഴിച്ചാൽ അയാൾക്കെതിരെ കുറ്റപത്രം എഴുതിയില്ല, പരാതി സ്വീകരിച്ച് എഴുതിയ കുറ്റപത്രത്തിൽ പിടിച്ചയാളുടെ വിവരങ്ങളും ഉണ്ടായിരുന്നില്ല, പക്ഷേ രാത്രി രണ്ടു മണി വരെ ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ നിന്നു. ഒടുവിൽ ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങിയാണ് കുറ്റപത്രത്തിൽ അയാളുടെ പേര് ചേർത്തത്. ഇനിയിപ്പോൾ കോടതിയിൽ പോകാതെ പോകാൻ പറ്റില്ലല്ലോ.’’- സുകന്യ അന്ന് സംഭവിച്ച കാര്യങ്ങൾ പറയുന്നത് ഇങ്ങനെയാണ്.

പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കണമെന്നു തന്നെയാണ് സുകന്യയുടെ അനുഭവം പറയുന്നത്. 

‘‘ആ സംഭവത്തിനു ശേഷം ബോക്സിങ് പഠിച്ചു തുടങ്ങി. എപ്പോഴാണ് ആവശ്യം വരുന്നതെന്ന് പറയാൻ പറ്റില്ലല്ലോ’.

തമാശയായാണ് പറഞ്ഞതെങ്കിലും സുകന്യ പറഞ്ഞതിൽ വലിയൊരു കാര്യമുണ്ട്. സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ആർക്കാണ് എന്ന ചോദ്യമാണ് അതിൽ പ്രസക്തം! പൊലീസിനും ഭരണകർത്താക്കൾക്കും മാറിനിൽക്കാനാവില്ലെങ്കിലും അപമാനം ഉണ്ടാകുന്ന സമയത്തെ പ്രതികരണം സ്ത്രീകളുടെ ഭാഗത്തു നിന്നു തന്നെയാണ് ഉണ്ടാകേണ്ടത്. അവിടെ വരുന്ന വീഴ്ചകളിൽനിന്നു തന്നെയാണ് അടുത്ത ഇടങ്ങളിലും ഇത്തരക്കാർ സ്ത്രീ വിരുദ്ധ വികാരം പ്രകടിപ്പിക്കുന്നത്. 

‘ഇത്ര പബ്ലിക് ആയ ഒരു സ്ഥലത്ത് പോലും ഇത്തരം ആളുകളെ നേരിടേണ്ടി വരുന്നെങ്കിൽ, ഇന്ന് ഞാൻ ഇതു വെറുതേ വിട്ടാൽ, നാളെ എന്നെപ്പോലെ മറ്റൊരു പെൺകുട്ടി ആകും ഇവരുടെ ഇരയാകുക. അങ്ങനെ സംഭവിച്ചാൽ അതിന് ഉത്തരവാദി ഞാൻ ആകും.’ സുകന്യ പറയുന്നതു തന്നെയാണ് കാര്യം. അവനവന്റെ സുരക്ഷയുടെ ഉത്തരവാദിത്തം എല്ലായ്പ്പോഴും അവനവന്റേതു മാത്രമാണ്. അവിടെ നമ്മുടെ കാര്യം നമ്മൾ നോക്കിയേ പറ്റൂ, ആ നോട്ടത്തിൽ ഒപ്പം നില്ക്കാൻ മാത്രമേ പോലീസിനും സർക്കാരിനും കഴിയൂ. 

സ്ത്രീകൾ വെറും പാവകളാക്കപ്പെട്ട് നിസ്സംഗരായി ഇരിക്കേണ്ടവരല്ലെന്ന് സുകന്യ കൃഷ്ണയുടെ അനുഭവം പറയുന്നു. പ്രതികരിക്കേണ്ട ഇടങ്ങളിൽ കൃത്യമായി പ്രതികരിക്കാനും മറുപടി നൽകാനും അവൾ പഠിച്ചിരിക്കണം.