Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്ലു അർജ്ജുൻ സിനിമയെക്കുറിച്ചല്ല, അനുഭവത്തെക്കുറിച്ചാണ് ആ കുറിപ്പ്: അപർണ പ്രശാന്തി

aprna-prashanthi അപർണ പ്രശാന്തി.

സിനിമാ നിരൂപണം അപകടം പിടിച്ച ജോലിയാണ്. സിനിമ മനസ്സിലാക്കുന്നതോ അതു വായനക്കാര്‍ക്കു മനസ്സിലാകുന്ന രീതിയില്‍ എഴുതുന്നതോ അല്ല. മറിച്ച് സിനിമ എന്ന വ്യവസായത്തില്‍നിന്നു ലാഭം പ്രതീക്ഷിക്കുന്നവരും ആരാധകരും സിനിമയെക്കുറിച്ചുള്ള ഓരോ അഭിപ്രായത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതുകൊണ്ട്. തങ്ങളുടെ ഇഷ്ടതാരം അഭിനയിക്കുന്ന ചിത്രത്തെക്കുറിച്ചു മോശമായി ഒരു അഭിപ്രായവും സഹിക്കാത്ത ആരാധകരുണ്ട്.

മുടക്കിയ പണം മോശം അഭിപ്രായത്താല്‍ കിട്ടാതെ വരുമോ എന്നു പേടിക്കുന്നവരുമുണ്ട്. പക്ഷേ, ചലച്ചിത്ര നിരൂപക എന്ന അപകടം പിടിച്ച ജോലി നാലു വര്‍ഷത്തിലധികമായി ചെയ്യുന്നുണ്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ  അപര്‍ണ എന്ന ഗവേഷക വിദ്യാര്‍ഥി. നിരൂപണങ്ങളുടെ പേരില്‍ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുമുണ്ട്. അപര്‍ണ പ്രശാന്തി എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ കുറിപ്പുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുമുണ്ട്. പക്ഷേ, സിനിമയെക്കുറിച്ചല്ലാതെ സിനിമ കാണാന്‍ പോയ അനുഭവത്തെക്കുറിച്ച് എഴുതിയതിന്റെ പേരില്‍ അപമാനം ഏറ്റുവാങ്ങേണ്ടിവരുന്നത് ഇതാദ്യം. 

അല്ലു അര്‍ജുന്‍ നായകവേഷത്തിലെത്തുന്ന ‘ എന്റെ പേര് സൂര്യ’  എന്ന ചിത്രം അപര്‍ണ കണ്ടതു പെരിന്തല്‍മണ്ണയിലെ വിസ്മയ തിയറ്ററില്‍ വച്ച്. കസിന്‍ വിഷ്ണുവിനൊപ്പമാണ് ചിത്രം കണ്ടത്. ചിത്രം തീര്‍ന്നു പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ കനത്ത മഴ. കുടയില്ലാത്തതിനാല്‍ ഒരു മണിക്കൂറോളം തിയറ്ററില്‍ കുടുങ്ങി. ചിത്രത്തിന്റെ മലയാളം പതിപ്പാണ് അപര്‍ണ കണ്ടത്.

ഇതര ഭാഷകളില്‍നിന്നു മലയാളത്തിലേക്കുള്ള ഡബ്ബിങ് പലപ്പോലും മികച്ച നിലവാരത്തിലെത്താറില്ല. അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ ഡബ്ബിങ്ങിനുമുണ്ടായിരുന്നു പോരായ്മകള്‍. ഡബ്ബിങ് സ‍ൃഷ്ടിച്ച ആസ്വാദനത്തിലെ പ്രശ്നങ്ങളും  മഴ മൂലം തിയറ്ററില്‍ കുടുങ്ങിയതും കൂടിയായപ്പോള്‍ ആകെ തലവേദനയായി എന്നു ഫെയ്സ്ബുകില്‍ പോസ്റ്റിട്ടു അപര്‍ണ. കസിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം. സിനിമയെക്കുറിച്ചോ നിലവാരത്തെക്കറിച്ചോ ഒന്നും പറയാത്ത നിര്‍ദോഷമായ അഭിപ്രായപ്രകടനം. പക്ഷേ, നിമിഷങ്ങള്‍ക്കകം ഭീഷണികളും കേട്ടാലറയ്ക്കുന്ന അസഭ്യവും അപര്‍ണയെ തേടിയെത്തി. 

aprna-prashanthi-001 അപർണ പ്രശാന്തി.

കൊല്ലാനും മടിക്കില്ല എന്ന ഭീഷണിക്കൊപ്പം മാനഭംഗം ചെയ്യും, വീട്ടുകാരെയും ഉപദ്രവിക്കും എന്നൊക്കെയാണ് മുന്നറിയിപ്പുകള്‍. കൈയും കാലും തല്ലിയൊടിക്കും, പുറത്തിറങ്ങാന്‍ അനുവദിക്കില്ല എന്നതുമുതല്‍ ഹീനമായ ഭാഷയിലുള്ള പദപ്രയോഗങ്ങളുമുണ്ട്. എത്രയും വേഗം അടിയന്തരം നടത്താന്‍ ഒരുങ്ങിക്കോളൂ എന്ന് ആഹ്വാനം ചെയ്തവരുണ്ട്. എന്റെ പേര് സൂര്യ, എന്റെ വീട് ഇന്ത്യ എന്ന ചിത്രം ഒരു സൈനികന്റെ സിനിമ കൂടിയായതിനാല്‍ ഒരു തരത്തിലുള്ള വിമര്‍ശനങ്ങളും വച്ചുപൊറുപ്പിക്കില്ല എന്ന തരത്തിലാണ് അപമാനിക്കാന്‍ ശ്രമിക്കുന്ന ഭീഷണികള്‍.

രാജ്യദ്രോഹി എന്നു വിളിച്ചുള്ള ആക്ഷേപവുമുണ്ട്. ആദ്യമൊക്കെ അവഗണിച്ചെങ്കിലും  അസഭ്യവും അപമാനവും അസഹനീയമായപ്പോള്‍ ഹൈടെക് സെല്ലില്‍ പരാതി കൊടുത്തു അപര്‍ണ. ഫെയ്സ്ബുക്കിലെ കമന്റുകളിലൂടെ വന്ന ഭീഷണിയായതിനാല്‍ സൈബര്‍ സെല്ലിനുവിട്ടിരിക്കുകയാണ് പരാതി. പക്ഷേ, ഭീഷണികള്‍ ഇപ്പോഴും നിലച്ചി്ട്ടില്ലെന്നു പറയുന്നു അപര്‍ണ. വ്യാജ മേല്‍വിലാസങ്ങളില്‍നിന്നുള്ള ഭീഷണികള്‍ക്കൊപ്പം വ്യക്തികളെ തിരിച്ചറിയാവുന്ന വിലാസങ്ങളില്‍നിന്നും ഭീഷണി ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പരാതിയുമായി മുന്നോട്ടുപോകാന്‍ അപര്‍ണ തീരുമാനിച്ചതും. 

നാലു വര്‍ഷമായി സിനിമാ നിരൂപണം കൈകാര്യം ചെയ്യുന്ന അപര്‍ണ സിനിമാകുറിപ്പുകളുടെ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചല്ലാതെ ചിത്രം കാണാന്‍ പോയ അനുഭവത്തെക്കുറിച്ചു നിര്‍ദോഷമായി പോസ്റ്റിട്ടതിന്റെ പേരില്‍ അസഭ്യത്തിനിരയായിരിക്കുകയാണ് ഈ പെണ്‍കുട്ടി. അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടി കാണിക്കാത്ത, സ്ത്രീസമൂഹത്തിന്റെ പോരാട്ടങ്ങളുടെ മുന്‍നിരയിലുള്ള സാമൂഹിക പ്രവര്‍ത്തക കൂടിയായ അമ്മ ഡോ.ഗീതയും അപര്‍ണയ്ക്കൊപ്പമുണ്ട്.