Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെവിൻ ഇല്ലാതെ നീനു, ശങ്കറില്ലാതെ കൗസല്യ; ഇനിയെന്ത്?

kausalya-neenu കൗസല്യ, നീനു.

നീനുവിന്റെ കഥ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നവർക്ക് മറക്കാനാവില്ല കൗസല്യയുടെ കഥ. രണ്ടു വർഷം മുൻപ് തമിഴ്നാട്ടിലെ ഉദുമല്‍പ്പേട്ടിൽ നടന്ന ദുരഭിമാനക്കൊലയിൽ ഭർത്താവിനെ നഷ്ടപ്പെട്ട 21 വയസ്സുകാരി. സ്വന്തം വീട്ടുകാർ ഏർപ്പെടുത്തിയ വാടകകൊലയാളികൾ പട്ടാപ്പകൽ കൺ മുന്നിൽ വച്ച് പ്രിയപ്പെട്ടവനെ വെട്ടിക്കൊല്ലുന്നത് കണ്ടു നിൽക്കേണ്ടി വന്നവൾ.

ആത്മഹത്യയുടെ അറ്റത്തോളം പോയി തിരിച്ചു വന്നവൾ. നാളുകൾക്കു േശഷം പുറം ലോകം കണ്ടത് പഴയ കൗസല്യയെ ആയിരുന്നില്ല. കൗസല്യയുടെ അദ്ഭുതകരമായ ഉയിർത്തെഴുന്നേൽപ്പിന്റെയും  അസാധാരണമായ പോരാട്ടങ്ങളുടെയും  കഥ സമാനസാഹചര്യത്തിൽ പ്രിയപ്പെട്ടവനെ  നഷ്ടപ്പെട്ട നീനുവിനോടു പറയാനുള്ളതാണ്.. ധൈര്യമായിരിക്കണം ഞാൻ കൂടെയുണ്ട് എന്ന് നീനുവിനെ ഓർമ്മിപ്പിക്കുന്നു, ഈ പെൺകുട്ടി.

ഉദുമല്‍പ്പേട്ടിലെ വീട്ടിൽ നിന്നു ജോലി സംബന്ധമായി മാറിത്താമസിക്കുകയാണ് കൗസല്യയിപ്പോൾ. സുരക്ഷയ്ക്കായി സർക്കാർ ഏർപ്പെടുത്തിയ വനിതാ പൊലീസ് ഓഫിസറുമുണ്ട്. നീനുവിനെക്കുറിച്ചു മാധ്യമങ്ങളിൽ വന്ന വാർത്തകൾ കൗസല്യ കണ്ടിരുന്നു.‘‘നീനുവിനെ വന്നു കാണണമെന്ന് എനിക്കു വലിയ ആശയുണ്ട്. നീനുവിന്റെ കൈ ചേർത്തു പിടിച്ച്, ഞാൻ കൂടെ ഉണ്ടെന്നു പറയണം. ഇനി ഒരാൾക്കും ഇങ്ങനെ സംഭവിക്കരുത്.’’ കൗസല്യ പറഞ്ഞു. 

കെവിൻ കൂടെയില്ലാത്ത ജീവിതമാണ് ഇനി നീനുവിന്, ശങ്കർ ഇല്ലാത്ത ജീവിതം കൗസല്യയ്ക്ക് എങ്ങനെയൊക്കെയായിരുന്നു?

കൊച്ചുകുട്ടിയെപ്പോലെയായിരുന്നു ശങ്കർ എന്നെ നോക്കിയിരുന്നത്. വിളിച്ചിരുന്നത് പോലും പാപ്പ എന്നായിരുന്നു. ശങ്കർ വിളിക്കുന്നതു കേട്ട് മറ്റുള്ളവരും എന്നെ അങ്ങനെ തന്നെ വിളിച്ചു. അച്ഛനും രണ്ട് അനിയന്മാരും പാട്ടിയുമായിരുന്നു വീട്ടിൽ. ഭക്ഷണം ഉണ്ടാക്കി എന്നെ ഊട്ടിയിട്ടാണ് ശങ്കർ ദിവസവും കോളജിൽ പോയിരുന്നത്. എന്റെ മുഖം ചെറുതായൊന്നു മാറിയാൽ പോലും എന്തു പറ്റി എന്നു ചോദിച്ച്  ആശ്വസിപ്പിക്കുമായിരുന്നു. എന്റെ മനസ്സു നേരെയായി എന്നു ഉറപ്പായാൽ മാത്രമേ അവൻ വേറെന്തു ജോലിയും ചെയ്യുമായിരുന്നുള്ളൂ. ഒന്നു വേഗത്തിൽ നടന്നാൽ, പെൺകുട്ടിയാണ് പതുക്കെ നടക്കൂ എന്ന് പറയുന്നവരെയാണ് ഞാൻ എന്റെ വീട്ടിൽ കണ്ടിരുന്നത്. ഇന്ന ജോലി സ്ത്രീകൾക്ക്, ഇന്ന ജോലി പുരുഷന്മാർക്ക് എന്ന വേർതിരിവൊന്നും ശങ്കറിനോ ശങ്കറിന്റെ വീട്ടുകാർക്കോ ഉണ്ടായിരുന്നില്ല. അതെനിക്കു പുതിയൊരു ലോകമായിരുന്നു. ശങ്കറിന്റെ കൂടെ, ഞാൻ ആഗ്രഹിച്ച ജീവിതം ഇനി ഉണ്ടാവില്ലല്ലോ എന്നോർത്തപ്പോൾ ആത്മഹത്യ ചെയ്യാനാണ് ആദ്യം തോന്നിയത്. 

kausalya-shankar.jpg.image.784.410 കൗസല്യ, ശങ്കർ.

ആ സമയത്ത് സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി പലരും എന്നെ കാണാൻ വരാറുണ്ടായിരുന്നു. അവരുടെയെല്ലാം നിരന്തര പ്രോത്സാഹനത്തെ ത്തുടർന്ന് ജാതിയുടെയും സമ്പത്തിന്റെയും വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾക്ക് എതിരായി പ്രവർത്തിക്കാൻ ഞാൻ തീരുമാനിച്ചു. ശങ്കർ ചിന്തിയ രക്തത്തിന് അർഥം കണ്ടെത്തണമെന്ന് ഉറപ്പിച്ചു. പൊതുവേദികളിൽ പ്രസംഗിക്കാൻ തുടങ്ങി. കരാട്ടെ പഠിച്ചു, ബൈക്ക് ഓടിക്കാൻ പഠിച്ചു...

ബിടെക്ക് രണ്ടാം വർഷം പഠിക്കുമ്പോഴായിരുന്നു കല്യാണം. അന്നു മുടങ്ങിയ പഠിത്തം പിന്നീട് ഞാൻ തുടർന്നു. ഇപ്പോൾ ബിഎസ് സി കംപ്യൂട്ടർ സയൻസ് രണ്ടാം വർഷം പഠിക്കുകയാണ്. അടുത്ത ആഴ്ച പരീക്ഷയാണ്. പഠനത്തോടൊപ്പം ജോലിയും ചെയ്യുന്നു. ശങ്കറിന്റെ ഓർമ്മയ്ക്കായി ഉദുമല്‍പ്പേട്ട് കേന്ദ്രീകരിച്ച് ‘ശങ്കർ തനിപ്പേച്ചിമയ്യം’ എന്ന സംഘടനയും ശങ്കർ സാമൂഹിക നീതി ഫൗണ്ടേഷനും കൗസല്യ ആരംഭിച്ചു. 

‘‘ആദ്യം ആരംഭിച്ചത് ‘ശങ്കർ തനിപ്പേച്ചി മയ്യം’ ആയിരുന്നു. ജാതിപരമായും സാമ്പത്തികമായും  പിന്നാക്കം നിൽക്കുന്ന വരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കാനായി തുടങ്ങിയതായിരുന്നു അത്. രണ്ട് അധ്യാപികമാരെ നിയമിച്ചു കുറെ കുട്ടികൾക്ക് സൗജന്യ ട്യൂഷൻ നൽകുന്നുണ്ട്. ശങ്കർ സാമൂഹ്യ നീതി ഫൗണ്ടേഷൻ ആരംഭിച്ചത്, വ്യത്യസ്ത ജാതിയിൽ നിന്നു വിവാഹം കഴിക്കുന്നവർ‌ക്കു വേണ്ട പിന്തുണയും സഹായവും നൽകുക, അവർക്കു സംരക്ഷണം  ആവശ്യമെങ്കിൽ അതു നൽകുക എന്നിവയൊക്കെ ലക്ഷ്യം വച്ചാണ്. കൂടാതെ, ദുരഭിമാനക്കൊലയ്ക്കെതിരെ സർക്കാർ നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങൾ കൂടി ശങ്കർ സമൂഹനീതി ഫൗണ്ടേഷൻ വഴി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. 

kausalya-main-image-01 കൗസല്യ.

എട്ടുമാസം ഭർത്താവിനോടൊപ്പം താമസിച്ച ആ വീടു സ്വന്തം വീടായും, ശങ്കറിന്റെ കുടുംബത്തെ സ്വന്തം കുടുംബമായും കൗസല്യ ഏറ്റെടുത്തിരുന്നു. ശങ്കറിന്റെ അനിയന്മാരായ വിഘ്നേശ്വറിനെയും യുവരാജിനെയും പഠിപ്പിക്കുന്നതും വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നതും കൗസല്യ തന്നെയാണ്. കെവിന്റെ വീട്ടിൽ നീനുവും സന്തോഷമായിരിക്കട്ടെ എന്നും കൗസല്യ ആഗ്രഹിക്കുന്നു. 

സ്വന്തമായി ഒരു വീട് കെവിന്റെ സ്വപ്നമായിരുന്നു എന്ന് നീനു പറഞ്ഞിട്ടുണ്ട്. അതുപോലൊരു സ്വപ്നം ശങ്കറിനും ഉണ്ടായിരുന്നല്ലോ?

‘‘ഒരു ഒറ്റമുറി കുടിലായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. ആ വീടു പുതുക്കി പണിത്, രണ്ടു മുറികളുള്ള നല്ലൊരു വീടായി മാറ്റിയത് ഞാനാണ്. ശങ്കറിന്റെ മരണത്തെ തുടർന്നു കിട്ടിയ പണം അവന്റെ ആശ നിറവേറ്റാൻ തന്നെ ആദ്യം ഉപയോഗിക്ക ണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു.’’കൗസല്യയുടെ താമസസ്ഥലത്തെ ചുവരലമാരയിലും നിലത്തുമെല്ലാം പുസ്തകങ്ങളാണ്. ജീവിതം മാറ്റി മറിച്ച രണ്ടു വലിയ പുസ്തകങ്ങളെടുത്ത് കൗസല്യ മുന്നിൽ വച്ചു. ‘അംബേദ്കർ ഇന്നും എന്നും’, ‘പെരിയോർ ഇന്നും എന്നും’.

kevin-and-neenu-3.jpg.image.784.410 കെവിൻ, നീനു.

‘‘ആ സംഭവത്തിനു ശേഷം തളർന്നിരുന്ന എന്നെക്കാണാൻ കുറെ നല്ല ആൾക്കാർ എത്തി. കുറെ പുസ്തകങ്ങൾ സമ്മാനിച്ചിട്ട് ധാരാളം വായിക്കണമെന്നും പഠിക്കണമെന്നും പറഞ്ഞു. ജാതി വ്യവസ്ഥയെക്കുറിച്ച്, തുല്യനീതിയെക്കുറിച്ച് ഒക്കെ ഞാൻ കൂടുതൽ അറിഞ്ഞത് ഈ പുസ്തകങ്ങളിൽ നിന്നാണ്. പക്ഷേ അതിനു മുൻപേ, ശങ്കർ ജീവിതം കൊണ്ട് എന്നെ പഠിപ്പിച്ചിരുന്നു സ്ത്രീ പുരുഷ സമത്വം എന്താണെന്ന്.

അന്നത്തെ ആക്രമണത്തിൽ ശങ്കറിനോടൊപ്പം എനിക്കും വെട്ടേറ്റിരുന്നു. തലയിൽ പലയിടത്തായി 36 സ്റ്റിച്ചുകൾ ഇടേണ്ടി വന്നു. അന്ന് വെട്ടിയ മുടി ഞാൻ പിന്നെ വളർത്താൻ ശ്രമിച്ചിട്ടില്ല. മുടിയിലും ആൺ–പെൺ എന്ന വ്യത്യാസം വേണ്ടെന്നു വച്ചു.

കഴിഞ്ഞ ഡിസംബറിൽ കൗസല്യയുടെ അച്ഛൻ ചിന്ന സ്വാമി ഉൾപ്പെടെ ആറു പേർക്ക് തിരുപ്പൂർ ജില്ലാ കോടതി, വധശിക്ഷ വിധിച്ചു. 

kausalya - 11 കൗസല്യ.

‘‘അതുവരെ ഒരു സമുദായം മാത്രമായിരുന്നു എന്നെ കുറ്റപ്പെടുത്തിയിരുന്നത്...കോടതി വിധി വന്നതോടെ ജാതിയെ മുറുകെ പിടിക്കുന്നവരും അല്ലാത്തവരുമെല്ലാം എനിക്കെതിരെ ഫേയ്സ്ബുക്കിൽ പോസ്റ്റുകളും കമന്റുകളുമിട്ട് മാനസികമായി തളർ ത്താൻ ശ്രമിച്ചു. വലിയൊരു ആക്രമണം തന്നെ നേരിടേണ്ടി വന്നു. സ്വന്തം മാതാപിതാക്കളെ കൊലയ്ക്കു കൊടുത്തവള ല്ലേ നീ എന്ന ആരോപണവും കുറ്റപ്പെടുത്തലുകളും നിരന്തരം കേൾക്കേണ്ടി വരുന്നു’’. എന്തു പ്രശ്നമുണ്ടായാലും പതറാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകാനാണ് നീനുവിനോടുള്ള കൗസല്യയുടെ ഉപദേശം. 

neenu-kausalya.jpg.image.784.410 നീനു, കൗസല്യ.

‘‘നീനുവിനോട് എനിക്കു പറയാനുള്ളത്, നല്ല ധൈര്യമായി ഇരിക്കണം എല്ലാത്തിനെയും വളരെ ബോൾഡായി  ഫേസ് ചെയ്യണം. നമുക്ക് ഇനിയും ജീവിതം ഒരു പാടുണ്ട്. നമ്മളെപ്പോലെ പ്രശ്നങ്ങൾ ഉണ്ടായവർക്കു സഹായം ചെയ്യുന്നതിനും അവരുടെ കൂടെ നിൽക്കുന്നതിനും വേണ്ടി നമ്മൾ ഇനിയും സ്ട്രോങ്ങാവണം. കൂടെയില്ലെങ്കിലും മനസ്സു കൊണ്ടു ഞാൻ നീനുവിനോടൊപ്പം തന്നെയുണ്ട്. കൈ ഞാൻ മുറുകെ പിടിച്ചിട്ടുണ്ട്.’’