Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രകലയിലെ 'എൻജിനീയറിങ് വൈദഗ്ധ്യം'

trivandrum-sarah-jeorge.jpg.image.784.410

തിരുവനന്തപുരം കവടിയാർ കേസ്റ്റൺ ടവേഴ്സ് ഒൻപതാം നിലയിലെ ഫ്ലാറ്റ് നമ്പർ ഒൻപതിലേക്കു ചെല്ലുന്ന അതിഥികളെ സ്വീകരിക്കുന്നതു ഫ്രൈപാനിന്റെ പുറത്തും സെറാമിക് പ്ലേറ്റിലും കാലിയായ മദ്യകുപ്പികളുടെ പുറത്തും പാൽ പാത്രത്തിലുമൊക്കെയിരുന്നു പുഞ്ചിരിക്കുന്ന പൂക്കളും പാറിപ്പറക്കുന്ന ശലഭങ്ങളുമൊക്കെയായിരിക്കും. ഇതിന്റെ ഭംഗി കണ്ടു  തൊട്ടുനോക്കുമ്പോഴാണറിയുന്നത് ഇതൊക്കെ ചിത്രങ്ങളാണെന്ന്.

ഫ്ലാറ്റിലെ താമസക്കാരി  റിട്ട. ഡപ്യൂട്ടി ചീഫ് എൻജിനീയർ സാറാ ജോർജ് തീർത്ത ചിത്രങ്ങളാണു പൊട്ടിയ പ്ലേറ്റിലും തുള വീണ ഫ്രൈപാനിലും കാനിലുമൊക്കെ  ശലഭങ്ങളായി പറക്കുന്നതും പുഷ്പങ്ങളുടെ വർണമഴ തീർക്കുന്നതും. നമ്മുടെ നാട്ടിൽ അത്ര പരിചയമില്ലാത്ത ഡെക്കോപാഷ് എന്ന രീതിയിലൂടെ തയാറാക്കുന്ന ചിത്രങ്ങളാണു സാധാരണക്കാർ പറമ്പിലേക്കു വലിച്ചെറിയുന്ന ഉപയോഗം കഴിഞ്ഞ ഐസ്ക്രീം ബോക്സിനെയും പഴയ പാൽപാത്രത്തെയും പൊട്ടിയ പ്ലേറ്റിനെയുമൊക്കെ അലങ്കാരവസ്തുവാക്കുന്നത്.

ജോലിയുടെ ഭാഗമായി  ജലസേചന ഡാമുകളും മറ്റും സന്ദർശിക്കുമ്പോൾ    ഒരു മടിയും കൂടാതെ അവിടെ കൂടി കിടക്കുന്ന  മദ്യക്കുപ്പികൾ സാറ  സ്വയം  ശേഖരിക്കുമായിരുന്നു. വിദേശത്തു നിന്നുള്ളതടക്കം ഏകദേശം 700 കുപ്പികൾ  ശേഖരത്തിലുണ്ട്. 

ചിത്രരചനാ വഴികൾ...

ഡെക്കോപാഷ് ചെയ്യാൻ ചിത്രങ്ങൾ വരയ്ക്കേണ്ടതില്ല. ചിത്രരചനയോടു താൽപര്യമുള്ളവർക്കു മറ്റെല്ലാ തിരക്കുകളും ഒഴിവാക്കി അൽപസമയം മെനക്കെട്ടാൽ ഡെക്കോപാഷ് ചെയ്യാം. വഴിവക്കിൽ വലിച്ചെറിയുന്ന മദ്യക്കുപ്പികളും അരികുപൊട്ടിയ പാത്രങ്ങളും വെള്ളം എടുക്കുന്ന കെറ്റിലോ എന്തിനു ടിഷ്യു പേപ്പറിന്റെ ബോക്സു വരെ ഡെക്കോപാഷിനായി ഉപയോഗിക്കാം. ഇതു ചെയ്യാനുള്ള പ്രത്യേക ചോക്കും (കളർ) പേപ്പറും  ഓൺലൈനിൽ വാങ്ങാം.

trivandrum-art-bottile.jpg.image.784.410

എന്തു സാധനത്തിലാണൊ ചെയ്യുന്നത് അതിൽ ചോക്ക് ഉപയോഗിച്ചൊന്നു വാർണിഷ് ചെയ്യണം. ഇതുണങ്ങിയ ശേഷം ചിത്രമടങ്ങിയ പേപ്പർ ഒട്ടിച്ചെടുക്കാം. കണ്ടാൽ വരച്ചതാണെന്നേ തോന്നൂ. കുട്ടിക്കാലം മുതലേ പെയിന്റിങ്ങിൽ താൽപര്യമണ്ടായിരുന്നു. ജോലിയിൽ നിന്നു വിരമിച്ച സാറ രണ്ടു വർഷം മുമ്പാണ് ഡെക്കോ പാഷിൽ ശ്രദ്ധയൂന്നിയത്. പത്തു വർഷം മുമ്പ് അമേരിക്കയിൽ പോയപ്പോൾ പങ്കെടുത്ത വർക്‌ഷോപ്പിൽ നിന്നാണു താൻ ഇതിനെക്കുറിച്ചു  മനസ്സിലാക്കിയതെന്നു സാറ പറയുന്നു. 

ജോലിയിൽ നിന്നും വിരമിച്ച ശേഷം  അമേരിക്കയിലുള്ള ഭർത്താവ് മാത്യുഡാനിയലിനൊപ്പം ചേരാൻ തയാറെടുക്കുന്നതിനിടയിൽ കൂട്ടിക്കൊണ്ടു പോകാൻ   നാട്ടിലെത്തിയ മകൻ ഡിജോ ഡാനിയൽ മാത്യുവിനു  കവടിയാറിൽ കാറപകടം ഉണ്ടായി. മകന്റെ ചികിൽസയും മറ്റുമായി അമേരിക്കൻ യാത്ര മുടങ്ങി. ഇതിനിടയിൽ മകൾ ഡോണയുടെ നിർബന്ധ പ്രകാരമാണു  ഡെക്കോപാഷിലേക്ക് തിരിഞ്ഞത്.  മുൻപ് ബോട്ടിൽ ആർട്ടും ഓയിൽ പെയിന്റിങ്ങുമൊക്കെ ചെയ്യുമായിരുന്നു.

ഇപ്പോൾ തന്റെ ചിത്രകലയിലെ 'എൻജിനീയറിങ് വൈദഗ്ധ്യം'  ഡോക്കോപാഷിനായി  മാത്രമാണ് ഉപയോഗപ്പെടുത്തുന്നതെന്നു സാറ പറയുന്നു. 26നു കവടിയാർ വിമൻസ് ക്ലബിൽ സാറയുടെ ഡെക്കോപാഷ് ശിൽപശാലയും പ്രദർശനവുമുണ്ട്.