ചുണ്ടുകൾക്കിടയിൽ ഘടിപ്പിച്ച ബ്രഷുമായാണു ചിത്രം വരയ്ക്കുന്നതെങ്കിലും ജെസ്ഫർ കോട്ടക്കുന്നിന്റെ ചിത്രങ്ങളിൽ നിറങ്ങളുണ്ട്. വീൽചെയറിൽ തളച്ചിടപ്പെട്ട ജീവിതമാണെങ്കിലും ആകാശവും ആഴിയുമുണ്ട്. ചലനസ്വാതന്ത്ര്യമില്ലെങ്കിലും എല്ലാ ചങ്ങലകളെയും പൊട്ടിച്ചെറിയാനുള്ള കരുത്തും സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശവുമുണ്ട്. എങ്കിലും ജെസ്ഫറിന്റെ മാസ്റ്റർപീസ് അദ്ദേഹം വരച്ച ചിത്രങ്ങളിലൊന്നുപോലുമല്ല; ആ ജീവിതം തന്നെ. ജീവിതമെന്ന വർണ ചിത്രം ജെസ്ഫർ വരച്ചതു ഫാത്തിമ എന്ന യുവതിക്കൊപ്പം. കടൽ കടന്നെത്തിയ പ്രണയിനിക്കൊപ്പം. ഏകാന്തതയുടെ ഇരുട്ടും സങ്കടങ്ങളുടെ കറുപ്പും കടന്ന് പ്രണയവർണങ്ങളാൽ എഴുതിയ ശുഭപ്രതീക്ഷയുടെ ജീവിതചിത്രം.
വ്യത്യസ്തമായ പ്രദേശങ്ങളിൽ, അപരിചിതമായ ജീവിതസാഹചര്യങ്ങളിൽനിന്ന് അദ്ഭുതകരമായി ഒരുമിച്ചുചേർന്നവരാണ് ജെസ്ഫറും ഫാത്തിമയും. ഭൂമിശാസ്ത്രപരമായ അതിരുകൾ പോലും അവരെ അകറ്റുന്നതിനുപകരം അടുപ്പിച്ചതേയുള്ളൂ. പരസ്പരം കാണാതെ ഇഷ്ടപ്പെട്ടവർ. വിവാഹദിവസം മാത്രം നേരിട്ടുകണ്ടവർ. പന്തുണയ്ക്കുമെന്നു കരുതിയവർ പോലും എതിർത്തിട്ടും ഒരുമിച്ചവർ. കാത്തിരിക്കുന്നതു പ്രതിസന്ധികളാണെന്നറിഞ്ഞിട്ടും ഒരേ വള്ളത്തിൽ തുഴയാൻ തീരുമാനിച്ചവർ. അവരുടെ പ്രണയം കാൽപനികമില്ല; കരുത്ത് ചോർത്തിയെടുക്കാൻ ശ്രമിച്ച വിധിയോടുമുള്ള പോരാട്ടം. സ്വപ്നങ്ങളുടെ മായികലോകത്തിനുപകരം വേദനകളുടെ ക്രൂരതകളെ നേരിടുന്നതിലൂടെ പരസ്പരം കണ്ടെത്തിയവർ.
വിധി ജെസ്ഫറിനെ തളർത്തുന്നതു 13–ാം വയസ്സിൽ. മാരകമായ രോഗത്തെത്തുടർന്ന് കിടക്കയിൽ തളച്ചിടപ്പെട്ടു. രോഗത്തിന്റെ വേദനകളെ അതിജീവിച്ച് മൗത്ത് പെയ്ന്റർ എന്ന നിലയിൽ ചിത്രകലയുടെ ലോകത്ത് സ്വന്തമായ മേൽവിലാസം സൃഷ്ടിച്ചു. ഇന്നു രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന ചിത്രകാരനാണ് മലപ്പുറം സ്വദേശിയായ 32 വയസ്സുകാരൻ ജെസ്ഫർ. രാജ്യാന്തര മൗത്ത് ആൻഡ് ഫൂട്ട് പെയ്ന്റിങ് ആർട്ടിസ്റ്റ് അസോസിയേഷൻ ലോകത്തെങ്ങുമുള്ള ചിത്രകലാ പ്രതിഭകളെ തിരഞ്ഞെടുത്തപ്പോൾ ഇന്ത്യയിൽനിന്നുള്ള ഇരുപതുപേരിൽ ഒരാൾ.
ഫാത്തിമയുടെ ആദ്യപ്രണയം അക്ഷരങ്ങളുമായി. കവിതയും കഥയും എഴുതിത്തുടങ്ങി. 21–ാം വയസ്സിൽ ആദ്യകവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഈണവും താളവും പോലെ സ്വരവും ശ്രുതിയുംപോലെ ഒന്നായവരാണ് ജെസ്ഫറും ഫാത്തിമയും. സ്വന്തം ജീവിതത്തെക്കുറിച്ചു ജെസ്ഫറും ഫാത്തിമയും പറയുന്നു.
ജെസ്ഫർ: രോഗത്തിന്റെ തീവ്രത തിരിച്ചറിയുന്നതു പത്താം വയസ്സിൽ. ചികിൽസയില്ലാത്ത രോഗമാണെന്നു ഡോക്ടർമാർ വിധിയെഴുതി. അന്ന് രോഗത്തിന്റെ കാഠിന്യം തിരിച്ചറിയാനുള്ള പ്രായമായിരുന്നില്ല. മൂന്നുവർഷത്തിനകം ഒരു വസ്തുത മനസ്സിലാക്കി. സഹോദരനെപ്പോലെ, സുഹൃത്തുക്കളെപ്പോലെ എനിക്കു നീന്താനോ ഓടാനോ ചാടാനോ കളിക്കാനോ കഴിയില്ല. പ്രതീക്ഷകൾ നഷ്ടപ്പെട്ടു. ശാരീരിക വിഷമതകൾക്കുപുറമെ വൈകാരികമായും തളർന്നു. ഇനിയുള്ള ജീവിതം വീൽചെയറിൽതന്നെ എന്നുറപ്പിച്ചു. അതോടെ ഒന്നിനോടും താൽപര്യമില്ലാതായി.
2015 നവംബറിലാണു ഫാത്തിമയെ ജീവിതസഖിയാക്കുന്നത്. അതിനും ഒന്നരവർഷം മുമ്പ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ കുറച്ചധികം സുഹൃത്തുക്കളുണ്ടായിരുന്നു. എന്റെ കലയെ അംഗീകരിക്കുകയും വിമർശിക്കുകയും ചെയ്യുന്നവർ. അൽപായുസ്സായിരുന്നു പല സൗഹൃദങ്ങളും. ഫാത്തിമ എന്റെ കൂടെ ഉറച്ചുനിന്നു. ആരോഗ്യത്തെക്കുറിച്ചു നിരന്തരമായി അന്വേഷിച്ചു. കുടുംബാംഗങ്ങളെക്കുറിച്ച് അന്വേഷിച്ചു. സുഖത്തിലും ദുഃഖത്തിലും കൂട്ടായി. മണിക്കൂറുകൾ വിരസതയില്ലാതെ സംസാരിച്ചു.നല്ല ചിത്രങ്ങളെ അംഗീകരിക്കുന്നതുപോലെ തന്നെ മോശം സൃഷ്ടികളെ ഫാത്തിമ വിമർശിക്കുകയും ചെയ്തു. അതെനിക്ക് ആത്മപരിശോധന നടത്താൻ കാരണമായി. കവിതകൾ ചൊല്ലി വോയ്സ് മെസേജാക്കി അയച്ചുതരും. എന്റെ കരുത്തും ശക്തിയുമായി. ഫാത്തിമയെ കൂടെ കൂട്ടാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയായി.
ഫാത്തിമ: ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തതിനുശേഷം യുഎഇയിൽ ഞാൻ അധ്യാപികയായി. അച്ഛനും അമ്മയും രണ്ട് ഇളയ സഹോദരിമാരുമടങ്ങുന്ന കുടുബമാണെന്റേത്. പുരോഗമന ചിന്താഗതിക്കാരായിരുന്നു അച്ഛനമ്മമാർ. യാഥാസ്ഥിതിക വിശ്വാസങ്ങൾക്കു വീട്ടിൽ സ്ഥാനമുണ്ടായിരുന്നില്ല. സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി തീരുമാനങ്ങളെടുക്കാനും അച്ഛൻ പ്രേരിപ്പിച്ചിരുന്നു. കൗമാരത്തിൽതന്നെ എഴുത്തിന്റെ ലോകത്തിലേക്കും കടന്നു. ആശയപരമായി യോജിക്കുന്നവരെ മാത്രമെ വിവാഹം കഴിക്കൂ എന്നു ഞാൻ തീരുമാനമെടുത്തിരുന്നു. 25–ാം വയസ്സിൽ ജെസ്ഫറിനെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു.
അടുത്തതിനുശേഷം മാത്രമാണ് ജെസ്ഫറിന്റെ ശാരീരിക വൈകല്യത്തെക്കുറിച്ച് ഫാത്തിമ മനസ്സിലാക്കുന്നത്. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, യാത്രയോടുള്ള ആവേശം, സഹജീവികളോടുള്ള കരുണ... ഇവ അവരെ തമ്മിൽ കൂടുതൽ അടുപ്പിച്ചു. കലയിലും ജീവിതത്തിലും സത്യസന്ധനായിരുന്നു ജെസ്ഫർ. ജീവിതത്തിൽ നേരിട്ട തിരിച്ചടികൾ അയാൾ തുറന്നുപറഞ്ഞു. രണ്ടുപേരെയും തമ്മിൽ ബന്ധിപ്പിച്ചതു കലയിലുള്ള താൽപര്യം. ആശയവിനിമയം നടത്തിയതു കഥകളിലൂടെ. കവിതകളിലൂടെ. ചിത്രങ്ങളിലൂടെ. അതോടെ ഈ ചെറുപ്പക്കാരനെ തനിച്ചാക്കരുതെന്നു ഫാത്തിമ തീരുമാനിച്ചു. പേനയായിരുന്നു ഫാത്തിമയുടെ മാധ്യമമെങ്കിൽ ജെസ്ഫറിനു ബ്രഷ്. ഫാത്തിമയോടു വിവാഹാഭ്യർഥന നടത്താൻ മടിയായിരുന്നു ജെസ്ഫറിന്. കാരണം മുൻകാല അനുഭവങ്ങൾ. അവഗണനകൾ. ഒടുവിൽ വഴിത്തിരിവായതു മുൻ രാഷ്ട്രപതി അബ്ദുൽ കലാമിനെ നേരിൽ കണ്ടത്. ജെസ്ഫർ വരച്ച പോർട്രെയ്റ്റ് സുഹൃത്തുക്കൾ കലാമിന് അയച്ചുകൊടുത്തു. അതുകണ്ട കലാം പ്രോത്സാഹജനകമായ മറുപടി എഴുതി. പിന്നീടു കോഴിക്കോടു വന്നപ്പോൾ നേരിൽകാണാനുള്ള താൽപര്യം പ്രകടിപ്പിച്ചു.
നിങ്ങളുടെ ജീവിതത്തിനു താങ്ങും തണലുമാകേണ്ടതു നിങ്ങൾ തന്നെ. ജീവിതത്തിൽ സംഭവിച്ച ഒന്നിനെക്കുറിച്ചും പശ്ചാത്തപിക്കരുത്. പകരം പോരാടുക. വിജയം നിങ്ങളെത്തേടിവരും – കലാമിന്റെ വാക്കുകളുടെ പ്രചോദനത്തിൽ കഠിനാധ്വാനം ചെയ്യാൻ തീരുമാനിച്ചു ജെസ്ഫർ. ആത്മാർഥതയ്ക്ക് എന്നെങ്കിലും ഫലം കിട്ടുമെന്നും പ്രതീക്ഷിച്ചു. ഫാത്തിമയോടുള്ള പ്രണയം വെളിപ്പെടുത്തുമ്പോൾ കാത്തിരുന്നത് അതിശയം. ജെസ്ഫർ പ്രണയം വെളിപ്പെടുത്താൻ കാത്തിരിക്കുകയായിരുന്നു ഫാത്തിമ. അതിനുമുമ്പുതന്നെ ജെസ്ഫറോടൊത്തു ജീവിക്കാൻ തീരുമാനിച്ചിരുന്നു അവർ.
ജെസ്ഫറിന്റെ മൂത്ത സഹോദരനാണ് വിവാഹത്തെക്കുറിച്ചു സൂചിപ്പിച്ചതെന്നു പറയുന്നു ഫാത്തിമ. പക്ഷേ പ്രതീക്ഷിച്ചിതിനു വിപരീതമായി എതിർപ്പുകൾ നേരിടേണ്ടിവന്നു. അമ്മയേയും സഹോദരിമാരെയും ബോധ്യപ്പെടുത്തിയെങ്കിലും അച്ഛനും ബന്ധുക്കളും എതിർത്തു. ഒടുവിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന ഘട്ടം വന്നപ്പോൾ ഒറ്റയ്ക്കു കേരളത്തിലേക്കു വിമാനടിക്കറ്റ് ബുക്ക് ചെയ്തു ഫാത്തിമ.
വിവാഹം കഴിക്കാൻപോകുന്ന ആളിനെ ആദ്യമായി കാണുന്നതിന്റെ ആശങ്കകളോടെ ഫാത്തിമ എത്തി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽവച്ചായിരുന്നു അവരുടെ ആദ്യത്തെ കൂടിക്കാഴ്ച. അതും വിവാഹദിവസം പുലർച്ചെ. നിക്കാഹിന് ഒരുക്കങ്ങൾ നടത്തിയതു ജെസ്ഫറും സുഹൃത്തുക്കളും. മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ഫാത്തിമ ജെസ്ഫറിന്റെ ജീവിതത്തിലേക്കു വന്നത്. ജെസ്ഫറിനു പിന്തുണ കൊടുത്ത് കൂടെ നിൽക്കാനാണ് തുടക്കത്തിൽ ഫാത്തിമയുടെ തീരുമാനം. പരിചയമില്ലാത്ത ജീവിതവുമായി പൊരുത്തപ്പെടേണ്ടതുമുണ്ട്.
കുട്ടിക്കാലത്തു പെൻസിൽ ഉപയോഗിച്ചു ചിത്രം വരയ്ക്കുമായിരുന്നെങ്കിലും രോഗത്തെത്തുടർന്ന് അതുപേക്ഷിക്കേണ്ടിവന്നു. പിന്നീട് ചുണ്ടുകൾക്കിടയിൽ പേന വച്ച് അക്ഷരങ്ങൾ എഴുതിപ്പഠിച്ചു. പിന്നീടാണ് മൗത്ത് പെയ്ന്റിങ്ങിനെക്കുറിച്ച് അറിയുന്നതും പരിശീലിക്കുന്നതും. ചിത്രകാരനായ ദയാനന്ദൻ മാസ്റ്റർ വലിയ സഹായമായി. മൗത്ത് ആൻഡ് ഫൂട്ട് പെയ്ന്റർമാരുടെ അസോസിയേഷനെക്കുറിച്ച് അറിയുന്നത് പിന്നീട്. അന്നു കേരളത്തിൽനിന്നു രണ്ടുപേർ മാത്രമായിരുന്നു അംഗങ്ങൾ. ഇപ്പോൾ അംഗസംഖ്യ അഞ്ചായി. മലപ്പുറത്തെ ചെറിയ പട്ടണത്തിൽനിന്ന് രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന ചിത്രകാരനുമായി.
ഫാത്തിമ ഇപ്പോൾ അമ്മയാകാനുള്ള കാത്തിരിപ്പിലാണ്. വായിക്കാനും എഴുതാനും കൂടുതൽ സമയം ലഭിക്കുന്നു. രണ്ടാമത്തെ കവിതാ സമാഹാരത്തിന്റെ പ്രകാശനം ഉടൻ നടക്കും. കവി മധുസൂദനൻ നായരാണ് അവതാരിക എഴുതുന്നത്. ചിത്രകാരനായ ജെസ്ഫറും കവിയായ ഫാത്തിമയും ചേർന്ന് പുതിയൊരു സംരംഭം കൂടി തുടങ്ങുകയാണ്– ‘വരയും വരിയും’. ഈ പദ്ധതിയുടെ ഭാഗമായി ഫാത്തിമയുടെ കവിതകളെ ആസ്പദമാക്കി ജെസ്ഫർ ചിത്രങ്ങൾ വരയ്ക്കുന്നു.