Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു പെണ്‍കുട്ടികള്‍ ജനിക്കുമെന്ന് മാഷ് പറയുമായിരുന്നു: ഷിൽന

shilna-01

വെറുമൊരു ആഗ്രഹമായിരുന്നില്ല, ലക്ഷ്യവും ആവേശവുമായി സുധാകരന്‍ കൂടെക്കൂടെ പറയും- രണ്ടു പെണ്‍കുട്ടികളുടെ അച്ഛനായി ഷില്‍നയ്ക്കൊപ്പം ജീവിക്കുന്നതിനെക്കുറിച്ച്. രണ്ടു കുട്ടികളുടെയും പേരുകളും അദ്ദേഹം കണ്ടുവച്ചിരുന്നു. കുട്ടികളെ കാണാന്‍ സുധാകരനു ഭാഗ്യം ലഭിച്ചില്ലെങ്കിലും നിമ മിത്രയും നിയ മന്‍വിയും  ഷില്‍നയുടെ വാക്കുകളിലൂടെ അച്ഛനെ അറിയുന്നു. അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവും അനുഭവിക്കുന്നു. മരണത്തിനുപോലും തടയാനാവാത്ത സ്നേഹപ്രവാഹത്തിന്റെ ലാളന അറിയുന്നു. 

തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനും കവിയുമായിരുന്ന കെ.വി.സുധാകരന്റെ അപകട മരണത്തിനുശേഷം അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളെ പ്രസവിച്ച് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു ഷില്‍ന. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ മൊട്ടിട്ട ആരാധനയില്‍നിന്നു തുടങ്ങി സുധാകന്റെ ജീവിതപങ്കാളിയാകുകയും ജീവിച്ചും സ്നേഹിച്ചും കൊതി തീരുന്നതിനുമുമ്പേ പ്രിയപ്പെട്ട മാഷ് അകന്നുമറയുകയും ചെയ്ത കാലത്തെക്കുറിച്ച് ഷില്‍ന മനസ്സുതുറക്കുന്നു. സ്നേഹത്തെക്കുറിച്ച്, പരസ്പര കരുതലിനെക്കുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച്, യഥാര്‍ഥ സ്നേഹം മരണത്തെ അതിജീവിക്കുമെന്ന അനശ്വരപാഠത്തെക്കുറിച്ച്. 

എങ്ങനെയായിരുന്നു നിങ്ങളുടെ സ്നേഹത്തിന്റെ തുടക്കം ? 

കണ്ണൂര്‍ ജില്ലയിലെ പേരാവൂരിലാണു ഞാന്‍ ജനിച്ചത്. അച്ഛന്‍ പവിത്രന്‍ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. അമ്മ പുഷ്പവല്ലി വീട്ടമ്മയും. ഷിജനിയും ഷിജിലും സഹോദരങ്ങള്‍. സാഹിത്യ മാസികകളൊക്കെ വീട്ടില്‍ വരുത്തുമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ വരുത്തുന്ന ഒരു മാസികയില്‍ ഒരു കവിത കണ്ടു. ഇന്റര്‍സോണ്‍ മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയ കവിത. ഒരു കോളജ് വിദ്യാര്‍ഥി എഴുതിയത്. ആ വരികള്‍ വല്ലാതെ സ്വാധീനിച്ചു. ഊണിലും ഉറക്കത്തിലുമെല്ലാം ആ വരികള്‍ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നു. മാസികയില്‍ കണ്ട വിലാസത്തില്‍ കവിക്കു ഞാന്‍ ഒരു കത്തയച്ചു. 

shilna-with-husband-01

നാലു വര്‍ഷത്തിനുശേഷം ഒരു വര്‍ത്തമാനപത്രത്തില്‍ കവിയുടെ പേര് ഞാന്‍ വീണ്ടും കണ്ടു. അപ്പോഴേക്കും അദ്ദേഹം പത്രപ്രവര്‍ത്തകനായിരുന്നു. ഞാന്‍ പ്രീ ഡിഗ്രിക്കു പഠിക്കുന്ന വിദ്യാര്‍ഥിനിയും. നാലു വര്‍ഷം മുമ്പു ഞാന്‍ വായിച്ചു ഹൃദിസ്ഥമാക്കിയ കവിത എഴുതിയ അതേ ആളു തന്നെയാണു പത്രപ്രവര്‍ത്തകന്‍ എന്ന് എനിക്കു തോന്നി. അദ്ദേഹത്തിനു ഞാന്‍ വീണ്ടുമൊരു കത്തയച്ചു. ഇത്തവണ കാത്തിരിക്കേണ്ടി വന്നില്ല- അദ്ദേഹത്തിന്റെ മറുപടി വന്നു. കത്തുകളിലൂടെ കൂടുതല്‍ അടുത്തു. സ്നേഹബന്ധം പ്രണയമായി.പരസ്പരം കാണാതെയായിരുന്നു ഞങ്ങളുടെ പ്രണയം. 

പത്രപ്രവര്‍ത്തനം വിട്ട് അദ്ദേഹം തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ അധ്യാപകനായിരുന്നു. എനിക്കു ബാങ്കിലും ജോലി ലഭിച്ചു. അക്ഷരങ്ങളിലൂടെ വിടര്‍ന്നുവികസിച്ച പരിശുദ്ധബന്ധം. 2006-ല്‍ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഞങ്ങള്‍ പാരമ്പര്യ ആചാരപ്രകാരം വിവാഹിതരായി. 

ജീവിതം പങ്കിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെ ? 

കണ്ണൂര്‍ ജില്ലയില്‍തന്നെയുള്ള ചപ്പാരപ്പടവില്‍ തിമിരി എന്ന സ്ഥലത്താണു സുധാകന്റെ വീട്. കര്‍ഷകരായ കുഞ്ഞിരാമന്റെയും ഓമനയുടെയും ഏകമകന്‍. പഠിക്കാന്‍ മിടുക്കനായിരുന്ന സുധാകരനാണ് ആ ഗ്രാമത്തില്‍നിന്ന് ആദ്യം ഗസറ്റഡ് റാങ്കിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ലളിതജീവിതം നയിക്കുന്ന സാധാരക്കാരനായിരുന്നു അദ്ദേഹം. പ്രഫഷണല്‍ ജീവിതത്തിലും കുടുംബജീവിതത്തിലും തികഞ്ഞ മാന്യതയോടെയും അന്തസ്സോടെയും ജീവിച്ച മനുഷ്യന്‍. 

shilna-03

സുധാകരന്റെ സ്വപ്നത്തെ എങ്ങനയാണു യാഥാര്‍ഥ്യത്തിലെത്തിച്ചത് ? 

2008-ലാണ് ഞാന്‍ വന്ധ്യതാ  ചികില്‍സ തുടങ്ങുന്നത്. തനിക്കു രണ്ടു പെണ്‍കുട്ടികള്‍ ജനിക്കുമെന്ന് എപ്പോഴും പറയുമായിരുന്നു അദ്ദേഹം. അതദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. തിമിരിയില്‍ നിന്നു മാറാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ലായിരുന്നെങ്കിലും ചികില്‍സയ്ക്കുവേണ്ടി കണ്ണൂര്‍ നഗരത്തിലേക്കു താമസം മാറ്റി. കേരളത്തില്‍ ലഭ്യമായ ചികില്‍സകളെല്ലാം ചെയ്തു. പക്ഷേ സ്വപ്നം സഫലമായില്ല. ഒരുദിവസം തന്റെ അമ്മയെ അടുത്തിരുത്തി അമ്മയ്ക്ക് ഒരു കൊച്ചുമകളെ ലഭിക്കാനുള്ള സാധ്യത വിദൂരമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ കണ്ണുകളിലൂടെ അപ്പോള്‍ കണ്ണുനീര്‍ ഒഴുകിയിറങ്ങി. അമ്മ യാഥാര്‍ഥ്യം അംഗീകരിച്ചു. ഞാനും. സന്തോഷത്തോടെതന്നെ ഞങ്ങള്‍ ജീവിതം തുടര്‍ന്നു. 

വിവാഹജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം എന്തായിരുന്നു ?

സുധാകന്റെ പത്രപ്രവര്‍ത്തകനായ ഒരു സുഹൃത്താണ് കോഴിക്കോട്ടെ ഒരു ഐവിഎഫ് ചികില്‍സാ കേന്ദ്രത്തെക്കുറിച്ച് അദ്ദേഹത്തോടെ പറയുന്നത്. 2015- ല്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ഞങ്ങള്‍ ചികില്‍സ തുടങ്ങി. കുഞ്ഞുമൊയ്തീന്‍, ശ്രീജ, ഷൈജൂസ് എന്നിവരായിരുന്നു ഡോക്ടര്‍മാര്‍. കൃത്രിമ ഗര്‍ഭധാരണത്തിനുള്ള ഒരുക്കങ്ങള്‍ അവര്‍ തുടങ്ങി. അതായിരിക്കും ഏറ്റവും നല്ല ചികില്‍സാമാര്‍ഗം എന്ന് എനിക്ക് എനിക്കും തോന്നിയിരുന്നു. പക്ഷേ ആദ്യത്തെ രണ്ടു പരിശ്രമങ്ങളും പരാജയപ്പെട്ടു. മൂന്നാമത്തെ തവണ ചികില്‍സയ്ക്കുവേണ്ടി ഒരുങ്ങുന്നതിനിടെയാണ് മാഷിനെ മരണം തട്ടിയെടുക്കുന്നത്. 2017- ഓഗസ്റ്റ് 15 ന്. 

couple-05

മരണത്തിനു തലേന്ന് അദ്ദേഹത്തിന് അധ്യാപകര്‍ക്കുവേണ്ടിയുള്ള ഒരു റിഫ്രഷര്‍ കോഴ്സില്‍ പങ്കെടുക്കേണ്ടിയിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് നേരെ ആശുപത്രിയിലേക്കു വരുമെന്നാണ് എന്നോടു പറഞ്ഞിരുന്നത്. ഞാന്‍ തനിച്ചു കോഴിക്കോട്ടേക്ക് യാത്ര തുടങ്ങി; ട്രെയിനില്‍. 10 മണിക്ക് അദ്ദേഹം വിളിച്ച് പതിവിലും നേരത്തെ എത്തുമെന്ന് അറിയിച്ചു. ‘‘വൈകുന്നേരം തന്നെ ഞാന്‍ കോഴിക്കോട്ട് എത്തും. നീ നേരെ ആശുപത്രിയിലേക്കു പോരൂ’’അതായിരുന്നു അദ്ദേഹത്തില്‍നിന്നു ഞാന്‍ കേട്ട അവസാനവാക്കുകള്‍. കുറച്ചുകഴിഞ്ഞപ്പോള്‍ അച്ഛന്‍ എന്നെ വിളിച്ച് വേഗം വീട്ടിലേക്കു തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു.അദ്ദേഹത്തിന് ഒരു അപകടത്തില്‍ പരുക്കു പറ്റിയെന്നും എന്നെ അറിയിച്ചു. എന്തോ ദുരന്തം സംഭവിക്കുന്നതുപോലെ എനിക്കു തോന്നി. അപ്പോള്‍ തന്നെ എന്റെ മൊബൈല്‍ ഫോണിനും എന്തോ സാങ്കേതിക തകരാര്‍ സംഭവിക്കുകയും സ്ക്രീന്‍ മങ്ങുകയും ചെയ്തു. 

couple-06

വടകര റെയില്‍വേ സ്റ്റേഷനില്‍ അമ്മാവന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയില്‍ വാട്സാപ് തുറന്നപ്പോള്‍ എന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോ ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതു കണ്ടു. മങ്ങിയ വെളിച്ചത്തില്‍ ചിത്രത്തിനു താഴെ എഴുതിയ വാക്കുകള്‍ ഞാന്‍ കണ്ടു- ബ്രണ്ണന്‍ കോളജ് അധ്യാപകന്‍ കെ.വി.സുധാകരന് വാഹനാപകടത്തില്‍ പരുക്ക്. ജീവിതം അവസാനിക്കുന്നതായി എനിക്കു തോന്നി. 

യാഥാര്‍ഥ്യം അഗീകരിക്കാന്‍ വലിയ പരിശ്രമം വേണ്ടിവന്നു. ഒടുവില്‍ ഒന്നു കരയാന്‍പോലുമാകാതെ അദ്ദേഹത്തിന്റെ ജീവനില്ലാത്ത ശരീരത്തിനു സമീപം ഞാന്‍ ഇരുന്നു. 

സുധാകരന്റെ മരണശേഷവും ചികില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനം എങ്ങനെ എടുത്തു ? 

അവസാനമായി ഭര്‍ത്താവിന്റെ നെറ്റിയില്‍ ചുംബിക്കുമ്പോള്‍ ഞാന്‍ ആ തീരുമാനം എടുത്തിരുന്നു. സഹേദരനോടാണ് ഞാന്‍ ആദ്യം ആഗ്രഹത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. മാഷിന്റെ അമ്മയോടും ഞാന്‍ ആഗ്രഹം പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ എന്റെ തീരുമാനം അംഗീകരിച്ചു. നിയമപരമായ ചില തടസ്സങ്ങളും ഉണ്ടായിരുന്നു. ഞങ്ങളുടെ മാതാപിതാക്കളുടെ സമ്മതപത്രവും വേണ്ടിയിരുന്നു ചികില്‍സ പൂര്‍ത്തികരിക്കാന്‍. എല്ലാ തടസ്സങ്ങളും മറികടന്ന് ഞങ്ങള്‍ ചികില്‍സ മുന്നോട്ടുകൊണ്ടുപോയി.  

with-babies-01

ഇനിയുള്ള ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ? 

കവിയും എഴുത്തുകാരനും എന്ന നിലയില്‍ താന്‍ എഴുതിയതെല്ലാം ഒരുമിച്ച് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആ സ്വപ്നം സഫലമാക്കാനുള്ള പ്രയത്നത്തിലാണ് ഇപ്പോള്‍ ഞാനും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും. 

with-babies-011

ഞങ്ങളുടെ രണ്ടു പെണ്‍മക്കള്‍ക്കും അദ്ദേഹത്തിന്റെ തനിഛായയാണ്. അവര്‍ എന്നെയും മാതാപിതാക്കളെയുമൊക്കെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ആ കുട്ടികളാണ് ഇപ്പോള്‍ ഞങ്ങളുടെ എല്ലാ സന്തോഷവും. 

shilna-04

നിങ്ങളുടെ അടുപ്പത്തിന്റെ രഹസ്യമെന്താണ് ? 

അദ്ദേഹം എപ്പോഴും എന്നെ പിന്തുണച്ചു. സഹായിച്ചു. കൂടെനിന്നു. അദ്ദേഹത്തിന്റെ തണലില്‍ നില്‍ക്കാന്‍ ഞാനും ആഗ്രഹിച്ചു. പരസ്പര സ്നേഹവും വിശ്വാസവുമാണ് ഞങ്ങളുടെ അടുപ്പത്തിന്റെ രഹസ്യം.