സിനിമയിലെ രണ്ടാം വരവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു, നടി അഞ്ജു അരവിന്ദ്. ഒപ്പം വിവാദങ്ങൾക്കുള്ള മറുപടിയും.
ആഘോഷത്തിമിർപ്പിലായിരുന്നു കോയമ്പത്തൂരിലെ ആ തിയറ്ററിന്റെ മുറ്റത്ത് കൂടിയിരുന്ന ആരാധകർ. തമിഴ് സിനിമയിൽ നായകനായി ഇളയ ദളപതി വിജയ് വരവറിയിച്ച ചിത്രം. ‘പൂവെ ഉനക്കാകെ’. ചിത്രത്തിന്റെ നൂറാം ദിന ആഘോഷത്തിന് നായിക എത്തുന്നതും കാത്തിരിക്കുന്നു ജനക്കൂട്ടം. ആരവങ്ങളുടെ നടുവിലേക്ക് തലശേരിക്കാരി നായിക എത്തി. ‘അഞ്ജു അരവിന്ദ്’.നടൻ നാഗേഷും സുകുമാരിയമ്മയും ചേർന്ന് പൊന്നാടയണിയിച്ചു. അരികിൽ ചിരിയോടെ നായകൻ വിജയ്.
‘തമിഴ് സംസാരിക്കാൻ അറിയില്ലായിരുന്നതു കൊണ്ട് ഇംഗ്ലീഷിൽ ആണ് അന്ന് നന്ദിപ്രസംഗം നടത്തിയത്. സിനിമയിലെ ‘ആനന്ദം ആനന്ദം പാടും മനം....’ എന്ന പാട്ടു മൂളിയപ്പോൾ ആളുകൾ ഹാപ്പി.’ കൊച്ചിയിലെ ഫ്ളാറ്റിലിരുന്ന് ആ പഴയ ആഘോഷ നിമിഷത്തെക്കുറിച്ച് പറയുമ്പോൾ അഞ്ജുവിന്റെ വാക്കുകളിൽ ഓർമകളുടെ മധുരം നിറയുന്നു. സിനിമകളിലും സീരിയലുമായി പ്രേക്ഷകരുടെ പ്രിയമുഖമായി മാറിയ അഞ്ജു അരവിന്ദ് പെട്ടെന്നാണ് വെള്ളിത്തിരയുടെ തിളക്ക ത്തിൽ നിന്ന് അപ്രത്യക്ഷയായത്. ഇടവേളയ്ക്കു ശേഷം സിനിമയിൽ സജീവമായ അഞ്ജുവിന്റെ വിശേഷങ്ങൾ.
കരിയറിൽ ബ്രേക് വന്നതിൽ നഷ്ടബോധമുണ്ടോ?
ഒരിക്കലുമില്ല. വീട്ടമ്മയായി ഒതുങ്ങി കഴിയേണ്ടി വന്നു എന്ന തോന്നലൊന്നും എനിക്കുണ്ടായിട്ടില്ല. വെറുതെ ഇരിക്കുന്നത് എനിക്ക് ഇഷ്ടമേ അല്ല. എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ ഭരതനാട്യം പാസായി. തലശേരിയിൽ വന്ന് കുറച്ചു നാൾ കുട്ടികളെ നൃത്തം പഠിപ്പിച്ചു. പാചകവും എനിക്കിഷ്ടമുള്ള കാര്യമാണ്. ഒഴിവ് നേരങ്ങളിൽ പാചക പരീക്ഷണങ്ങൾ ചെയ്തു. ഇടവേള കിട്ടിയ സമയം ജീവിതം തിരക്കുകളില്ലാതെ ആസ്വദിച്ചു. ആൻവിക്ക് ഏഴുവയസ്സുള്ളപ്പോഴാണ് ഞാൻ വീണ്ടും അഭിനയത്തിലേക്ക് വന്നത്. ശൃംഗാരവേലനിലൂടെയാണ് സിനിമയിലെ രണ്ടാമൂഴം.
ശൃംഗാരവേലനിൽ വേദികയുടെ അമ്മ കഥാപാത്രം ആയിരുന്നു. അമ്മ കഥാപാത്രമാണെന്നു കരുതി വെറുതെ നല്ല ഓഫർ കളയാൻ ഞാൻ തയാറായിരുന്നില്ല. രണ്ടാം വരവിലും സിനിമയിൽ സജീവമായി നിൽക്കുന്ന വ്യക്തിക്കു കിട്ടേണ്ട സ്നേഹവും പരിഗണനയും എനിക്ക് കിട്ടി. പിന്നീട് അവതാരം, പത്തേമാരി, ജംമ്നാ പ്യാരി അങ്ങനെ കുറേ സിനിമകൾ ചെയ്യാൻ കഴിഞ്ഞു.
ചെറുതെങ്കിലും അഭിനയസാധ്യത ഉള്ള വേഷങ്ങൾ ചെയ്യണമെന്നാണ് മോഹം. കഥാപാത്രം അമ്മയാണോ അമ്മൂമ്മയാണോ എന്നതൊന്നും പ്രശ്നമില്ല. ഇനിയും വെല്ലുവിളികളുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. ഇപ്പോൾ റിലീസായ ‘സ്വർണ്ണക്കടുവ’യാണ് അവസാനം അഭിനയിച്ച സിനിമ. അതിൽ എന്റെ കഥാപാത്രം സിനിമാ നടിയാണ്. കരിയറിൽ ഇതാദ്യമായാണ് ഇത്തരമൊരു കഥാപാത്രം കിട്ടുന്നത്.
വിവാഹത്തോടെ അഭിനയം നിർത്തണമെന്ന് തീരുമാനിച്ചിരുന്നോ?
കുഞ്ഞുണ്ടായിക്കഴിഞ്ഞ് അഭിനയത്തിൽ നിന്നു ഇടവേള എടുക്കണമെന്ന് തീരുമാനിച്ചിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അക്ഷരത്തിൽ അഭിനയിക്കുന്നത്. പിന്നീട് മലയാളത്തിൽ കല്യാണപ്പിറ്റേന്ന്, ദോസ്ത് തുടങ്ങിയ സിനിമകൾ. ഒപ്പം അന്യഭാഷാ സിനിമകളും ചെയ്തു അതിനു ശേഷമാണ് സീരിയലുകൾ ചെയ്തു തുടങ്ങിയത്. മനോരമ ആഴ്ചപ്പതിപ്പിലെ നിറമാല എന്ന നോവൽ സീരിയൽ ആയപ്പോൾ അതിൽ ചക്കര എന്ന കഥാപാത്രം ചെയ്തു. ഇന്നും കാണുമ്പോൾ പലരും ചക്കരയെക്കുറിച്ച് പറയാറുണ്ട്. രണ്ടാം വരവിലും അവർക്ക് ഞാൻ പഴയ ചക്കരയാണ്.
കുടുംബസുഹൃത്ത് കൂടിയായിരുന്നു വിനയ്. വിവാഹത്തിനു ശേഷം ഞങ്ങൾ ബെംഗളൂരുവിലേക്ക് താമസം മാറി. മകൾ ആൻവി പിറന്നതോടെ എന്റെ ലോകം അവൾക്കു ചുറ്റുമായി ഒതുങ്ങി. മകൾക്ക് രണ്ട് വയസ്സായപ്പോൾ വിദേശത്ത് ഒരു ഷോയിലേക്ക് അവസരം വന്നു. വിനയ് അപ്പോൾ പറഞ്ഞു.
‘എന്തുകൊണ്ട് നീ പോകാതിരിക്കണം, ഞാൻ മോളെ നോക്കിക്കോളാം.’ പക്ഷേ, മോളെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് ഞാൻ വേണ്ടെന്ന് വച്ചു. മോൾ ക്കിപ്പോൾ അവളുടെ കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തിയായി. അതുകൊണ്ട് എനിക്ക് ടെൻഷനില്ല. തുടർച്ചയായി അവസരങ്ങൾക്കിട്ടിത്തുടങ്ങിയപ്പോഴാണ് ഞാൻ കൊച്ചിയിലേക്ക് താമസം മാറിയത്. ഭർത്താവും മകളും ബെംഗളൂരുവിൽ തന്നെ. ഇവിടെ ബ്രേക് കിട്ടുമ്പോൾ അങ്ങോട്ടു പോകും. സിനിമയിൽ എനിക്ക് അധികം സുഹൃത്തുക്കളില്ല. ആരുമായും അധികം അടുപ്പമോ ഗ്രൂപ്പോ ഒന്നുമില്ല. ഒരുമിച്ച് വർക്ക് ചെയ്യുമ്പോൾ സ്നേഹത്തോടെ ഇരിക്കും. ജോലി കഴിഞ്ഞാൽ സൗഹൃദം നിലനിൽക്കുന്നത് കുറച്ചു പേരുമായി മാത്രം.
കലാഭവൻ മണിയെ കാണാൻ നടി ചെന്നിരുന്നുവെന്ന വിവാദത്തിൽ അഞ്ജു അരവിന്ദിന്റെ പേര് എങ്ങനെയാണ് വന്നത്?
കലാഭവൻ മണിയെപ്പോലെ ഇത്രയധികം സൗഹൃദങ്ങളുള്ള ഒരാളെ കാണാൻ ചിലപ്പോൾ അവിടെ ആരെങ്കിലും ചെന്നിരിക്കാം, അത് ഞാനല്ല. അദ്ദേഹവുമായി അടുത്തിടെ കുറച്ച് ഷോകളിൽ ഞാനും പങ്കെടുത്തിരുന്നു. എല്ലാവരെയും സഹായിക്കുന്ന മനസ്സാണ് മണിച്ചേട്ടന്റേത്. അദ്ദേഹം എന്നെയും സഹായിച്ചിട്ടുണ്ട്.ഞാൻ സ്വന്തമായി വാങ്ങിയതാണ് കൊച്ചിയിലെ എന്റെ ഫ്ളാറ്റ്. ഒരാളെയും ഒരു തരത്തിലും ആശ്രയിക്കുന്നത് ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. സിനിമകളിൽ അവസരമുണ്ടെങ്കിലും അതിന്റെ ലോൺ അടയ്ക്കാൻ പലപ്പോഴും ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. ഒരിക്കൽ ഓസ്ട്രേലിയയിലെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ മണിച്ചേട്ടനോട് ഞാൻ എന്റെ സങ്കടം പറഞ്ഞു.
പിന്നീട് വന്ന ഷോകളിൽ എനിക്ക് അദ്ദേഹം അവസരവും തന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ അത് എനിക്ക് വലിയ ഉപകാരമായിരുന്നു. മണിച്ചേട്ടൻ അവസാനം ചെയ്ത ഷോയിലും ഞാനുണ്ടായിരുന്നു. എനിക്ക് ഇത് സംബന്ധിച്ച് മറയ്ക്കാനൊന്നുമില്ല. അതുകൊണ്ട് ഇക്കാര്യങ്ങൾ തുറന്നു പറയാൻ ഒരു മടിയുമില്ല.
ഒരുമിച്ച് കുറച്ച് സിനിമകളിൽ അഭിനയിച്ചാൽ ഗോസിപ്പിറങ്ങുന്ന നാടാണ് നമ്മുടേത്. അത്തരത്തിൽ എന്തെങ്കിലും വാർത്തകൾ ഉണ്ടായിരുന്നതായി എനിക്കറിയില്ല. ഒരു കലാകാരി എന്ന നിലയിൽ എന്നോട് ബഹുമാനമുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനപ്പുറം ഒന്നുമില്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അഭിനയം കഴിഞ്ഞാൽ കുടുംബം. അതിനപ്പുറം ഒന്നുമില്ല. ഇത്തരം കഥകൾക്ക് നടുവിൽ ജീവിതം കൈവിട്ടു പോകാതെ കൊണ്ടു പോകാൻ ഒരു നടി എന്ന നിലയിൽ വലിയ ബുദ്ധിമുട്ടാണ്.
ഒപ്പം ജോലി ചെയ്തിരുന്ന ആളെന്ന നിലയിൽ മദ്യപിക്കാതിരിക്കാനും ആരോഗ്യം നോക്കാനും മണിയോടു പറഞ്ഞിട്ടില്ലേ?
എന്റെയും മണിച്ചേട്ടന്റെയും ആദ്യ സിനിമ ‘അക്ഷരം’ തന്നെയായിരുന്നു. അപ്പോഴും പിന്നീടും ഒന്നും വലിയ സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. പിന്നെ, ഒരുമിച്ച് സ്റ്റേജ് ഷോകൾ ചെയ്യുന്ന സമയത്ത് ഞാൻ പറഞ്ഞിട്ടുണ്ട്. അച്ഛൻമാർ കുടിക്കുന്നത് മക്കൾക്ക് വലിയ വിഷമം ആയിരിക്കുമെന്ന്. പ്രത്യേകിച്ച് പെൺമക്കൾക്ക്. പക്ഷേ, അദ്ദേഹത്തിന് എന്തെങ്കിലും അസുഖം ഉള്ളതായി എനിക്കറിയില്ലായിരുന്നു. അങ്ങനെ തുറന്നു പറയാൻ മാത്രമൊന്നും സ്വാതന്ത്ര്യമുള്ള ബന്ധവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.
സിനിമയിലേക്ക് എത്തുന്നത് എങ്ങനെയാണ്?
അമ്മ കാഞ്ചനയ്ക്ക് അഭിനയിക്കാൻ വലിയ ഇഷ്ടമായിരുന്നു. കോളജിലെ കലോൽസവങ്ങളിൽ പങ്കെടുത്തിരുന്ന വിശേഷങ്ങൾ പറയുമ്പോൾ പോലും അമ്മയ്ക്ക് എന്തൊരു സന്തോഷ മായിരുന്നെന്നോ? അന്നൊക്കെ പലരും അമ്മയുടെ അഭിനയത്തെക്കുറിച്ചൊക്കെ നല്ലതു പറഞ്ഞെങ്കിലും കുടുംബത്തിൽ നിന്ന് വേണ്ട പിന്തുണ ഇല്ലായിരുന്നു. അങ്ങനെ അമ്മയുടെ സിനിമാ അഭിനയ മോഹം നടന്നില്ല. അമ്മയുടെ സ്വപ്നങ്ങളുടെ വഴിയേ ആണ് ഞാൻ കലാരംഗത്ത് എത്തുന്നത്. മറ്റുള്ളവർ മിടുക്കി എന്ന് പറഞ്ഞ് കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു. നൃത്തത്തോടുള്ള ഇഷ്ടത്തിന്റെ തീവ്രത അന്നും ഇന്നും ഒരു പോലെ നിൽക്കുന്നു.
ഹൈസ്കൂളിൽ പഠിക്കുന്ന സമയത്താണ് കലാതിലകമായത്. വാർത്തയും ചിത്രവും പ്രമുഖ പത്രങ്ങളിലെല്ലാം വന്നു. അന്ന് ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. നൃത്തത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ അത് പ്രചോദനമായി. നൃത്തത്തിലൂടെയാണ് സിനിമയിലെ ശ്രദ്ധേയമായ അവസരം ലഭിക്കുന്നത്. ‘അക്ഷര’ ത്തിലെ ഉഷയായി സുരേഷ്ഗോപിക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയത് എനിക്ക് നൃത്തം അറിയാവുന്നതുകൊണ്ടാണ്. നായകന്റെ നർത്തകിയായ പാവം സഹോദരി കഥാപാത്രമായിരുന്നു എന്റേത്. സിബി മലയിൽ സർ തന്നെയാണ് എന്റെ ഗുരു. അദ്ദേഹം ‘അക്ഷര’ത്തിലെ കഥാപാത്രത്തിനായി എന്നെ വിളിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, ഞാൻ തീരെ ശ്രദ്ധിക്കപ്പെടാതെ പോയേനെ.
മുമ്പ് സുധീഷിന്റെ നായികയായി ‘ആകാശത്തേക്കൊരു കിളി വാതിൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും അത് റിലീസ് ചെയ്യാൻ താമസിച്ചു. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി കുറേ സിനിമകൾ ചെയ്യാൻ കഴിഞ്ഞു.
സ്ത്രീകൾക്ക് നമ്മുടെ സമൂഹത്തിൽ വേണ്ടത്ര സ്വാതന്ത്ര്യമില്ലെന്ന് തോന്നിയിട്ടുണ്ടോ?
അങ്ങനെ സ്വാതന്ത്ര്യമില്ലാത്തതായി ഇതുവരെ തോന്നിയിട്ടില്ല. നമ്മുടെ ധൈര്യം സ്വാതന്ത്ര്യത്തിന്റെ അതിരുകൾ തീരുമാനിക്കുന്നതിൽ പ്രധാനമാണ്. എനിക്കിഷ്ടമാണ് ലോങ് ഡ്രൈവുകൾ. തലശേരിയിലെ എന്റെ വീട്ടിൽ നിന്ന് രാത്രി മകളെയും കൂട്ടി ഡ്രൈവ് ചെയ്ത് ബെംഗളൂരുവിലേക്ക് പോകാറുണ്ട്. ഞങ്ങൾ രണ്ടു പേരും അത് ആസ്വദിക്കാറുണ്ട്.
എനിക്ക് ഇഷ്ടമാണ് എല്ലാം മറന്ന് നൃത്തം ചെയ്യാൻ, ഇന്‍റർനെറ്റിൽ കാണുന്ന പുതിയ ഡിഷുകൾ പരീക്ഷിക്കാൻ. അങ്ങനെ എന്റെ ഇഷ്ടങ്ങളോട് എനിക്കിതുവരെ നോ പറയേണ്ടി വന്നിട്ടില്ല. ഇന്നിന്റെ സന്തോഷങ്ങളിൽ ജീവിക്കുക. നമ്മുടെ സ്വാതന്ത്ര്യങ്ങൾ മറ്റുള്ളവരെ വിഷമിപ്പിക്കരുത് എന്ന് മാത്രം.
ഭർത്താവ് ഇത്രയും സ്വാതന്ത്ര്യം തന്നതു കൊണ്ടാണ് എനിക്ക് കരിയർ തുടരാൻ കഴിയുന്നത്. ബോറടിച്ചും ഇഷ്ടമില്ലാതെയും ഒന്നും ചെയ്യാനില്ല, ചെയ്യാനിഷ്ടവുമല്ല. പണ്ട് ഞാനൊരു പച്ച പാവം കുട്ടിയായിരുന്നു, ഇത്രയും ബോൾഡ് ആയിരുന്നില്ല ഞാൻ. ജീവിതത്തിലെ അനുഭവങ്ങൾ ആണ് എന്നെ ബോൾഡ് ആക്കിയത്. ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ കൂടിയപ്പോഴാണ് ഞാൻ ആ പഴയ പാവത്തിൽ നിന്ന് മാറിയത്. മറ്റുള്ളവരുടെ ഉത്തരവാദിത്തമില്ലായ്മ എന്നെ അസ്വസ്ഥയാക്കും. അപ്പോൾ ഞാൻ പെട്ടെന്ന് ദേഷ്യപ്പെടും. എങ്കിലും എന്റെ വഴക്കുകൾക്ക് അധികം ആയുസ്സുണ്ടാകാറില്ല. ആരോടും ദേഷ്യത്തോടെ ഇരിക്കാൻ എനിക്കിഷ്ടമല്ല.
തമിഴ് സിനിമാ രംഗത്ത് ഇപ്പോഴും സൗഹൃദമുണ്ടോ?
അങ്ങനെ വലിയ സൗഹൃദമൊന്നുമില്ല. ‘പൂവൈ ഉനക്കാകെ’ തമിഴിൽ വിജയിനു ഹിറ്റ് നേടിക്കൊടുത്ത സിനിമയാണ്. ഞങ്ങളുടെ ജോഡി ഹിറ്റായപ്പോൾ പിന്നീട് ഒരു സിനിമ കൂടി ചെയ്യാൻ അദ്ദേഹത്തിന്റെ അച്ഛൻ ആവശ്യപ്പെട്ടു. അങ്ങനെ രണ്ടാമത്തെ ചിത്രവും ഒന്നിച്ചു ചെയ്തു. എങ്കിലും ആദ്യ ചിത്രത്തിലെ നന്ദിനിയെത്തന്നെയാണ് ആളുകൾ കൂടുതൽ സ്വീകരിച്ചത്. അടുത്തിടെ വിജയിന്റെ ഒരു അഭിമുഖം ടിവിയിൽ കണ്ടു. അപ്രതീക്ഷിതമായി എന്റെ പേര് വിജയ് പറഞ്ഞു. അതെന്നെ വല്ലാതെ അതിശയിപ്പിച്ചു. ‘അവർ എങ്കെയോ കല്യാണം പണ്ണിയിട്ട് സെറ്റിലായിട്ടാങ്കെ’ എന്നാണ് വിജയ് പറഞ്ഞത്. ഞാനെവിടെ എന്നോ ഇപ്പോൾ എന്തു ചെയ്യുന്നു എന്നോ ഒന്നും അദ്ദേഹത്തിനറിയില്ല. ‘അരുണാചലം’ സിനിമയിൽ പിന്നീട് രജനീകാന്തിന്റെ അനിയത്തിയായി അഭിനയിച്ചപ്പോൾ തലൈവർ തങ്കച്ചി എന്ന് വിളിച്ച് പൂമാലകളുമായി ആരാധകർ എന്നെ വരവേറ്റിരുന്നു. എവിടെ വെച്ചു കണ്ടാലും ഇന്നും തമിഴ്നാട്ടിലെ ആളുകൾ വന്ന് സ്നേഹമറിയിക്കാറുണ്ട്.