Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിജിയുടെ സ്വന്തം പപ്പു

 സന്തോഷ് ജോഗിയോടൊത്ത് ജിജി ( ഫയൽച്ചിത്രം) സന്തോഷ് ജോഗിയോടൊത്ത് ജിജി ( ഫയൽച്ചിത്രം)

"ഒരൊറ്റ മഴനൂലിനെ ,
അങ്ങാകാശത്തുനിന്നും ഭൂമിയിലേക്ക്‌ പിന്തുടരാന്‍
എത്ര ശ്രമിച്ചിട്ടും ആവുന്നില്ല ...
തുടര്‍ച്ച നഷ്ടപ്പെട്ട നിഴല്‍ച്ചിത്രം പോലെ
അതെന്നെ ഭ്രമിപ്പിച്ച്‌ കടന്നുകളയുന്നു ...!!!"
ജിജിയുടെ തന്നെ വരികളിലുണ്ട്, ആ ജീവിതത്തിന്റെ താളങ്ങൾ... ഒരു സിനിമ പോലെ അത് കാഴ്ചക്കാരെ വിഭ്രമിപ്പിക്കുകയും പ്രണയത്തിലാഴ്ത്തുകയും ചെയ്യും.
സന്തോഷം നമ്മുടെ സൃഷ്ടിയാണ് (Happiness is our creation)... എന്ന വാചകങ്ങളിൽ അപാരമായ ഊർജ്ജത്തിന്റെ സാധ്യതകളെ ജീവിതത്തിൽ ആവാഹിച്ച ഒരു ഒറ്റമരം. തണൽ അന്വേഷിക്കുമ്പോഴും സ്വയം തണൽ ആയി മാറുന്ന പ്രതിഭാസം, അതാണ് ജിജി ജോജി എന്ന സ്ത്രീ. ഭ്രമിപ്പിച്ച് കടന്നു പോകുന്ന നക്ഷത്രത്തെ നോക്കി നിലവിളിയോടെയല്ല പ്രതീക്ഷയോടെ ജീവിതത്തെ പ്രണയാതുരതയോടെ നോക്കിക്കാണുന്ന എഴുത്തുകാരി...

ഗായിക, എഴുത്തുകാരി, അഭിനേതാവ്, എന്നീ അടയാളപ്പെടുത്തലുകളിലൊന്നും ജിജി ഒതുങ്ങുന്നതേയില്ല. ഗായകനും നടനുമായിരുന്ന സന്തോഷ് ജോഗിയുടെ ഭാര്യ, ചിത്രലേഖയുടെയും കപിലയുടെയും അമ്മമരം, പ്രണയത്തിന്റെ ചുഴികളെ എപ്പോഴും കാത്തുവയ്ക്കുന്ന കടൽ... ജിജി ജോഗിയെ കുറിച്ചുള്ള വാക്കുകൾ അവസാനിക്കുന്നതേയില്ല... സന്തോഷ് ജോഗി എന്ന നടൻ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ജീവിതങ്ങളിലേയ്ക്ക് വന്നടുത്തപ്പോഴും യാതൊരു കാരണങ്ങളുമില്ലാതെ പെട്ടെന്നൊരു നാൾ അദ്ദേഹം മരണത്തിൻെറ കൈകളിൽ തൂങ്ങി യാത്ര പോയിട്ടും നമ്മൾ സന്തോഷിന്റെ ഭാര്യ ജിജിയെ കുറിച്ച് അത്രയധികമൊന്നും ചിന്തിച്ചതേയില്ല, എന്നാൽ ജിജി ഇപ്പോഴും അവിടെയുണ്ട്, അന്നത്തെ പോലെ, നഷ്ടങ്ങളെ ശ്വസിച്ച്, പ്രതീക്ഷകളിൽ ജീവിച്ച്, ചിരിച്ചു കൊണ്ട് നടന്ന്... ജിജി സംസാരിക്കുന്നു... പ്രണയത്തെ കുറിച്ച്, പുസ്തകത്തെ കുറിച്ച്, പ്രിയപ്പെട്ട പപ്പുവിനെ കുറിച്ച്...

ഭ്രാന്തില്ലായ്മകളുടെ സങ്കടങ്ങൾ

കത്തായി എഴുതി തുടങ്ങിയതായിരുന്നില്ല. ഫെയ്‌സ്ബുക്ക് കുറിപ്പുകളിൽ തുടങ്ങിയ എഴുത്തുകളാണ് പിന്നീട് കത്തിന്റെ രൂപത്തിലും ഇപ്പോൾ പുസ്തകത്തിന്റെ രൂപത്തിലും എത്തുന്നത്. എന്തെങ്കിലും കാരണങ്ങളുടെ പുറത്തല്ല അത് എഴുതി തുടങ്ങിയത്, പപ്പു(സന്തോഷ് ജോഗിയെ ജിജി വിളിക്കുന്നത് അങ്ങനെയാണ്) ഉണ്ടായിരുന്ന സമയവും ഇപ്പോഴുള്ള ഈ സമയത്തിന്റെ ദൂരവും തമ്മിൽ വലിയ വ്യത്യാസമുണ്ട്, നേരിടുന്ന അനുഭവങ്ങൾ, അതിനെ അഭിമുഖീകരിക്കുന്ന രീതി എല്ലാം വ്യത്യാസമാണ്. എങ്കിലും ഓരോ അനുഭവങ്ങളെയും അതിജീവിക്കുമ്പോൾ ഇതെങ്ങനെ ഞാൻ നേരിട്ടു എന്ന് ഓർമ്മിക്കാറുണ്ട്. ആ അവസ്ഥ തന്നെയാണ് എഴുതുന്നതും. എന്നോട് ചേർന്നിരുന്നു തന്നെ അദ്ദേഹം അത് വായിക്കുന്നു എന്നെനിക്ക് തിരിച്ചറിയാനാകും. എഴുതുമ്പോൾ പിറകിലൂടെ നിശ്വാസങ്ങളുടെ തുടിപ്പുകൾ , വായിക്കുമ്പോഴുള്ള ഹൃദയമിടിപ്പുകൾ. അങ്ങനെയൊരാൾ വായിക്കാൻ ഇല്ലെങ്കിൽ ഇത്രയുമൊന്നും എഴുതാൻ കഴിയുമായിരുന്നുമില്ല. ചില ഇടവേളകൾ എടുത്ത് വർക്കിന്‌ പോകുന്ന പപ്പുവിന്റെ സ്വഭാവത്തെ ഞാനെന്നോ സ്നേഹിച്ചതാണ്, അത് തന്നെ ഇപ്പോഴും. അപ്പോൾ ദൂരെ ഇരിക്കുന്ന ഒരാൾക്ക് ചെറിയ കാര്യങ്ങൾ പോലും അറിയിക്കുന്ന അനുഭവം ആദ്യം അമ്പരപ്പായിരുന്നു, പിന്നീടത് ജീവിതത്തിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ അത്രയും ഭ്രാന്തമായ ചിന്തകൾ എനിക്കില്ല, ഞാൻ വളരെ കൂളായി ചിന്തിക്കുന്ന ഒരാളാണ്, എനിക്ക് പ്രണയമെന്നാൽ അതിജീവനത്തിനുള്ള ഊർജ്ജം തരുന്ന ഒന്നാണ്.

ജിജി ജോഗിയുടെ പുസ്തകം

മൂന്നു പുസ്തകങ്ങൾ...
പപ്പുവിനായി എഴുതിയ കവിതകൾ ചേർന്നുള്ളതാണ്, ആദ്യത്തെ പുസ്തകം, "നിനക്കുള്ള കത്തുകൾ" അത് ഗ്രീൻ പേപ്പർ പബ്ലിക്കയാണ് പബ്ലിഷ് ചെയ്തത്. അതിന്റെ പ്രകാശനം സാഹിത്യ അക്കാദമിയിൽ വച്ച് ഇക്കഴിഞ്ഞ ദിവസം നടന്നു. ഞങ്ങൾ ഒരുപാട് പ്രണയിച്ച് നടന്ന ഇടമാണത്, അക്കാദമി , അതുകൊണ്ടു അവിടെ വച്ച് തന്നെ നടന്ന പ്രകാശനം ഇതിനു മുൻപ് തന്നെ മുൻകൂട്ടി പറഞ്ഞത് പോലെ അനുഭവപ്പെടും. നിനക്കുള്ള കത്തുകൾ നിറയെ കത്തുകളാണ്, ജോഗിയ്ക്കായി എഴുതിയ കത്തുകൾ. ഏറ്റവും നിസ്സാരമായ അനുഭവങ്ങളിലൂടെ വരെ അദ്ദേഹം വായനയിൽ കടന്നു പോകണമെന്നുണ്ടായിരുന്നു. വളരെ ലളിതമായ, എനിക്കറിയുന്ന ഭാഷയിൽ തന്നെ അത് പകർത്തി. ആദ്യം ഫെയ്‌സ്ബുക്കിൽ ഇട്ട കുറിപ്പുകൾ സുഹൃത്തുക്കളുടെ പ്രേരണ കൊണ്ടാണ് പുസ്തകമാക്കിയത്. എങ്കിലും എനിക്കുറപ്പില്ലായിരുന്നു അത് പുസ്തകമാക്കാൻ കഴിയുമെന്ന്. അതുകൊണ്ടു പലകാലങ്ങളിൽ ഇരുന്നാണ്, ആ പുസ്തകം തീർത്തത്. ഇടവേളകൾ ഉണ്ടായിരുന്നു. നിരന്തരം ഇരുന്ന് പുസ്തകത്തിനായി എഴുതിയതല്ല. പ്രിയപ്പെട്ട പപ്പു ഒപ്പമിരുന്നു വായിക്കുന്നു എന്ന് തോന്നിയ, പ്രണയം പൂത്തുലഞ്ഞ നിമിഷങ്ങളിൽ മാത്രമേ അത് എഴുതിയിട്ടുള്ളൂ.

രണ്ടാമത്തെ പുസ്തകം പ്രണയസൂക്തങ്ങൾ 101 കവിതകളുടെ സമാഹാരമാണ്.. പപ്പു ഇല്ലാതായ സമയങ്ങളിൽ എഴുതിയ കവിതകളാണ് അവയും, അത് പുറത്തിറക്കുന്നഥഅ ഹൊറൈസൺ പബ്ലിക്കേഷൻസാണ്. ഗ്രാമവഴികള്‍ എന്ന പുസ്തകം എന്റെ മക്കൾക്കായി ഉള്ളതാണ്. ഞാൻ കണ്ട നാട്ടുവഴികൾ, ഗൃഹാതുരതകൾ, അതിന്റെ അനുഭവങ്ങൾ, എല്ലാം അതിലുണ്ട്. ഞാൻ അനുഭവിച്ച ഗ്രാമത്തിന്റെ ഭംഗികൾ എന്റെ മക്കൾക്ക് അനുഭവിക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടില്ല, അതുകൊണ്ടു അവരുടെ കാഴ്ചകൾക്ക് വേണ്ടിയാണ് ഈ പുസ്തകം..

സന്തോഷ് ജോഗി അഥവാ പ്രിയപ്പെട്ട പപ്പു...

ജിജി ജോഗി ജിജി ജോഗി

അദ്ദേഹം ഒരു അഭിനേതാവ് എന്നതിനേക്കാളധികം ഒരു ഗായകനായിരുന്നു. ഏറ്റവും ആഗ്രഹവും പാട്ടുകാരൻ എന്ന ലേബലായിരുന്നു. സിനിമയിലേയ്ക്ക് യാദൃശ്ചികമായി എത്തിച്ചേരുകയായിരുന്നു. അതിലേയ്ക്ക് ചെന്നെത്തിയപ്പോൾ പിന്നെ അതിന്റേതായ വഴികളിൽ കൂടി തന്നെയായി സഞ്ചാരവും. ഒന്നുകിൽ ഉന്മാദിയായ ഒരു കലാകാരൻ, അല്ലെങ്കിൽ വിഷാദിയായ ഒരു മനുഷ്യൻ. സാധാരണമായ ഒരു മനസ്സുമായി അദ്ദേഹം ജീവിച്ചിട്ടേയില്ല. ആ രണ്ടറ്റങ്ങളിൽ കൂടിയല്ലാതെ അദ്ദേഹത്തിന് ജീവിതം അസാധ്യമായിരുന്നു. വേണമെങ്കിൽ അതിനെ അസുഖമാക്കി ചിത്രീകരിച്ച് ആശുപത്രികളിൽ കൊണ്ടുപോയി മരുന്നുകൾ നൽകി മയക്കാമായിരുന്നു, പക്ഷെ എങ്ങനെ അതിനു കഴിയും? എന്തിനെയും എക്സ്ട്രീം ആയി നേരിടാൻ മാത്രം അറിയുന്ന ഒരാളെ ഇതൊന്നുമില്ലാത്ത മയങ്ങി കിടക്കുന്ന ഒരാളായി കാണാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. അതെ എക്സ്ട്രീമിൽ തന്നെയായിരുന്നു പപ്പുവിന്റെ പ്രണയവും... ആ വൈകാരികതയിൽ നനഞ്ഞു കുളിർന്നു നിൽക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നമുക്കൊന്നും കഴിയില്ല അത്രമാത്രം പൊട്ടിച്ചിതറി, ഉന്മാദത്തിൽ ജീവിയ്ക്കാൻ... പക്ഷെ അദ്ദേഹത്തിന്റെ ആ അനുഭവങ്ങൾക്ക് ഞാൻ വില നൽകുന്നുണ്ട്... ഒരു ചില്ലുകൂട്ടിലെന്ന പോലെ ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നുണ്ട് ആ ഓർമ്മകളൊക്കെയും .

പ്രണയം പൂത്തുലഞ്ഞ നാളുകൾ...

17 വയസ്സുള്ളപ്പോഴാണ് പപ്പുവിനെ ആദ്യമായി പരിചയപ്പെടുന്നത്. ഗാനമേളയ്ക്ക് സ്ഥിരമായി പോകുമായിരുന്നു (ഇപ്പോഴും ഗായികയാണ് ജിജി) , അന്നൊരിക്കൽ ആര്യങ്കാവിൽ വച്ച് നടന്ന ഗാനമേളയ്ക്ക് പാടേണ്ടയാൾ വന്നില്ല, പകരം വന്നത് ജോഗിയായിരുന്നു. നല്ല പാട്ടുകാരൻ. അന്ന് ആ ട്രൂപ്പിന്റെ വാഹനത്തിൽ രണ്ടിടത്തായി ഇരുന്ന് ഞങ്ങൾ വായനയിലായിരുന്നു, രണ്ടു പേര് ഒരേ പുസ്തകം, ഖലീല്‍ ജിബ്രാന്റെ ‘ദൈവം പ്രണയം സംഗീതം’. പിന്നീട് പരിചയപ്പെട്ടപ്പോഴാണ്, ആ യാദൃശ്ചികത തിരിച്ചറിയുന്നത്. അതൊരു തുടക്കമായിരുന്നു. അന്ന് അദ്ദേഹം ഒരു ആത്മഹത്യാശ്രമം കഴിഞ്ഞ് പരാജയപ്പെട്ടു നിൽക്കുന്ന സമയമാണ്. അകലാനല്ല, കൂടി ചേർന്ന് താങ്ങായി നിൽക്കാനാണ് തോന്നിയത്. അദ്ദേഹത്തിലെ കലാകാരന്റെ ഉയർച്ചയാണ് സ്വപ്നം കണ്ടത്. പിന്നീട് അഞ്ചാറു മാസങ്ങൾക്കുള്ളിൽ തന്നെ ജോഗിയുടെ പ്രിയപ്പെട്ട മൂകാംബിക ക്ഷേത്രത്തിൽ പോയി പരസ്പരം മാലയിട്ടു. പിന്നെയും വർഷങ്ങൾ കഴിഞ്ഞ് എന്റെ പിജി പഠനം കഴിഞ്ഞാണ് ഞങ്ങൾ ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചത്. അതുവരെ രണ്ടു പേരും രണ്ടു വീടുകളിലായിരുന്നു. വീട്ടിൽ നിന്ന് വലിയ പ്രശ്നമൊന്നും രണ്ടുപേർക്കും ഉണ്ടായില്ല. വിവാഹം പിന്നീട് ലീഗൽ ആയി നടന്നൊന്നുമില്ല, ഒന്നിച്ച് ജീവിച്ചു, വിശ്വാസത്തിന്റെ ബാക്കിയെന്ന പോലെ അദ്ദേഹം കൂടെയുണ്ടായിരുന്നു എപ്പോഴും.

ചിത്രലേഖയും കപിലയും...

രണ്ടു പെൺകുട്ടികളാണ്, ചിത്രലേഖയും കപിലയും. മൂത്തയാൾ അഞ്ചാം ക്ലാസ്സിലും രണ്ടാമത്തെയാൾ മൂന്നിലും. അവർക്കിപ്പോഴും അച്ഛൻ നഷ്ടപ്പെട്ടു എന്നൊന്നും വലിയ ധാരണയില്ല. സിനിമയിൽ ജോഗി അഭിനയിച്ചു എന്നുള്ളതിന്റെ ഏറ്റവും വലിയ ഗുണം ഇപ്പോഴും അദ്ദേഹത്തെ ലൈവ് ആക്കി ഞങ്ങളുടെ മുന്നിൽ നിർത്തുന്നു എന്നത് തന്നെയാണ്. കുട്ടികൾക്ക് അച്ഛനെ കാണണമെന്ന് തോന്നുമ്പോൾ സിനിമ കാണാം, അദ്ദേഹം നടക്കുന്നതും സംസാരിക്കുന്നതും ഒക്കെ കാണാം.. അപ്പോഴും ജോലിക്ക് പോയിരിക്കുകയാണ് എന്ന തോന്നലിലാണ്, ഇപ്പോഴും...

ജോഗിയുടെ വീട്ടിൽ അച്ഛനും അമ്മയും അനിയനുമുണ്ട്. എന്റെ വീട്ടിൽ അമ്മയ്ക്കും അച്ഛനും ഞാൻ ഒറ്റ മോളാണ്, അവരുടെ ഒപ്പം മറ്റാരും ഇല്ലാത്തതുകൊണ്ട് ഞാൻ അവരുടെ ഒപ്പമാണ്. പക്ഷെ എല്ലാ അവധി ദിവസങ്ങളിലും ഞാനും കുട്ടികളും അദ്ദേഹത്തിന്റെ വീട്ടിലെത്തും.

ജിജി ജോഗി കുഞ്ഞുങ്ങൾക്കൊപ്പം ജിജി ജോഗി കുഞ്ഞുങ്ങൾക്കൊപ്പം

പാട്ടിപ്പോഴും കൂടെത്തന്നെയുണ്ട്, കൂടാതെ കെ.പി പത്രോസ് കണ്ടംകുളത്തി വൈദ്യശാലയിലെ റിസര്‍ച്ച് ഹെഡായി ജോലിയും ചെയ്യുന്നുണ്ട്.

സിനിമയിലേക്കുള്ള വഴിയിൽ...
എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് അടുത്ത സുഹൃത്താണ്. അങ്ങനെയാണ് അദ്ദേഹത്തിന്റെ പുതിയ സിനിമയായ പദ്മിനിയിൽ അഭിനയിയ്ക്കാൻ ക്ഷണം കിട്ടുന്നത്. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും പറയാൻ തൽക്കാലം നിർവ്വാഹമില്ല. കോളേജിൽ വച്ച് തന്നെ നാടകങ്ങളിൽ സ്ഥിരം അഭിനയിക്കാറുണ്ടായിരുന്നു. പിന്നീട് ഈ രണ്ടു വർഷത്തിനിടെ രണ്ടു ഷോട്ട് ഫിലിമുകളിൽ അഭിനയിച്ചു. രണ്ടും നല്ല അഭിപ്രായം നേടുകയും ചെയ്തിരുന്നു. വ്യത്യസ്തമായ അനുഭവങ്ങളിൽ കൂടിയുള്ള യാത്രകൾ എനിക്ക് ഇഷ്ടമാണ്, അതുകൊണ്ടു തന്നെയാണ് അഭിനയത്തിലേക്കും ചെന്നു നോക്കിയത്.

മുന്നോട്ടു നയിക്കുന്ന ജീവിതത്തിനോട് ...

Happiness is our creation ... എന്ന് തന്നെയാണ് ഈ ജീവിതത്തിൽ നിന്ന് ഞാൻ കണ്ടെത്തുന്നത്. പലപ്പോഴും തോന്നും, അടിപതറിപ്പോകും, സങ്കടങ്ങൾ വന്നു മൂടും എന്നൊക്കെ, പക്ഷെ ആ സന്ദർഭങ്ങളിലൊക്കെ വളരെ ബോൾഡ് ആയി നിൽക്കാനും മുന്നേറാനും കഴിഞ്ഞിട്ടുണ്ട്. ഞാൻ എപ്പോഴും പ്രണയിച്ച് കൊണ്ടിരിക്കുന്ന ഒരാളാണ്, ആ പ്രണയം തന്നെയാണ് മുന്നോട്ടു നടത്തുന്നതും എന്നെ ജീവിപ്പിക്കുന്നതും . പപ്പു ഇപ്പോഴും എന്നും എന്റെ കൂടെയുണ്ട്, ആ ചിന്ത തരുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല. എന്തൊക്കെ പ്രശ്നങ്ങളെയും പോസിറ്റീവ് ആയി കണ്ടു അതിജീവിയ്ക്കാൻ ആ പ്രണയം എന്നെ സഹായിച്ചിട്ടുമുണ്ട്. അതിസുന്ദരമായ നിമിഷങ്ങളിലാണ് ജീവിതം മുന്നോട്ടു പോകുന്നത്, പറയാനും കേൾക്കാനും ഒരാൾ ഉണ്ടാവുക, ആ ആൾക്ക് വേണ്ടി എഴുതുക, വ്യത്യസ്തവുമായ വഴികളിൽ കൂടി സഞ്ചരിയ്ക്കാൻ പ്രാപ്തയാക്കുക... അതേ ഞാനിപ്പോഴും പ്രണയത്തിലാണ്, പപ്പുവിന്റെ അമ്മുവായി എന്നും ആ പ്രണയമഴയിൽ നനഞ്ഞു കുതിർന്നു ജീവിയ്ക്കാനാണ് എനിക്കിഷ്ടം...

നിനക്കുള്ള കത്തുകള്‍ (36)

എന്റെ പപ്പൂ ….
ഞാനീയെഴുതുന്നത് വല്ലതും നീയറിയുന്നുണ്ടോ…! എത്ര കത്തുകള്‍ എഴുതി …എത്രയെണ്ണം കീറിക്കളഞ്ഞു… (എനിക്കു തന്നെ നിശ്ചയമില്ലാ ട്ടോ…) സത്യം പറഞ്ഞാല്‍, എന്റെ ഓരോ അക്ഷരങ്ങളിലും നിന്റെ ശ്വാസം പതിയുന്നുണ്ടെന്ന് എനിക്കറിയാം …എന്റെ പിറകിലൂടെ, ഞാനറിയാതെ വന്നു നിന്ന്, ഈ എഴുത്തുകളെല്ലാം വായിക്കുന്നതൊക്കെ ഞാനറിയുന്നുണ്ട്… നിന്റെ ചൂട്, ഗന്ധം, എന്റെ ചെവിത്തുമ്പിനെ ഉരുമ്മിക്കൊണ്ട് പോകുന്ന നിന്റെ ശ്വാസം, ഞാനൊന്ന് തിരിഞ്ഞാല്‍ എന്റെ ചുണ്ടുകളെ സ്പര്‍ശിച്ചേക്കാവുന്ന നിന്റെ ചുണ്ടുകളുടെ കമ്പനം… എല്ലാം ഞാനറിയുന്നുണ്ട്… എത്രത്തോളം അദൃശ്യനാണോ, അത്രത്തോളം നീയെന്നില്‍ സാമീപ്യവുമാണ്… അതിനാല്‍ തന്നെ ആഗ്രഹിക്കുമ്പോഴൊക്കെ നിന്റെ കൈ പിടിച്ചു നടക്കാന്‍, നിന്റെ നെഞ്ചില്‍ ചാരാന്‍, നിന്നെ ചുംബിക്കാന്‍, നിന്നോടൊപ്പം മഴ നനയാന്‍- എല്ലാം എനിക്കാവുന്നു…

നന്നായൊന്നു കണ്ണടച്ചു ധ്യാനിച്ചാല്‍, നിന്റെ വിരല്‍തുമ്പു മുതല്‍ കണ്മുന്നില്‍ തെളിയുന്നു… ഏറെ ഭംഗിയുള്ള ചിരി, സ്വപ്നവും ഭ്രാന്തും കലപില കൂട്ടുന്ന കണ്ണുകള്‍, എപ്പോഴും എന്നെ പ്രലോഭിപ്പിക്കുന്ന ചുണ്ടുകള്‍, ഇളനീരിന്റെ ഗന്ധമുള്ള കഴുത്ത്, കുസൃതി നിറഞ്ഞ കൈകള്‍, ഇടുപ്പിലെ മാംസളമായ മടക്കുകള്‍, ഗസലീണം തുളുമ്പുന്ന ഹൃദയമിടിപ്പ് …. എല്ലാം….

ഇടയ്ക്ക്, ഒരു കുഞ്ഞിനെപ്പോലെ മടിയില്‍ തലവച്ചു കിടന്നിട്ടു നീ പറയും… “അമ്മൂ… എണ്ണ തേപ്പിച്ചു തര്വോ…” ആ എണ്ണ തേപ്പിക്കല്‍ പിന്നെ ഒരൊന്നൊന്നര മണിക്കൂര്‍ നീളും… തലയോട്ടിയിലെ ഓരോ ഇഞ്ചിലൂടെയും വിരലോടിക്കുന്നത് നിനക്കെന്തിഷ്ടമായിരുന്നു… ‘മതി’ എന്ന് ഓരോ തവണ ഞാന്‍ പറയുമ്പോഴേക്കും “കുറച്ചു നേരം കൂടി” എന്ന് നീ ചിണുങ്ങും… ചിലപ്പോഴാകട്ടെ, ഗംഭീര വ്യായാമ മുറകളാണ് … യോഗയും പുഷ് അപ്പും എല്ലാമായിരിക്കും പ്രധാന ഇനങ്ങള്‍ …ചിലപ്പോള്‍ ഞാനും അമ്മുക്കുട്ടീം കാവലിരിക്കും… അമ്മു കരയുമ്പോള്‍ അവളെ പുറത്തിരുത്തി പുഷ്അപ് ചെയ്യും… അപ്പോള്‍ അവള്‍ കിലുകിലുന്നനെ ചിരിക്കാന്‍ തുടങ്ങും… അങ്ങനെയൊരുദിവസമാണ് എനിക്ക് കുശുമ്പ് തോന്നിയത്… ‘ഞാനും അവളെപ്പോലെ ഇവിടെ കാവലിരിക്ക്യന്ന്യാ …ഇതുവരെ എന്നെയൊന്നു പുറത്തിരുത്തീട്ടുണ്ടോ’ എന്നും ചോദിച്ചു ഞാന്‍ വഴക്കിടാന്‍ തുടങ്ങി… പ്രശ്‌നം ഗുരുതരമാകുമെന്ന് കണ്ടിട്ടോ എന്തോ, ‘അമ്മുക്കുട്ടീനെ അമ്മേടെ കയ്യില്‍ കൊടുത്തിട്ടു വരൂ’ എന്ന് പറഞ്ഞു നീ… മോളെ അമ്മയെ ഏല്‍പ്പിച്ചു ഞാന്‍ എത്തിയപ്പോള്‍ നീ വെറും നിലത്തു കമിഴ്ന്നു കിടക്കുകയായിരുന്നു… എന്നോട്, നിന്റെ മുകളില്‍ അതുപോലെ കമിഴ്ന്നു കിടക്കാന്‍ പറഞ്ഞു… (അപ്പോള്‍ എനിക്കിത്തിരി നാണം വന്നൂട്ടോ ..) ഞാന്‍ കിടന്നു കഴിഞ്ഞപ്പോള്‍ നീ മെല്ലെ പുഷ്അപ് ചെയ്യാന്‍ തുടങ്ങി… ചമ്മല്‍ കൊണ്ട് കുലുങ്ങിച്ചിരിക്കാന്‍ തുടങ്ങിയ എന്നെ നീ ഭീഷണിപ്പെടുത്തി “ദേ പെണ്ണേ ..വല്ലാണ്ട് കളിച്ചാല്‍ തട്ടി താഴെയിടും ട്ടോ…” പിന്നെ കുറച്ചുനേരം മിണ്ടാതെ, ശ്വാസമടക്കിപ്പിടിച്ച് കിടന്നു ഞാന്‍… പത്തോ പന്ത്രണ്ടോ തവണ കഴിഞ്ഞപ്പോള്‍ നിന്റെ ക്ഷീണിച്ച ശബ്ദം കേട്ടു… “മതിയോടീ പെണ്ണേ…”

എന്റെ പൊന്നു പപ്പൂ ….എന്നെയിങ്ങനെ കൊഞ്ചിക്കാന്‍ നീ മാത്രമേ ഉള്ളൂട്ടോ… നീ തന്ന ഊര്‍ജ്ജം, എന്തുമാത്രമാണെന്ന… എപ്പോഴും പ്രണയത്തിലായിരിക്കാന്‍ അതെന്നെ പ്രചോദിപ്പിക്കുന്നു… അതേ പപ്പൂ … ഞാന്‍ പ്രണയത്തിലാണ് …
നിന്റെ നെഞ്ചില്‍ ചേര്‍ന്ന് നിന്നുകൊണ്ട്