പഠിച്ചിറങ്ങുന്ന വിഷയങ്ങളിലല്ല പലപ്പോഴും നാമൊന്നും പിന്നീട് പ്രൊഫഷനെ കണ്ടെത്തുന്നത്. ജീവിതത്തിലേയ്ക്ക് ചേർന്ന് പോയ ജോലികളെ പിന്നീട് അറിഞ്ഞു കൊണ്ട് ഏറെ സ്നേഹിക്കുന്നവർ ധാരാളമുണ്ട്. അതൊരു നിവൃത്തികേടല്ല എന്നും ഇഷ്ടം കൊണ്ടാണെന്നും പറയുന്നവർ വളരെ കുറവായിരിക്കാം. എന്നാൽ ആ അപൂർവ്വം ആൾക്കാരിൽ ഒരാളാണ് സംഗീത ജസ്റ്റിൻ. കേരളത്തിൽ ചെറുകിട പുസ്തക പ്രസാധകരംഗത്തിന്റെ ഭാവി അത്ര ശോഭനമല്ലാതിരുന്ന ഒരു കാലത്തുനിന്നുതന്നെയാണ് സംഗീത സൈകതം എന്ന പുസ്തക പ്രസാധന സ്ഥാപനത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുന്നത്. ഇന്നും പുസ്തകങ്ങളോടുള്ള പ്രണയം കൊണ്ട് മാത്രം അതിനെ നിലനിർത്തി കൊണ്ട് പോകുന്നതും സംഗീത തന്നെ... ഒപ്പം വിദേശത്തിരുന്ന് തോണി തുഴയാൻ ഭർത്താവ് ജസ്റ്റിനും ഉണ്ട്. കൂടുതൽ വിശേഷങ്ങൾ സംഗീത പറയുന്നു...
സൈകതം എന്ന പേര്...
ഞാൻ ആദ്യം ജസ്റ്റിനൊപ്പം മസ്കറ്റിൽ ആയിരുന്നു. അന്ന് അവിടെ നിന്നും ഒരു ഓൺലൈൻ മാഗസിൻ പുറത്തിറക്കിയിരുന്നു. ഓൺലൈൻ മാഗസിനുകൾ അന്നൊക്കെ തരംഗമായി മാറി ത്തുടങ്ങിയ സമയം.മണൽത്തിട്ട എന്നാണു ഈ വാക്കിന്റെ അർത്ഥം. പുറംരാജ്യത്തായതിനാൽ ആ വാക്ക് ഉചിതമായിരുന്നു. പിന്നീട് ഒരു പബ്ലിഷിങ് സ്ഥാപനം തുടങ്ങാൻ ഞങ്ങൾ ആലോചിച്ചപ്പോഴും അതേപേരു തന്നെ ഇടാൻ തീരുമാനിക്കുകയായിരുന്നു. കാരണം ആ പേര് ഞങ്ങളുമായി ചേർന്ന് അത്രയ്ക്ക് എസ്റ്റാബ്ലിഷ് ആയിരുന്നു.
എന്തുകൊണ്ട് പുസ്തക പ്രസാധനം?
ഗൾഫിൽ ആയിരുന്നതുകൊണ്ട് ഞങ്ങൾക്ക് വ്യക്തമായി അറിയാം. വിദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പുസ്തകങ്ങൾ വായിക്കാനോ അച്ചടിയ്ക്കാനോ ഒക്കെ ഉള്ള ബുദ്ധിമുട്ടുകൾ. ജസ്റ്റിൻ ആണെങ്കിൽ നല്ല വായനക്കാരനാണ്. അതേ പുസ്തക പ്രണയം കൊണ്ട് തന്നെയാണ് നാട്ടിൽ എന്തെങ്കിലും തുടങ്ങുന്നുണ്ടെങ്കിൽ അത് പുസ്തകവുമായി ബന്ധമുള്ളതെന്തെങ്കിലുമാവുമെന്ന് തീരുമാനിച്ചത്.
ആദ്യം എന്റെ പപ്പയായിരുന്നു അതുനോക്കി നടത്തിയത്. ആ സമയത്താണ് ഞാൻ നാട്ടിലേക്ക് തിരികെ വരാൻ തീരുമാനിക്കുന്നത്. വിദേശത്ത് ഭാര്യയും ഭർത്താവും ഒന്നിച്ചു ജോലിയ്ക്കു പോകാതെ ഒരു കുടുംബം കൊണ്ട് പോവുക എന്നത് അത്ര എളുപ്പമല്ല. രണ്ടു കുട്ടികളുണ്ട് ഞങ്ങൾക്ക് അവരുടെ ഒറ്റപ്പെടൽ കണ്ടുനിൽക്കാനും കഴിയാതായതോടെ എന്റെ നഴ്സ് ജോലി ഞാൻ വേണ്ടെന്നു വെച്ചു. ഒന്നര വയസ്സിന്റെ വ്യത്യാസമേയുള്ളൂ രണ്ടാൾക്കും. അവരുടെ പഠനത്തിനുവേണ്ടിയാണ് നാട്ടിലേക്കു വരാൻ തീരുമാനിച്ചത്.
ജസ്റ്റിൻ അവിടെത്തന്നെ തുടരാനും തീരുമാനമായി. പപ്പയ്ക്കു നല്ല വായന ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു ആശയം അദ്ദേഹം ഏറ്റെടുത്തതും. കമ്പനിയുടെ രജിസ്ട്രേഷന് വേണ്ടിയൊക്കെ ഓടി നടന്നതും പപ്പാ തനിയെ ആണ്. ഞാൻ നാട്ടിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ ഒപ്പം സഹായി ആയി കൂടി. പക്ഷെ പിന്നീട് പെട്ടെന്ന് അദ്ദേഹത്തെ ക്യാൻസർ പിടികൂടി. അതോടു കൂടി ഓഫീസിന്റെ ഭാരമൊക്കെ എൻെറ ചുമലിൽത്തന്നെയായി. എങ്കിലും പപ്പയെന്നെ കൂടെ നിർത്തി എല്ലാം പറഞ്ഞു തന്നിരുന്നു, ആ അനുഭവമാണ് മുന്നോട്ടു നയിച്ചത്. 2010 ലാണ് കമ്പനി രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് പപ്പാ മരിച്ച ശേഷം ഞാനും ജസ്റ്റിനും സൈകതത്തെ മുന്നോട്ടു കൊണ്ട് പോകുന്നു.

പുസ്തകപ്രസാധനം എന്ന പുസ്തക കല
ഒന്നും അത്ര എളുപ്പമായിരുന്നില്ല. ആദ്യമായി ചെയ്തത് അഷ്ടമൂർത്തിയുടെ ലേഖന സമാഹാരം, ശ്രീകുമാർ കരിയാടിന്റെ കവിതകൾ ഒക്കെയായിരുന്നു. ഒന്നുമില്ലാതിരുന്ന ഒരു സമയത്ത് അവരെ പോലെയുള്ളവരുടെ പുസ്തകം കിട്ടിയത് അത്ര ചെറിയ കാര്യമായി കാണുന്നില്ല. ആ സമയത്തൊക്കെ അത്യാവശ്യം നല്ല ബുക്ക് കിട്ടിയാൽ ചെയ്യാറുണ്ടായിരുന്നു. ഒത്തിരി മാർക്കറ്റിങ് നോക്കിയില്ല. ഇപ്പോൾ പക്ഷെ സൈകതം എന്ന പേര് പുസ്തകലോകത്ത് അറിയപ്പെട്ടു തുടങ്ങി, കുറെയൊക്കെ എഴുത്തുകൾ ശ്രദ്ധിക്കാറുണ്ട്. കാരണം നമ്മൾ ഉണ്ടാക്കിയെടുത്ത പേര് നഷ്ടമാകരുതെന്ന് ആഗ്രഹമുണ്ട്. അത്ര കഷ്ടപ്പെട്ട് തന്നെയാണ് ഈ ബിസിനസിൽ പിടിച്ച് നിൽക്കുന്നത്. എങ്കിലും പരമാവധി ആരെയും വിഷമിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
ഒറ്റയ്ക്കൊരു പെണ്ണ്...
ഒറ്റയ്ക്കു നാട്ടിൽ നിന്ന് ഇത്തരമൊരു സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതിലെ ബുദ്ധിമുട്ടുകൾ നിരവധിയുണ്ട്. പപ്പാ മരിച്ചതിനു ശേഷം പോലും പല നാട്ടുകാർക്കും അറിയില്ല ഞാൻ എവിടെ പോകുന്നു പാതിരാത്രി വരെ എന്തു ചെയ്യുന്നുവെന്നൊക്കെ. പലരും ശ്രദ്ധിച്ചിട്ടുമുണ്ടാകാം. പക്ഷെ എന്റെ ജീവിതം വളരെ സത്യസന്ധമായിരുന്നു. മിക്കപ്പോഴും ജോലി പാതി രാത്രി വരെ നീളും. കോതമംഗലത്തുള്ള മൂന്നു ഷട്ടർ കടയിലിരുന്നാണ് ജോലി. അതുപൂട്ടി ഇറങ്ങുമ്പോൾ മിക്കപ്പോഴും 12 ഒക്കെ ആകും. ഇപ്പോൾ ഒരുവിധം എല്ലാവർക്കും അറിയാം ഇത്തരമൊരു ജോലിയാണ് ഞാൻ ചെയ്യുന്നതെന്ന്.
ഒറ്റയ്‌ക്കേയുള്ളൂ എന്ന ബോധ്യമുള്ളതിനാൽ ജോലിയ്ക്കായി പോലും സ്ത്രീകളെ മാത്രമാണ് നിയോഗിച്ചത്. സെയിൽസിനുമാത്രമാണ് പുറത്തു പുരുഷന്മാർ ഉള്ളത്. അത്ര ശ്രദ്ധിച്ചു തന്നെയാണ് ഓരോ സ്റ്റെപ്പും മുന്നോട്ടു വയ്ക്കുന്നത്. പിന്നെ പല പുസ്തകങ്ങളുടെയും ലേ ഔട്ടും എഡിറ്റിങ്ങും ഒക്കെ ഞാൻ തന്നെയാണ് ചെയ്യാറ്. ജസ്റ്റിന്റെ സമയം ഒക്കെ ആണെങ്കിൽ പാതിരാത്രി 2 മണി ഒക്കെ ആകും. ഒത്തിരി രാത്രി ആകുമെങ്കിൽ കാർ എടുത്താണ് വീട്ടിൽ നിന്നിറങ്ങാറ്.
പിന്നെ കുട്ടികളെ ഒരുപാട് മിസ് ചെയ്യാനും വയ്യ. അതുകൊണ്ട് അവർക്കു വേണ്ടിയും സമയം നീക്കി വയ്ക്കണം, വീട്ടു ജോലികൾക്കായി സമയം കണ്ടെത്തണം, എല്ലാം ഒറ്റയ്ക്ക് ചെയ്തു ശീലമായി. കുട്ടികൾ നല്ല വികൃതികളാണ്, എങ്കിലും പറയുന്നത് അവർ അനുസരിക്കാറുണ്ട്. എന്റെ തിരക്കുകൾ അവർക്കുമറിയാം. ഞാൻ വർക്കിന് വേണ്ടി മിക്കപ്പോഴും വൈകുന്നേരമേ ഇരിക്കൂ. കാരണം ജസ്റ്റിൻ കൂടി ഓൺലൈനിൽ അങ്ങേതലയ്ക്കൽ ഉണ്ടെങ്കിൽ അദ്ദേഹത്തെ വർക്ക് തീരുന്നതിനനസരിച്ച് കാണിക്കുകയുമാകാം. മാത്രമല്ല പകൽ ഫോൺ വിളികൾ, സ്റ്റാളിലെ തിരക്ക് എല്ലാം ജോലി തടസപ്പെടുത്തുകയും ചെയ്യും. പണം ആവശ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ജസ്റ്റിൻ മസ്കറ്റിൽ ഇപ്പോഴും തുടരുന്നത്. കാരണം അത്ര വലിയ ഒരു ലാഭം എന്നൊന്നും ഇപ്പോഴും കമ്പനിക്ക് പറയാറായിട്ടില്ല. നഷ്ടമില്ല എന്നു മാത്രം. ഒരു മാസത്തിൽ കുറഞ്ഞത് 4 ബുക്ക് വരെ ഞങ്ങൾ ഇറക്കുന്നുണ്ട്, പണം നന്നായി ഒരു വശത്തൂടെ ഒഴുകി പോകുമ്പോൾ അത് നികത്താൻ മറുവശത്ത് അതുണ്ടായേ പറ്റൂ. നാട്ടിൽ വരാൻ ജസ്റ്റിന് ആഗ്രഹമുണ്ടെങ്കിൽ പോലും ഇനിയും അത്തരമൊരു സേഫ് സോണിലേയ്ക്ക് ഞങ്ങൾ എത്തിയിട്ടില്ല.

മാർക്കറ്റിംഗ് രംഗം...
പപ്പയുടെ കൂടെ നിന്നാണ് കുറെയൊക്കെ വിപണിയെ കുറിച്ചറിഞ്ഞത്. എന്താണ് പുസ്തകരംഗത്തെ വിപണിയെന്നു ശ്രദ്ധിച്ചിരുന്നു. അതേക്കുറിച്ച് പഠിക്കുകയും ചെയ്തു. ആദ്യമൊക്കെ ബുക്ക് ഫെസ്റ്റിവലുകൾ വരുമ്പോൾ പുസ്തകം മറ്റുള്ളവരുടെ സ്റ്റാളുകളിൽ കമ്മീഷൻ വ്യവസ്ഥയിലാണ് വച്ചിരുന്നത്. ഇപ്പോൾ നമുക്ക് ഫെസ്റ്റിവൽ വേദികളിൽ സ്വന്തമായി സ്റ്റാളുകൾ ഉണ്ട്. കൂടുതൽ പേരും വലിയ സ്റ്റാളുകളിലാണ് കൂടുതൽ പണവും സമയവും ചിലവഴിക്കുന്നതെങ്കിലും ചില പ്രത്യേക പുസ്തകങ്ങൾ അന്വേഷിച്ച് നമ്മുടെ അടുത്ത് വരുന്നത് ഒരു സന്തോഷമാണ്.
ഈയിടെയായി വായന നന്നായി ആൾക്കാരുടെ ഇടയിൽ കൂടിയിട്ടുണ്ട്. ധാരാളം പുസ്തകങ്ങളും ഇറങ്ങുന്നുണ്ട്. വായന അറിവ് കൂട്ടുന്നു എന്ന് മനസിലാക്കുന്നവർ ധാരാളമുണ്ട്, അവർ കുട്ടികളെ വായനയ്ക്കായി പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഓൺലൈൻ രംഗം വായനയിൽ ഇപ്പോൾ വളരെയേറെ മുന്നിലാണ്. നന്നായി എഴുതുകയും വായിക്കുകയും ചെയ്യുന്നവർ ഇവിടെയുണ്ട്. പുസ്തകവിപണിയിലും ഓൺലൈൻ നല്ലൊരു സഹായമാണ്. പുസ്തക മേളകളിൽ സ്റ്റാളുകളിൽ നിന്ന് ഒറ്റയടിയ്ക്ക് കുറെ പുസ്തകങ്ങൾ എടുക്കപ്പെടുമ്പോൾ സോഷ്യൽ മീഡിയയിലൂടെ അത്രയുമെണ്ണം സമയമെടുത്ത് വിൽക്കപ്പെടുന്നു.. പക്ഷെ ഓൺലൈൻ വിപണി ഇപ്പോൾ സജീവമാണ്. പുതിയ ആൾക്കാർ പലരും ഓൺലൈൻ വഴി തന്നെയാണ് പുസ്തകം വാങ്ങുന്നതും. മാത്രമല്ല വിദേശ രാജ്യങ്ങളിൽ വരെ പുസ്തകങ്ങൾ ഇപ്പോൾ നമ്മൾ എത്തിച്ച് കൊടുക്കാറുണ്ട്. അതിനു വേണ്ട ഷിപ്പിംഗ് ചാർജ്ജ് ഉൾപ്പെടെ നൽകിയാണ് പുസ്തകം അയക്കുന്നത്. സൗദി പോലെയുള്ള ചില വിദേശ രാജ്യങ്ങളിൽ അവർക്ക് നിയമം ശക്തമായതിനാൽ ചില പരിധികളുണ്ട്. ആദ്യം അവരെ പുസ്തകത്തെക്കുറിച്ചു നമ്മൾ ബോധ്യപ്പെടുത്തണം. അതുകൊണ്ട് അത്തരം സ്ഥലങ്ങളിലേക്ക് അങ്ങനെ കയറ്റി അയക്കാറില്ല.
ജീവിതവും ജോലിയും...
എന്തു ചെയ്യുമ്പോഴും അത് നന്നായി ചെയ്യുക എന്നത് തന്നെയാണ് എന്റെ പോളിസി. നമ്മൾ ചെയ്യുന്നതിൽ നമുക്ക് ഒരു ആത്മസംതൃപ്തിയുണ്ടാകണം. ഈ വിപണി ചെറുകിട പ്രസാധകർക്ക് അത്ര ലാഭകരം എന്ന് പറയാൻ പറ്റില്ല, പക്ഷെ പുസ്തകങ്ങളോട് പ്രണയമുണ്ട്, അതുകൊണ്ടു തന്നെ ചെയ്യുന്ന ജോലിയിൽ ആ സംതൃപ്തിയുമുണ്ട്. രാവും പകലും നമ്മൾ കഷ്ടപ്പെടുന്നതിനു ഗുണം ലഭിക്കുമ്പോൾ തീർച്ചയായും അത് നമുക്ക് മനസ്സിലാകും. ഓഫീസിൽ എല്ലാത്തിനും ഞാൻ തന്നെയാണ് പോകുന്നത്. ബാങ്കിലാണെങ്കിലും പോസ്റ്റ് ഓഫീസിലാണെങ്കിലും ഒക്കെ, സ്റ്റാഫുകൾ സ്ത്രീകൾ ആയതിനാൽ അവരെ ഇത്തരം യാത്രകൾ ഏൽപ്പിക്കാറുമില്ല. മാത്രമല്ല പപ്പാ ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന മറ്റൊരു ഷോപ്പും ബുക്ക് സ്റ്റാളിനോട് ചേർന്നുണ്ട്, ഫിറ്റ്നസ് ഉപകരണങ്ങളുടെ കടയാണ്, അതും നോക്കി നടത്തുന്നുണ്ട്. ചില സമയത്തൊക്കെ രാത്രിയിൽ തളർന്നു ഉറങ്ങിപ്പോകാറുണ്ട്, പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ രാത്രി 2 മണിക്കൊക്കെ ജസ്റ്റിന്റെ മെസേജ് കാണുമ്പോൾ വീണ്ടും നല്ല ഊർജസ്വലമാകും. വീട്ടിൽ ആണെങ്കിൽ കുട്ടികളുണ്ട്, അവരുടെ കാര്യം എനക്ക് നോക്കണമെന്ന് നിർബന്ധമുണ്ട്. കാരണം അത്ര കെയറിങ് കിട്ടിയാണ് ഞാൻ വളർന്നത്, അതെ കെയറിങ് അവർക്കും ലഭിക്കണം. അതുകൊണ്ട് അതും കൊണ്ട് പോകാൻ ഞാൻ ശ്രമിക്കാറുണ്ട്.
എഴുത്ത്, പുസ്തകം, സൈകതം...
ഇതിങ്ങനെ തന്നെ മുന്നോട്ടു പോകണം എന്ന് തന്നെയാണ് ആഗ്രഹം. പുതിയ കഴിവുള്ള എഴുത്തുകാർ നിരവധിയുണ്ട്. വായനയിലും ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ കവിത പുസ്തകങ്ങൾ ഒന്നും ഫെസ്റ്റിവൽ വേദികളിൽ അത്രയധികം വിൽപ്പന നടക്കാറില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ സുഹൃത് വലയങ്ങളിൽ അവ നന്നായി പോകുന്നുമുണ്ട്. അപ്പോൾ എല്ലാ വശവും നമ്മൾ ചിന്തിക്കണം.
ആകെ ടെൻഷനുള്ളത് പുസ്തകം അച്ചടിക്കുന്നതുമായി ബന്ധപ്പെട്ടാണ്. എത്ര പ്രൂഫ് നോക്കിയാലും തെറ്റുകൾ വീണ്ടും കടന്നു കൂടാം. അച്ചടിച്ച് കയ്യിൽ കിട്ടി വായിച്ച് നോക്കുന്നത് വരെ ആ പുസ്തകത്തിനെ കുറിച്ച് ആധികളുണ്ട്. പരമാവധി ശ്രദ്ധിച്ചു തന്നെയാണ് ചെയ്യുന്നത്. എന്തായാലും വലിയ തെറ്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ഇതുവരെ ആയതു. നന്നായി പ്രാര്‍ഥിക്കാറുണ്ട്.
എനിക്കൊരു പുസ്തകം എഴുതണം എന്നാഗ്രഹം ഉണ്ട്... കുട്ടികളെ എങ്ങനെ മാതാപിതാക്കൾ വളർത്തണം എന്നതിനെ കുറിച്ചൊരു പുസ്തകം. പക്ഷെ മറ്റു പുസ്തകങ്ങളുടെ തിരക്കിൽ പെട്ട് എന്റേതായ എഴുത്തുകളൊന്നും നടക്കുന്നില്ല. എന്നെങ്കിലും അത് ഞാൻ ചെയ്യുമായിരിക്കും എന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്.