ജനുവരി പകുതി ആകുന്നതോടെ അമ്മമാർക്കും കുട്ടികൾക്കും പരീക്ഷാപേടി തുടങ്ങുകയായി. ഈ കാര്യത്തിൽ കുട്ടികളേക്കാൾ ടെൻഷൻ അമ്മമാർക്കാണ്. കുട്ടികൾ നന്നായി പഠിച്ചു പരീക്ഷ എഴുതുമോ? അതോ പഠിച്ചതെല്ലാം മറക്കുമോ ?എന്നിങ്ങനെ നൂറുകൂട്ടം ടെൻഷനാണ്. ജോലിക്കാരായ അമ്മമാരാണെങ്കിൽ പറയുകയും വേണ്ട.
ടിവിയും കമ്പ്യൂട്ടറും മൊബൈലുമൊക്കെ ഒഴിവാക്കി പഠനത്തിനായി മാത്രം ഇനിയുള്ള സമയം ചിലവഴിച്ചതുകൊണ്ടു മാത്രം പഠിച്ചതെല്ലാം കുട്ടിയുടെ തലയിൽ നിൽക്കണമെന്നില്ല. പഠനത്തിനൊപ്പം കുട്ടികളുടെ ബുദ്ധിവളർച്ചയെ സഹായിക്കുന്ന ഭക്ഷണവും അവർക്കു നൽകാൻ ശ്രദ്ധിക്കണം.
ഇതിനായി കുട്ടികളുടെ ബുദ്ധിവളർച്ചയെ സഹായിക്കുന്ന ഭക്ഷണങ്ങളും ഇവരുടെ ഭക്ഷണക്രമത്തിൽ ധാരാളമായി ഉൾപ്പെടുത്താം. യാതൊരു കാരണവശാലും കുട്ടികൾ ഈ സമയത്ത് പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഓർമശക്തി വർദ്ധിപ്പിക്കാൻ കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടവ ഇവയാണ്.
ഗ്രീൻ ടീ
പഠിക്കുന്ന കുട്ടികൾക്ക് ഗ്രീൻ ടീ ഇടയ്ക്കു നൽകാം. ഇത് ബ്രെയ്നെ സംരക്ഷിക്കുന്നതിനൊപ്പം ഉൻമേഷവും പ്രദാനം ചെയ്യുന്നു. തുടർച്ചയായി പഠിക്കുമ്പോഴുണ്ടാകുന്ന മടുപ്പൊഴിവാക്കാൻ ഇതു സഹായിക്കും.
മുട്ട
ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ മുട്ട സഹായിക്കും. ഓംലെറ്റ് ആക്കിയോ, പുഴുങ്ങിയോ എങ്ങനെ വേണമെങ്കിലും കുട്ടികൾക്ക് മുട്ട നൽകാം. മുട്ടയിലടങ്ങിയിരിക്കുന്ന കോലിൻ ആണ് ഓർമശക്തി കൂട്ടാൻ സഹായിക്കുന്ന ഘടകം. പഠിച്ച സൂത്രവാക്യങ്ങളുൾപ്പെടെ എല്ലാം ഓർത്തെടുക്കാൻ ഇത് കുട്ടികളെ സഹായിക്കും.കുട്ടികളുടെ ബുദ്ധിശക്തി കൂട്ടാൻ പരീക്ഷാ കാലയളവിൽ ദിവസവും ഓരോ മുട്ട വീതം നൽകുന്നത് നന്നായിരിക്കും.
മത്തി, അയില
ഒമേഗ 3 ധാരാളമടങ്ങിയ മത്തിയും അയിലയും പോലുള്ള മൽസ്യങ്ങൾ തലച്ചോറിലെ കോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തും. ഇവ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തി പഠനത്തെ സഹായിക്കുന്നു. ബ്രെയിന്റെ സുഗമമായ പ്രവർത്തനത്തിന് ഒമേഗ 3 അടങ്ങിയ മൽസ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ചോക്ലേറ്റ്
കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കാൻ ഇടയ്ക്കു ഡാർക്ക് ചോക്ലേറ്റ് നൽകാം. വിരസതയകറ്റി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതു സഹായിക്കും. ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡ്സും കഫീനുമാണ് ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ. എന്നാൽ ഇവയൊന്നും അമിതമായി കുട്ടികൾക്ക് നൽകരുത്.
ഓട്സ്
തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ അളവു വർദ്ധിപ്പിക്കാൻ ഓട്സ് സഹായിക്കും. ധാരാളം നാരുകൾ അടങ്ങിയ ഓട്സ് വൈറ്റമിൻ ബി, വൈറ്റമിൻ ഇ പോട്ടാസ്യം, സിങ്ക് എന്നിവയാൽ സമ്പുഷ്ടമാണ്. തലച്ചോറിന്റെയും ശരീരത്തിന്റെയും കാര്യക്ഷമമായ പ്രവർത്തിന് ഇവ അത്യന്താപേക്ഷിതമാണ്.
പാൽ, തൈര്
പാലുൽപന്നങ്ങളിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബിയും മാംസ്യവും തലച്ചോറിലെ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നു. പാലിലും തൈരിലുമടങ്ങിയിരിക്കുന്ന മാംസ്യവും കാർബോഹൈഡ്രേറ്റും തലച്ചോറിനാവശ്യമായ ഊർജം പ്രദാനം ചെയ്യുന്നു. പാലു കുടിക്കാൻ താൽപര്യമില്ലാത്ത കുട്ടികൾക്ക് ഊണിനൊപ്പം തൈരു നൽകാം.
കുട്ടികളുടെ പഠനകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനൊപ്പം അവരുടെ ഭക്ഷണക്രമത്തിലും ശ്രദ്ധിച്ചാൽ പരീക്ഷാപേടി ഒരു പരിധിവരെ ഒഴിവാക്കാം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.