Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹി പൊലീസ് ചെയ്യുന്ന നന്മയുടെ കഥ

Baby Representative Image

നിറവയറുമായി പൊലീസ് വാനിൽ കയറുമ്പോൾ ഡൽഹിയിലെ നജ്ഫാഗ്ര ഗ്രാമത്തിലെ അൻറിം ദേവി പേടിയോടെ ബന്ധുക്കളോട് അന്വേഷിച്ചു- ആരാണ് എന്നോടൊപ്പം പൊലീസ് വാനിൽ വരുന്നത്. ഏതു നിമിഷവും പ്രസവം നടന്നേക്കാം ആരാണ് എന്നെ ശുശ്രൂഷിക്കുന്നത്?

ആശുപത്രിയിലെത്തും മുമ്പ് പ്രസവമുറപ്പ് എന്ന് മനസിലാക്കിയ പൊലീസ് ഡോക്ർമാരെ വാൻകിടക്കുന്ന സ്ഥലത്തേക്ക് വിളിച്ചു വരുത്താൻ ശ്രമിച്ചു. എന്നാൽ ഡോക്ടേഴ്സ് വരാൻ വൈകുകയും പ്രസവം അടുക്കുകയും ചെയ്ത നിർണായക നിമിഷത്തിൽ യൂണിഫോം അഴിച്ചുവെച്ച് പൊലീസ് ഉദ്യോഗസ്ഥർ അവളുടെ മിഡ്‌‌വൈഫായി.

പൊലീസ്‌വാൻ ലേബർ റൂം ആക്കി അവർ അവൾക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കി.വൈകിയെത്തിയ മെഡിക്കൽ സംഘം കാണുന്നത് പൊലീസ് വാനിൽ ഓമനത്തമുള്ള ഒരു ആൺകുഞ്ഞിനെയും കൊണ്ട് ആൻറിംദവി കിടക്കുന്നതാണ്.

ഉടൻ തന്നെ അവർ പ്രസവ ശുശ്രൂഷക്കായി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഒരു ഗ്രാമത്തിൻെറ ക്രമസമാധാനനില പാലിക്കാൻ മാത്രമല്ല വേണ്ടി വന്നാൽ പ്രസവമെടുക്കാൻ വരെ സജ്ജരാണ് തങ്ങളെന്നു തെളിയിച്ച ഡൽഹിയിലെ നജ്ഫാഗ്ര ഗ്രാമത്തിലെ പൊലീസുകാരെ അവർ അഭിനന്ദിച്ചു.

ഗ്രാമത്തിലുള്ളവർക്ക് ഇതൊരു സാധാരണ സംഭവം മാത്രം. കാരണം ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ ഈ പൊലീസുകാർ പലരെയും അത്ഭുതപ്പെടുത്തിയ നിമിഷങ്ങൾക്ക് അവർ ഒരുപാടു തവണ സാക്ഷിയായിട്ടുണ്ട്.

ഇനിയും ആൻറിം ദേവിയുടെ കഥയിലേക്ക് തിരിച്ചുവരാം. ഗ്രാമത്തിലെ സമീപപ്രദേശങ്ങളിലൊന്നും ആശുപത്രിയില്ലാത്തതിനാൽ ദൂരെയുള്ള ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസിൻെറ സഹായം തേടുകുയായിരുന്നു ആന്റിം ദേവിയും കുടുംബവും.

നിർഭാഗ്യവശാൽ അവർ ബന്ധപ്പെട്ട ആശുപത്രിയിലെ വാനുകളൊക്കെ ഡ്യൂട്ടിക്കുവേണ്ടി പുറത്തുപോയിരുന്നു. മറ്റൊരുവഴിയും കാണാതെ വന്നപ്പോൾ ആ കുടുംബം ഗ്രാമത്തിലെ ഒരു സാമൂഹ്യപ്രവർത്തകയുടെ സഹായം തേടി. അവർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് സംഭവത്തിൻെറ ഗൗരവം അറിയിച്ചു.

വിളിച്ച് പത്ത് മിനിറ്റ് കഴിയും മുമ്പേ പൊലീസ് വാൻ ഗർഭിണിയുടെ വീട്ടിലെത്തുകയും അവൾക്കുവേണ്ട സൗകര്യങ്ങളൊരുക്കുകയും ചെയ്തു. നീതിയും നിയമവും എങ്ങനെ നടപ്പിലാക്കണമെന്നു മാത്രമല്ല അശരണരെ അടിയന്തിരഘട്ടത്തിൽ എങ്ങനെ സഹായിക്കണമെന്നു കൂടി പ്രവർത്തികൊണ്ട് കാട്ടിക്കൊടുത്ത പൊലീസ് ഉദ്യോഗസ്ഥരെ അഭനന്ദിക്കുകയാണ് ഒരു ഗ്രാമം.