കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര കൊച്ചുപുരയിൽ മാത്യു തോമസിന്റെയും മാവേലിക്കര ചെറുകോൽ ആറ്റുപുറത്ത് അഞ്ജനത്തിൽ റീന മാത്യുവിന്റെയും മകളാണ് അഞ്ജലി. സുഷുമ്നയെ ബാധിക്കുന്ന ന്യൂറോ ഫൈബ്രോമ രോഗത്തെ തുടർന്നു കഴുത്തിനു പിറകിൽ നട്ടെല്ലിൽ ഉറപ്പിച്ച സ്ക്രൂവുമായാണ് അഞ്ജലി പന്ത്രണ്ടു വർഷത്തോളം ജീവിച്ചത്. കടുത്ത വേദനകളെ തോൽപിച്ചു നഴ്സിങ് ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ ഒന്നാം റാങ്ക് നേടിയ അഞ്ജലിയുടെ ജീവിതം 2016 ഡിസംബർ 13 നു മനോരമ ഞായറാഴ്ചപ്പതിപ്പിലെ ‘പുഞ്ചിരി തന്ന സമ്മാനപ്പൊതി’ എന്ന വാർത്തയിലൂടെയാണു ലോകമറിഞ്ഞത്.
സ്കൂൾ പഠനകാലത്തു 100 മീറ്റർ ഓട്ടത്തിൽ ജില്ലാ ചാംപ്യനായിരുന്ന അഞ്ജലി, 2004 ൽ കായംകുളം സെന്റ് മേരീസ് സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പരിശോധനയിൽ കഴുത്തിനു പിറകിൽ മൂന്നു കശേരുക്കൾ ദ്രവിച്ചുപോയതായി കണ്ടെത്തി. സുഷുമ്ന നാഡി നേരെ നിർത്താനായി ടൈറ്റാനിയം കമ്പികൾകൊണ്ട് ഉറപ്പിച്ചു. എന്നിട്ടും, പത്തിലും പ്ലസ് ടുവിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ആ വേദനകളെ അഞ്ജലി തോൽപിച്ചു.
ചെന്നൈ എസ്ആർഎം കോളജിൽ ബിഎസ്‌സി നഴ്സിങ്ങിനു ചേർന്നെങ്കിലും കഴുത്തിലെ കമ്പികൾ പൊട്ടിയതിനെതുടർന്നു പഠനം മുടങ്ങുന്ന അവസ്ഥ വന്നു. ശരീരവും തലയും തമ്മിലുള്ള ബന്ധം വിട്ടുപോകുന്ന തരത്തിൽ കഴുത്തിനു ബലക്കുറവു വന്നു. കഴുത്തിലെ കമ്പികൾ പുറത്തേക്കു തള്ളിനിൽക്കുന്ന അവസ്ഥയിലായി. ശസ്ത്രക്രിയകൾക്കും തുടർ ചികിത്സകൾക്കുമിടയിൽ പഠിച്ച അഞ്ജലി കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ സ്വർണമെഡലോടെ നഴ്സിങ്ങിൽ ഒന്നാം റാങ്ക് നേടി. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ്‌സി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിലും ഒന്നാം റാങ്കും സ്വർണമെഡലും നേടി.
കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ഒരു മാസത്തോളം ജോലി ചെയ്തെങ്കിലും വീണ്ടും അസുഖം കൂടി. നട്ടെല്ലിൽ രൂപപ്പെട്ട മുഴ അഞ്ചു കശേരുക്കളെ നശിപ്പിച്ചു ഹൃദയത്തിനടുത്തേക്ക് എത്തിയ കമ്പി നീക്കാനായി നെഞ്ചു തുറന്നു 48 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി. വീണ്ടും ശസ്ത്രക്രിയയിലൂടെ പുതിയ കമ്പികൾ സ്ഥാപിച്ചു. ഈ ശസ്ത്രക്രിയയ്ക്കിടയിൽ അഞ്ജലി മരിച്ചെന്നു കരുതിയെങ്കിലും നാടകീയമായി ജീവിതത്തിലേക്കു മടങ്ങിയെത്തി.
തോൽവികളിൽ വീണുപോകുന്ന സുഹൃത്തുക്കൾക്കു പ്രചോദനമേകാൻ അഞ്ജലി കൂടെ നിന്നിരുന്നു. അഞ്ജലിയുടെ ചികിത്സാച്ചെലവിൽ നല്ലൊരു പങ്കു കണ്ടെത്തിയതും സുഹൃത്തുക്കൾ ചേർന്നായിരുന്നു. എംഎസ്‌സിക്കു ലഭിച്ച സ്വർണമെഡൽ കഴിഞ്ഞ മാസമാണു രോഗക്കിടക്കയിൽ തേടിയെത്തിയത്. ഇന്നലെ ഉച്ചയോടെ അഞ്ജലി മരണത്തിനു കീഴടങ്ങുകയും ചെയ്തു. സഹോദരങ്ങൾ: അശ്വിനി ആൻ മാത്യു, അമൽ തോമസ് മാത്യു. സംസ്കാരം ഇന്ന് ഒന്നിന് കണ്ടിയൂർ ഐപിസി ഫെയ്ത് സെന്റർ സെമിത്തേരിയിൽ.
ഈശ്വരനെ തേടിയ ജീവിതം
കഴിഞ്ഞ ഒക്ടോബറിൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയകൾക്കിടെ മരിച്ചെന്നു കരുതിയെങ്കിലും തിരികെ ജീവിതത്തിലേക്കു വന്ന അഞ്ജലി ഫെയ്സ്ബുക് പ്രൊഫൈലിൽ കുറിച്ചത് ഇങ്ങനെയായിരുന്നു: ‘മരണം എന്നതു നേട്ടമായിരിക്കാം, പക്ഷേ, ജീവിക്കുക എന്നത് ഈശ്വരനിശ്ചയമാണ്.’