Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ഏറ്റവും ശക്തരായ 100 വനിതകളിൽ ഒരാൾ മിതാലി രാജ്

mithali-raj-1

കായികലോകം അടക്കിവാണ പുരുഷതാരങ്ങൾക്കു വെല്ലുവിളിയുയർത്തി താരപ്രഭയിലേക്കുയർന്ന മിതാലി രാജിന് ഒരു ബഹുമതി കൂടി. ബിബിസി തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശക്തരായ 100 വനിതകളിൽ ഒരാളായി ഇടംപിടിച്ചുകൊണ്ടാണ് മിതാലി തന്റെ നേട്ടങ്ങളുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി ചാർത്തുന്നത്. 

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നിലവിലെ ക്യാപ്റ്റനാണ് മിതാലി. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ഇടംനേടിക്കൊടുത്ത വീരനായിക. കുറേ വർഷങ്ങളായി ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ മുഖം കൂടിയാണു മിതാലി. കളിക്കളത്തിലും പുറത്തും ശക്തമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന അപൂർവം താരങ്ങളിൽ ഒരാൾ. 

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസിന്റെ ഉടമ കൂടിയാണു മിതാലി. സ്ഥിരതയാർന്ന പ്രകടനത്തിനു പേരുകേട്ട താരം. ഇന്ത്യയിലും വിദേശപിച്ചുകളിലും ഒരുപോലെ റൺസ് കണ്ടെത്താൻ മിടുക്കി. ഫാസ്റ്റ്, സ്പിൻ ബോളുകളെ നേരിട്ടും കരുത്ത് തെളിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പിലും മികച്ച പ്രകടനം നടത്തി മിതാലി. 

കളിക്കളത്തിലെ പ്രകടനത്തിന്റെ പേരിൽ മാത്രമല്ല ബിബിസി മിതാലിയെ അപൂർവ നേട്ടത്തിലേക്ക് ഉയർത്തിയിരിക്കുന്നതെന്നു വ്യക്തം.പ്രതിഭയിൽ‌ ഒട്ടും പിന്നിലല്ലാതിരുന്നിട്ടും വനിത എന്ന ലേബൽ ചാർത്തി ലഭിക്കുന്ന രണ്ടാംതരം സമീപനത്തിനെതിരെ നടത്തിയ പോരാട്ടം കൂടിയാണ് മിതാലിയുടെ ഉയർച്ചയ്ക്കു പിന്നിൽ. ലോകത്തിലെ വമ്പൻ ടീമുകളെയൊക്കെ തോൽപിപ്പിച്ചിട്ടും വനിതാ ക്രിക്കറ്റിന് ഇന്ത്യയിൽ അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല.

പ്രതിഫലത്തിന്റെ കാര്യത്തിലും ഒട്ടും മെച്ചമല്ല വനിതാ താരങ്ങളുടെ അവസ്ഥ. അവഗണനയ്ക്കെതിരെ മിതാലി ശബ്ദമുയർത്തിയി പലവട്ടം. ലോക കപ്പിലെ അഭിമാനാർഹമായ പ്രകടനം നടത്തി തിരിച്ചെത്തിയപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തലതിരിഞ്ഞ സമീപനം മിതാലി ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ വനിതകൾക്കും ക്രിക്കറ്റ് ടൂർണമെന്റ് വേണമെന്ന ആവശ്യത്തിനും തുടർച്ചയായി ഏറ്റവും കൂടുതൽ അർധ സെഞ്ചുറികൾ നേടിയ റെക്കോർഡുള്ള ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്റെ ശക്തമായ പിന്തുണയുണ്ട്. 

ലോകകപ്പിലെ നിർണായക മൽസരത്തിൽ ന്യൂസിലൻഡിനെ തോൽപിച്ച് ഇന്ത്യയിൽ സെമിയിൽ പ്രവേശിച്ചത് മിതാലിയുടെ സെഞ്ചുറിയുടെ കരുത്തിലായിരുന്നു. ആറാമത്തെ സെ​ഞ്ചുറിയാണ് അന്നു മിതാലി നേടിയത്. 123 പന്തിൽനിന്ന് 11 ബൗണ്ടറികളോടെ 109 റൺസ്. ഐസിസി വനിതാ ക്രിക്കറ്റ് ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ട് രാജസ്ഥാനിലെ ജോഡ്പൂർ സ്വദേശിനിയും അവിവാഹിതയുമായ മിതാലി.