സ്വന്തം കുഞ്ഞുങ്ങൾക്കു കൊടുക്കേണ്ട മുലപ്പാൽ പങ്കുവെയ്ക്കാൻ ഏതെങ്കിലും ഒരമ്മ തയാറാകുമോ? അങ്ങനെയുള്ള അമ്മമാരുെ ഈ ലോകത്തുണ്ടെന്നറിയണമെങ്കിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് കൂടുതലറിയണം. രാജസ്ഥാനിലെ ബിഷ്ണോയ് വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീ മാൻകുഞ്ഞിനു മുലയൂട്ടുന്ന ചിത്രത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
സ്വന്തം മക്കൾക്ക് അവകാശപ്പെട്ട മുലപ്പാൽ ഈ സ്ത്രീ ഭൂമിയമ്മയുടെ മക്കൾക്കു കൂടിയാണ് നൽകുന്നത്. പ്രകൃതിയെ അത്രമാത്രം സ്നേഹിക്കുന്ന ബിഷ്ണോയി വിഭാഗക്കാർക്കിടയിൽ ഈ കാഴ്ച സാധാരണമാണ്.
പ്രശസ്ത ഷെഫ് വികാസ് ഖന്ന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് മാൻകുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഗവേഷണത്തിന്റെ ഭാഗമായുള്ള യാത്രയിലാണ് ഈ അസാധാരണ കാഴ്ച തന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും ഈ സംഭവത്തെക്കുറിച്ച് സ്ത്രീയോടു ചോദിച്ചപ്പോൾ അനാഥരായ മാൻ കുഞ്ഞുങ്ങളെ ഇതിനു മുമ്പും താൻ പാലൂട്ടിയിട്ടുണ്ടെന്നായിരുന്നു അവരുടെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
അമ്മമാരില്ലാത്ത കുഞ്ഞുങ്ങൾ, അതിപ്പോൾ മൃഗങ്ങളായാൽപ്പോലും അവർക്കുവേണ്ടി പാലുചുരത്താൻ തയാറാകുന്ന അമ്മ മനസ്സ് തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. ആർദ്രതയും മാതൃത്വവും ഒന്നു ചേർന്നാൽ മാത്രമേ ഇത്തരമൊരു നന്മയുണ്ടാവൂ എന്നാണ് വികാരാധീനനായി അദ്ദേഹം ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ഈ സ്ത്രീയോടു ബഹുമാനം തോന്നുന്നു. പ്രകൃതിയെയും വന്യജീവികളെയും അത്രത്തോളം ആത്മാർഥമായി സ്നേഹിക്കുന്നതുകൊണ്ടാണ് അവർക്ക് ഇത്ര നിഷ്കളങ്കമായി പെരുമാറാൻ കഴിഞ്ഞതെന്നാണ് ഈ ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങൾ പറയുന്നത്.
മരങ്ങളെയും വന്യമൃഗങ്ങളെയുമൊക്കെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന ഇവർ മരംവെട്ടുകാരെയും വേട്ടക്കാരെയുമൊന്നും ഇങ്ങോട്ട് അടുപ്പിക്കാറേയില്ലെന്നും ചിലർ പറയുന്നു. നിരവധി ലൈക്കുകളും പ്രതികരണങ്ങളുമായി ചിത്രം വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്.