എനിക്ക് ജീവിതത്തെക്കുറിച്ച് വളരെ വലിയ സ്വപ്‌നങ്ങളാണുള്ളത്. പാട്ട്, പടംവര, എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. അതുപോലെ അഭിനയിക്കാനും എനിക്കിഷ്ടമാണ്. എന്റെ ആഗ്രഹം. അതേ ദൈവം അനുവദിക്കുമെങ്കില്‍ എന്റെ ആഗ്രഹം ഒരു ദന്തഡോക്ടറാകുക എന്നതാണ്. എനിക്ക് എന്റെ രാജ്യത്തെയും എന്റെ ചുറ്റുപാടുമുള്ള ആളുകളെയും സഹായിക്കുകയും ശുശ്രൂഷിക്കുകയും വേണം. എന്തുവന്നാലും എനിക്ക് ഈ ജീവിതത്തെ ഇഷ്ടമാണ്.
വെറുതെ വായിച്ചുതള്ളേണ്ടതല്ല ഈ വാക്കുകള്‍. വെറും പത്തുവയസ്സുകാരിയായ ഹെല്‍ഡ ജേക്കബ് ഹിന്‍ഡിയുടെ വാക്കുകളാണ് ഇത്. ഐഎസ് ക്രൂരതയുടെ ഇരകളില്‍ ഒരാള്‍. കുര്‍ദിസ്ഥാനില്‍ മൂന്നുവര്‍ഷം നീണ്ടുനിന്ന പ്രവാസജീവിതത്തിന് ശേഷം ഖാര്‍ഘോഷിലേക്ക് തിരികെയെത്തിയതേയുള്ളൂ ഹെല്‍ഡയുടെ കുടുംബം.
ജീവിതത്തെ നെടുകെയും കുറുകെയും ഛേദിച്ചുകളഞ്ഞ ആ രാത്രിയുടെ ഓര്‍മ്മകള്‍ ഈ പിഞ്ചുഹൃദയത്തില്‍ നിന്ന് ഇപ്പോഴും മാഞ്ഞുപോയിട്ടില്ല. വര്‍ഷം 2014 ഓഗസ്റ്റ് ആറ്. അന്നാണ് അവള്‍ ജീവിച്ചിരുന്ന നഗരം ഐഎസ് പിടിച്ചെടുത്തത്. തെരുവുകളില്‍ മുന്നറിയിപ്പ് പോലെ അലാറം മുഴങ്ങിക്കൊണ്ടിരുന്നു. ആ അലാറം വിളിയില്‍ നഗരം ഞെട്ടിവിറച്ചു. ദുരന്തം തങ്ങളുടെ മേല്‍ പതിച്ചിരിക്കുന്നതായി അവരറിഞ്ഞു. പിന്നെ ഒന്നുമാത്രമേ ലക്ഷ്യമുണ്ടായിരുന്നുള്ളൂ. ജീവന്‍ രക്ഷിക്കുക.
ജീവന്‍ പൊതിഞ്ഞുപിടിച്ച് ഭീകരവാദികളുടെ കണ്ണില്‍പെടാതെ എങ്ങനെയോ ഓടിരക്ഷപ്പെടുകയായിരുന്നു. മാതാപിതാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പമുള്ള ആ ഓട്ടത്തിനിടയില്‍ ഹെല്‍ഡ കരഞ്ഞുകൊണ്ടേയിരുന്നു. എവിടെയെങ്കിലും സുരക്ഷിതമായി എത്തിച്ചേരുമോയെന്നറിയില്ല. ഇനി രക്ഷപ്പെട്ടാല്‍ തന്നെ തിരികെയെത്തുമോയെന്ന് ഉറപ്പുമില്ല. ജീവിതം അത്രമേല്‍ അനിശ്ചിതത്വം നിറഞ്ഞതായിക്കഴിഞ്ഞിരുന്നു. തനിക്കുള്ളതെല്ലാം നഷ്ടപ്പെടുകയാണെന്ന് അവള്‍ക്ക് അന്ന് മനസ്സിലായില്ല. പക്ഷേ സ്‌കൂളും കൂട്ടുകാരും വീടും നഷ്ടപ്പെട്ടുവെന്ന് അവള്‍ മനസ്സിലാക്കി.
പക്ഷേ ഇപ്പോള്‍ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ജന്മനാട്ടിലേക്കും വീട്ടിലേക്കും തിരികെയെത്തിയപ്പോള്‍ കഴിഞ്ഞുപോയ ദുരിതകാലം ഒരു ദു:സ്വപ്‌നം പോലെ മറന്നുപോകാനാണ് അവള്‍ ശ്രമിക്കുന്നത്. ''പ്രവാസജീവിതം ദുരിതമയമായിരുന്നു. പലപ്പോഴും മനുഷ്യരല്ല എന്നുപോലും തോന്നിയ അനുഭവങ്ങള്‍. ഞങ്ങള്‍ക്ക് അധികാരമില്ല, പണമില്ല അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരായിരുന്നു ഞങ്ങള്‍ ശരിക്കും പറഞ്ഞാല്‍ യാചകര്‍'' അവള്‍ പറയുന്നു.
എല്ലാമുണ്ടായിരിക്കെ ഒരുനാള്‍ എല്ലാം ഇല്ലാതാകുന്നതിന്റെ വേദനയും വിഷമവും അതനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ. പക്ഷേ അപ്പോഴും തങ്ങള്‍ പ്രതീക്ഷ നശിച്ചവരായിരുന്നില്ലെന്ന് ഹെല്‍ഡ ഓര്‍മ്മിക്കുന്നു. ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാനും ആശ്വസിക്കാനും ദൈവം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദൈവം അകലെയാണെന്നോ ഞങ്ങളെ ഉപേക്ഷിച്ചുകളഞ്ഞെന്നോ ഉള്ള യാതൊരു ചിന്തയും ഞങ്ങള്‍ക്കുണ്ടായില്ല. ഇപ്പോള്‍ തിരികെയെത്തിയിരിക്കുന്നതും ദൈവകൃപയാലാണ്. ഹെല്‍ഡ പറയുന്നു.
ചിലപ്പോള്‍ എനിക്കു തോന്നും ഇറാക്ക് എന്റെ രാജ്യമാണെന്ന്. എനിക്കിവിടെ എന്നും കഴിഞ്ഞാല്‍ മതിയെന്ന്. പക്ഷേ നിരപരാധികളായ നല്ല മനുഷ്യരെ പീഡിപ്പിച്ചുകൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ കാണുമ്പോള്‍. അതുകാണുമ്പോള്‍ ഇവിടം വിട്ട് ഓടിപ്പോകാന്‍ എനിക്ക് തോന്നും. ഞങ്ങള്‍ക്കാവശ്യം സ്ഥിരതയുള്ള ജീവിതവും സമാധാനവുമാണ്. ഈലോകത്തിലുള്ള എല്ലാ മനുഷ്യരെയും പോലെ ഞങ്ങള്‍ക്കും അതാവശ്യമാണ്. നാളെ ഞങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ ഞാന്‍ ജീവിതത്തെ സ്‌നേഹിക്കുന്നു.പ്രതീക്ഷയോടെയും പ്രത്യാശയോടെയും കാത്തിരിക്കുന്നു.
ഈ പത്തുവയസുകാരിയുടെ വാക്കുകള്‍ക്ക് പ്രായത്തില്‍ കവിഞ്ഞ പക്വതയും ഉള്‍ക്കാഴ്ചയും തോന്നുന്നുവെങ്കില്‍ അതിന് കാരണം അവള്‍ താണ്ടിയെത്തിയ ദുരിക്കടലുകളുടെ ആഴവും പരപ്പും തന്നെ. എന്നിട്ടും അവള്‍ക്ക് ജീവിതത്തോട് സ്‌നേഹമാണ് എന്നത് നമ്മെ അമ്പരപ്പിക്കുന്നു.