അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റങ്ങള്‍. ഒളിപ്പോര്‍ ആക്രമണങ്ങള്‍. ഭീകരര്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍. അതിര്‍ത്തിതന്നെ മാറ്റിവരയ്ക്കാനൊരുങ്ങി ചൈന. അസ്വസ്ഥതയുണര്‍ത്തുന്ന വാര്‍ത്തകള്‍ക്കിടെ രാജ്യത്തിനുവേണ്ടിയിരുന്നു ആവേശകരമായ ഒരു വാര്‍ത്ത.
ആത്മവീര്യം ഉണര്‍ത്തല്‍. വിജയവും പരാജയവും കണ്ടിട്ടുള്ള, സാമ്രാജ്യത്വ ശക്തികളെ തുരത്തിയോടിച്ച പാരമ്പര്യമുള്ള ഒരു ജനതയുടെ കുതിപ്പിന്റെ അടയാളങ്ങള്‍. സാഹസികവും അസാധാരണ ധീരതയുള്ളതുമായ ഒരു പ്രവൃത്തി. ആ ദൗത്യം അങ്ങേയറ്റം ധൈര്യത്തോടെ ഏറ്റെടുക്കുകയായിരുന്നു ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ചുമതല കയ്യാളുന്ന ആദ്യത്തെ വനിത- നിര്‍മല സീതാരാമന്‍.
അപകടകരമായ ഒരു ആപത്ട്ടത്തെ നേരിടാന്‍ എത്രമാത്രം സുസജ്ജമാണു നമ്മുടെ സേന എന്ന് ഇനി അടുത്തകാലത്തൊന്നും ആരും ചോദിക്കുമെന്നു തോന്നുന്നില്ല. വീമ്പു പറയുകയോ വീരസ്യം പറയുകയോ പേടിപ്പിക്കുകയോ അല്ല മറിച്ചു കഴിവുകള്‍ തേച്ചുമിനുക്കി എന്തും നേരിടാന്‍ ധൈര്യമുള്ളവര്‍ എന്നു സമാധാനമായി തെളിയിക്കുകയാണ് വേണ്ടതെന്ന ആദര്‍ശത്തിന്റെ പ്രായോഗികവശം.
രാജസ്ഥാനിലെ ജോധ്പൂരില്‍ ദീര്‍ഘദൂര പോര്‍വിമാനമായ സുഖോയ്-30 എംകെെഎയില്‍ 30 മിനിറ്റ് വിജയകരമായി പറന്ന് തിരിച്ചിറിങ്ങിയ മന്ത്രിയുടെ മുഖത്തുണ്ടായിരുന്നു വിജയസ്മിതം. ഏതു ഘട്ടത്തിലും വിജയം സാധ്യമാണെന്നും നാം ആര്‍ക്കും പിന്നിലല്ലെന്നുമുള്ള സന്ദേശം. മുഖങ്ങളില്‍ നിന്നു മുഖങ്ങളിലേക്കു പടര്‍ന്ന പുഞ്ചിരി. മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിഞ്ഞ സാഹസികത. ഉചിതജ്ഞതയും തന്ത്രജ്‍ഞതയും വീണ്ടുമൊരിക്കല്‍ക്കൂടി തെളിയിച്ച് ആധുനിക ഇന്ത്യയുടെ ഉരുക്കുവനിത വീണ്ടും താരമായിരിക്കുന്നു. വിജയാകാശത്തിലെ വിസ്മയതാരം.
ജി സ്യൂട്ട് ധരിച്ച് പൈലറ്റിന്റെ തൊട്ടുപിന്നിലെ സീറ്റില്‍ ഇരുന്നായിരുന്നു വനിതാ മന്ത്രിയുടെ യാത്ര. വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന പതിവു സന്ദര്‍ശനങ്ങളില്‍ ഒന്ന് എന്നു പറയുമ്പോഴും നിര്‍മല സീതാരാമന്‍ രാജ്യത്തിനും തക്കം പാര്‍ത്തിരിക്കുന്ന എതിരാളികള്‍ക്കും നല്‍കുന്ന സന്ദേശം വ്യക്തം. ആഗ്രഹിക്കുന്നതു സമാധാനമെങ്കിലും സുസജ്ജമാണ് ഇന്ത്യ; രാജ്യത്തിന്റെ വ്യോമസേനയും.
ധീരതയെന്താണെന്ന് ഇന്നു ഞാന്‍ നേരിട്ടുകണ്ടു. പരിശീലനത്തിന്റെ സദ്ഫലങ്ങളും. എത്രവേഗം ഇന്ത്യന്‍ വ്യോമസേനയ്ക്കു പ്രതികരിക്കാനാകുമെന്നും ഇന്നു ഞാന്‍ നേരിട്ടറിഞ്ഞു. എന്റെ അനുഭവത്തിലൂടെ രാജ്യവും. അഭിമാനമുണ്ടെനിക്ക്. രാജ്യത്തിന്റെ കഴിവിലും വ്യോമസേനയുടെ കരുത്തിലും. നന്ദി....
നിര്‍മല സീതാരാമന്റെ വാക്കുകള്‍ ഏറ്റെടുത്തു രാജ്യം. നവമാധ്യമങ്ങളും മന്ത്രിയുടെ സാഹസികയാത്രയെ സന്തോഷത്തോടെ വരവേറ്റു. വനിതാമന്ത്രിക്കു വാക്കുകള്‍ കൊണ്ടു സല്യൂട്ട് കൊടുക്കാന്‍ മല്‍സരിച്ചു യുവജനങ്ങള്‍.
നേരത്തെ മിഗ് 29 -ലും സഞ്ചരിച്ചിട്ടുള്ള നിര്‍മലയുടെ മന്ത്രിസ്ഥാനമേറ്റെടുത്തതിനുശേഷമുള്ള രണ്ടാമത്തെ സാഹസിക ദൗത്യത്തിനാണ് ഇന്നലെ രാജസ്ഥാന്‍ സാക്ഷ്യം വഹിച്ചത്.