ഫാള്‍ക്കന്‍ ദ്വീപുകള്‍ക്കു സമീപമുണ്ടായ രൂക്ഷമായ കടല്‍ക്ഷോഭത്തെ അതിജീവിച്ച് ലോകപര്യടത്തിനിറങ്ങിയ വനിതകള്‍ മാത്രമടങ്ങിയ ഇന്ത്യന്‍ നാവികസംഘം മുന്നോട്ട്.
യാത്ര തുടങ്ങുമ്പോള്‍തന്നെ ടീം അംഗങ്ങള്‍ പറഞ്ഞു: അത്യന്തം സാഹസികമാണ് ഈ യാത്ര. ഇത്തരത്തില്‍ ആദ്യത്തേത്. വെല്ലുവിളികള്‍ ഏറെയുണ്ടാകും. എങ്കിലും ഞങ്ങള്‍ മുന്നോട്ട്.
നാവിക സാഗര്‍ പരിക്രമണ പര്യടനത്തിന്റെ തുടക്കമായിരുന്നു അത്. നാരീശക്തിയുടെ കുതിപ്പ്. സെപ്റ്റംബറില്‍ ഗോവയില്‍നിന്നായിരുന്നു യാത്രയുടെ തുടക്കം. െഎഎന്‍എസ്‍വി തരിണിയില്‍. വനിതാ ഓഫിസര്‍മാര്‍ മാത്രമായി ഇതാദ്യമായി നടത്തുന്ന ഇന്ത്യന്‍ നാവികസേനയുടെ ലോകപര്യടനം. ഫാള്‍ക്കന്‍ ദ്വീപുകളിലേക്കുള്ള യാത്രയില്‍ അലറിപ്പാഞ്ഞെത്തിയ കൊടുങ്കാറ്റിനെയും കടല്‍ക്ഷോഭത്തെയും നേരിട്ട് വനിതാ സംഘം മുന്നോട്ടു കുതിക്കുന്നു എന്ന വിവരം അറിയിച്ചത് നാവികസേന തന്നെ.
അപ്രതീക്ഷിതമായിരുന്നു സൗത്ത് അറ്റ്‍ലാന്റിക് സമുദ്രത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റ്. കാറ്റില്‍ കപ്പല്‍ അപകടം കൂടാതെ മുന്നോട്ടു നയിക്കുന്നതില്‍ പ്രാവീണ്യം നേടിയവരാണ് കപ്പലിലുള്ളതെങ്കിലും കരയില്‍ കാത്തരിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നതായിരുന്നു ഇത്തവണത്തെ കടല്‍ക്ഷോഭം. വനിതകള്‍ കപ്പല്‍ സാഹസികമായി നിയന്ത്രിച്ച് കടലിലൂടെ മുന്നേറുന്ന സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയും നാവികസേന പോസ്റ്റ് ചെയ്തിട്ടുണ്ട്.
വനിതകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ടീമുമായി ലോകം ചുറ്റിസഞ്ചരിക്കാനുള്ള ഇന്ത്യന്‍ നാവികസേനയുടെ തീരുമാനത്തെ ചരിത്രപരം എന്നേ വിശേഷിപ്പിക്കാനാവൂ. ആ ദൗത്യം ഏറ്റെടുത്ത വനിതകളാകട്ടെ സ്ത്രീ ശക്തിയുടെ മഹനീയ മാതൃകകളും. ലഫ്റ്റനന്റ് കമാൻഡർ വര്‍ത്തിക ജോഷിയാണു ടീമിന്റെ ലീഡര്‍. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും വിശ്രമിച്ചതിനുശേഷം പുനരാരംഭിച്ച യാത്ര ഫാള്‍ക്കന്‍ ദ്വീപുകളിലേക്കു കുതിക്കുന്നതിനിടെയായിരുന്നു രാജ്യത്തെ ആശങ്കയിലാഴ്ത്തിയ കടലാക്രമണം.
ലഫ്റ്റനന്റ് കമാന്‍ഡര്‍മാരായ പ്രതിഭ ജാംവാല്‍, പി.സ്വാതി, ലഫ്റ്റനന്റുമാരായ പായല്‍ ഗുപ്ത, വിജയ ദേവി, ബി. െഎശ്വര്യ എന്നിവരാണ് സാഹിസിക സംഘത്തിലുള്ളത്. ഫാള്‍ക്കന്‍ ദ്വീപു കടന്ന് ദക്ഷിണാഫ്രിക്കയിലേക്കാണു സംഘത്തിന്റെ യാത്ര. മാര്‍ച്ചിലാണ് ഇവരുടെ ലോകപര്യടനത്തിന്റെ പര്യവസാനം.
ഇന്ത്യയില്‍ നിര്‍മിച്ച തദ്ദേശീയ കപ്പലാണ് െഎഎന്‍സ്‍വി താരിണിയിലാണു വനിതാസംഘത്തിന്റെ യാത്ര. ഗോവ അക്വേറിയസ് കപ്പല്‍ശാലയിലായിരുന്നു നിര്‍മാണം. ഈ വര്‍ഷമാണ് തരിണി നാവികസേനയില്‍ എത്തുന്നതും. അസാധ്യസ്വപ്നങ്ങള്‍ പോലും സാധ്യമാണെന്ന സന്ദേശവും വനിതകള്‍ ആരുടെയും പിന്നിലല്ലെന്നും തെളിയിക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശ്യം.
ആശങ്കയുടെ നിമിഷങ്ങളെ വിജയകരമായി അതിജീവിച്ച നാവികസംഘത്തിന് ഇന്ത്യന്‍ നേവി ആശംസകള്‍ അറിയിച്ചു. അഭിനന്ദനങ്ങളും.യാത്രയില്‍ ഇതിനുമുമ്പും കടല്‍ക്ഷോഭത്തെയും അന്തരീക്ഷ മലിനീകരണത്തെയും നേരിട്ടിരുന്നു സംഘം. അന്നും അവയൊക്കെ അതിജീവിച്ച് സംഘം യാത്ര തുടര്‍ന്നു. നവംബറിലും ഒക്ടോബറിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘത്തെ അഭിനന്ദിച്ചിരുന്നു.